Friday, March 2, 2012

ഉമ്മച്ചി

ജനുവരി 26. രാജ്യം അറുപത്തി മൂന്നാമത്‌ റിപബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ കോഴിക്കോട് ഇക്റഅ ഹോസ്പിറ്റലിന്റെ സ്കാനിംഗ് റൂമിനു പുറത്ത്‌ ഊഴം കാത്തു കിടക്കുകയായിരുന്നു രാവിലെ തന്നെ ഞാന്‍ . ഭാര്യക്കിത്‌ നാലാം മാസമാണ്. നാലാം മാസത്തിലെ ആദ്യ സ്കാനിംഗ്. അവള്‍ക്ക് തെല്ലൊരു പരിഭ്രമുണ്ട്, എനിക്ക് അതില്ലാ എന്ന ഒരു ഖേദവും ആ മുഖത്ത് തെളിഞ്ഞു കാണാം. മനസ്സ് കാണാന്‍ അവള്‍ക്കൊക്കില്ലല്ലോ !

രാവിലെ തന്നെ നല്ല തിരക്കുണ്ട്. പത്തു മണിക്ക ഡോക്ടര്‍ വരുമ്പോഴേക്കും റിസള്‍ട്ട്‌ കിട്ടണം, എങ്കിലേ പെട്ടെന്ന് കാണിച്ചു പോവാന്‍ പറ്റൂ. ഗര്‍ഭിണികള്‍ പൊതുവേ 'ക്ഷീണിതര്‍ ' ആയതിനാല്‍ ഒരു കസേര ഒഴിഞ്ഞപ്പോള്‍ അവള്‍ അതില്‍ പോയിരുന്നു. 'ആശുപത്രിയുടെ ഗന്ധം' മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ട് . ചുറ്റിലും ഒരുപാട് കുട്ടികള്‍ ഓടി കളിക്കുന്നു. ഓട്ടത്തിന്റെ വേഗത കൂടുമ്പോഴൊക്കെ ഉമ്മമാര്‍ അവരെ ശാസിക്കുന്നുണ്ട്. പെട്ടെന്ന് ഒരു കുട്ടി ചെറുതായൊന്നു വീണു, ഗര്‍ഭിണിയായ അവളുടെ ഉമ്മ ഓടിച്ചെന്ന് അവളെ വാരിയെടുത്ത് ഉമ്മ കൊടുത്തു ആശ്വസിപ്പിക്കാന്‍ തുടങ്ങി, എന്തൊരു അനുഗ്രഹമാണത് ! സ്ത്രീക്കള്‍ക്ക് മാത്രം പ്രപഞ്ച സൃഷ്ടാവ് നല്‍കിയ അനുഗ്രഹം, മാതൃത്വം ! കണ്‍ കുളിര്‍മ നല്‍കുന്ന ആ കാഴ്ചകള്‍ എന്നെ കാലത്തിനു പിന്നിലേക്ക്‌ കൂട്ടി കൊണ്ട് പോവുകയായിരുന്നു.

എന്റെ ഉമ്മച്ചി. ജീവിതത്തില്‍ ഒരു നോട്ടം കൊണ്ട് പോലും എന്നെ നോവിചിട്ടില്ലാത്ത എന്റെ ഉമ്മ. ഞാന്‍ വിഷമിക്കുന്നത് സഹിക്കാനാവാതെ പലവട്ടം ആ കണ്ണുകള്‍ നനയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ ഞാന്‍ തിരിച്ചു കൊടുത്തതോ ?

ജീവിതത്തെ 'തിരിച്ചറിവുകള്‍ ' നയിക്കുന്നതിന് മുന്‍പ്‌, ഭൗതിക ജീവിതത്തിലെ മുഴുവന്‍ സുഖ സൗകര്യങ്ങളും അനുഭവിച്ചു ജീവിക്കുന്ന കാലത്ത്‌ എന്തായിരുന്നു എനിക്ക് വീട് ? വിശ്രമം ആവശ്യമുള്ളപ്പോള്‍ മാത്രം കേറി ചെല്ലുന്ന ഒരു സത്രമായിരുന്നോ ? അറിയില്ല. എനിക്ക് എല്ലാവരും ഉണ്ടായിരുന്നു. ഉമ്മയും ഉപ്പയും പെങ്ങളും എല്ലാം. പക്ഷെ അത് അനുഗ്രഹം ആണെന്ന് തിരിച്ചറിയാനുള്ള വിവേകം ഇല്ലാതെ പോയത് കൊണ്ട് അത് അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല. കറിയില്‍ ഒരല്‍പം ഉപ്പ് കൂടിപ്പോയത് കൊണ്ട് ഉമ്മയോട് ദേഷ്യം പിടിച്ച് ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയ നാളുകള്‍ . വേദന മാത്രമേ എന്റെ ഉമ്മചിക്ക് ഞാന്‍ കൊടുത്തുള്ളൂ, പക്ഷെ ഒരിക്കലും എന്നോട് അത് തിരിച്ച് കാണിച്ചിരുന്നില്ല.

