മനുഷ്യന് അറിഞ്ഞിടത്തോളമുള്ള പ്രപഞ്ചത്തില്‍ പതിനായിരം കോടിയിലേറെ താരാപഥങ്ങൾ അല്ലെങ്കില്‍ ഗാലക്സികള്‍ ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്. ഒരു കോടി നക്ഷത്രങ്ങള്‍ അടങ്ങുന്ന ചെറു ഗാലക്സി മുതല്‍ ഒരു ലക്ഷം കോടിയോളം നക്ഷത്രങ്ങള്‍ അടങ്ങുന്ന ഭീമന് ഗാലക്സികള്‍ വരെയുണ്ട് പ്രപഞ്ചത്തില്‍ എന്നാണ് കണക്കാക്കപ്പെടുന്നത്. അറിഞ്ഞിടത്തോളമുള്ള പതിനായിരം കോടി ഗാലക്സികളില്‍ ഒന്ന് മാത്രമാണ് 'മില്കി വേ' (ആകാശഗംഗ). നമുക്ക് കാണാന്‍ കഴിയുന്ന ഒരു കാന്‍വാസില്‍ പതിനായിരം കോടി വസ്തുക്കള്‍ വെച്ചിട്ട് അതില്‍ ഒന്ന് ചൂണ്ടിക്കാണിക്കാന്‍ ചിലപ്പോ നമ്മുടെ കണ്ണുകള്‍ കൊണ്ട് നമുക്ക് കഴിയണം എന്നില്ല. അത്രക്ക് നിസ്സാരമാണ് പ്രപഞ്ചത്തില്‍ മില്കി വേയുടെ സ്ഥാനം എന്നര്‍ത്ഥം.
തളികാകൃതിയിലുള്ള മില്കി വേയില്‍ ഇരുപതിനായിരം കോടി നക്ഷത്രങ്ങള്‍ ഉണ്ടെന്ന് ശാസ്ത്രം പറയുന്നു. ആ ഇരുപതിനായിരം കോടി നക്ഷത്രങ്ങളില്‍ ഒന്ന് മാത്രമാണ് സൂര്യന്! ആ സൂര്യന് ചുറ്റും കറങ്ങുന്ന വലുതും ചെറുതുമായ നിരവധി ഗ്രഹങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് നമ്മുടെ ഭൂമി. ദശലക്ഷക്കണക്കിനു ജീവികള്‍ വസിക്കുന്ന, മൂന്നില്‍ രണ്ടു ഭാഗം വെള്ളമുള്ള ആ ഭൂമിയിലെ ഏഷ്യ വന്‍കരയിലെ ഇന്ത്യ എന്ന രാജ്യത്തെ കേരളം എന്ന സംസ്ഥാനത്തിന്റെ ഒരു മൂലയില്‍ ജീവിക്കുന്ന വെറും നിസ്സാരന്മാരായ മനുഷ്യരാണ് നാം. ഒന്ന് എണീറ്റു നിന്നാല്‍ ആ 'മൂലയെ' പോലും കാല്ച്ചുവട്ടില് ആക്കാന്‍ കഴിയാത്തത്ര നിസ്സാരന്! ഈ കേരളവും ഇന്ത്യയും ഏഷ്യയും ഭൂമിയും സൂര്യനും അതിനു ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളും മില്കി വേയും പതിനായിരക്കണക്കിനു മറ്റു ഗാല്കസികളും അതടങ്ങുന്ന അറിഞ്ഞിടത്തോളം ഉള്ള പ്രപഞ്ചവും നമുക്ക് അന്യമായ പ്രപഞ്ചവും സൃഷ്ടിച് സംവിധാനിച് പരിപാലിക്കുന്ന ഒരു മഹാ ശക്തിയാണ് ദൈവം. ആ ശക്തിയെയാണ്, കല്ലിനെയും മരങ്ങളെയും നമ്മെ പോലുള്ള മറ്റു മനുഷ്യരെയും ഈ പ്രപഞ്ചത്തിലെ മറ്റു വസ്തുക്കളെയും ചൂണ്ടിക്കാണിച്ചു കൊണ്ട് നാം ദൈവം എന്ന് വിളിക്കുന്നത്. മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ തമ്മില്‍ തല്ലുന്നതിനു മുന്‍പ് നാം എന്നെങ്കിലും നമ്മുടെ 'ദൈവ സങ്കല്പം' എന്താണെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എന്നെങ്കിലും അത് ശരിയാണെന്ന് പരിശോധിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?