Sunday, November 25, 2018

കമ്മ്യൂണിസ്റ്റുകാരന്റെ 'കിതാബുകൾ'

ജാതിവിരുദ്ധ സമരങ്ങളും ആഗോളതലത്തിൽ തന്നെ കമ്മ്യൂണിസത്തിനുണ്ടായ വളർച്ചയുമാണ് കേരളത്തിലും ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിൽ അതിന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയത്. ആശയവിനിമയ രംഗം ഇന്നത്തെപ്പോലെ ശക്തമല്ലാതിരുന്ന സമയത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാന പ്രചാരണത്തിന്റെ മുഖ്യ ആയുധം നാടകങ്ങളായിരുന്നു. നാടകപ്രസ്‌ഥാനങ്ങൾക്ക് അതുകൊണ്ട് തന്നെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ അനിഷേധ്യമായ സ്ഥാനമുണ്ട്. കമ്മ്യൂണിസ്റ്റ് ആശയപ്രചാരണം ശകതമായി നിലനിന്നിരുന്ന സമയത്തും കേരള മുസ്ലിം മനസ്സുകളിലേക്ക് അതിനെ വേണ്ട വിധം എത്തിക്കാൻ കമ്മ്യൂണിസ്റ്റുകൾക്ക് സാധിച്ചിരുന്നില്ല. ഏതാണ്ട് അൻപതുകളുടെ തുടക്കത്തിലാണ് മുസ്ലിം സമുദായത്തെ നേരിട്ട് അഭിസംബോധന ചെയ്യാൻ അവർ ശ്രമിച്ചത്. വിപ്ലവം നയിച്ചും ഭൂമിയിലെ 'സ്വർഗം' മുന്നിൽ കണ്ടും അതു വഴി മതത്തിന്റെ മരണം സ്വപ്നം കണ്ടും  കമ്മ്യൂണിസ്റ്റുകൾ നടത്തിയ പോരാട്ടത്തിന് മുന്നിൽ നിന്നതിൽ പ്രധാനി ഏറനാട്ടിലെ 'ആദ്യ ഡോക്ടർ' എന്നറിയപ്പെട്ടിരുന്ന ഡോക്ടർ എം ഉസ്മാൻ ആയിരുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദം പ്രചരിപ്പിച്ചും സാമ്പത്തിക അസമത്വത്തിനെതിരെ വിപ്ലവം നയിക്കണം എന്നോർമപ്പെടുത്തിയും മുസ്ലിങ്ങളുടെ വിശ്വാസത്തെ നേർമപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. പക്ഷെ ഉത്തരമലബാറിലെ പോലെ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ അവർക്ക് സാധിച്ചില്ല. അതിനു കാരണം മലബാറിൽ ശക്തമായിരുന്നു മുസ്ലിം നവോഥാന പ്രവർത്തനവും അതിന്റെ നേതാക്കളുമായിരുന്നു. അതിൽ പ്രധാനിയാവട്ടെ അരീക്കോഡിലെ നാട്ടിൻപുറത്തുകാരനായ കെ സി അബൂബക്കർ മൗലവി എന്ന കുറിയ മനുഷ്യനായിരുന്നു.

ഡോക്ടർ ഉസ്മാന്റെ വിപ്ലവ ഭാഷണങ്ങൾക്ക് യുക്തിഭദ്രവും സരസവുമായ മറുപടികൾ നൽകിക്കൊണ്ട് ഔപചാരിക വിദ്യാഭ്യാസം ആവശ്യമായ നിലയിൽ പോലും നേടിയിട്ടില്ലാത്ത അബൂബക്കർ മൗലവി പ്രതിരോധിച്ചു. സാമ്പത്തിക നീതി പുലരാൻ ആവശ്യമായ നിയമങ്ങൾ ഇസ്ലാമിൽ തന്നെയുണ്ട് എന്നും കമ്മ്യൂണിസ്റ്റ് സ്ഥിതിസമത്വം അശാസ്ത്രീയമാണ് എന്നും അതിന്റെ അടിത്തറയായ വൈരുദ്ധ്യാത്മക ഭൗതികവാദം തികഞ്ഞ നിരീശ്വരവാദം ആണ് എന്നും ദൈവവും മതവും ശാസ്ത്രത്തിനും യുക്തിക്കും എതിരാണ് എന്നത് അടിസ്ഥാനരഹിതമായ പ്രചാരണം ആണ് എന്നും യഥാർത്ഥത്തിൽ യുക്തിയും ശാസ്ത്രവും ഖുർആനിന്റെ അപ്രമാദിത്വമാണ് തെളിയിക്കുന്നത് എന്നും ഉയർത്തിക്കാട്ടി അദ്ദേഹം കമ്മ്യൂണിസ്റ്റുകാരോട് ഇഞ്ചോടിഞ്ച് പോരാടി. മറു വശത്ത് ഡോക്ടർ ഉസ്മാൻ തന്റെ സ്വതസിദ്ധമായ ശൈലയിലൂടെയും ബുദ്ധികൂർമതയിലൂടെയും അതിനു മറുപടി പറയാനും ശ്രമിച്ചു.

യുക്തിചിന്തകൾ മതത്തെ മറികടന്നു വിജയവരിക്കും എന്ന് സ്വപ്നം കണ്ട കമ്മ്യൂണിസ്റ്റുകൾക്ക് പക്ഷെ കെ സി യെ പ്രതിരോധിക്കാനായില്ല. മാർക്സിന്റെ ചരിത്ര വീക്ഷണപ്രകാരം മതരഹിത സമൂഹം നിലവിൽ വരും എന്ന വിശ്വാസവുമായി പ്രയത്നിച്ച അവർക്ക് പക്ഷെ നിരാശയായിരുന്നു ഫലം. അങ്ങനെയാണ്1952 ൽ ഇ കെ അയമു എഴുതി ഡോക്ടർ ഉസ്മാൻ സംവിധാനം ചെയ്ത 'ജ്ജ് നല്ലൊരു മൻസനാവാൻ നോക്ക്' എന്ന നാടകത്തിലൂടെ കെ സി യെ വ്യക്തിഹത്യ നടത്തിക്കൊണ്ട് മറുപടി കൊടുക്കാൻ അവർ തുനിഞ്ഞത്. മതത്തിന്റെ ലഹരിയിൽ സമൂഹത്തെ തളച്ചിടാൻ ശ്രമിച്ച 'മൊല്ലാക്കക്ക്' അവർ കൊടുത്ത ശിക്ഷ. പക്ഷെ ഇതിന്റെയെല്ലാം പരിണിതി എന്തായിരുന്നെന്നോ? കമ്മ്യൂണിസത്തിന്റെ എല്ലാ പരിശ്രമങ്ങളും സ്വപനങ്ങളും തച്ചുടച്ചു കൊണ്ട് ഡോക്ടർ എം ഉസ്മാൻ സാഹിബ് യുക്തിചിന്തയുടെയും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെയും  അടിസ്ഥാനരാഹിത്യവും അർത്ഥശൂന്യതയും തിരിച്ചറിഞ്ഞു ഇസ്ലാം സ്വീകരിച്ചു. ദൈവത്തെ 'തകർക്കാൻ' പരിശ്രമിച്ച അദ്ദേഹം ദൈവത്തെ തിരിച്ചറിഞ്ഞു. ദൈവത്തെയും മരണാനന്തര ജീവിതത്തെയും നിഷേധിച്ചു മനുഷ്യരെ കേവലം ഭൗതിക വസ്തുവായി കണ്ട ആ ആദർശത്തിനെതിരെ അദ്ദേഹം പിന്നീടുള്ള ജീവിത കാലം മുഴുവൻ പടപൊരുതി. താനും സഹപ്രവർത്തകരും പരിഹസിച്ച കെ സി യുടെ പ്രിയ ശിഷ്യനായി. സമുദായത്തിന്റെ മൊത്തം ഉസ്മാൻ സാഹിബായി. കേരള നവോഥാന പ്രസ്ഥാനത്തിന്റെ അമരക്കാരനായി. മാർക്സിസത്തിനും യുക്തിവാദത്തിനുമെതിരായി അദ്ദേഹത്തിന്റെ തൂലിക വിശ്രമമില്ലാതെ ചലിച്ചു. അതിന്റെ പ്രതിഫലനങ്ങൾ കേരളമാകെ അലയടിച്ചു. അത്തരമൊരു പ്രതിഭാ ശാലിയെ ഇസ്ലാമിന് സമ്മാനിച്ചത് കെ സി എന്ന കുറിയ മനുഷ്യനോ നവോഥാന നായകന്മാരോ മാത്രമായിരുന്നില്ല. വിശുദ്ധ ഖുർആൻ എന്ന മഹത്തായ ഗ്രന്ഥമായിരുന്നു. മനുഷ്യ ഹൃദയത്തെ തൊട്ടറിഞ്ഞ ആ 'കിതാബായിരുന്നു'. ആ കിതാബിനെയും അത് പ്രതിനിധാനം ചെയ്യുന്ന ആദർശത്തെയും വികലമാക്കി ചിത്രീകരിച്ചു കൊണ്ട് അഭിനവ കമ്മ്യൂണിസ്റ്റുകൾ നടത്തുന്ന നാടകങ്ങൾ ഉയർന്നു വരുമ്പോൾ ഓർത്തു പോകുന്നത് കെ സി യുടെയും ഉസ്മാൻ സാഹിബിന്റെയും ഒക്കെ ചരിത്രമാണ്. ഓർമ ഉണ്ടാവേണ്ടത് യഥാർത്ഥത്തിൽ അതിനെ വികലമാക്കുന്നവർക്ക് കൂടിയാണ്. ഇസ്ലാമിന്നു നേരെ വന്ന ഓരോ വിമർശനങ്ങളും അതിനെ ജനമനസ്സുകളിലേക്ക് കൂടുതൽ കൂടുതൽ അടുപ്പിച്ചിട്ടേ ഉള്ളൂ എന്ന ചരിത്രം. അത്കൊണ്ട് നിങ്ങൾ തുടരുക, ആശയപരമായി തന്നെ അതിനെ നേരിടാൻ ആ നവോഥാന പോരാളികളുടെ പിന്മുറക്കാർ ഇന്നും കേരളമണ്ണിൽ നിങ്ങളെ സ്വാഗതം ചെയ്ത് കാത്തിരിപ്പുണ്ട്..!

"അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്‌. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മ്മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അതുമുഖേന താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. വല്ലവനെയും അവന്‍ പിഴവിലാക്കുന്ന പക്ഷം അവന് വഴി കാട്ടാന്‍ ആരും തന്നെയില്ല." (വിശുദ്ധ ഖുർആൻ 39:23)

Thursday, November 22, 2018

വിശ്വാസങ്ങൾ വിമർശിക്കപ്പെടുമ്പോൾ..!