'ഉമ്മയുടെ കാല്‍ച്ചുവട്ടിലാണ് സ്വര്‍ഗം' എന്ന് ഇന്നെനിക്ക് അറിയാം. 'ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കടപ്പാട് മാതാവിനോട്, പിന്നെ മാതാവിനോട്, പിന്നെയും മാതാവിനോട് പിന്നെ മാത്രം പിതാവിനോട്' എന്ന തിരിച്ചറിവ് നേടി കഴിഞ്ഞു ഞാന്‍ . പക്ഷെ എങ്ങനെയാണ് ഞാന്‍ എന്റെ ഉമ്മയെ നോക്കേണ്ടത് ? എന്താണ് ഞാന്‍ ആ സ്നേഹത്തിന് പകരം നല്‍കേണ്ടത ? അറിയില്ല. ഈ ലോകത്തു എനിക്കുള്ളതെല്ലാം ഞാന്‍ ഇന്നെന്റെ ഉമ്മക്ക് നല്‍കാം, പക്ഷെ അത് പകരമാകുമോ!

ഉമ്മച്ചീ, ഉമ്മചിയെ കാണുമ്പോള്‍ എന്നും ചോദിക്കാന്‍ മനസ്സില്‍ വരുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്, ഞാന്‍ ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയ ആ ദിനങ്ങളില്‍ എന്റെ പിന്നിലിരുന്ന് ഉമ്മച്ചി കരഞ്ഞിരുന്നോ ? ഞാന്‍ ഓരോ തവണയും തന്നിഷ്ടം കാണിക്കുമ്പോഴും ആ മനസ്സ് വേദനിചിരുന്നോ ? എന്നെങ്കിലും, ജീവിതത്തിന്റെ ഏതെന്കിലും ഒരു നിമിഷത്തിലെങ്കിലും ആ മനസ്സ് കൊണ്ട് എന്നെ ശപിചിട്ടുണ്ടോ ? ഗര്‍ഭാവസ്ഥയില്‍ എന്റെ ഭാര്യ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ കാണുമ്പോള്‍ ഞാന്‍ അറിയാതെ ഓര്‍ത്തു പോകാറുണ്ട്, അത്രയും കഷ്ടപ്പെട്ട് പത്തു മാസം എന്നെ ചുമന്നു, ചെറുപ്പത്തിലെ എന്റെ എല്ലാ കാര്യങ്ങളും ചെയ്തു തന്നു എന്നെ പോറ്റിയിട്ടും അതിന്റെ നൂറില്‍ ഒരംശം പോലും തിരച്ചു കിട്ടാത്തതിലുള്ള സങ്കടം എന്നെങ്കിലും ഉമ്മചിക്ക് തോന്നിയിട്ടുണ്ടോ ? ഉണ്ടാവില്ല എന്നെനിക്കറിയാം, എന്നാലും അങ്ങനെ ആ മനസ്സില്‍ എന്തെങ്കിലും ഒരു പോറല്‍ ഞാന്‍ മൂലം വന്നിട്ടുണ്ടെങ്കില്‍ അതിനു പ്രായശ്ചിത്തമായി എന്താണ് ഞാന്‍ ചെയ്യേണ്ടത്‌. ?

ഈ ചോദ്യങ്ങളൊന്നും ഇത് വരെ എനിക്ക് ഉമ്മച്ചിയോടു ചോദിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനി പറ്റുമോ എന്നും അറിയില്ല. ഒരു തരം വല്ലാത്ത കുറ്റ ബോധം ആയിരിക്കാം അതിനു കാരണം. ചിന്തകളില്‍ നിന്നും എന്നെ തിരിച്ചു വിളിച്ചു കൊണ്ട് ഒരു സിസ്റ്റര്‍ വന്നു പറഞ്ഞു

'നിങ്ങളുടെ ടോക്കണ്‍ ആയി'.

