Thursday, April 30, 2020

പ്രതീക്ഷകൾ


ചിന്തകളിൽ നിന്നുണർന്ന് അയാൾ മുന്നോട്ട് നോക്കി. അങ്ങു ദൂരെ തെരുവുവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ ഒരു പാലം കാണാം.

'ഒന്ന് നിർത്ത്'

അയാൾ ഡ്രൈവറോടായി പറഞ്ഞു.

ഡ്രൈവർ വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി. അയാൾ വണ്ടിയിൽ നിന്നിറങ്ങി.

'ഞാൻ ഒന്ന് നടന്നു വരാം. നീ ഇവിടെ നിന്നാൽ മതി..'

'ശരി സാർ'. അവന്റെ മുഖത്ത് ഒരമ്പരപ്പ് ഉണ്ടായിരുന്നു. അയാളത് ശ്രദ്ധിച്ചില്ല. മുന്നോട്ട് നടന്നു. ഏതാനും അടികൾ വെച്ചു പിറകിലേക്ക് ഒന്ന് നോക്കി. തന്റെ ആഡംബര കാറിനെ. നിരാശബാധിച്ച ആ മുഖത്ത് വെറുതെ ഒരു പുഞ്ചിരി വിരിഞ്ഞു. വീണ്ടും തിരിഞ്ഞു നടന്നു.

വിജയത്തിന്റെ കൊടുമുടിയിലായിരുന്നു താൻ. എത്തിപ്പിടിക്കാൻ മോഹിച്ചതിനെക്കാൾ പതിന്മടങ്ങ് ഉയരത്തിൽ. പക്ഷേ വീണ്ടും വീണ്ടും മുകളിലേക്ക് തന്നെ പോകാനായിരുന്നു മോഹം. ഒന്നുമില്ലായ്മയിൽ നിന്ന് വന്നവനല്ല താൻ. ഉണ്ടായിരുന്നു. തനിക്കും കുടുംബത്തിനും ജീവിക്കാനുള്ളതിനും അപ്പുറം. പക്ഷേ ബിസിനസ് ഒരാവേശമായിരുന്നു. ഉണ്ടാക്കിയത് കിട്ടിയതിനെക്കാൾ എത്രയോ ഇരട്ടിയും.

പൊടുന്നനെയാണ് തനിക്ക് വീഴ്ച സംഭവിച്ചത്. ആ വീഴ്ച മറ്റു ബിസിനസുകളെയും ബാധിക്കും എന്ന് തീരെ കരുതിയില്ല. തന്റെ സ്വകാര്യ അഹങ്കാരമായിരുന്ന, താൻ കൂടിപ്പിറപ്പുകളെപ്പോലെ സ്നേഹിച്ചിരുന്ന ബിസിനസ് പങ്കാളികൾ എല്ലാം മാറാൻ തുടങ്ങി. പലർക്കും പണം തിരിച്ചു കൊടുക്കേണ്ടതായി വന്നു. ബാങ്കുകാരുടെ സമ്മർദ്ദം മറുവശത്ത്. പ്രോജെക്റ്റുകൾ ഓരോന്നായി മുടങ്ങി. ഒന്നാകെ മുങ്ങാൻ പോവുകയാണ്. അത് തനിക്ക് മാത്രമറിയാം. ഏറി വന്നാൽ ഒന്നോ രണ്ടോ ആഴ്ച. അതിലപ്പുറം പിടിച്ചു നിൽക്കാൻ തനിക്ക് കഴിയില്ല. വീഴും. എല്ലാം തകരും. തനിക്ക് വേണ്ടി കയ്യടിച്ചിരുന്നവർ ഓരോന്നായി കൊഴിഞ്ഞു പോകും. ശേഷിച്ച കാലം അനേകം ചോദ്യങ്ങൾക്ക് ഉത്തരം നൽകി ഒരു മൂലയിൽ ഒതുങ്ങേണ്ടി വരും. വയ്യ, അതിന് തനിക്ക് കഴിയില്ല..!