കുട്ടിക്കാലത്തെ ചില കൗതുക കാഴ്ചകൾ നമ്മുടെ ഓർമകളിൽ തങ്ങി നിൽക്കും. ചിലത് നമ്മെ തെല്ലൊന്നു അത്ഭുതപ്പെടുത്തും. ആദ്യം കൗതുകത്തോടെയും പിന്നീട് അത്ഭുതത്തോടെയും അനുഭവിച്ചറിഞ്ഞ കാഴ്ചയാണ് അയ്യപ്പ ദർശനത്തിനായി ശരിമലയിലേക്ക് പോകാൻ നീണ്ട വൃതവുമായി തയ്യാറെടുക്കുന്ന എനിക്ക് ചുറ്റുമുള്ള ചില മനുഷ്യരുടെ മാറ്റങ്ങൾ. അന്ന് വരെ കണ്ട ആളുകളേ ആവില്ല മാലയിട്ട് കഴിഞ്ഞാൽ അവർ. ദിനേന ചാരായത്തിന്റെ മണത്തോടെ മാത്രം കണ്ടിരുന്നവർ ഉന്മേഷവാന്മാരായി നേരത്തെ വീട്ടിലെത്തും. അതിരാവിലെ കുളിച്ചു നാമം ജപിക്കും. അവരുടെ ജീവിത ശൈലി മൊത്തത്തിൽ മാറും. വീട്ടിലെ സ്ത്രീകളും കുട്ടികളും മറ്റുള്ളവരും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുക്കും. ഭക്തിയുടെ, വിശ്വാസത്തിന്റെ വല്ലാത്ത ഒരു അനുഭൂതി ആ കുടുംബം മുഴുവൻ അനുഭവിക്കുന്നത് കൗതുകത്തോടെയല്ലാതെ എങ്ങനെ കാണാൻ സാധിക്കും? വർഷാവർഷവും എനിക്ക് ചുറ്റുമുള്ള, ഞാൻ നേരിട്ടറിയുന്ന മനുഷ്യർ മാല കഴുത്തിൽ വീണ ഉടൻ മാറുന്നത് അത്ഭുതത്തോടെയല്ലാതെ പിന്നെയെങ്ങനെ നോക്കിക്കാണാനാകും?

മതവും വിശ്വാസവും എന്തെന്ന് അറിയാത്ത പ്രായത്തിലെ കൗതുകത്തിന്റെ രഹസ്യം മുതിർന്നു അതിനെ അടുത്തറിയാൻ ശ്രമിക്കുമ്പോൾ നമുക്ക് മുന്നിൽ തുറക്കുമല്ലോ. അയ്യപ്പ ഭക്തരുടെ ആദർശവുമായി വിയോജിക്കുമ്പോഴും അവരുടെ വിശ്വാസം ജീവിതത്തിൽ എന്തുകൊണ്ട് മാറ്റം വരുത്തുന്നു എന്ന് മനസ്സിലാക്കാൻ അത്തരം പഠനങ്ങൾ ഈയുള്ളവനെയും സഹായിച്ചിട്ടുണ്ട്‌. വിശ്വാസവും ആദർശവും എല്ലാം മനുഷ്യജീവിതത്തിൽ എത്രത്തോളം ആഴത്തിൽ പതിഞ്ഞു കിടക്കുന്ന വേരുകളാണ് എന്നതിൽ ഒരുപക്ഷേ മനുഷ്യനെ അടുത്തറിയാൻ ശ്രമിച്ച ഭൗതികവാദികൾക്ക് പോലും സംശയമുണ്ടാവാൻ ഇടയില്ലല്ലോ. തനിക്ക് ചുറ്റുമുള്ള തിന്മകളുടെ സംരക്ഷകരായി മതമേലാളന്മാർ ഉണ്ടായിരുന്നപ്പോഴും അതിനെ ശക്തിയുക്തം എതിർത്ത കാറൽ മാർക്സ് പോലും മതത്തെ മനുഷ്യ ജീവിതത്തിലെ ആശ്വാസമായാണ് കണ്ടത്. മനുഷ്യമനസ്സിന്റെ അഗാധതയിൽ നിന്ന് യാതൊരുവിധ കളങ്കവുമില്ലാതെ പുറപ്പെട്ടു വരുന്ന ശുദ്ധമായ സ്നേഹമാണ് യഥാർത്ഥത്തിൽ വിശ്വാസം. കളങ്കമില്ലാത്ത ആ പ്രാർത്ഥന ചുറ്റുമുള്ളതിനെ എല്ലാം തിരസ്കരിച്ചു കൊണ്ട് തന്റെ സങ്കല്പത്തിലെ ദൈവത്തിലേക്ക് പൂർണമായും ഭരമേൽപ്പിക്കാൻ മനുഷ്യനെ സജ്ജനാക്കുന്നു. അവിടെ അവന്റെ ശീലങ്ങളോ ദൗർബല്യങ്ങളോ ഒന്നും അവനെ അതിൽ നിന്ന് തടയുന്നില്ല. വിശ്വാസത്തിന്റെ ഈ വശം മനസ്സിലാക്കാതെയുള്ള ഏതൊരു വിമർശനവും വിശ്വാസിയുടെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നതും അലോസരപ്പെടുത്തുന്നതും അതുകൊണ്ടാണ്. വിശ്വാസിയുടെ വിശ്വാസം ബഹുമാനിക്കപ്പെടാത്തത് കൊണ്ടാണ് മിക്ക മതവിമർശനങ്ങളും കേവല തർക്കങ്ങളായി മാത്രം പരിണമിക്കപ്പെടുന്നത്.

ശബരിമല ഭക്തരുടെ വിശ്വാസങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോഴും, അതിന് പിന്തുണയർപ്പിക്കപ്പെടുമ്പോഴും വിശ്വാസി സമൂഹം വിലയിരുത്തേണ്ടതും തന്റെ വിശ്വാസം ബഹുമാനിക്കപ്പെടുന്നുണ്ടോ എന്നു തന്നെയാണ്. വിശ്വാസം പലപ്പോഴും നമ്മുടെ മാത്രം ബോധ്യങ്ങളാവും. ആ ബോധ്യങ്ങൾ സത്യസന്ധമായി വിമർശിക്കപ്പെടുമ്പോൾ അതിനെതിരെ കാതുകൾ അടച്ചു കളയുക എന്നത് സത്യമന്വേഷിക്കുന്ന ഒരാളുടെയും രീതി ആവരുതല്ലോ. അതുകൊണ്ട് തന്നെ ഗുണകാംഷയോട് കൂടിയ, മാന്യമായ സംവാദങ്ങളെ ഏതൊരു വിശ്വാസിയും സ്വാഗതം ചെയ്യേണ്ടതുണ്ട്. നമ്മുടെ വിശ്വാസങ്ങൾക്ക് പിന്തുണ ലഭിക്കുമ്പോഴും ഈ മാന്യതയും ഗുണകാംഷയും തന്നെയാണ് പരിശോധിക്കപ്പെടേണ്ടത്‌. അത് രണ്ടു രീതിയിൽ ഉണ്ടാവാം. ഒന്ന് ഭിന്നാഭിപ്രായം ഉണ്ടാകുമ്പോഴും നമ്മുടെ വിശ്വാസ സംരക്ഷണത്തിന് കൂടെ നിൽക്കുന്നവർ. രണ്ട് നമ്മുടെ അതേ വിശ്വാസം വെച്ചു പുലർത്തുന്നവർ. ഈ രണ്ടു കൂട്ടരിലും ആത്മാർത്ഥതയുള്ളവരെയും പൊയ്മുഖങ്ങളെയും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. കൂടെ നിൽക്കുന്നത് വ്യക്തിപരമോ രാഷ്ട്രീയമോ ആയ നേട്ടത്തിന് വേണ്ടിയാണ് എങ്കിൽ നമ്മൾ അവരുടെ ബലിയാടുകൾ ആയി മാറുകയാവും ചെയ്യുക. അതുണ്ടാവരുതല്ലോ. ശബരിമല യുവതീ പ്രവേശനവും ആ ഒരു വൃത്തത്തിനുള്ളിൽ നിന്ന് കൊണ്ട് കാണാൻ അയ്യപ്പ ഭക്തർ ശ്രമിച്ചാൽ അവർ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ഈയുള്ളവന് തോന്നുന്നത്. വിശ്വാസത്തെ നമ്മുടെ ബോധ്യമായി കണ്ട് അതിനെതിരെ വരുന്ന മാന്യമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുക. നമ്മുടെ ബോധ്യങ്ങളെ ഉരച്ചു നോക്കുക. മോശമായ വിമർശന ശൈലി സ്വീകരിക്കുന്നവരോടും കാപട്യത്തിന്റെ മുഖം മൂടിയണിഞ്ഞു സൗഹൃദത്തിന് വരുന്നവരോടും അകലം പാലിക്കുക. നിങ്ങളുടെ മാർഗം മുൻപിൽ തെളിഞ്ഞു വരും. നിങ്ങളുടെ മനസ്സിന്റെ ആഴങ്ങളിൽ നിന്നുള്ള പ്രാർത്ഥനപോലെ ശുദ്ധമായി തന്നെ..!

Friday, May 4, 2018

ആശങ്കപ്പെടുത്തുന്ന ലോകം..!

ലൈംഗിക വൈകൃതങ്ങൾക്കും സന്തോഷത്തിനും തടസ്സം നിൽക്കുമെന്ന ഭയത്താൽ സ്വന്തം മാതാപിതാക്കളെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ വീട്ടമ്മയെക്കുറിച്ചുള്ള വാർത്ത ഞെട്ടലോടെയാണ് നാം കേട്ടത്. നടന്നത് അമേരിക്കയിലോ യൂറോപ്പിലോ ഒന്നുമല്ല നമ്മുടെ കേരളത്തിൽ. അത്തരമൊരു മനോനിലയിലേക്ക് അവരെ എത്തിച്ചത് എന്താണ് എന്ന് അന്വേഷണ സംഘം ഇനിയും പുറത്തു വിട്ടിട്ടില്ല. എങ്കിലും മനുഷ്യന്റെ സ്വാഭാവികമായ ലൈംഗിക തൃഷ്ണയിൽ നിന്ന് അവനെ വൈകൃതങ്ങളിലേക്ക് നയിക്കണമെങ്കിൽ എന്തെങ്കിലും പശ്ചാത്തലം അതിനുണ്ടാവാം. ലോകത്തെ ഒട്ടുമിക്ക ആളുകളിലും 'പോർണോഗ്രാഫി' എന്ന 'കലാരൂപമാണ്' അതിൽ പ്രധാന പങ്കു വഹിക്കുന്നത്.

അമേരിക്കൻ ബിസിനസ് ന്യൂസ് ചാനലായ CNBC യുടെ റിപ്പോർട്ട് പ്രകാരം ഏതാണ്ട് 13 ബില്യൺ ഡോളറാണ് (ഏകദേശം 87000 കോടി രൂപ) ഓരോ വർഷവും പോർണോഗ്രാഫിയിലൂടെ കിട്ടി കൊണ്ടിരിക്കുന്നത്. ഓരോ 39 മിനിറ്റിലും ഒരു വീഡിയോ നിർമിക്കപ്പെടുന്നുണ്ട്. ആമസോണും ട്വിറ്ററും ചേർന്നുള്ള സന്ദർശകരുടെ എണ്ണത്തേക്കാൾ പതിന്മടങ്ങാണ് പോർണോഗ്രാഫി സൈറ്റുകളുടെ സന്ദർശന നിരക്ക്. ഇന്റർനെറ്റിന്റെ 12% ഉള്ളടക്കവും പോർണോഗ്രാഫിയാണ്. അതിന്റെ മൊത്തം ആസ്തി ഏതാണ്ട് 97 ബില്യൺ ഡോളർ വരും. അതായത് 4.8 ബില്യൺ ആളുകൾക്ക് ഒരു ദിവസത്തെ ആഹാരം നൽകാൻ കഴിയുന്ന സംഖ്യ. ചുരുക്കത്തിൽ ലോകത്തെ നിയന്ത്രിക്കാൻ പോന്ന കച്ചവടമാണത്. ലോകത്തുള്ള മഹാഭൂരിപക്ഷം മനുഷ്യരെയും ഉപഭോക്താക്കളാക്കി മാറ്റിയ ബിസിനസ്.

അമേരിക്കൻ സോഷ്യോളജിസ്റ്റും പ്രമുഖ ആന്റി പോർണോഗ്രാഫി ആക്റ്റിവിസ്റ്റുമായ ഗെയിൽ ഡൈൻസിന്റെ പഠനത്തിൽ പോർണോഗ്രാഫി പുരുഷന്റെ ലൈംഗിക കാഴ്ചപ്പാടുകളെ സ്വാധീനിക്കുകയും അതിനെ വികൃതമാക്കുകയും ചെയ്യുന്നു. സ്ത്രീയോടുള്ള സമീപനത്തിലും ബന്ധങ്ങളിലും മാറ്റം വരുത്തുന്നു. അവരുടെ അഭിപ്രായത്തിൽ ഏതാണ്ട് 12 വയസ്സുള്ളപ്പോൾ തന്നെ കുട്ടികൾ പോർണോഗ്രാഫിയിൽ അകപ്പെടുകയും അവന്റെ ലൈംഗികമായ കാഴ്ചപ്പാട് അതിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമാവുകയും ചെയ്യുന്നു. പീഡനത്തിനിരയായ സ്ത്രീകളോടുള്ള സഹതാപത്തിൽ പോലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കാൻ അതു കാരണമാകുന്നു. ഈയടുത്തു ഇന്ത്യയിൽ നടന്ന എട്ടു വയസ്സുകാരിയുടെ പീഡനത്തിന്റെ പിറ്റേന്ന് പോലും ആളുകൾ കൂടുതൽ ഇന്റർനെറ്റിൽ തിരഞ്ഞത് ആ ബലാൽസംഗ വീഡിയോ ആയിരുന്നു എന്നത് ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്.

പുരുഷന്മാരിൽ മാത്രമല്ല സ്ത്രീകളിലും പോർണോഗ്രാഫി വലിയ സ്വാധീനം സൃഷ്ടിക്കുമെന്നതിനുള്ള വലിയ തെളിവാണ് ഈയടുത്ത് പ്രസിദ്ധീകരിക്കപ്പെട്ട 'എറിക് ഗാർസ' എന്ന മുപ്പത്തഞ്ചുകാരിയുടെ 'ഗെറ്റിങ് ഓഫ്' എന്ന പുസ്തകം. തന്റെ പോർണോഗ്രാഫിയോടുള്ള ആസക്തിയും അതിന്റെ അനന്തരഫലങ്ങളും തുറന്നെഴുതുകയാണ് അവർ അതിലൂടെ ചെയ്തത്. 12 വയസ്സു മുതൽ നീണ്ട 20 വർഷക്കാലം അശ്ലീല സിനിമകളും ഫോട്ടോകളും കണ്ട് അത് ജീവിതത്തിൽ പകർത്താനും അതിന്റെ സന്തോഷത്തെ അന്വേഷിക്കുകയും അതിൽ തൃപ്തി വരാതെ കൂടുതൽ കൂടുതൽ മൃഗീയമായ ലൈംഗിക വേഴ്ചയിൽ ഏർപ്പെടുകയും ചെയ്ത തന്റെ ഭൂതകാലം തിരിച്ചറിവിന്റെ ലോകത്തു നിന്നു കൊണ്ട് അവർ ലോകത്തോട് വിളിച്ചു പറയുന്നു. ലജ്ജയും ലൈംഗികതയും സംയോജിപ്പിച്ചു കൊണ്ടുള്ള തന്റെ ഭൂതകാലത്തേക്ക് പോയി തന്റെ ലജ്ജ മാത്രം എടുത്തു തിരിച്ചു വരാൻ മോഹിക്കുന്ന മനസ്സുമായി അവർ ജീവിക്കുന്നു.

മനുഷ്യജീവിതം കേവലം തിന്നുകയും കുടിക്കുകയും ഭോഗിക്കുകയും ചെയ്യുന്നതിന് മാത്രമാണ് എന്ന മുതലാളിത്ത കച്ചവട താത്പര്യങ്ങളിൽ നിന്നാണ് എന്തും വിറ്റു കാശാക്കാൻ പോർണോഗ്രാഫി പോലുള്ള സംരഭങ്ങൾ കലാരൂപങ്ങളായും ലൈംഗിക സ്വാതന്ത്ര്യമായും എല്ലാം ചിത്രീകരിക്കപ്പെടുന്നത്. ആ പണത്തിന്റെ പിറകിൽ നഷ്ടപ്പെടുന്നതോ മാനുഷിക മൂല്യങ്ങളുമാണ്. വിരൽത്തുമ്പിലേക്ക് എത്തുന്ന അശ്ലീലത്തെ നാം തുറക്കുമ്പോൾ കളങ്കപ്പെടുന്നത് നമ്മുടെ മനസ്സു മാത്രമല്ല ആ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുക വഴി നമ്മുടെ മകനും മകളും മാതാപിതാക്കളും അടക്കമുള്ള ഒരു സമൂഹത്തിന്റെ മുഴുവൻ സംസ്കാരത്തെയുമാണ് എന്നു നാം മറന്നു പോകരുത്. പണ്ട് ഒരു മനഃശാസ്ത്രജ്ഞൻ തന്റെ പ്രഭാഷണത്തിൽ മുന്നിലിരിക്കുന്നവരോട് ചോദിച്ച ചോദ്യം നമ്മുടെ മനസ്സിലും ഉയർന്നു വരട്ടെ, ഉച്ചത്തിൽ തന്നെ. 'എന്റെ മക്കളെ നീ എന്നെപ്പോലെ ആക്കേണമേ ദൈവമേ' എന്നു മനസ്സറിഞ്ഞു പ്രാർത്ഥിക്കാൻ നമുക്ക് കഴിയുമോ? എങ്കിൽ നാം വിജയിച്ചിരിക്കുന്നു!

മതരഹിത ചിന്തകളും കമ്മ്യൂണിസവും

ജാതിയും മതവും രേഖപ്പെടുത്താതെ ഏതാണ്ട് ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന കുട്ടികള്‍ സ്‌കൂള്‍ പ്രവേശനം നേടി എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെ ആഘോഷപൂര്‍വമാണ് ഇടതുപക്ഷ അനുഭാവികള്‍ വിശിഷ്യാ കമ്യൂണിസ്റ്റ് അനുഭാവികള്‍ സ്വീകരിച്ചത്. കണക്കുകള്‍ പിന്നീട് തിരുത്തിയെങ്കിലും അത്തരമൊരു വാര്‍ത്ത അവരുടെ മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു. കമ്യൂണിസ്റ്റ് ഇടനാഴികളില്‍ നിന്നുയര്‍ന്നു വരുന്ന ആദ്യത്തെ 'മതനിരപേക്ഷ പ്രതികരണമല്ല' ഇതെന്ന് നമുക്കറിയാം. മതമില്ലാത്ത ജീവനും മതരഹിത സമൂഹവുമെല്ലാം കേരളത്തിന്റെ കമ്യൂണിസ്റ്റ് അനുയായികള്‍ക്ക് ഇഷ്ടവിഷയങ്ങളായി മാറിയിട്ട് കുറച്ചു കാലമായി. മതത്തിന്റെ ഉള്ളില്‍ തന്നെയുള്ള കാര്യങ്ങളെ വിമര്‍ശിക്കാനും അതിലെ വ്യക്തി സ്വാതന്ത്ര്യവും സ്ത്രീ സ്വാതന്ത്ര്യവും എല്ലാം ചര്‍ച്ചയാക്കാനും അവര്‍ മുതിരുന്നു. മതപ്രബോധനത്തെ വര്‍ഗീയമായി ചിത്രീകരിക്കാനും പ്രബോധകരുടെ വാക്കുകളെ മ്ലേച്ഛമായി അവതരിപ്പിക്കാനും ശ്രമിക്കുന്നു. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാറുണ്ടെങ്കിലും കമ്യൂണിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നുള്ള അത്തരം ശബ്ദങ്ങള്‍ സമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. പൊതുവെ 'മതനിരപേക്ഷത പുലര്‍ത്തുന്നവര്‍' എന്നറിയപ്പെടുന്ന അവരില്‍ 'സംഘിസം' ഉണ്ടോ എന്നു സംശയിക്കുന്ന വിശ്വാസികളും കുറവല്ല. ഈ ഒരു പശ്ചാത്തലത്തില്‍ കമ്യൂണിസം എങ്ങനെയാണ് മതത്തെ കാണുന്നത് എന്നും മതവും കമ്യൂണിസവും ആശയപരമായി ഏതു തലങ്ങളില്‍ നില്‍ക്കുന്നു എന്നും ആദര്‍ശപരമായി പരിശോധിക്കാനുള്ള ഒരെളിയ ശ്രമം നടത്തുകയാണ്.

വ്യാവസായികവിപ്ലവം നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് മാര്‍ക്‌സ് ജീവിച്ചിരുന്നത്. മുതലാളിമാര്‍ മുതല്‍മുടക്കി വ്യവസായസ്ഥാപനങ്ങള്‍ ഉണ്ടാക്കുകയും തൊഴിലാളികള്‍ കേവലം കൂലിവേലക്കാരാവുകയും ചെയ്യുന്ന കാലഘട്ടത്തില്‍. ചെറിയ കൂലി കൊടുത്ത് വലിയ ലാഭം കൊയ്യുന്ന, ചെറിയ മുതലാളിമാരെ മത്സരത്തിലൂടെ തോല്‍പിക്കുന്ന ബൂര്‍ഷ്വാ മുതലാളിമാര്‍ സമൂഹത്തില്‍ സൃഷ്ടിച്ച കടുത്ത സാമ്പത്തിക അസമത്വവും അനീതിയുമായിരിക്കണം തൊഴിലാളികളുടെ മോചനത്തിന് വേണ്ടി എന്തു ചെയ്യാന്‍ കഴിയും എന്ന ചിന്ത കമ്യൂണിസമെന്ന ആശയമായി അദ്ദേഹത്തിന്റെ മനസ്സില്‍ നിന്ന് രൂപപ്പെടാനുണ്ടായ കാരണം. മാര്‍ക്‌സിനു ചുറ്റുമുണ്ടായിരുന്ന മതമാവട്ടെ തൊഴിലാളികളുടെ അവസ്ഥ വെറും പരീക്ഷണമാണ് എന്നും നാളെയുടെ സ്വര്‍ഗത്തിന് വേണ്ടി എല്ലാം സഹിക്കാന്‍ തയ്യാറാവണം എന്നും ഉല്‍ബോധിപ്പിച്ചു. സ്വാഭാവികമായും മാര്‍ക്‌സിന്റെ അന്വേഷണങ്ങളില്‍ മതത്തിനും ദൈവത്തിനും സ്ഥാനമില്ലാതെയായി. ഹെഗലിന്റെയും ഫോയര്‍ബാക്കിന്റെയും എപ്പിക്യൂറസിന്റെയും ഡെമോക്രാറ്റിസിന്റെയുമെല്ലാം ഭൗതികവാദ ചിന്തകള്‍ അദ്ദേഹത്തെ സ്വാധീനിച്ചു. അതില്‍ നിന്നാണ് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനം മതത്തിനും ദൈവത്തിനും കടന്നുവരാന്‍ യാതൊരു പഴുതുമില്ലാത്ത 'ചരിത്രവും വൈരുധ്യാത്മകവുമായ ഭൗതികവാദമായി' മാറുന്നത്.

ഈ സിദ്ധാന്ത പ്രകാരം പ്രപഞ്ചത്തിന്റെ അടിസ്ഥാനമായി അനാദികാലം മുതല്‍ക്കേ നിലനില്‍ക്കുന്നത് 'ഭൗതികവസ്തു' മാത്രമാണ്. ചലനാത്മകവും വൈരുധ്യാത്മകവുമായ അതിന്റെ സ്വഭാവംമൂലം പ്രപഞ്ചത്തില്‍ പരിണാമം ഉണ്ടാവുകയും വിരുദ്ധ ശക്തികളുടെ സംഘട്ടനം മൂലം പുരോഗതിയുണ്ടാവുകയും ചെയ്യുന്നു. ഈ വൈരുധ്യാത്മക സ്വഭാവം മൂലമാണ് പ്രപഞ്ചത്തില്‍ സകല വസ്തുക്കളുമുണ്ടായത്. പ്രപഞ്ച വീക്ഷണത്തിന് ഉപയോഗിച്ച ഇതേ സിദ്ധാന്തം തന്നെയാണ് മാനവ ചരിത്രത്തെ നിര്‍വചിക്കാനും നിര്‍ണയിക്കാനും മാര്‍ക്‌സ് ഉപയോഗിച്ചത്. വൈരുധ്യങ്ങളുടെ സംഘട്ടനത്തിലൂടെയാണ് മാനവ ചരിത്രവും പുരോഗമിച്ചത് എന്നും വര്‍ഗസമരങ്ങള്‍ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്ക് നിദാനമായി എന്നും മാര്‍ക്‌സ് പറഞ്ഞു വെച്ചു. തങ്ങളെ ചൂഷണം ചെയ്യുന്ന മുതലാളി വര്‍ഗത്തിനെതിരെ ചൂഷിതരായ തൊഴിലാളി വര്‍ഗം സമരം ചെയ്യും. ആ പരസ്പര സംഘട്ടനത്തിലൂടെ മുതലാളി വര്‍ഗം ദുര്‍ബലമാവുകയും തൊഴിലാളി വര്‍ഗത്തിന് അനുകൂലമായ സാമൂഹ്യ സാഹചര്യം വരികയും ചെയ്യും. കര്‍ക്കശമായ സോഷ്യലിസ്റ്റ് ഭരണത്തിലൂടെ സ്വകാര്യസ്വത്ത് പൂര്‍ണമായും നശിക്കുകയും മനുഷ്യന്റെ സ്വാര്‍ഥത നശിക്കുകയും കുറ്റകൃത്യങ്ങളും അക്രമവും മാത്സര്യബുദ്ധിയും പൂര്‍ണമായും ഇല്ലാതെയാവുകയും ചെയ്യും. അങ്ങനെ കമ്യൂണിസം എന്ന സമത്വസുന്ദര ലോകം ഈ ഭൂമിയില്‍ സ്ഥാപിക്കപ്പെടും. ഇതാണ് ഏറ്റവും ചുരുങ്ങിയ രൂപത്തില്‍ കമ്യൂണിസം മുന്നോട്ട് വെക്കുന്ന ആശയം.

ഈ ആശയത്തില്‍ നിന്നു കൊണ്ടാണ് മതവുമായും വിശ്വാസികളുമായും കമ്യൂണിസം സംവദിക്കുന്നത് എന്നാണ് നാം ഒന്നാമതായി മനസ്സിലാക്കേണ്ടത്. തികഞ്ഞ ഭൗതികവാദമായ കമ്യൂണിസത്തിന് ഒരിക്കലും ദൈവത്തെയോ മതത്തെയോ അംഗീകരിക്കാന്‍ ആവില്ല. പക്ഷേ, വര്‍ഗസമരത്തില്‍, കമ്യൂണിസമെന്ന സ്വപ്‌ന പ്രയാണത്തില്‍ അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തെ വിശ്വാസികളെന്നോ അവിശ്വാസികളെന്നോ വേര്‍തിരിക്കാനും അതിനാവില്ല. ജനങ്ങളുടെ മനസ്സിലാണെങ്കില്‍ ദൈവവും മതവുമെല്ലാം ആഴത്തില്‍ പതിഞ്ഞു പോയിട്ടുമുണ്ട്. അതിനു നേരെ കണ്ണടക്കാനുമാവില്ല. ഈ ഒരു സങ്കീര്‍ണതയില്‍ നിന്നാണ് മതത്തെ നിര്‍വചിക്കാനും അതിനെ എങ്ങനെ സമീപിക്കണം എന്ന് പറയാനും കമ്യൂണിസ്റ്റ് ആചാര്യന്മാര്‍ തുനിഞ്ഞത്. മതത്തെ സംബന്ധിച്ചിടത്തോളം മാര്‍ക്‌സിസത്തിന്റെ അഭിപ്രായം മാര്‍ക്‌സിന്റെ തന്നെ പ്രസിദ്ധമായ പരാമര്‍ശത്തെ ഉദ്ധരിക്കാതെ തുടങ്ങാനാവില്ല. അതിങ്ങനെയാണ്:

'മര്‍ദിതരുടെ നേടുവീര്‍പ്പാണ് മതം. ഹൃദ്യശൂന്യമായ ലോകത്തിന്റെ ഹൃദ്യമാണത്. ചൈതന്യരഹിതl അവസ്ഥയിലെ ചൈതന്യമാണത്. അത് ജനങ്ങളെ മയക്കുന്ന കറുപ്പ് ആണ്.'' (മാര്‍ക്‌സ്  ഹെഗലിന്റെ നിയമ ദര്‍ശനത്തെപ്പറ്റിയുള്ള നിരൂപണത്തിന് ഒരു സംഭാവന).

ഇതില്‍ മര്‍ദിതന്റെ നെടുവീര്‍പ്പായും ലോകത്തിന്റെ ഹൃദയമായും ചൈതന്യമായുമെല്ലാം മതത്തെ പറയുമ്പോഴും അതിനെ മനുഷ്യനെ മയക്കുന്ന കറുപ്പ് അല്ലെങ്കില്‍ അവനെ ബാധിച്ച ലഹരിയായി അവതരിപ്പിക്കുന്നതിലൂടെ മതമെന്ന ആശയത്തിന്റെ 'നിരര്‍ഥകത' ലോകത്തെ ബോധ്യപ്പെടുത്താനാണ് മാര്‍ക്‌സ് ശ്രമിക്കുന്നത്. ലഹരി കൃത്രിമമായ ഒരു ലോകം നമുക്ക് മുന്നില്‍ സൃഷ്ടിക്കുമല്ലോ. അത്തരം കൃത്രിമമായ ആശ്വാസമാണ് മതം നല്‍കുന്നത് എന്നും മനുഷ്യന്റെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ മതം മനുഷ്യനില്‍ നിന്ന് മറച്ചു പിടിക്കുന്നുവെന്നുമാണ് മാര്‍ക്‌സ് പറഞ്ഞതിന്റെ സാരം. കേവല യുക്തിവാദികളില്‍ നിന്ന് മാര്‍ക്‌സിയന്‍ ഭൗതികവാദികളെ വേര്‍തിരിക്കുന്നത് മാര്‍ക്‌സിസത്തിന്റെ ഈ വീക്ഷണമാണ്. അവര്‍ മതത്തെ തീവ്രമായി എതിര്‍ക്കുകയോ ശത്രു പക്ഷത്തു നിര്‍ത്തുകയോ ചെയ്യുന്നില്ല. മറിച്ച് അതൊരു ലഹരിയാണ് എന്ന് മനുഷ്യനെ ഉല്‍ബോധിപ്പിക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്.

പ്രസ്തുത വചനത്തിലെ 'കറുപ്പ്' എന്ന പ്രയോഗവും പോസിറ്റിവ് ആയാണ് മാര്‍ക്‌സ് പ്രയോഗിച്ചത് എന്നു ചില കമ്യൂണിസ്റ്റ് നേതാക്കള്‍ പ്രസംഗിച്ചു നടക്കാറുണ്ട്. 'കറുപ്പ്' ആ കാലഘട്ടത്തില്‍ വേദനാസംഹാരിയായി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും മതം മനുഷ്യന്റെ വേദനകള്‍ മാറ്റുന്ന വേദനാ സംഹാരിയായി വര്‍ത്തിക്കുന്നുവെന്നുമാണ് അവര്‍ ഉന്നയിക്കുന്ന ന്യായം. ഇത് നമുക്ക് രണ്ടു രീതിയില്‍ ഖണ്ഡിക്കാനാകും. ഒന്ന് യാതൊരു വ്യാഖ്യാനവും മാര്‍ക്‌സിന്റെ വചനത്തിന് നല്‍കാതെ മാര്‍ക്‌സ് ഉദ്ദേശിച്ചത് എന്താണ് എന്ന് മാര്‍ക്‌സില്‍ നിന്നു തന്നെ മനസ്സിലാക്കുക. അതിനു ഈ വചനങ്ങള്‍ക്ക് ശേഷം മാര്‍ക്‌സ് പറഞ്ഞത് എന്താണ് എന്ന് നമുക്ക് പരിശോധിക്കാം:

'ജനങ്ങളുടെ മിഥ്യാ സുഖമായ മതത്തെ ഇല്ലാതാക്കുന്നത് അവരുടെ യഥാര്‍ഥ സുഖത്തിന് ആവശ്യമാണ്. ഈ അവസ്ഥയെക്കുറിച്ചുള്ള വ്യാമോഹങ്ങള്‍ ത്യജിക്കാനുള്ള ആഹ്വാനം, ഈ വ്യാമോഹങ്ങള്‍ ആവശ്യമാക്കുന്ന സ്ഥിതി ത്യജിക്കാനുള്ള ആഹ്വാനമാണ്. അതിനാല്‍ മത്തെക്കുറിച്ചുള്ള വിമര്‍ശനം ദുഃഖസാഗരത്തെക്കുറിച്ചുള്ള വിമര്‍ശനത്തിന്റെ ഭ്രൂണരൂപമാണ്. ഈ ദുഃഖസാഗരത്തിന്റെ പരിവേഷമത്രെ മതം.
വിമര്‍ശനം ചങ്ങലയില്‍ നിന്ന് സാങ്കല്‍പിക പുഷ്പങ്ങളെ പറിച്ചെടുക്കുന്നത്, മനുഷ്യന്‍ മിഥ്യാബോധമോ ആശ്വാസമോ കൂടാതെ ചങ്ങല അണിയുമെന്ന് കരുതിയിട്ടല്ല. മറിച്ച്, അവന്‍ ചങ്ങല പൊട്ടിച്ചെറിഞ്ഞു ജീവനുള്ള പൂവിറുക്കുമെന്നു കരുതിയാണ്. മതത്തിന്റെ വിമര്‍ശനം, മനുഷ്യനെ മിഥ്യയില്‍ നിന്നും മുക്തനും പ്രജ്ഞയിലേക്ക് വന്നവനുമായ ഒരാളെപ്പോലെ, ചിന്തിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും അവന്റെ യാഥാര്‍ഥ്യം രൂപപ്പെടുത്താനും ശക്തനാക്കുന്നു. അത്‌കൊണ്ട് അവന്‍ തനിക്ക് ചുറ്റും, തന്റെ സത്യസൂര്യനു ചുറ്റും, പ്രദക്ഷിണം വെക്കും. മനുഷ്യന്‍ തനിക്ക് ചുറ്റും പ്രദക്ഷിണം വെക്കാത്തിടത്തോളം കാലം മാത്രം മനുഷ്യന് ചുറ്റും കറങ്ങുന്ന മിഥ്യാസൂര്യനാണ് മതം.'' (അതേ പുസ്തകം. പ്രസ്തുത വചനത്തിന് ശേഷമുള്ള ഭാഗം).

സംശയങ്ങള്‍ക്ക് ഇടയില്ലാത്തവിധം സ്പഷ്ടമാണ് മാര്‍ക്‌സ് പറഞ്ഞതിന്റെ ആശയം. മതം കറുപ്പായി ലഹരിയായി മനുഷ്യന് മിഥ്യാ സുഖം നല്‍കുന്നു. അവന്റെ യഥാര്‍ഥ പ്രശ്നങ്ങള്‍ അത് മറച്ചു പിടിക്കുന്നു. അത് കൊണ്ട് തന്നെ അതിനെ ഇല്ലാതെയാക്കുക എന്നത് കമ്യൂണിസത്തെ സംബന്ധിച്ചിടത്തോളം നന്മയാണ്. മനുഷ്യന് അവന്റെ യഥാര്‍ഥ സുഖം നേടിക്കൊടുക്കാനുള്ള പരിശ്രമം.

രണ്ടാമതായി, മാര്‍ക്‌സിയന്‍ വചനത്തിന് ഇവര്‍ നല്‍കിയ അര്‍ഥം നാം മുഖവിലക്കെടുത്തു എന്നു കരുതുക. എങ്കിലും അതിനെ ഖണ്ഡിക്കാന്‍ എളുപ്പമാണ്. വേദനാസംഹാരികള്‍ ഒരിക്കലും രോഗം മാറ്റുകയില്ല എന്ന് നമുക്കറിയാമല്ലോ. മറിച്ച് അത് താല്‍ക്കാലിക ആശ്വാസം നല്‍കുക മാത്രമാണ് ചെയ്യുന്നത്. മതം വേദനസംഹാരിയാണ് എന്ന് പറയുക വഴി മനുഷ്യന്റെ പ്രയാസങ്ങളെ ദൂരീകരിക്കാന്‍ മതത്തില്‍ പരിഹാരങ്ങളില്ല, മറിച്ച് അത് താല്‍ക്കാലിക ആശ്വാസം മാത്രം നല്‍കുന്നു എന്ന് മാര്‍ക്‌സ് പറയാന്‍ ശ്രമിച്ചു എന്നല്ലേ അതിനര്‍ഥം? അങ്ങനെ നോക്കുമ്പോഴും ലഹരി എന്നതിനും വേദനസംഹാരി എന്നതിനും പ്രത്യേകിച്ച് അര്‍ഥവ്യത്യാസങ്ങള്‍ ചമക്കേണ്ട ആവശ്യമില്ലല്ലോ. കമ്യൂണിസ്റ്റ് ആചാര്യന്മാരും ചിന്തകരുമെല്ലാം ഇതേ വീക്ഷണത്തില്‍ തന്നെയാണ് മതത്തെ നോക്കിക്കണ്ടതും. ഈ വചനത്തിന് അതില്‍ കവിഞ്ഞ് ഒരര്‍ഥം ആരും കാണുകയും ഉണ്ടായില്ല. ലെനിന്‍ പറയുന്നത് കാണുക:

''മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് ' മതത്തെ സംബന്ധിച്ചിടത്തോളം ഉള്ള മാര്‍ക്‌സിന്റെ പരിപൂര്‍ണ നിഗമനം ഈ സൂക്തത്തില്‍ അടങ്ങിയിരിക്കുന്നു. ആധുനിക കാലഘട്ടത്തിലെ മതങ്ങളെയും പള്ളികളെയും എല്ലാതരത്തിലുമുള്ള മതസംഘടനകളെയും തൊഴിലാളി വര്‍ഗത്തെ ചൂഷണം ചെയ്യാനും അവരെ കൃത്രിമ ലഹരിയിലാഴ്ത്താനുമുള്ള ഉപകരണങ്ങള്‍ ആയിട്ടാണ് മാര്‍ക്‌സിസം കരുതുന്നത്''(മതത്തോടുള്ള തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ സമീപനം: ലെനിന്‍).

മാര്‍ക്‌സിസത്തെ പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിച്ച ലെനിന്‍ ഈ തത്ത്വം മുറുകെ പിടിച്ചുകൊണ്ടു തന്നെയാണ് തൊഴിലാളി വര്‍ഗത്തെ നിര്‍വചിക്കാന്‍ ശ്രമിച്ചതും. അദ്ദേഹം എഴുതുന്നു:

''നാഗരിക ജീവിതത്തില്‍ പ്രബുദ്ധനായ തൊഴിലാളി മതവിധിയെ അവജ്ഞയോടെ വലിച്ചെറിയുന്നു. സ്വര്‍ഗത്തെ പുരോഹിതന്മാര്‍ക്കും ബൂര്‍ഷാ മതഭ്രാന്തന്മാര്‍ക്കുമായി വിട്ടുകൊടുത്ത് ഈ ഭൂമിയില്‍ മികച്ച ജീവിതം കെട്ടിപ്പടുക്കാന്‍ മതത്തിന്റെ മൂടല്‍മഞ്ഞിനെതിരെയുള്ള പോരാട്ടത്തില്‍ ശാസ്ത്രത്തിന്റെ സഹായം തേടുകയും വര്‍ത്തമാനകാലത്ത് മികച്ച ജീവിതത്തിനു വേണ്ടി പൊരുതാന്‍ തൊഴിലാളികളെ ഒരുമിച്ച് ചേര്‍ത്ത് മരണാനന്തര ജീവിതത്തിലുള്ള വിശ്വാസത്തില്‍ നിന്ന് അവരെ വിടര്‍ത്തിയെടുക്കുകയും ചെയ്യുന്ന സോഷ്യലിസത്തിന്റെ ഭാഗമാണ് ഇന്നത്തെ തൊഴിലാളി വര്‍ഗം'' (ലെനിന്‍ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രവും സംസ്‌കാരവും).

മതമെന്ന ലഹരിയെ മനുഷ്യമനസ്സുകളില്‍ നിന്ന് തൂത്തെറിയാന്‍ മാര്‍ക്‌സിസത്തിനു നിശ്ശേഷം സാധിക്കുമെന്ന വിശ്വാസം കൊണ്ടാണ് ലെനിന്‍ ഒക്ടോബര്‍ വിപ്ലവത്തിന് ശേഷം ജനങ്ങളോട് ഇങ്ങനെ വിളിച്ചു പറഞ്ഞത്:

''നാം ദൈവവുമായി മല്ലിടും. അത്യുന്നത സ്വര്‍ഗത്തില്‍ വെച്ച് അവനെ നാം കീഴടക്കും. അവന്‍ അഭയം തേടുന്നിടത്തെല്ലാം ചെന്ന് നാം അവനെ ശാശ്വതമായി നിഗ്രഹിക്കും.''

കമ്യൂണിസമെന്ന സ്വപ്‌നസാക്ഷാത്കാരത്തിനു വേണ്ടിയുള്ള പരിശ്രമത്തില്‍ വിലങ്ങുതടിയാവുന്ന മതവിശ്വാസം സ്വാഭാവികമായും വിപ്ലവപ്രസ്ഥാനങ്ങളുടെ ചരടുവലിക്കുന്നവരില്‍ ഉണ്ടായിക്കൂടല്ലോ. തൊഴിലാളി വര്‍ഗത്തില്‍ ആകട്ടെ മുന്‍പേ പറഞ്ഞ പോലെ വിശ്വാസികളുടെ എണ്ണം ചിലപ്പോള്‍ കൂടുതലും ആയേക്കാം. അത്തരം സാഹചര്യങ്ങളില്‍ പോലും മൗലികമായ ആദര്‍ശത്തെ കയ്യൊഴിഞ്ഞുകൊണ്ട് തീരുമാനങ്ങള്‍ എടുക്കാന്‍ കമ്യൂണിസ്റ്റുകള്‍ ശ്രമിച്ചിട്ടില്ല എന്ന് കമ്യൂണിസം പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിച്ച നാടുകളുടെ ചരിത്രം പരിശോധിച്ചാല്‍ എളുപ്പം മനസ്സിലാക്കാന്‍ സാധിക്കുന്നതേയുള്ളൂ. കേരളത്തിലെ അവസ്ഥയും വ്യത്യസ്തമല്ല. മതവിശ്വാസികളുടെ പാര്‍ട്ടി അംഗത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരത്തില്‍ ഇ.എം.എസ് പറയുന്നത് നോക്കൂ:

''സോവിയറ്റ് യൂണിയനും ഇന്ത്യയും അടക്കം എല്ലാ രാജ്യങ്ങളിലുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ അംഗത്വത്തിനുള്ള പ്രാഥമികമായ വ്യവസ്ഥ പാര്‍ട്ടിയുടെ പരിപാടികളും ചട്ടങ്ങളും അനുസരിച്ചു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയാണ്. അതുണ്ടെങ്കില്‍ ഏതൊരാള്‍ക്കും പാര്‍ട്ടി അംഗത്വത്തിന് അപേക്ഷിക്കാം; അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ബന്ധപ്പെട്ട പാര്‍ട്ടി ഘടകത്തിന് ബോധ്യപ്പെട്ടാല്‍ അംഗത്വം കിട്ടുകയും ചെയ്യും. അതിനു മതവിശ്വാസം ഉപേക്ഷിക്കുക എന്ന ഒരു മുന്‍ ഉപാധി ഇല്ല.
പക്ഷേ, തുടക്കത്തില്‍ മതവിശ്വാസി ആണെങ്കിലും വൈരുധ്യാത്മക ഭൗതിക വാദത്തില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ടിയില്‍ അംഗത്വം കിട്ടുന്നതോടെ ഭൗതികവാദത്തിന്റെ ദാര്‍ശനിക സമീപനം ഉള്‍കൊള്ളാന്‍പാര്‍ട്ടി മെമ്പറായ ഓരോ ആളും പരിശ്രമിക്കണം. അതിന്റെ ഫലം സദാ പാര്‍ടി അവലോകനം ചെയ്തു കൊണ്ടിരിക്കും. എന്ന് വെച്ചാല്‍ മതവിശ്വാസത്തില്‍ നിന്ന് മാര്‍ക്‌സിസത്തിലേക്കുള്ള പുരോഗതി പ്രക്രിയ പൂര്‍ത്തിയാക്കുന്നതില്‍ പാര്‍ട്ടി അംഗത്വം നേടുന്ന വ്യക്തിയും അദ്ദേഹത്തെ നയിക്കുന്ന പാര്‍ട്ടിയും സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.''(ഇ.എം.എസ്: മതവിശ്വാസവും കമ്യൂണിസ്റ്റുകാരും).

''മാര്‍ക്‌സിസ്റ്റുകാരന്‍ ഭൗതികവാദിയായിരിക്കണം. അതായത് മതത്തിന്റെ ശത്രു.'' (ഇ.എം.എസ് സാംസ്‌കാരിക വിപ്ലവം, മതം, മാര്‍ക്‌സിസം) എന്നു പറഞ്ഞതും ഇതേ ഇ.എം.എസ് തന്നെയാണ്. ചുരുക്കത്തില്‍ മൗലികമായി തന്നെ കമ്യൂണിസം മതത്തെ അംഗീകരിക്കുന്നില്ല എന്നും അതിനു കാരണം അതിന്റെ ഭൗതികവാദപരമായ വീക്ഷണമാണ് എന്നും നാം മനസ്സിലാക്കിയല്ലോ. കമ്യൂണിസത്തിന്റെ പ്രയോഗവല്‍ക്കരണത്തിന് മതരഹിതമായ ഒരു സാമൂഹ്യ സാഹചര്യം കെട്ടിപ്പടുക്കേണ്ടത് കമ്യൂണിസത്തിന്റെ ആവശ്യമായത് കൊണ്ടാണ് അത്തരം ആദര്‍ശങ്ങള്‍ അവര്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. മതത്തെ പ്രതിക്കൂട്ടിലാക്കുന്ന സംവാദങ്ങള്‍ സജീവമായി നിര്‍ത്തുന്നതിന്റെ പിന്നിലും ഇതേ അടവുനയം തന്നെയാണ് കമ്യൂണിസ്റ്റുകള്‍ പയറ്റുന്നത്. കമ്യൂണിസത്തിന്റെ മതവിമര്‍ശനങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിച്ചുകൊണ്ട് വിശ്വാസികളെ 'ചിന്തിപ്പിക്കാം' എന്നും സ്വന്തം വിശ്വാസത്തെ കുറിച്ചുള്ള സംശയങ്ങള്‍ അവരില്‍ ജനിപ്പിക്കുമെന്നും അവര്‍ വ്യാമോഹിക്കുന്നു. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ മതവിമര്‍ശനങ്ങളുടെ സമാഹാരം പ്രസിദ്ധീകരിച്ചപ്പോള്‍ അതിന്റെ മുഖവുരയില്‍ കെ.ഇ.എന്‍ ഇങ്ങനെ എഴുതിയത്:

''മതത്തെക്കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് സമീപനങ്ങള്‍ വ്യക്തമാക്കുന്ന ഈ സമാഹാരം സാമാന്യബോധത്തിന്റെ ശീതളഛായയില്‍ സ്വസ്ഥരായിരിക്കുന്നവരെ അസ്വസ്ഥരാക്കും. വിടര്‍ന്ന് നില്‍ക്കുന്ന പൂക്കളെ നോക്കി പുളകിതരാകുന്നവരെ അത് വേരിന്റെ പരുക്കന്‍ അവസ്ഥകളിലേക്ക് വലിച്ചെറിയും. അന്തിമമായ ഉത്തരങ്ങളില്‍ തലചായ്ച്ചുറങ്ങുന്നവരെ ചോദ്യങ്ങളുടെ അശാന്തമായ സമുദ്രങ്ങളിലേക്ക് അത് പിടിച്ചു തള്ളും. എല്ലാം കണ്ടെത്തിക്കഴിഞ്ഞു എന്ന അലസ സംതൃപ്തിക്കുമേല്‍ അന്വേഷണത്തിന്റെ തീജ്വാലകളായ് ആളിക്കത്തും. സ്വന്തം സാധ്യതകളെ ബാധ്യതകളായി മാറ്റുന്ന 'തത്ത്വചിന്താപരമായ വീഴ്ചകള്‍ക്കെതിരെ' ഈ പുസ്തകം പിന്മടക്കമില്ലാത്ത ഒരു വെല്ലുവിളിയായി, ഇനിയും മരവിച്ചിട്ടില്ലാത്ത മനസ്സുകളില്‍ ചിന്തയുടെ കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കും'' (മതത്തെപ്പറ്റി, മുഖവുര: കെ.ഇ.എന്‍).

പക്ഷേ, യഥാര്‍ഥ വിശ്വാസികളെ അസ്വസ്ഥരാക്കാനോ സംശയത്തിലാക്കാനോ കമ്യൂണിസ്റ്റുകള്‍ക്ക് കഴിഞ്ഞില്ല. അതിന്റെ നിരാശയില്‍ നിന്നാകണം ആധുനിക കമ്യൂണിസ്റ്റുകള്‍ മതത്തെ കടന്നാക്രമിച്ചു കൊണ്ട് പ്രതികരിക്കുന്നത്. 'കമ്യൂണിസം എന്ന സ്വര്‍ഗ'ത്തിന് വേണ്ടി പണിയെടുക്കാന്‍ വിശ്വാസികള്‍ തയ്യാറായേക്കും എന്ന വിശ്വാസത്തിന് ഭംഗം വരുന്നത് കൊണ്ടായിരിക്കും ഒരുപക്ഷേ, മത പ്രബോധനവും ബോധവല്‍ക്കരണവും എല്ലാം അവര്‍ക്ക് അനിഷ്ടകരമായ സംഗതികളായി ഭവിക്കുന്നത്. അല്ലാത്ത വ്യാഖ്യാനങ്ങളെല്ലാം അസ്ഥാനത്താണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

Wednesday, March 28, 2018

കൈരളി അവതാരകൻ ചർച്ചയാവുമ്പോൾ...!

സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുമ്പോഴോ ആരെങ്കിലും അയച്ചു തരുമ്പോഴോ മാത്രമാണ് ചാനൽ ചർച്ചകൾ ശ്രദ്ധിക്കാറ്. ജൗഹർ മുനവർ വിഷയത്തിൽ കൈരളി ടിവിയിൽ നടന്ന ചർച്ച ശ്രദ്ധിച്ചത് അതിനെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ നടന്ന വിമർശനങ്ങൾ ആയിരുന്നു. വീഡിയോ അത്ര ക്ലിയർ അല്ലാത്തതിനാൽ അവതാരകനെ മനസ്സിലായില്ല. അത് കണ്ടപ്പോൾ ഇസ്ലാമിനേയും മസ്‌ലിംകളെയും അവരുടെ ആചാര രീതികളെയും കേരളത്തിൽ പോലും മനസ്സിലാക്കപ്പെടുന്നത് ഇസ്ലാമോഫോബിയ സൃഷ്ടിച്ച പൊതുബോധത്തിന്റെ അടിസ്ഥാനത്തിൽ ആയി മാറുന്നുവെന്ന ആശങ്ക ബലപ്പെടുകയുണ്ടായത്. ജൗഹർ മാഷിന്റെ വിഷയം ചർച്ച ചെയ്യപ്പെട്ടപ്പോഴും നമ്മളെല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്നതും ഇതേ പൊതുബോധം സൃഷ്ടിക്കുന്ന കാഴ്ചകളെ കുറിച്ചായിരുന്നു. താങ്കൾ എന്തു കൊണ്ട് തൊപ്പി ധരിക്കുന്നില്ല എന്നും താടി വെക്കുന്നില്ല എന്നും ചർച്ചയിൽ പങ്കെടുത്ത ഒരു മുസ്ലിം സംഘടനാ പ്രതിനിധിയോട് അവതാരകൻ ചോദിക്കാൻ കാരണവും ഇസ്ലാമിന്റെ വസ്ത്രധാരണ രീതികളെ പറ്റിയുള്ള അജ്ഞതയും 'വിവാദമായ പ്രഭാഷണത്തിന്റെ' സദസ്സ് ഏതായിരുന്നു എന്നു കൃത്യമായി മനസ്സിലാക്കാതെയാണ് എന്ന് തീർച്ചയാണല്ലോ.

കർമശാസ്ത്ര വിഷയങ്ങളിൽ വീക്ഷണ വ്യത്യാസങ്ങൾ നില നിൽക്കുന്ന മുസ്ലിം സമുദായത്തിൽ ഒരേ വീക്ഷണം വെച്ചു പുലർത്തുന്ന ഒരു സമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് പ്രസ്തുത പ്രഭാഷണം നടന്നത് എന്നതായിരുന്നു അവതാരകൻ ആദ്യം മാനസ്സിലാക്കേണ്ടിയിരുന്നത്. ആ വീക്ഷണത്തോട് വിയോജിപ്പുള്ളവരോട് താരതമ്യം ചെയ്തു കൊണ്ടായിരുന്നില്ല അതിനെ വിമർശിക്കേണ്ടിയിരുന്നത് എന്നു ചുരുക്കം. താടിയും തൊപ്പിയും പണ്ഡിത വേഷമാണ് എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം മുസ്ലിം സമുദായത്തിലുണ്ട്. പണ്ഡിതർക്ക് പ്രത്യേകിച്ചൊരു വസ്ത്രം ഇസ്ലാം നിർദേശിച്ചിട്ടില്ല എന്നു വിശ്വാസമുള്ളവരുമുണ്ട്. അപ്പോൾ പിന്നെ അങ്ങനെ വിശ്വാസമില്ലാത്ത ഒരു വിഭാഗത്തോട് നിങ്ങൾ എന്തു കൊണ്ട് താടിയും തൊപ്പിയും ധരിക്കുന്നില്ല എന്നു ചോദിക്കുന്നതിൽ എന്ത് യുക്തിയാണുള്ളത്!

'ഹിജാബ്' ആണ് ഇസ്ലാമിലെ വസ്ത്ര സങ്കല്പം. ആ സങ്കല്പം പൂർത്തീകരിക്കുന്ന വസ്ത്രങ്ങളിൽ ഒന്നു മാത്രമാണ് പർദ. ആ സങ്കല്പം ജീവിതത്തിൽ പകർത്തണമെന്നു ആഗ്രഹിക്കുന്ന ഒരു സദസ്സിനെ അഭിസംബോധന ചെയ്തു കൊണ്ട് ആധുനിക വസ്ത്രങ്ങളിൽ ആ സങ്കല്പത്തിനു വിരുദ്ധമായി വരുന്ന കാര്യങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിക്കുകയാണ് ആ പ്രഭാഷകൻ ചെയ്തത്. അതിൽ എവിടെയും അവതാരകൻ ചൂണ്ടിക്കാണിച്ച നിർബന്ധ ബുദ്ധിയോ സ്ത്രീകളെയോ സ്ത്രീ ശരീരത്തെയോ വത്തക്കയോട് ഉപമിച്ചിട്ടുമില്ല. പ്രസ്തുത സദസ്സിനെയും പറയുന്ന കാര്യങ്ങളും തെറ്റായി മനസ്സിലാക്കിയത് കൊണ്ടാണ് അത്തരം വൈകൃത ചിന്തകൾ നമ്മുടെ മനസ്സിലേക്ക് വരുന്നത്.

അവസാനമായി അവതാരകനോട് ചില കാര്യങ്ങൾ പറയട്ടെ. 'ഗോസാമിമാരെ' വിമർശിക്കുന്ന ഇടതുപക്ഷ മനസ്സ് സൂക്ഷിക്കുന്ന മാധ്യമ പ്രവർത്തകരിൽ ചിലർക്കെങ്കിലും അറിഞ്ഞോ അറിയാതെയോ ചില 'ഗോസാമി മാനറിസങ്ങളോട്' ഇഷ്ടം തോന്നാറുണ്ട്. അഥിതികളെ അപമാനിക്കും വിധം ചോദ്യങ്ങൾ ഉന്നയിച്ചും അവരെ സംസാരിക്കാൻ സമ്മതിക്കാതെയുമുള്ള ചാനൽ ചർച്ചാ നാടകങ്ങൾ അല്ല ചുരുങ്ങിയ പക്ഷം ഇടതുപക്ഷത്തിന്റെ മുഖം എന്നു വിളിക്കുന്ന കൈരളി ചാനലിൽ ജോലി ചെയ്യുന്ന താങ്കൾക്ക് ഉണ്ടാവേണ്ടത്. ജനപക്ഷത്തു നിന്നുകൊണ്ട് കാര്യങ്ങളെ ചർച്ച ചെയ്യാൻ ശ്രമിക്കുമ്പോഴും അത് പഠിക്കാനും വിലയിരുത്താനും താങ്കൾ സമയം കണ്ടെത്തുമല്ലോ. നെരൂദയെയും മാർക്കസിനെയും പുഡോവ്കിനെയും ഗോദാർദിനെയും ബർണാലിനേയും  ചെഗുവേരയേയും  കസ്ട്രോയെയും സൃഷ്ടിച്ച കമ്മ്യൂണിസത്തെ കേവലം കേരളത്തിലെ പാർട്ടി സെക്രട്ടറിയുടെയോ നേതാക്കന്മാരുടെയോ പ്രസംഗത്തെ മുൻ നിർത്തി വിമർശിക്കുന്നതിന്റെ നിരർത്ഥകത താങ്കൾക്ക് മനസ്സിലാവുമല്ലോ. ഇസ്ലാമിക വിശ്വാസങ്ങളെ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്യാതെ ആ ആദർശത്തെ കുറച്ചെങ്കിലും പ്രാമാണികമായി പഠിച്ചു വിലയിരുത്താൻ താങ്കൾ ശ്രമിക്കൂമെന്നു പ്രതീക്ഷിക്കട്ടെ. സദ്‌വൃത്തയായ സ്ത്രീയെ കുറിച്ചുള്ള പ്രവാചക വചനം ഇത്തരമൊരു വിഷയത്തിലേക്ക് കൊണ്ടു വരുമ്പോൾ എന്താണ് സദ്‌വൃത്തയായ സ്ത്രീയുടെ ഗുണങ്ങൾ എന്നു കൂടി പരിശോധിക്കാൻ താങ്കൾ തയ്യാറാകേണ്ടിയിരുന്നു. ജീവിതത്തിന്റെ സകല മേഖലകളിലും ദൈവിക വിധിവിലക്കുകൾ പാലിക്കുന്ന ഒരു സ്ത്രീയാണ് സദ്‌വൃത്തയായ സ്ത്രീ എന്നു താങ്കൾക്ക് മാനസ്സിലാകുമായിരുന്നു. ആ വിധിവിലക്കുകളുടെ ഭാഗമായ വസ്ത്രധാരണ രീതിയെ കുറിച്ചുള്ള, അത് പാലിക്കണം എന്നു നിർബന്ധമുള്ള ഒരു സദസ്സിൽ നടത്തിയ പരാമർശമാണ് താങ്കൾ ചർച്ചക്ക് വിധേയമാക്കുന്നത് എന്ന മിനിമം അറിവ് അതിലൂടെ താങ്കൾക്ക് ഉണ്ടായേനെ!

"ആണാകട്ടെ പെണ്ണാകട്ടെ , ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല." (വിശുദ്ധ ഖുർആൻ 4:124)

Tuesday, March 27, 2018

പറയാതെ വയ്യ - ഷാനിയോട് സ്നേഹപൂർവം

പ്രിയപ്പെട്ട ഷാനിക്ക്,

മൂല്യബോധമുള്ള മാധ്യമപ്രവർത്തകർ ആവശ്യമുള്ള ഘട്ടത്തിലൂടെയാണല്ലോ കാലം കടന്നു പോകുന്നത്. മാധ്യമങ്ങൾ കാണിക്കുന്നതും പറയുന്നതും സത്യമായി ധരിക്കുന്ന ഭൂരിപക്ഷവും വരുന്ന സമൂഹത്തോട് നീതി പുലർത്തണമെങ്കിൽ മാധ്യമപ്രവർത്തനത്തിൽ മൂല്യം കാത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണല്ലോ. തീർച്ചയായും ഷാനിയിൽ മറ്റാരേയും പോലെ ഞാനും അത്തരമൊരു മാധ്യമ പ്രവർത്തകയെയാണ് കാണുന്നത് എന്ന് മുഖവുരയായി പറയട്ടെ. ഫാറൂഖ് കോളേജ് അധ്യാപകന്റെ വിവാദമായ പ്രസംഗത്തിന് മുൻനിർത്തി ഷാനി ചെയ്ത 'പറയാതെ വയ്യ' യുടെ എപ്പിസോഡിലെ ചില പരാമർശങ്ങളാണ് ഇങ്ങനെ  ഒരെഴുത്തിന് പ്രേരിപ്പിച്ചത്.

പ്രസംഗത്തെ ചർച്ച ചെയ്യുമ്പോഴും വിമർശിക്കുമ്പോഴും നാം ഒന്നാമതായി മനസ്സിലാക്കേണ്ടത് ഒരു ഫാമിലി കൗണ്സിലർ കൂടിയായ അധ്യാപകൻ അഡ്രസ്സ് ചെയ്ത സദസ്സ് പൊതു സമൂഹത്തിന് വേണ്ടിയുള്ളതായിരുന്നില്ല എന്നതാണ്. വസ്ത്രധാരണത്തിൽ കർശനമായ വിധിവിലക്കുകൾ പാലിക്കണം എന്ന് ശഠിക്കുന്ന, ആ വിശ്വാസം ജീവിതത്തിൽ പുലർത്താൻ ശ്രമിക്കുന്ന ആളുകളായിരുന്നു ആ സദസ്സിൽ ഉണ്ടായിരുന്നത്. അവരാകട്ടെ അദ്ദേഹം ക്ഷണിച്ചത് കൊണ്ട് വന്നവരല്ല മറിച്ച് അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാനായി സ്വമനസ്സാലെ വന്നവരാണ്. വസ്ത്രധാരണത്തിലെ നിയമങ്ങളിൽ വിവിധ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ള മുസ്ലിം സമുദായത്തിൽ, യാതൊരു സങ്കോചവും കൂടാതെ വസ്ത്രധാരണത്തിലെ മതശാസനകൾ അംഗീകരിക്കണമെന്നും അത് ജീവിതത്തിൽ പുലർത്തണമെന്നും ആഗ്രഹിക്കുന്നവരുടെ സംഗമത്തിലാണ് അദ്ദേഹം ആ പ്രഭാഷണം നിർവഹിച്ചത്.

രണ്ടാമതായി പറയാനുള്ളത് മുസ്ലിം സമുദായത്തിലെ പ്രഭാഷകരും പ്രബോധകരും ഗുണകാംശയോട് കൂടി മതത്തിലെ വിധിവിലക്കുകളിൽ സമുദായത്തെ ബോധവൽക്കരിക്കുന്നവരാണ് എന്നതാണ്. മതനിയമപ്രകാരം ലാഭേച്ഛയില്ലാതെ നടത്തേണ്ട പരിശ്രമമാണത്. പൗരോഹിത്യത്തെ തള്ളിക്കളഞ്ഞ മതമായ ഇസ്ലാമിൽ അത്തരം പ്രഭാഷകരും പ്രബോധകരും നടത്തുന്നത് ദൈവിക പ്രീതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ്. സമുദായത്തോടുള്ള അളവറ്റ സ്നേഹവും ദൈവിക വിധിവിലക്കുകൾ ലംഘിക്കാതെ അവർ ജീവിക്കണമെന്ന ആഗ്രഹവുമാണ് അത്തരം പരിശ്രമങ്ങൾക്ക് പിന്നിലെന്നു ചുരുക്കം. താൻ നന്മയെന്ന് വിശ്വസിക്കുന്ന ആദർശത്തെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന, ശാസിക്കുന്ന മാതാപിതാക്കളെ പോലെയാണ് പല സന്ദർഭങ്ങളിലും തനിക്കു മുന്നിലേക്ക് വരുന്ന ജനങ്ങളോട് അവർ പെരുമാറുന്നത്. ഒരു മാധ്യപ്രവർത്തക എന്ന നിലയിൽ കേരള മുസ്ലിം നവോത്ഥാന ചരിത്രം കുറച്ചെങ്കിലും ഷാനി വായിച്ചു കാണും എന്നു കരുതട്ടെ. വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്ന ഒരു സമൂഹത്തെ രാഷ്ട്രീയമായും സാംസ്കാരികമായും ഉന്നതിയിലേക്ക് എത്തിച്ചതിനു പിന്നിൽ ഭൗതികമായ യാതൊരു നേട്ടവും മോഹിക്കാത്ത ഇത്തരം സമുദായസ്നേഹികൾ തന്നെയായിരുന്നു. ഇത്രയും പറഞ്ഞത് അവരെ വലുതാക്കനല്ല. അവർ പാപം ചെയ്യാത്ത പവിത്ര ഹൃദയത്തിന്റെ ഉടമകളാണ് എന്നു വരുത്തിത്തീർക്കാനുമല്ല. അവരുടെ ഇടപെടലുകളുടെ രീതിയും ഉദ്ദേശവും ഷാനിയെ പറഞ്ഞു മനസ്സിലാക്കാനാണ്.

ഈ ലോകത്തിനപ്പുറം, മരണത്തിനുപ്പുറം ഒരു ജീവിതമുണ്ട് എന്നതാണ് ഇസ്ലാമിക സങ്കല്പം. ഈ ജീവിതം ഒരു പരീക്ഷണമാണ് എന്നും എന്തു വില കൊടുത്തും മരണത്തിനപ്പുറമുള്ള ജീവിതത്തിൽ പരാജയപ്പെടരുത് എന്നും ഇസ്ലാം മനുഷ്യരോട് പറയുന്നു. ആ തത്വത്തിൽ വിശ്വസിക്കുന്ന ഞാൻ മുകളിൽ പറഞ്ഞ പോലെ വസ്ത്രധാരണത്തിൽ പോലും ദൈവിക വിധിവിലക്കുകൾ ലംഘിക്കാതെ ജീവിക്കണം എന്നും ആഗ്രഹിക്കുന്ന ഒരു സമൂഹത്തോട് ആധുനിക വസ്ത്രധാരണ രീതി ഇസ്ലാമിക വസ്ത്രധാരണ രീതിയുമായി എങ്ങനെ വേർപെട്ടു കിടക്കുന്നു എന്നും ഇസ്ലാമികമാണ് എന്നു നാം വിശ്വസിക്കുന്ന പല വസ്ത്രധാരണ രീതികളും യഥാർത്ഥത്തിൽ മതപരമായ വിധിവിലക്കുകൾക്കുള്ളിൽ അല്ല എന്നും ബോധവൽക്കരിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. അവിടെ അദ്ദേഹം അഭിസംബോധന ചെയ്തത് സമൂഹത്തിലെ മുഴുവൻ സ്ത്രീകളെയും ആയിരുന്നില്ല. മുസ്ലിം സമുദായത്തിൽ തന്നെയുള്ള കർശനമായി വസ്ത്രധാരണ രീതികൾ പിൻപറ്റേണ്ടതില്ല എന്നു വിശ്വസിക്കുന്നവരെയും ആയിരുന്നില്ല. അപ്പോൾ പിന്നെ അദ്ദേഹം സ്ത്രീകളെ മൊത്തത്തിൽ അപമാനിച്ചു എന്നു പറയുന്നതിൽ കഴമ്പുണ്ടോ? പ്രസ്തുത വിശ്വാസം ഇല്ലാത്ത, അദ്ദേഹത്തിന്റെ അഭിസംബോധനയിൽ ഉൾപ്പെട്ടിട്ടില്ലാത്ത ആരെങ്കിലും അദ്ദേഹത്തിനെതിരെ കേസ് കൊടുക്കുന്നത് നമുക്ക് ന്യായീകരിക്കാൻ ആവുമോ? ഇനി അദ്ദേഹം അഭിസംബോധന ചെയ്ത സ്ത്രീകളെ അദ്ദേഹം അപമാനിച്ചു എന്നാണെങ്കിൽ ആ പ്രഭാഷണം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും അവരാരും അത്തരമൊരു പരാതിയുമായി സമീപിച്ചിട്ടില്ല എന്നത് തന്നെ അവിടെയുണ്ടായിരുന്ന സ്ത്രീകൾക്ക് അത് അപമാനകരമായി തോന്നിയിട്ടില്ല എന്നതിന് തെളിവാണല്ലോ.

സമൂഹ മാധ്യമങ്ങളിൽ ആർക്കും കാണാവുന്ന തരത്തിൽ ഈ പ്രഭാഷണം ഉണ്ടായിരിക്കെ ചിലർക്കെങ്കിലും അത് അലോസരമായി, സ്ത്രീവിരുദ്ധമായി തോന്നിയെങ്കിൽ, അദ്ദേഹം ഫാറൂഖ് കോളേജിലെ വിദ്യാർത്ഥിനികളെ അപമാനിച്ചു എന്നു തോന്നിയെങ്കിൽ അവർക്ക് പരാതിപ്പെട്ടു കൂടെ എന്നൊരു ചോദ്യം കൂടി ഇതിൽ ബാക്കിയാവുമല്ലോ. അങ്ങനെ ഒരു പരാതി കൊടുത്താൽ ഇരവാദം ഉയർത്താതെ അതിനെ നേരിടുകയല്ലേ വേണ്ടത് എന്ന ഷാനിയുടെ ചോദ്യത്തെ ഞാൻ അംഗീകരിക്കുന്നു. പക്ഷെ അദ്ദേഹത്തിനെതിരെ മാത്രമല്ല മറ്റുള്ളവർക്കെതിരിലും കേസെടുത്തിട്ടുണ്ട് എന്നു പറഞ്ഞു ഷാനി കാണിച്ച വീഡിയോ ദൃശ്യങ്ങളിൽ ശശികല ടീച്ചറെയും മുൻ ഡിജിപി സെൻകുമാറിനെയും കാണിച്ചത് ശരിയായ താരതമ്യമായില്ല എന്ന് പറയട്ടെ. ഇരുവരും നടത്തിയത് അന്യമത വിദ്വേഷമോ വർഗീയമായ പ്രഭാഷണമോ ഒക്കെ ആയിരുന്നു എന്ന് നമുക്കറിയാമല്ലോ. അതും അധ്യാപകന്റെ 'സ്ത്രീവിരുദ്ധ' പരാമർശവും എങ്ങനെ നമുക്ക് താരതമ്യം ചെയ്യാനാകും? ഇതിനോട് കുറച്ചെങ്കിലും താരതമ്യം ചെയ്യാവുന്ന പരാമർശങ്ങൾ ജഗതി ശ്രീകുമാറിന്റേതോ യേശുദാസിന്റേതോ ക്യാപ്റ്റൻ രാജുവിന്റേതോ ഒക്കെയാണ് എന്നതല്ലേ ശരി? ഇത് സ്ത്രീവിരുദ്ധമാണ് എന്നുറച്ചു വിശ്വസിച്ചു കൊണ്ട് പുറകോട്ട് പോയി പിന്നെയും തിരഞ്ഞാൽ  നിരവധി സിനിമാ സംഭാഷണ ശകലങ്ങളും രാഷ്ട്രീയ നേതാക്കളുടെ കമന്റുകളും നമുക്ക് കിട്ടില്ലേ? എന്തിനധികം ഇടതുപക്ഷത്തിന്റെ മുഖമായ ചാനലിൽ ഇരുന്ന് കൃത്യമായ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ, മണ്മറഞ്ഞ പോയ ഒരെഴുത്തുകാരന്റെ ഇന്റർവ്യൂ വരെ നമുക്ക് മുന്നിൽ തെളിഞ്ഞു വരില്ലേ? സ്റ്റുഡിയോയിൽ മുഖം പൊത്തിക്കൊണ്ടും മൂക്കത്ത് വിരൽ വെച്ചുകൊണ്ടും ഇരിക്കേണ്ടി വന്ന സ്ത്രീ പ്രേക്ഷകർ സാക്ഷിയായ പ്രസ്തുത അഭിമുഖത്തിനും മേൽപറഞ്ഞ നിരവധി സംഭവങ്ങളിലും ഇല്ലാതിരുന്ന വിവാദം സോദ്ദേശത്തോടെ ആദർശ സുഹൃത്തുക്കളായ സമൂഹത്തോട് പ്രസംഗിച്ച ഒരധ്യാപകന് നേരിടേണ്ടി വരുമ്പോൾ അതിൽ ദുരുദേശമുണ്ട് എന്നാരെങ്കിലും തെറ്റിദ്ധരിച്ചു പോയാൽ അവരെ നമുക്ക് കുറ്റം പറയാനാകുമോ?

അധ്യാപകന്റെതിന് സമാനമായ സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട് എങ്കിലും ഈ നാടിന്റെ നിയമത്തിന്റെ പരിധിയിൽ നിന്ന് കൊണ്ട് അദ്ദേഹത്തിനെതിരെയുള്ള കേസിനെ നേരിടാൻ അദ്ദേഹത്തിന് കഴിയേണ്ടതുണ്ട് എന്ന ഷാനിയുടെ വാദത്തോട് പൂർണമായും യോജിക്കുന്നു. പ്രസ്തുത കേസിനെ ജാമ്യമില്ല വകുപ്പാണ് എന്ന പേരിൽ കളവു പ്രചരിപ്പിച്ചവരോടും യോജിക്കുന്നില്ല. എങ്കിലും ഒരു വിഷയത്തിലും ഇരട്ട നീതി ഉണ്ടാവരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. ഷാനിയെ പോലുള്ള സമൂഹത്തിലേക്ക് കണ്ണുകൾ തുറന്നു വെച്ചിരിക്കുന്ന മധ്യമപ്രവർത്തകരിൽ എനിക്ക് വിശ്വാസമുണ്ട്. അത്തരമൊരു സാമൂഹിക സാഹചര്യത്തെ തടയിടാൻ താങ്കൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. നന്മകൾ നേർന്ന് കൊണ്ട്,

സ്നേഹപൂർവം
അഫ്താബ് കണ്ണഞ്ചേരി