അവള്‍ സ്കാനിംഗ്‌ റൂമിലേക്ക്‌ പോയി. എല്ലാവരും സ്കാനിംഗ്‌ കഴിഞ്ഞു പത്തു മിനുട്ട് കൊണ്ട് റിസള്‍ട്ട്‌ വാങ്ങി പോകുന്നു. സ്കാനിംഗ്‌ കഴിഞ്ഞിട്ടും ഞങ്ങളുടേത് കിട്ടിയില്ല. പത്തു മിനിറ്റ് കഴിഞ്ഞു ഒന്ന് കൂടെ നോക്കണമത്രെ. അവളുടെ നെഞ്ചിടിപ്പ് കൂടാന്‍ തുടങ്ങി. വീണ്ടും ചെയ്തു, എന്നിട്ടും റിസള്‍ട്ട്‌ കിട്ടിയില്ല. അവളുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ പൊടിയുന്നത് ഞാന്‍ കണ്ടു. ഞാന്‍ സിസ്റ്ററോടു പോയി വിവരം തിരക്കി.

' കുട്ടി ഇടതു സൈഡിലേക്ക് ആണ് തിരിഞ്ഞു കിടക്കുന്നത്, കുറച്ചു കഴിയുമ്പോള്‍ വലതു വശത്തേക്ക് തിരിയും, അതും കൂടി എടുത്തിട്ട തരാം എന്ന് കരുതിയിട്ടാണ്, പേടിക്കാന്‍ ഒന്നുമില്ല'

അവര്‍ ചിരിച്ചു കൊണ്ട് മൊഴിഞ്ഞു. അവള്‍ക്ക് ആശ്വാസമായി. മൂന്നാം തവണയും സ്കാന്‍ ചെയ്തു റിസല്‍ട്ടുമായി പോവുമ്പോള്‍ എന്റെ മനസ്സില്‍ ഒരു ചോദ്യം ബാക്കിയുണ്ടായിരുന്നു. ഗര്‍ഭാവസ്ഥയിലെ ഏതെന്കിലും ഒരു സന്ദര്‍ഭത്തില്‍ എന്നെ ഓര്‍ത്ത്‌ എന്റെ ഉമ്മച്ചി ഇതു പോലെ വേദനിചിട്ടുണ്ടായിരിക്കുമോ ?

Tuesday, February 28, 2012

ആരംഭം

ടിം ബര്‍നേഴ്സ് ലീയുടെ ഇന്റര്‍നെറ്റ്‌ ലോകത്ത്‌ യാഹൂവിന്റെ അപ്രമാദിത്യ കാലഘട്ടം മുതല്‍ക്ക്‌ പിച്ച വെച്ച് തുടങ്ങിയതാണ്. പിന്നീട് ജിമെയിലും ഓര്‍കുട്ടും കഴിഞ്ഞു സക്കര്‍ബര്‍ഗിന്റെ ഫേയ്സ്ബുക്ക് വരെ നീളുന്ന അതിന്റെ യാത്രയില്‍ വളരെ സജീവമായി അതില്‍ നില നില്‍ക്കുന്നുന്ടെന്കിലും 'ബ്ലോഗുകള്‍ ' എന്ന 'ബൂലോകത്ത്' ഇത് വരെ കൃത്യമായ സാന്നിധ്യം അറിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. എഴുതാനുള്ള മടി കൊണ്ടോ, എഴുത്ത് വഴങ്ങില്ല എന്ന 'തിരിച്ചറിവ്' കൊണ്ടോ ആയിരിക്കണം ഇതിനോട് എന്നും ഒരു വിമുഖത പുലര്‍ത്താനുള്ള കാരണം. (ഇംഗ്ലീഷില്‍ നാലു പോസ്റ്റുകള്‍ ഇട്ടു നിര്‍ത്തിയ ഒരു ചെറിയ ബ്ലോഗ്‌ അതിന്ന്‍ അപവാദമാണ്!).