ഏകദേശം പാലത്തിന്റെ പകുതി പിന്നിട്ടു. തിരിഞ്ഞു നോക്കി. ഇപ്പൊ അയാൾക്ക് തന്റെ കാർ ശരിക്കും കാണാൻ സാധിക്കില്ല. പാലത്തിന്റെ കൈവരികൾ പിടിച്ചു കുറച്ചു നേരം നിന്നു. താഴെ ശാന്തമായി പുഴ ഒഴുകുന്നുണ്ട്. ഏതാനും കിലോമീറ്റർ അകലം അത് കടലിലേക്ക് ചേരും. അതുകൊണ്ട് തന്നെ നല്ല ആഴമാണ്. അയാൾ കാലുകൾ കൈവരികൾക്ക് മേൽ കയറ്റി വെച്ചു അതിന്റെ മുകളിലേക്ക് കയറി നിന്നു. സമയം അർധരാത്രി 2 മണിയെങ്കിലും പിന്നിട്ടു കാണും. അങ്ങനെ ആരും വരാനില്ല ആ റോഡ് വഴി. എങ്കിലും പെട്ടെന്ന് വേണം. അയാൾ കണ്ണുകളടച്ചു. ഇതാണ് തനിക്ക് നല്ലത്. പ്രതീക്ഷകൾ മുഴുവൻ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. തന്റെ തൊഴിലാളികൾ നാളെ എന്തു ചെയ്യുമെന്ന് അറിയില്ല. കടങ്ങൾ വീട്ടാനുള്ള എല്ലാം താൻ ചെയ്തു വെച്ചിട്ടുണ്ട്. തന്റെ കുടുംബത്തിന് അത്യാവശ്യം ജീവിക്കാനുള്ളത് ബാക്കിയായേക്കും. ഇനി വൈകിക്കേണ്ട. അയാൾ കണ്ണുകളടച്ചു. ഇനി അങ്ങോട്ട് ഈ ഇരുട്ടാണ്. അതിനെ പുൽകാൻ അയാൾ തയ്യാറായിക്കഴിഞ്ഞു.

ആ നിശബ്ദതയിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ അയാളുടെ കാതുകളിലേക്ക് ഇരച്ചു കയറി വന്നു. കണ്ണു പതുക്കെ തുറന്നു ചുറ്റും നോക്കി. പുഴക്കരികിലുള്ള നാടോടികളുടെ ഷെഡിൽ നിന്നാണ്. ഒരമ്മ കുഞ്ഞിനെയെടുത്ത് തോളിലിട്ട് പുറത്തു വന്നു. ഒരു ചെറിയ വെളിച്ചത്തിൽ അയാൾക്ക് അതു കാണാം. അവർ അതിനെ ഉറക്കുകയാണ്. ആ കാഴ്ച അയാളെ വല്ലാതെ അസ്വസ്ഥനാക്കി. 'അമ്മ, ഭാര്യ, മക്കൾ അങ്ങനെ അനേകം പേർ അയാളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു..

പെട്ടെന്നയാൾ കൈവരിയിൽ നിന്ന് താഴെയിറങ്ങി. ഇല്ല, തനിക്കങ്ങനെ പോകാൻ സാധിക്കില്ല. പ്രതീക്ഷകൾ അസ്തമിച്ചത് തന്റെ ഇപ്പോഴത്തെ കച്ചവടത്തിൽ മാത്രമാണ്. അതിനുമപ്പുറം താനൊരു മകനാണ്, ഭർത്താവാണ്, അച്ഛനാണ്. അവരുടെ പ്രതീക്ഷകൾക്ക് വളമേകേണ്ടതും അതിന് തണലാകേണ്ടതും താനല്ലേ? അതേ.. അങ്ങനെ എല്ലാ പ്രതീക്ഷകളും നശിച്ചവനല്ല താൻ. ഒരു പരിഭ്രാന്തിയോടെ അയാൾ തിരിഞ്ഞു നടന്നു. വേഗത്തിൽ...

പ്രതീക്ഷകളാണ് മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. പ്രതീക്ഷകൾ നശിക്കുന്നിടത്ത് മനുഷ്യന്റെ മരണം തുടങ്ങുകയായി. പ്രതീക്ഷകളെ വളർത്താൻ നമുക്ക് കഴിയണം. തനിക്ക് വേണ്ടി മാത്രമല്ല, ചുറ്റുമുള്ളവർക്ക് വേണ്ടിയും. നഷ്ടങ്ങളിൽ, വേദനകളിൽ ജീവിതത്തെ അറിയാൻ ശ്രമിക്കുക. മനുഷ്യനെ അറിയാൻ ശ്രമിക്കുക. അസ്ട്രേലിയക്കാരൻ അലി ബനാത്തിന്റെ കഥ കേട്ടിട്ടില്ലേ നിങ്ങൾ. മുപ്പതാം വയസ്സിൽ കാൻസർ രോഗം പിടിപെട്ട അലിയെ? വെറും മാസങ്ങൾ വിധിച്ച ഡോക്ടർമാർക്ക് മുന്നിൽ മൂന്നു വർഷത്തോളമാണ് അലി ബനാത്ത് ജീവിച്ചത്. ചെയ്തതോ മൂന്നു പതിറ്റാണ്ട് കൊണ്ട് സാധിക്കാത്തതും. ഓരോ വീഴ്ചകളിലും കയറാൻ വീണ്ടും പടവുകൾ ദൈവം നമുക്ക് കാണിച്ചു തരും. അത് മുന്നോട്ട് പോകാനുള്ള വഴിയാകാം. അല്ലെങ്കിൽ നമ്മുടെ നിയോഗമാകാം. തിരഞ്ഞു കൊണ്ടേ ഇരിക്കുക. പ്രതീക്ഷകൾ കൈവിടാതെ തന്നെ...!

Wednesday, April 29, 2020

പിണക്കം

മുഖത്തേക്ക് നോക്കിയിരിക്കേണ്ടവരാണ് അവർ. പക്ഷേ പരസ്പരം മുഖം തിരിഞ്ഞിരിക്കുന്നു. എനിക്ക് തരാൻ ഇത്തിരി സമയമില്ലല്ലോ എന്നായിരുന്നു അവളുടെ പരിഭവം. ഇന്നിതാ ദിനം മുഴുവൻ അവളുടെ അടുത്തായിട്ടും പരിഭവം മാറുന്നില്ലലോ എന്നയാൾ.

കല്യാണം കഴിഞ്ഞിട്ട് ഏറെയൊന്നും ആയിട്ടില്ല. ജോലി സ്ഥലത്തേക്ക് കൊണ്ടു പോകും എന്നതായിരുന്നു അവളെ കൂടുതൽ ആകർഷിച്ച ഘടകം.

'അല്ലെങ്കിലും നാട്ടിൽ നിന്നാൽ ജീവിതത്തിന് ഒരു സുഖമുണ്ടാവില്ല. വല്ലാതെ ഒന്നടുത്ത് കിട്ടുക പോലുമില്ല'.

കൂട്ടുകാരികളുടെ അനുഭവങ്ങൾ. അന്ന് വീട്ടുകാരോട് പറഞ്ഞതാണ്. അങ്ങനെ ഒരു ബന്ധം വരുമോ എന്നു നോക്കാം. എന്നിട്ട് മതി എന്ന്. അന്യനാട്ടിലുള്ള തനിക്ക് തന്റെ ലോകവും ജോലിയും മനസ്സിലാവാൻ സാധിക്കുന്ന വിവരവും വിദ്യാഭ്യാസവുമുള്ള ഇണ. അവനും അവളെ ഇഷ്ടപ്പെട്ടതിന് ഒരുകാരണം അതുതന്നെയായിരുന്നു.

അഞ്ചു വർഷങ്ങൾ. അയാളുടെ തിരക്കുള്ള ജോലിയോട് അവൾ പൊരുത്തപ്പെട്ടിരുന്നു. എങ്കിലും തനിക്ക് തരാൻ സമയമില്ല എന്ന പരിഭവം അവൾക്കെന്നും ഉണ്ടായിരുന്നു. അപ്രതീക്ഷിതമായ ലോക്ക്ഡൗൺ പ്രഖ്യാപനം അവളെ അതുകൊണ്ടു തന്നെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. പക്ഷേ ദിവസങ്ങൾക്കുള്ളിൽ തന്നെ കലഹമായി. കാരണങ്ങൾ ചെറുതായിരുന്നു. പക്ഷേ കലഹങ്ങൾ തീർത്ത സങ്കടം മണിക്കൂറുകൾ കഴിഞ്ഞും മാറിയില്ല. കൂടുതൽ അടുത്തു കാണാൻ കൊതിച്ചവരാണ്. ഇന്നിതാ മുഖം തിരിഞ്ഞു നിൽക്കുന്നു..

എന്തൊക്കെ വിചാരങ്ങളാണ് മനസ്സ് മുഴുവൻ. പുറത്തിറങ്ങാൻ കഴിഞ്ഞെങ്കിൽ എന്ന് അയാൾക്ക് തോന്നുന്നു. പണ്ടത്തെപ്പോലെ വൈകി വരുന്ന മണിക്കൂറുകൾ മാത്രം മതിയായിരുന്നു എന്നവൾക്കും. സ്‌നേഹം അല്ലെങ്കിലും അകന്നു നിൽക്കുമ്പോഴല്ലേ എന്ന് ഇരുവർക്കും തോന്നിപ്പോവുന്നു. ഇങ്ങനെ എത്രനാൾ പിടിച്ചു നിൽക്കും? തനിക്ക് ഇതിനാവുമോ? ചോദ്യങ്ങളും ഒരുപക്ഷേ ഉത്തരങ്ങളും ഓരോന്നായി മനസ്സ് മുഴുവൻ സഞ്ചരിക്കുകയാണ്. പിണക്കം തീർത്ത വഴികളിലൂടെ...

മനുഷ്യൻ അങ്ങനെയാണ്. ലഭ്യമാകാത്ത അനുഭവങ്ങളോടാണ് അവന് പ്രിയം. എത്തിപ്പിടിച്ചാൽ കാത്തിരിപ്പ് നൽകിയ അനുഭൂതി ഒരിക്കലും കിട്ടുകയുമില്ല. സ്വപ്നം കാണരുത് എന്നല്ല. കാണണം. പരിഭവം പറയരുത് എന്നല്ല. പറയണം. പക്ഷേ അത് സ്നേഹത്തിലേക്കുള്ള കാൽവെയ്പുകൾ ആവണം. സ്നേഹം ഉണ്ടാക്കാൻ കഴിയില്ല. പക്ഷേ സ്നേഹത്തിലേക്കുള്ള വഴികളെ ഉണ്ടാക്കാൻ നമുക്ക് സാധിക്കും.

പിണക്കങ്ങൾ ആലയിൽ ചുട്ടെടുത്ത ഇരുമ്പ് പോലെയാണ്. ജ്വലിക്കുന്ന അവസ്ഥയിൽ എടുത്തു ഉപയോഗിക്കരുത്. തണുപ്പിക്കണം. തണുക്കാൻ സമയം കൊടുക്കണം. നന്നായി തണുത്തതിന് ശേഷം ബന്ധങ്ങളെ ദൃഢപ്പെടുത്തുന്ന കണ്ണികളാക്കി മാറ്റണം. ഒരിക്കലും പൊട്ടാത്ത സ്നേഹത്തിന്റെ ബലമുള്ള ഒരു ചങ്ങല തന്നെ തീർക്കാൻ..!

Monday, April 27, 2020

അടുപ്പം

ചെന്നു കയറാൻ വീടുകളുണ്ട്. കയ്യിൽ മിഠായിപ്പൊതികളുമുണ്ട്. പക്ഷേ അനുവാദമില്ലല്ലോ..

അയാൾ ചിന്തിക്കുകയായിരുന്നു..

ആളുകളിൽ നിന്ന് മാറിനടന്നിരുന്ന യൗവനത്തിൽ നിന്ന് മധ്യവയസ്‌കതയിലേക്കുള്ള ദൂരമുണ്ട് ആ മിഠായിപ്പൊതികളെ സ്വന്തമാക്കിയതിന് പിന്നിൽ. നഷ്ടപ്പെട്ടത് കേവലം വർഷങ്ങൾ മാത്രമല്ല. ആറ്റിക്കുറുക്കിയാൽ ഏതാനും വർഷങ്ങൾ മാത്രം ഒരുമിച്ചു ജീവിച്ച പ്രിയതമയെ കൂടിയാണ്. പണത്തിനു പിറകെ മാത്രം പോയ ദിനങ്ങൾ. സമ്പാദ്യമാണ് എല്ലാം എന്നു കരുതിയിരുന്ന വർഷങ്ങൾ. ഒന്നും വീണ്ടെടുക്കുക സാധ്യമല്ല..

ശരീരത്തിന് തെല്ല് ക്ഷീണമുണ്ട്. അത് പക്ഷേ വാർധക്യത്തിലേക്ക് ഓടിക്കയറുകയാണ്. ആകെയുള്ള ആശ്വാസം ഇതേ മിഠായിപ്പൊതികളുമായി ഉറ്റവരെയും അവരുടെ കുട്ടികളേയും കാണാൻ പോകുമ്പോൾ മാത്രമാണ്. മിഠായികൾക്ക് വേണ്ടി കുട്ടികൾ ഓടി വരുന്നത് കാണാൻ ഒരു സുഖമാണ്. പക്ഷേ കാലം അതും തനിക്ക് നഷ്ടപ്പെടുത്തി. അവശ്യസാധാനങ്ങൾക്ക് വേണ്ടിയല്ലാതെ വീട്ടിൽ നിന്നിറങ്ങരുത് എന്നാണ് ഓർഡർ. അതുപക്ഷേ ഇത്ര നീണ്ടുനിൽക്കും എന്നു കരുതിയില്ല.

താൻ തനിച്ചാവുകയാണോ. ആ വലിയ വീടിനു ചുറ്റും കണ്ണോടിച്ചപ്പോൾ അയാൾക്ക് തെല്ല് ഭയം തോന്നി. ഏകാന്തത അയാളെ ശരിക്കും പിടികൂടിയിരിക്കുന്നു. ഒരുപാടുനേരം ആ നോട്ടം തുടരാൻ അയാൾക്ക് കഴിഞ്ഞില്ല. ഉമ്മറത്തേക്ക് ഇറങ്ങി. വല്ലാത്തൊരു പരവേശം.

ഒരു ഞെട്ടലോടെ കയ്യിലിരുന്ന മൊബൈൽ ശബ്ദിച്ചു..

'ഹ..ഹലോ..'

'ഹലോ..ഉപ്പാപ്പ. ഉപ്പാപ്പ എന്നാ വരുന്നത്? കൊറോണ ഒക്കെ പോയിട്ട് വരണം കേട്ടോ. ഞങ്ങൾക്ക് ഉപ്പാപ്പയെ കാണാൻ കൊതിയായി.'

ആ കുഞ്ഞു ശബ്ദം അയാളുടെ പരവേശത്തെ കെടുത്തി. കലങ്ങിയ കണ്ണുകൾക്ക് താഴെ ഒരു പുഞ്ചിരി വിടർന്നു. ആ പുഞ്ചിരി മിഠായിപ്പൊതികൾക്ക് വേണ്ടി കാത്തിരിക്കുന്ന ആ കുഞ്ഞുങ്ങളെ ഓർത്തിട്ടാവുമോ? അതോ മിഠായിയല്ല തന്നെ തന്നെയാണ് അവർക്ക് വേണ്ടത് എന്ന സന്തോഷം കൊണ്ടാവുമോ? അതുമല്ല, അവരോട് അടുക്കാൻ മിഠായിപ്പൊതികൾക്ക് വേണ്ടി കാത്തിരിക്കേണ്ടിയിരുന്നില്ല എന്ന തിരിച്ചറിവ് കൊണ്ടോ?

അടുപ്പങ്ങൾക്ക് മാനദണ്ഡങ്ങൾ തീർക്കുന്നവരാണ് ചുറ്റിലും. അകന്നു നിൽക്കുന്ന മനസ്സുകളോട് ദൈവം പറയുന്നത് നന്മകൾ അടുപ്പത്തിൽ നിന്ന് ആരംഭിക്കാനാണ്. ബീവറുകൾ കൂടുണ്ടാക്കുന്നത് കണ്ടിട്ടില്ലേ? വെള്ളത്തിൽ വസിക്കാൻ വേനൽക്കാലത്തേക്കും അതിനെ സംഭരിക്കാൻ കഴിയുംവിധം? അതേപോലെ ബന്ധങ്ങളെയും നമ്മൾ സൂക്ഷിച്ചു വെക്കണം. എല്ലാ കാലത്തേക്കും. ഏതുകാലത്തേക്കും നമുക്ക് കുളിർമയേകാൻ. മിഠായിപ്പൊതികൾ അവിടെ ഒരലങ്കാരം മാത്രമാണ്..!

Sunday, April 26, 2020

അകലം

'ഒരു മീറ്റർ അപ്പുറത്ത് നിൽക്കണം..'

മലയാളത്തിലാണ് പറഞ്ഞത്. തന്റെ മുഖത്ത് നിന്ന് മലയാളിയെ അയാൾ വായിച്ചെടുത്തോ? ചിന്തകളെ തെറ്റിച്ച ആ വാക്കുകളുടെ ഉടമസ്ഥനെ തെല്ലു കൗതുകത്തോടെ നോക്കി മനസ്സിൽ പറഞ്ഞു.

ഭാഷയറിയാത്ത ഈ നാട്ടിൽ വന്നിട്ട് കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂ. അവിചാരിതമായ ലോക്ക്ഡൗണിൽ ആയിരങ്ങളെപ്പോലെ താനും കുടുങ്ങി. ആദ്യമാദ്യം ആശങ്കയായിരുന്നു. യാഥാർഥ്യമാണ് എന്നു തിരിച്ചറിയാൻ ആഴ്ചകൾ വേണ്ടി വന്നു. സ്വന്തക്കാരെ, ഭാര്യയെ, ഒരു വയസ്സ് പോലും പ്രായമാകാത്ത കുഞ്ഞിനെ, നാടിനെ, നാട്ടുകാരെ, കൂട്ടുകാരെ.. അങ്ങനെ കാണേണ്ടവരുടെ ലിസ്റ്റ് നാൾക്കുനാൾ നീളുകയാണ്. ഇനിയുമേറെ കാത്തിരിക്കേണ്ടി വരും. മനസ്സിൽ ഒരു കനൽ വീണ പോലെ.

റോഡ് വിജനമാണ്. അത്യാവശ്യം ചില കടകൾ മാത്രമേ തുറന്നിട്ടുള്ളൂ. ഈ കടയിലേക്ക് അങ്ങനെ വരാറില്ല. അല്ലെങ്കിലും അരിയും പച്ചക്കറിയും വാങ്ങിയിട്ട് തനിക്ക് എന്തു കാര്യം. അതു പാകം ചെയ്യാനുള്ള സൗകര്യമോ സാധനങ്ങളോ തനിക്കില്ലല്ലോ.

ഒരു മീറ്ററിൽ കൂടുതൽ അകലം പാലിക്കുന്നുണ്ട് മിക്കവരും. ഒരുപക്ഷേ വൈറസിനെക്കാൾ വേഗത്തിലാണെന്നു തോന്നും ഭയം പടരുന്നത്! പലരും കടക്കാരനോട് കയർക്കുന്നുണ്ട്. സാധനങ്ങൾക്ക് തീപിടിച്ച വിലയാണ്. കയ്യിലുള്ള മൊബൈലിൽ ഒന്നുകൂടി ബാലൻസ് ചെക്ക് ചെയ്തു നോക്കി. ഈ മാസത്തേക്ക് തികയില്ല. എങ്കിലും അത്യാവശ്യം ചിലത് വാങ്ങാം.

തന്റെ ഊഴമായി. ഹിന്ദി മാത്രമേ അറിയാവൂ. അതും പൊടിക്ക്.

ദോ കിലോ ആട്ട, ദോ കിലോ റൈസ്, 300 ഗ്രാം ദാൽ..

ബേറെ? കടക്കാരൻ മുഖത്ത് നോക്കി.

ഇനിയെന്താണ്...! അറിയില്ല. കണ്ണുകൾ ചുറ്റും തിരഞ്ഞു. പുറകിൽ ആളുകൾ പിറുപിറുക്കുന്നുണ്ട്. കടക്കാരന്റെ കണ്ണുകൾ ഇപ്പോഴും മുഖത്താണ്. കുറച്ചു ഉപ്പും മുളകും ഓയിലും അത്യാവശ്യം പച്ചക്കറികളും വാങ്ങാം. അതുമതിയാകും.

നഗരമായത് കൊണ്ട് മൊബൈൽ വഴി തന്നെ പണം കൊടുക്കാം. അങ്ങനെ ഒരാശ്വാസമുണ്ട്. പണം നൽകി തിരിഞ്ഞു നടന്നു.

ആളുകൾ കൂട്ടത്തോടെ തന്നെയുണ്ട് കടക്ക് മുന്നിൽ. കൊറോണ പകർന്നു നൽകിയ പുതിയ സംസ്കാരത്തെ സ്വീകരിച്ചവരും അല്ലാത്തവരും ഒക്കെയുണ്ട്. കൂട്ടത്തിൽ താടിയുള്ള ഒരു മനുഷ്യനെ പേടിയോടെ അറപ്പോടെ നോക്കുന്ന ചിലരെ കണ്ടു. തന്നെ ആവിധം നോക്കുന്നതിൽ ആ മനുഷ്യന് അസ്വസ്‌ഥനായിരുന്നോ..? മുഖത്തു നിന്ന് വായിച്ചെടുക്കാൻ മാസ്‌ക് അനുവദിച്ചില്ല. അല്ലെങ്കിലും കൊറോണ പകർന്നു നൽകിയത് പുതിയ സംസ്കാരം മാത്രമല്ലല്ലോ. വിദ്വേഷങ്ങൾ കൂടിയാണ്. കൊറോണക്ക് ജാതിയും മതവും വരെ കല്പിക്കപ്പെട്ടു കഴിഞ്ഞു. മൃതദേഹം പോലും ബഹുമാനിക്കപ്പെടാത്ത അവസ്ഥയാണ്.

മനസ്സ് തെല്ലൊന്നു പിടഞ്ഞോ..? കാര്യമില്ല. അത്തരക്കാരിലേക്ക് നോക്കാൻ നേരമില്ല. തന്റെ മനസ്സ് മുഴുവൻ ആ കുഞ്ഞാണ്. ആ കരച്ചിൽ. ആ ചിന്ത നടത്തത്തിന്റെ വേഗത കൂട്ടി. തന്റെ കെട്ടിടത്തിലേക്കുള്ള വഴി തിരിഞ്ഞു. കെട്ടിടത്തിന്റെ മറുവശത്ത് മുഴുവൻ ഒറ്റമുറികളും ചെറിയ മുറികളുമുള്ള വീടുകളാണ്. മൂന്നാം നിലയിലുള്ള തന്റെ ജനൽ വഴി മിക്ക വീടുകളും കാണാം.

ഇന്നാണ് അതിലൊന്നിലാണ് ആ കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. ഏകദേശം നാലോ അഞ്ചോ വയസ്സ് പ്രായം വരും. ആശ്വസിപ്പിക്കാൻ കഴിയാത്തവിധം കുഞ്ഞിനെ തലോടാൻ ശ്രമിക്കുന്ന അമ്മയുമുണ്ട്. ഏതൊരു മനുഷ്യനും തിരിയുന്ന വിശപ്പിന്റെ കരച്ചിലും നിസ്സഹായതയും..! കണ്ടുനിൽക്കാൻ കഴിയില്ലല്ലോ. അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചുണ്ണാൻ തന്റെ ആദർശം അനുവദിക്കുന്നുമില്ല.

ആ വീടെത്തി. വാതിലിൽ മുട്ടി. നേരത്തെ കണ്ട സ്ത്രീ എത്തി നോക്കി. ഭാഷ ഏതാണ് എന്നറിയില്ല. അല്ലെങ്കിലും അറിഞ്ഞിട്ട് കാര്യമില്ലല്ലോ. കയ്യിലുള്ള സഞ്ചി വാതിൽക്കൽ വെച്ചു തിരിഞ്ഞു നടന്നു. മനസ്സിലേക്ക് പിതാവിന്റെ വാക്കുകൾ ഓടിക്കയറി.

'നമ്മുടെ കഷ്ടപ്പാടുകളിലും ചുറ്റുമുള്ളവരിലേക്ക് നോക്കുമ്പോഴാണ് നമ്മൾ മനുഷ്യരാവുന്നത്. നമ്മെ മനുഷ്യരാക്കാൻ പാകത്തിന് പലതും ദൈവം അവിടെ കരുതി വെച്ചിട്ടുണ്ടാവും.'

എത്ര ശരിയാണ്..! അല്ലെങ്കിലും അകലം പാലിക്കാൻ പറഞ്ഞത് ശരീരങ്ങളോടാണല്ലോ. മനസ്സുകളെ കൂടുതൽ ചേർത്തു പിടിക്കേണ്ട സമയമാണ്..!