ആദ്യത്തെ ബ്ലോഗ്‌ സ്വയം പരിചയപ്പെടുത്തി കൊണ്ടാകണം എന്നൊരു അലിഖിത നിയമം ഉള്ളതിനാല്‍ അതില്‍ നിന്ന് തന്നെ തുടങ്ങാം. പേര് 'അഫ്താബ്'; 'ആഫ്താബ്‌' എന്നതാണ് ശരിയായ് ശബ്ദം എന്ന് പറയുന്നവരുമുണ്ട്. ഉര്‍ദുവില്‍ ഉച്ചാരണം അങ്ങനെ തന്നെയാണ് എന്നതാണ് സത്യവും. പക്ഷെ കേള്‍ക്കാനിഷ്ടം 'അഫ്താബ്' ആയതിനാല്‍ എല്ലാവരോടും അങ്ങനെയാണ് പറയാറ് :) കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ ആണ് പ്രദേശം.(കണ്ണഞ്ചേരി എന്നത് കുടുംബ പേരാണ്) ഈ ഭൂമിയിലേക്ക് ജനിച്ചു വീണിട്ട് ഏതാണ്ട് 28 വര്‍ഷമായി. ഉറവിടമാന്വേഷിക്കാതെ തീന്‍ മേശയിലെ ഭക്ഷണം കഴിച്ചു നിര്‍വൃതിയോടെ പുറത്തു പോകുന്ന ഒരു കൗമാര പ്രായക്കാരനെ പോലെ ആയിരുന്നു കഴിഞ്ഞു മൂന്ന് നാല് വര്ഷം മുന്‍പ് വരെ ജീവിതം. അതിന്റെ പിന്നിലെ തന്റെ രക്ഷിതാവിന്റെ വിയര്‍പ്പും കാരുണ്യവും ഉണ്ടെന്നു തിരിച്ചറിയാതെയുള്ള ഓട്ടം. ഈ ലോകത്തിന്റെ വിഭവങ്ങളെ, അതൊരുക്കി തന്നവനെ മറന്നു ആസ്വദിച്ചിരുന്ന ഒരു കാലഘട്ടം. അറിയാഞ്ഞിട്ടായിരുന്നോ അതോ ചിന്തിക്കാഞ്ഞിട്ടായിരുന്നോ എന്ന് അറിയില്ല. ഇന്ന് വെള്ളവും, ജീവനും, വായുവും, സുഖവും, ദുഖവും എല്ലാം തന്ന ആ സൃഷ്ടാവിനെയും അവനെ പരിചയപ്പെടുത്തിയ അവന്റെ ദൂതനെയും (സ) സ്നേഹിച്ചു കൊണ്ട് അവന്റെ വിധി വിലക്കുകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ പരമാവധി ശ്രമിച്ചു കൊണ്ട് ജീവിതത്തിന്റെ യദാര്‍ത്ഥ സമാധാനം കണ്ടെത്താന്‍ ശ്രമിക്കുന്നു.

എന്റെ നിരീക്ഷണത്തിലൂടെയും വായനയിലൂടെയും ചിന്തയിലൂടെയും ഞാന്‍ കണ്ടെത്തിയ അറിവുകളും ആശയങ്ങളും പങ്കു വെക്കുക എന്നതാണ് ഈ ബ്ലോഗിന്റെ പിന്നിലുള്ള ലക്‌ഷ്യം. എന്റെ തിരിച്ചറിവുകള്‍ ആരുടെയെങ്കിലും മേലെ അടിച്ചേല്‍പ്പിക്കുക എന്നത് ഒരിക്കലും എന്റെ ലക്ഷ്യമല്ല. മനസ്സിലെ ആശയങ്ങളെ അക്ഷരങ്ങളിലേക്ക് പകര്‍ന്ന് മനസ്സിന്റെ വാതായനങ്ങള്‍ വീണ്ടുമൊരു പഠനത്തിനു വേണ്ടിയും തിരുത്തലുകള്‍ക്ക് വേണ്ടിയും നിങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുന്നു എന്ന് മാത്രം. തീര്‍ച്ചയായും നിങ്ങള്‍ക്ക് വിയോജിക്കാം, വിമര്‍ശിക്കാം. അത്തരം വിമര്‍ശനങ്ങള്‍ എന്റെ അന്വേഷണങ്ങളെ കൂടുതല്‍ വിപുലപ്പെടുത്തുമെന്ന പ്രതീക്ഷയോടെ നിങ്ങള്ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു.