Thursday, November 30, 2017

ഒരു മുസ്ലിമിനും തീവ്രവാദിയാവുക സാധ്യമല്ല..!

ലോകത്തിന് മുഴുവൻ കാരുണ്യമായിക്കൊണ്ടാണ് മുഹമ്മദ് നബി (സ) യെ പടച്ച തമ്പുരാൻ ഭൂമിയിലേക്ക് അയച്ചത് എന്നാണ് വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നത്. കാരുണ്യത്തിന്റെ ആ തിരുദൂതനെ അനുധാവനം ചെയ്യുന്ന ഒരു മുസ്ലിമിനും തീവ്രവാദിയാവുക സാധ്യമല്ല.

വിഷം പുരട്ടിയ തന്റെ നാവു കൊണ്ട് പ്രവാചകനെ (സ) നിരന്തരം ഉപദ്രവിച്ച, തന്റെ വാക്ചാതുര്യം മുഴുവൻ പ്രവാചകനെ അപമാനിക്കാൻ വേണ്ടി ചിലവഴിച്ച സുഹൈൽബ്നു അംറിനെ യുദ്ധതടവുകരനായി കിട്ടിയപ്പോ  'പ്രവാചകരേ, സുഹൈലിനെ എനിക്ക് വിട്ടുതരൂ... ഞാനവന്റെ പല്ല് തച്ച്കൊഴിക്കട്ടെ. നാവ് പിഴുതെറിയട്ടെ. എന്നാല്‍ അയാള്‍ പിന്നെ അങ്ങേക്കെതിരെ പ്രസംഗിച്ച് നടക്കുകയില്ല.' എന്ന പ്രവാചകാനുയായിയായ ഉമർ(റ) വിന്റെ വാക്കുകളോട്  'അരുത് ഉമര്‍! ഒരിക്കലും ചെയ്യരുത്. ഞാന്‍ ഒരിക്കലും അയാളെ അംഗഭംഗപ്പെടുത്തുകയില്ല. അങ്ങനെ ചെയ്താല്‍ അല്ലാഹു എന്നെയും അതുചെയ്യും; ദൈവദൂതനാണെങ്കില്‍ പോലും.' എന്നു പറഞ്ഞ ആ കാരുണ്യത്തിന്റെ ദൂതന്റെ അനുയായികൾക്ക് ഒരിക്കലും തീവ്രവാദിയാവുക സാധ്യമല്ല.

മക്കയിൽ വെച്ചു തന്നെ പരിഹസിക്കുകയും മർദിക്കുകയും ചെയ്ത കഠിന ശത്രുക്കൾക്ക് പോലും മക്ക പിടിച്ചടക്കിയതിന് ശേഷം മാപ്പ് കൊടുത്ത ആ പ്രവാചകനെ ജീവിതത്തിൽ പകർത്തുന്ന ഒരൊറ്റ മുസ്ലിമിനും തീവ്രവാദിയാവുക സാധ്യമല്ല.

തങ്ങളെ നിരന്തരം പീഡിപ്പിക്കുകയും തങ്ങൾ നാട് വിട്ടു പോകാനും കാരണക്കാരായ ഖുറൈശികളെ നോക്കി മക്കാവിജയ സമയത്ത് ഇന്ന് 'യൗമുൽ മൽഹമ', അഥവാ യുദ്ധത്തിന്റെ ദിനമാണ്, ആദരവുകൾ കീറിയെറിയപ്പെടുന്ന ദിനം എന്നു വിളിച്ചു പറഞ്ഞ അനുയായിയെ അല്ല ഇന്ന് യൗമുൽ മർഹമ അഥവാ കാരുണ്യത്തിന്റെ ദിനമാണ് എന്നു പ്രഖ്യാപിച്ച ആ മഹാപ്രവാചകന്റെ (സ) അനന്തരാവകാശികൾക്ക് തീവ്രവാദിയാവുക സാധ്യമല്ല.

'ഞാൻ റസൂലുല്ലാഹി (സ) ക്ക് പത്തുവർഷം സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ തിരുദൂതർ ഛെ എന്ന വാക്കുപോലും പറഞ്ഞിട്ടില്ല. നീ എന്തിന് ഇതു ചെയ്തു, എന്തുകൊണ്ട് അതു ചെയ്തില്ല എന്നു ചോദിച്ചു കുറ്റപ്പെടുത്തിയിട്ടുമില്ല' എന്ന സേവകന്റെ സാക്ഷ്യം ആ വ്യക്തിത്വം എത്ര കരുണ നിറഞ്ഞവനായിരുന്നു എന്നു നമുക്ക് കാട്ടിത്തരുന്നതാണ്. ആ പ്രവാചകനെ ജീവിത മാതൃകയായി സ്വീകരിക്കുന്ന ഒരൊറ്റ മനുഷ്യനും തീവ്രവാദിയാവുക സാധ്യമല്ല.

സഹജീവികളോട് കരുണ കാണിക്കണമെന്നും അവയെ അകാരണമായി ഉപദ്രവിക്കരുത് എന്നും പഠിപ്പിച്ച ആ പ്രവാചകന്റെ അധ്യാപനങ്ങൾ ഉൾക്കൊണ്ട് കൊണ്ട് ജീവിക്കുന്ന ആർക്കും തീവ്രവാദിയാവുക സാധ്യമല്ല.

വിശ്വാസത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ തലം ക്ഷമയും സഹിഷ്ണുതയും ആണ് എന്നും അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് ഗുണങ്ങള്‍ ദയയും സഹിഷ്ണുതയുമാണ് എന്നും സമൂഹത്തെ ഉൽബോധിപ്പിച്ച ആ മഹാനുഭാവന്റെ പിന്തുടച്ചക്കാർക്ക് തീവ്രവാദിയാവുക ഒരിക്കലും ഒരിക്കലും സാധ്യമല്ല.

ഇനിയും നിങ്ങൾക്ക് ആ പ്രവാചകനെ അനുധാവനം ചെയ്യുന്നവരിൽ തീവ്രവാദം ആരോപിക്കണം എന്നുണ്ടെങ്കിൽ അവരുടെ ഹൃദയങ്ങളിൽ നിന്ന് ആ പ്രവാചകനെ അറുത്തു മാറ്റുക. അതല്ലാതെ തരമില്ല...!

"നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക." (വിശുദ്ധ ഖുർആൻ 7:199)

Saturday, November 18, 2017

പ്രണയം

വാരാന്ത്യത്തിന്റെ ആലസ്യത്തിൽ ഉമ്മറത്തെ ചാരുകസേരയിൽ ചാഞ്ഞിരുന്ന് പുറം കാഴ്ചകളിലേക്ക് കണ്ണോടിക്കുകയായിരുന്നു അയാൾ. വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ മാത്രമാണ് തന്റെ കുട്ടിക്കാലവും കൗമാരവും ചിലവഴിച്ച നാടും നാട്ടിൻ പുറവും കാണാൻ കുറച്ചു കാലമായി അയാൾക്ക് സാധിക്കുന്നത്. തിരക്കേറിയ 'കോർപറേറ്റ് ജീവിതം' അവസാനിപ്പിക്കണം എന്ന് പലവട്ടം ചിന്തിച്ചതാണ്. പക്ഷെ ആ ചിന്തക്ക് ഇന്നു വരെ ഒരു പ്രതീക്ഷയും ഉണ്ടായിട്ടില്ല.

അകലെയാണെങ്കിലും താൻ പഠിച്ച സ്കൂൾ വീട്ടിലിരുന്നു കൊണ്ട് തന്നെ കാണാം. വീടിനു മുന്നിലെ വയൽ കടന്നു വേണം സ്കൂളിലെത്താൻ. നീണ്ട പത്തു വർഷം നിത്യേന താൻ നടന്ന വഴികൾ. ആ വയലുകളിൽ നിറയെ കൃഷികളുണ്ടായിരുന്നു അന്നൊക്കെ. ആ പാടവരമ്പത്ത് കൂടി ഒന്പതു വർഷം നടന്നപ്പോഴും ഉണ്ടായിട്ടില്ലാത്ത ഉല്ലാസമായിരുന്നു കൃത്യം എസ് എസ് എൽ സി കാലത്തു തന്നെ വന്നു ചേർന്നത്. അന്നായിരുന്നു തന്റെ ആദ്യ പ്രണയം മൊട്ടിട്ടത്. ഓരോ വർഷവും പുതിയ കുട്ടികൾ ക്ലാസ്സിലേക്ക് വരുമ്പോൾ പുതിയ കൂട്ടുകാരന്മാരെയായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിൽ ഇത്തവണ അവന്റെ കണ്ണുകൾ ഉടക്കിയത് അവളിലായിരുന്നു. കൂട്ടുകാരാൽ കേട്ടറിഞ്ഞ പ്രണയാനുഭൂതി അവന്റെ സിരകളിലേക്ക് പതുക്കെ ഇരച്ചു കയറുകയായിരുന്നു. ക്ലാസ്സ്‌ സമയത്ത് സയൻസിനും ചരിത്രത്തിനും ജ്യോഗ്രഫിക്കും ഒക്കെ മനസ്സിലുണ്ടായിരുന്ന സ്ഥാനം പതിയെ പ്രണയത്തിലേക്ക് വഴി മാറി.

ഒന്ന് പറയണം അവളോട്‌, മനസ്സിലുള്ളത് മുഴുവൻ! പക്ഷെ സാധിക്കുന്നില്ല. കാൽക്കൊല്ല പരീക്ഷയും അരക്കൊല്ല പരീക്ഷയും കഴിഞ്ഞു, നടന്നില്ല. രണ്ടും കൽപിച്ചാണ് അന്ന് പതിവിലും നേരത്തെ അവൻ സ്കൂളിലെത്തിയത്. അവളുടെ ഡെസ്ക്കിൽ സ്റ്റിക്ക് പേന കൊണ്ട് കട്ടിയിൽ നിന്നെ എനിക്കിഷ്ടമാണെന്ന് എഴുതണം. അതായിരുന്നു ലക്‌ഷ്യം, അല്ലാതെ ആ മുഖത്ത് നോക്കി തന്റെ ഇഷ്ടം പറയാനുള്ള ത്രാണി അവനില്ലായിരുന്നു. എഴുതിതുടങ്ങുന്നതിനു മുൻപ് തന്നെ അവളുടെ കൂട്ടുകാരി കയ്യോടെ പിടികൂടിയതിനാൽ ആ ശ്രമം നടന്നില്ല. എങ്കിലും തന്റെ പ്രണയം അറിയുന്ന ഒരു കൂട്ടുകാരി അവൾക്കുണ്ടല്ലോ എന്നൊരാശ്വാസം ഉണ്ടായി. അവളെ ഹംസമാക്കാനുള്ള ശ്രമം എസ് എസ് എൽ എസി പരീക്ഷ വരെ വിജയിച്ചും ഇല്ല. സെന്റ്‌ ഓഫ്‌ ദിവസം അവൾ തനിക്ക് നൽകിയ പുഞ്ചിരിയും പരീക്ഷക്ക് പ്രതീക്ഷിച്ചതിൽ എത്രയോ കുറഞ്ഞ മാർക്കും മാത്രമായിരുന്നു ആ പ്രണയം അവനു സമ്മാനിച്ചത്!

വർഷങ്ങൾ പിന്നെയും കടന്നു പോയി, പ്രീ ഡിഗ്രിയും. ആദ്യ പ്രണയം നൽകിയ നിരാശയോ താൻ പ്രണയിക്കാൻ കൊള്ളുന്നവനല്ല എന്ന തോന്നലോ കൊണ്ടോ പ്രണയം എന്ന വികാരം അവന്റെ മനസ്സിലേക്ക് ചെന്നെത്തിയതേ ഇല്ല, ഡിഗ്രിക്ക് രണ്ടാം വർഷം ആകുന്നത് വരെ. സുഹൃത്തുക്കളുടെ ചെറിയ ചില തമാശാ റാഗിംഗ് പരിപാടിക്ക് കൂട്ട് പോകുന്നതിനിടെ ആണ് അവളെ ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയിൽ പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെങ്കിലും അവളുടെ കണ്ണുകളിലെ ഭയം അവനിൽ കുറച്ച് അലോസരമുണ്ടാക്കി. റാഗിംഗ് മനസ്സു കൊണ്ട് അത്ര ഇഷ്ടമുള്ള പരിപാടിയായിരുന്നില്ല അവനു. കൂട്ടുകാരോട് അത് പറഞ്ഞാൽ ഏശില്ല. കളിയാക്കാൻ വരും. എന്നാലും ഈ 'കലാപരിപാടിയിൽ' നിന്ന് അവളെ രക്ഷിക്കണം എന്നവനു തോന്നി. സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാരനായ അവന്റെ മനസ്സിൽ അത്തരമൊരു ചിന്ത ഉണ്ടാവുക സ്വാഭാവികമാണ് താനും. അടുത്ത ദിവസം തന്നെ കൂട്ടുകാർ അവളുടെ അടുത്തെത്തുന്നതിനു മുൻപ് തന്നെ അവൻ അവളോട്‌ സംസാരിക്കാൻ തുടങ്ങി. തെല്ലു ഭയത്തോടെയാണ് തുടങ്ങിയതെങ്കിലും പതുക്കെ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വരാൻ തുടങ്ങിയിരുന്നു.

റാഗിംഗിൽ നിന്ന് രക്ഷപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു എങ്കിലും പിന്നീട് ആ സൗഹൃദം ഒരുപാട് വളർന്നു. മിക്ക ഇടവേളകളിലും അവർ സംസാരിച്ചു കൊണ്ടിരുന്നു. അവർ തമ്മിൽ പ്രേമത്തിലാണെന്ന് കാംപസ് മുഴുവൻ ഒരു സംസാരമുണ്ടയതിനാൽ അവനില്ലാത്തപ്പോഴും അവളെ ശല്യം ചെയ്യാൻ ആരും വന്നിരുന്നില്ല. ഒരിക്കൽ സംസാരിച്ചു കൊണ്ടിരിക്കേ അവനത് അവളോട്‌ പറയുകയും ചെയ്തു. എങ്കിലും സാരമില്ല ശല്യം ചെയ്യാൻ ആരും ഇങ്ങോട്ട് വരില്ലല്ലോ എന്നായിരുന്നു അവളുടെ മറുപടി.

ഇടവേളകളിൽ കണ്ടുമുട്ടുമ്പോൾ മാത്രമായിരുന്നു അവൻ അവളോട്‌ സംസാരിച്ചിരുന്നത്. പിന്നീടെപ്പോഴോ ആ ഇടവേളകൾക്ക് വേണ്ടി കാത്തിരിക്കുന്നത് പോലെ തോന്നിത്തുടങ്ങി അവന്. കോളേജിൽ വരാതെ അവൾ എടുക്കുന്ന ഇടവേളകൾ അവന്റെ മനസ്സിനെ അലോസരപ്പെടുത്തി. എന്താണ് സംഭവിക്കുന്നത് എന്ന് വൈകിയാണെങ്കിലും അവൻ മനസ്സിലാക്കി. വീണ്ടും പ്രണയം.! പക്ഷെ ഇത് ആ പത്താം ക്ലാസ്സുകാരന്റെ വെറും വിഭ്രാന്തിയായി അവന് തോന്നിയില്ല. അല്ലെങ്കിൽ അങ്ങനെയാവാൻ അവന്റെ മനസ്സ് ഒരുക്കമായിരുന്നില്ല.

പറയാതെ പോയ ഒരു പ്രണയം കൂടി ഇനി ഉണ്ടാകരുത് എന്ന നിശ്ചയമായിരിക്കണം മനസ്സിലുള്ളത് തുറന്നു പറയാൻ അവന് ധൈര്യം നൽകിയത്. പക്ഷെ അത് വാക്കുകളായി പുറത്തുവരാൻ കോളേജിലെ അവസാന പിരീഡ് കഴിയും വരെ കാത്തിരിക്കേണ്ടി വന്നു. ബസ് സ്റ്റോപ്പിലേക്ക് നടക്കവേ ഒരു ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. രണ്ടും കല്പിച്ചു അവനത് അവളോട് പറഞ്ഞു. അവളുടെ നടത്തത്തിന്റെ വേഗത കുറഞ്ഞു. ചാറ്റൽ മഴയുടെ ശൗര്യം കൂടിയും വന്നു. അവൾ നിവർത്തിയ കുടയിൽ രണ്ടു പേരും മൗനികളായി നിന്നു. ഒരു കുട കൊണ്ട് തടയാൻ പറ്റാത്ത മഴ അവരെ രണ്ടു പേരെയും നനച്ചിരുന്നു. പക്ഷെ മനസ്സിൽ പെയ്യുന്ന മഴയുടെ ഇരമ്പൽ മാത്രമേ അവനെ അലട്ടിയുള്ളൂ. ബസ് വന്നു. കയറാൻ നേരം അവൾ സമ്മാനിച്ച പുഞ്ചിരിയിൽ അവന്റെ ആദ്യ പ്രണയത്തിന്റെ വിജയമുണ്ടായിരുന്നു.

കാമ്പസ് പ്രണയം. അവസാന വർഷം വരെ അതും നീണ്ടു നിന്നില്ല. പതിവുപോലെ കാമുകീ പിതാവ് തന്നെയായിരുന്നു വില്ലൻ. അച്ഛന്റെ വിരട്ടലിൽ പക്ഷെ തകർന്നു പോയത് അവൻ മാത്രമായിരുന്നു. അതിന്റെ ആധിക്യം പക്ഷെ ആദ്യ പ്രണയ നഷ്ടത്തെക്കാൾ കഠിനവും. ഭ്രാന്തു പിടിച്ചു നടന്ന ദിനങ്ങൾ. ചുറ്റുമുള്ളതൊന്നും കാണാതെ കലങ്ങിയ മനസ്സിന്റെ ചിന്തകൾക്കൊപ്പം ശരീരത്തെ ചലിപ്പിച്ച ദിവസങ്ങൾ. അതിൽ നിന്ന് മുക്തനാവാൻ വർഷങ്ങൾ തന്നെ വേണ്ടി വന്നു.

'ചായ'...ചിന്തകളെ കീറി മുറിച്ചു കൊണ്ടു അവന്റെ നേരേക്ക് ഒരു ഗ്ലാസ് വന്നു. അതിന്റെ ഞെട്ടലിൽ ഒന്നു തിരിഞ്ഞു നോക്കി. ഭാര്യയാണ്. കാലത്തു തന്നെ എന്ത് ദിവാസ്വപ്നമാണ് കാണുന്നത് എന്ന ചോദ്യം ആ മുഖത്തുള്ളത് പോലെ തോന്നി അയാൾക്ക്. അവൾ തിരിഞ്ഞു നടന്നു. അയാൾ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. തന്റെ ജീവിതത്തിന് അർത്ഥം കാണിച്ചു തന്നവളാണ്. തന്റെ കുഞ്ഞുങ്ങളുടെ അമ്മ. തനിക്ക് വേണ്ടി മാത്രം ജീവിക്കുന്നവൾ. ജോലിഭാരവും ജീവിത പ്രാരാബ്ധങ്ങൾക്കും ഇടയിൽ തനിക്ക് താങ്ങാവുന്നവൾ. നഷ്ട പ്രണയങ്ങൾ ഒരിക്കലും സമ്മാനിക്കാത്ത അനുഭൂതി, അത് വിവാഹത്തിന് ശേഷമാണ് അയാൾ തിരിച്ചറിഞ്ഞത്. ഒരു പക്ഷെ തന്റെ യദാർത്ഥ പ്രണയം തന്നെ അവളാണ്. ബാക്കിയെല്ലാം മിഥ്യയായിരുന്നില്ലേ...?

Monday, November 13, 2017

യുദ്ധങ്ങൾ കൊണ്ട് ലോകത്തെ ഇസ്ലാമികവൽക്കരിക്കണം എന്നോ...?


ഇസ്‌ലാമിക വിമർശകർ കഴിഞ്ഞ കുറെ കാലമായി ആശയദാരിദ്ര്യം മൂലം പൊറുതി മുട്ടി കഴിയുകയാണ്. കള്ളകഥകൾ പടച്ചും ഇസ്ലാമിക പ്രമാണങ്ങൾ സന്ദർഭത്തിൽ നിന്നടർത്തി മാറ്റി പ്രചരിപ്പിച്ചും ഇസ്ലാമിനെ 'തീവ്രവാദവൽക്കരിക്കാൻ' ശ്രമിച്ചിട്ടും സത്യമതത്തെ അതിജയിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. ആ നിരാശയിൽ നിന്നാകണം ലോകത്തെ വ്യത്യസ്ഥങ്ങളായ ഇസ്ലാമിക ചിന്താധാരകളിൽ പെട്ട മുഴുവൻ പണ്ഡിതരും ഒരുപോലെ വിമർശിച്ചു ഒറ്റപ്പെടുത്തിയ 'ഐഎസിന്റെ' വക്താക്കളായി ചമഞ്ഞു അറബി വാക്കുകൾ ഉച്ചാരണ ശുദ്ധിയോടെ അവതരിപ്പിക്കാൻ കഴിയുന്നവരെ വെച്ചു ഓഡിയോ ക്ലിപ്പുകൾ പടച്ചുണ്ടാക്കി സമൂഹത്തിൽ പ്രചരിപ്പിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. അത്തരമൊരു ക്ലിപ്പിലെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയുക എന്നതാണ് ഈ എഴുത്തിന്റെ ലക്ഷ്യം. നേരോടെ ചിന്തിക്കുന്ന ആർക്കും ആ ക്ലിപ്പിന്റെ സത്യസന്ധത ബോധ്യപ്പെടുമെങ്കിലും സമൂഹത്തിൽ ആഴത്തിൽ വേരുറച്ചു പോയ ചില 'പൊതുബോധങ്ങൾ' നിമിത്തം അങ്കലാപ്പിൽ ആയവർക്ക് വേണ്ടി പ്രസ്തുത വിഷയത്തിലെ നെല്ലും പതിരും വേർതിരിക്കാൻ ഒരു ശ്രമം.

വിശുദ്ധ ഖുർആനിലെ രണ്ടാം അധ്യായമായ സൂറത്തുൽ ബഖറയുടെ 193ആം വചനം ഉദ്ധരിച്ചു കൊണ്ട് മുസ്ലിങ്ങൾ ലോകം മുഴുവൻ ഇസ്‌ലാമികവൽക്കരിക്കുന്നത് വരെ യുദ്ധം ചെയ്യേണ്ടവർ ആണെന്നും അമുസ്ലിങ്ങളെ നിഷ്കാസനം ചെയ്യേണ്ടവരാണ് എന്നും സമർത്ഥിക്കാൻ ശ്രമിക്കുകയാണ് പ്രസ്തുത ക്ലിപ്പിൽ ചെയ്യുന്നത്. ആ വചനം ഇങ്ങനെയാണ്;

"മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്‌) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല." (വിശുദ്ധ ഖുർആൻ 2:193)

114 അധ്യായങ്ങളിലായി ആറായിരത്തിലധികം വരുന്ന വിശുദ്ധ ഖുർആനിലെ വചനങ്ങൾ ദൈവികമാണ് എന്ന് വിശ്വസിക്കുന്നവരാണ് മുസ്ലിങ്ങൾ. ആ ഖുർആനിനെ ജീവിതത്തിൽ പകർത്തിയ പ്രവാചകൻ (സ) ആണ് അവർക്ക് മാതൃകയും. അതിലെ എല്ലാ വചനങ്ങളും പ്രവാചകന്റെ (സ) പ്രബോധിത സമൂഹമായ സ്വഹാബികൾ (പ്രവാചക കാലത്തെ അനുയായികൾ) എങ്ങനെ മനസ്സിലാക്കിയോ അങ്ങനെ മനസ്സിലാക്കുന്നവരും കൂടിയാണ് മുസ്ലിങ്ങൾ. അതുകൊണ്ട് തന്നെ പ്രവാചകനെയും പ്രവാചക വചനങ്ങൾ ജനങ്ങൾക്ക് പറഞ്ഞു കൊടുത്ത സ്വഹാബികളെയും ഉദ്ധരിച്ചു കൊണ്ട് പണ്ഡിതന്മാർ വിശുദ്ധ ഖുർആനിന്റെ വചനങ്ങളെ വിശദീകരിച്ചിട്ടുമുണ്ട്. പ്രവാചകനോ അനുയായികൾക്കോ പണ്ഡിതർക്കോ മുസ്ലിങ്ങൾക്കോ പരിചയമില്ലാത്ത വ്യത്യസ്ഥ വാഖ്യാനങ്ങൾ ഖുർആനിക വചനങ്ങൾക്ക് കൽപിക്കുകയും അവ പ്രചരിപ്പിക്കുക എന്നതും ഇസ്ലാമിക വിമർശകർ എക്കാലത്തും സ്വീകരിച്ചു പോന്ന രീതിശാസ്ത്രമാണ്. ഇവിടെയും സംഭവിച്ചത് മറിച്ചല്ല.

മുകളിലെ വചനത്തിൽ മാത്രമല്ല വിശുദ്ധ ഖുർആനിലെ എട്ടാം അധ്യായമായ സൂറത്തുൽ അൻഫാലിലെ 39ആം വചനവും ഇതേ ആശയം തന്നെയാണ് പറഞ്ഞട്ടുള്ളത്. ഒറിയെന്റലിസ്റ്റുകളെ കോപ്പി അടിക്കുന്ന തിരക്കിൽ 'ഐഎസ് വക്താവ്' അറിയാതെ വിട്ടു പോയതാവും പ്രസ്തുത വചനം. അതിങ്ങനെയാണ്;

"കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌." (വിശുദ്ധ ഖുർആൻ 8:39)

ഈ രണ്ടു വചനങ്ങളിലും പൊതുവായി വന്ന ആശയമാണ് ഫിത്ന ഇല്ലാതെയാവുന്നത് വരെ യുദ്ധം ചെയ്യുക എന്നത്. ഫിത്ന എന്ന പദത്തിന് പരീക്ഷണം, മർദനം, കുഴപ്പം എന്നൊക്കെയാണ് അർത്ഥം. മതത്തിന്റെ പേരിൽ നില നിന്നിരുന്ന മർദനത്തെ സൂചിപ്പിക്കാൻ ആണ് പ്രസ്തുത വചനം ഉപയോഗിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ ഇസ്ലാമിലേക്ക് വരികയും പ്രവാചകനെയും അനുയായികളെയും സച്ചരിതരായ നാലു ഖലീഫമാരെയും കാണുകയും അവർ നടത്തിയ യുദ്ധങ്ങൾക്ക് സാക്ഷിയാവുകയും ചെയ്ത, ഇസ്ലാമിലെ രണ്ടാം ഖലീഫയായ ഉമറിന്റെ(റ) പുത്രനുമായ അബ്ദുല്ലാഹിബ്നു ഉമറിന്റെ(റ) സാക്ഷ്യം പ്രസ്തുത വിഷയത്തിൽ ഇസ്ലാമിന്റെ വീക്ഷണം എന്താണ് എന്ന് സുതരാം വ്യക്തമാക്കുന്നതാണ്.

"നാഫിഇൽ നിന്ന്: ഇബ്നു സുബൈറിന്റെ പീഡനങ്ങള് നിലനിന്നിരുന്ന കാലത്ത് രണ്ട് പേര് അബ്ദുല്ലാഹി ബ്നു ഉമറിന്റേെ അടുത്ത് ചെന്ന് ചോദിച്ചു: "ജനങ്ങള് ഇല്ലാതെയാവുന്നു. താങ്കള് ഉമറിന്റെ പുത്രനും പ്രവാചകാനുരചനുമായിരുന്നിട്ടും യുദ്ധരംഗത്തേക്ക് ഒരുങ്ങിപ്പുറപ്പെടുന്നതില് നിന്ന് താങ്കളെ തടയുന്നതെന്താണ്?'' അദ്ദേഹം പറഞ്ഞു: എന്റെ സഹോദരന്റെ രക്തം ചിന്തുന്നത് അല്ലാഹു വിലക്കിയിട്ടുണ്ടെന്നതാണ് എന്നെ തടയുന്നത്'. അവര് ചോദിച്ചു: ഫിത്ന ഇല്ലാതാകുന്നത് വരെ യുദ്ധം ചെയ്യണമെന്ന് അല്ലാഹു കല്പിച്ചിട്ടില്ലേ?' അദ്ദേഹം പറഞ്ഞു: 'ഫിത്ന ഇല്ലാതാകുന്നത് വരെയും, അല്ലാഹുവിന് വേണ്ടി മാത്രമാകുന്നത് വരെയും ഞങ്ങള് യുദ്ധം ചെയ്തിട്ടുണ്ട്. എന്നാല് നിങ്ങള്ക്കാവശ്യം ഫിത്ന ഉണ്ടാക്കുന്നതിനും ആരാധന അല്ലാഹു അല്ലാത്തവര്ക്ക് വേണ്ടിയാവുന്നതിനും വേണ്ടിയുള്ള യുദ്ധമാണ്.'' (ബുഖാരി)

നാഫിഇൽ നിന്നു തന്നെയുള്ള മറ്റൊരു റിപ്പോർട്ടിൽ ഈ വചനത്തെ പറ്റി ഇബ്നു ഉമർ (റ) ഇങ്ങനെ പറയുന്നു;

".....ഞങ്ങൾ അത് ചെയ്തിരുന്നു. അല്ലാഹുവിന്റെ ദൂതന്റെ കാലത്ത് ഇസ്ലാമിന് ഏതാനും അനുയായികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മതത്തിന്റെ പേരിൽ ആളുകൾ മർദിക്കപ്പെട്ടിരുന്നു. ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ മുസ്ലിങ്ങൾ വര്ധിച്ചപ്പിൽ പീഡനങ്ങളും മർദനങ്ങളും ഇല്ലാതെയായി" (ബുഖാരി)

ഇതിൽ നിന്നെല്ലാം മതത്തിന്റെ പേരിലുള്ള പീഡനങ്ങളും മർദനങ്ങളും ഇല്ലാതെയാവുകയും അല്ലാഹുവിനെ മാത്രം ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവുകയുണ് ചെയ്യുക എന്നതാണ് ഫിത്ന ഇല്ലാതെയാവുകയും ദീൻ മുഴുവൻ അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുക എന്നതിന്റെ വിവക്ഷ എന്ന് വ്യക്തമാണല്ലോ. പ്രവാചകനുചരന്മാരും പണ്ഡിതരും മുസ്ലിങ്ങളും അതിനെ അങ്ങനെ തന്നെയാണ് മനസ്സിലാക്കിയതും. അത്കൊണ്ടാണ് പ്രസ്തുത വചനം ഉദ്ധരിച്ചു കൊണ്ട് ലോകത്ത് ജനങ്ങളെ നർബന്ധിച്ചു മുസ്ലിങ്ങളാക്കാൻ ഒരുമ്പെട്ട ഒരൊറ്റ ചരിത്രം പോലും ഉദ്ധരിക്കാൻ ഇസ്‌ലാമിക വിമർശകർക്ക് കഴിയാതെ പോകുന്നത്.

മുസ്ലിം ആവുക എന്നാൽ സ്വന്തം ഇച്ഛകളെ പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവിൽ സമർപ്പിച്ചു ജീവിക്കുക എന്നതായിരിക്കേ നിർബന്ധമായി ഒരാളെ മുസ്ലിമാക്കുക എന്നത് ഒരിക്കലും സാധിക്കാത്ത കാര്യമാണ് എന്ന് യുക്തിപൂർവം ചിന്തിക്കുന്ന ആർക്കും ബോധ്യപ്പെടുന്ന കാര്യമാണല്ലോ. വിശുദ്ധ ഖുർആൻ പറയുന്നു;

"മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു." (വിശുദ്ധ ഖുർആൻ 2:256)

"നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ മനുഷ്യരെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. (എന്നാല്‍) അവര്‍ ഭിന്നിച്ചുകൊണേ്ടയിരിക്കുന്നതാണ്‌. " (വിശുദ്ധ ഖുർആൻ 11:118)

ഈ ലോകം പരീക്ഷണമാണ് എന്നും അവിടെ നന്മ തിന്മകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട് എന്നും കല്പിക്കുന്ന ഇസ്ലാമിൽ അത്തരം തിരഞ്ഞെടുപ്പുകളിൽ ബലാൽക്കാരമോ സമ്മർദ്ധമോ ഉണ്ടാവുകയില്ല എന്നതും കൃത്യമാണല്ലോ. പ്രവാചകനു പോലും അതിനധികാരമില്ല എന്നും പ്രവാചകൻ വിചാരിച്ചാൽ പോലും അതു നടക്കുകയില്ല എന്നും ഖുർആൻ വ്യക്തമാക്കുന്നുണ്ട്;

"ഇനി അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ (നബിയേ,) നിന്നെ നാം അവരുടെ മേല്‍ കാവല്‍ക്കാരനായി അയച്ചിട്ടില്ല. നിന്‍റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളു." (വിശുദ്ധ ഖുർആൻ 42:48)

"പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ." (വിശുദ്ധ ഖുർആൻ 18:29)

"അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല." (വിശുദ്ധ ഖുർആൻ 88:21-22)

"അവര്‍ പറഞ്ഞ് കൊണ്ടിരിക്കുന്നതിനെ പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. നീ അവരുടെ മേല്‍ സ്വേച്ഛാധികാരം ചെലുത്തേണ്ടവനല്ല. അതിനാല്‍ എന്‍റെ താക്കീത് ഭയപ്പെടുന്നവരെ ഖുര്‍ആന്‍ മുഖേന നീ ഉല്‍ബോധിപ്പിക്കുക." (വിശുദ്ധ ഖുർആൻ 50:45)

"തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു." (വിശുദ്ധ ഖുർആൻ 28:56)

മുകളിൽ സൂചിപ്പിച്ച മുഴുവൻ ഖുർആൻ വചനങ്ങളും ഹദീസുകളും പ്രസ്തുത ക്ലിപ്പിലെ ഉള്ളടക്കം ശുദ്ധ അസംബന്ധമാണ് എന്നാണ് നമുക്ക് പറഞ്ഞു തരുന്നത്. ഒറിയെന്റലിസ്റ്റുകൾ ചർദ്ധിച്ചത് അപ്പാടെ വിഴുങ്ങുകയും പരിഹാസ്യമായ രൂപത്തിൽ അതിനെ അവതരിപ്പിക്കുയും ചെയ്യുന്ന അഭിനവ ഇസ്ലാമിക വിമർശകരിൽ നിന്ന് മാന്യമായ വിമർശനങ്ങൾ പ്രതീക്ഷിക്കുന്നത് മൗഢ്യമാണ് എന്നറിയാം. എങ്കിലും സത്യസന്ധമായി വിഷയങ്ങളെ പഠിക്കാൻ അവർ തുനിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ്..!

"സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു. എന്നും നീ പറയുക." (വിശുദ്ധ ഖുർആൻ 17:81)

Wednesday, November 1, 2017

കുഞ്ഞാലി മരക്കാർ

കോഴിക്കോട് സാമൂതിരി രാജാവിന്റെ നാവികപ്പടത്തലവനായ കുഞ്ഞാലി മരക്കാരെ കുറിച്ച്‌ മമ്മൂട്ടിയുടെ പുതിയ ബിഗ് ബഡ്‌ജറ്റ്‌ ചിത്രം വരുന്നെന്നു പത്രത്തിൽ വായിച്ചു. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുമോ അതോ വെള്ള പൂശുമോ എന്നൊന്നും അറിയില്ല. എങ്കിലും ചരിത്ര പുരുഷനായ ആ പോരാളിയെ കുറിച്ച് ഹൃസ്വമായി ഒന്നു വിവരിക്കുകയാണ്.

1498 മെയ് മാസം 20 ആം തീയതി പോർച്ചുഗീസ് രാജാവ് മാനുവൽ ഒന്നാമന്റെ ആശീർവാദത്തോട് കൂടി വാസ്കോഡിഗാമ കോഴിക്കോട് കാപ്പാട് കപ്പലിറങ്ങിയത് മുതലാണ് ഇന്ത്യൻ സാമ്രാജ്യത്വ അധിനിവേശത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അധിനിവേശത്തിനെതിരെയുള്ള ഇന്ത്യൻ ജനതയുടെ ചെറുത്തു നില്പും തുടങ്ങുന്നത് അന്ന് തന്നെയാണ്. അന്ന് കോഴിക്കോട് ഭരിച്ചിരുന്നത് സാമൂതിരി രാജാവായിരുന്നു. പറങ്കികൾ ജനങ്ങളുടെ സ്വത്തും പണവും അപഹരിച്ചു കൊണ്ട് പോയിട്ടും കാര്യമായ ചെറുത്തു നിൽപ് നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അവരുടെ ശല്യം സഹിക്ക വയ്യാതെ ആയപ്പോഴാണ് വ്യാപാരിയായ മുഹമ്മദ് മരക്കാർ നാട്ടുകാരുമായി ചേർന്നു സാമൂതിരി രാജാവിനെ കാണുന്നത്. പോർച്ചുഗീസുകർക്കെതിരെ ഏതു തരത്തിലുള്ള ചെറുത്തു നിൽപ്പിനും തയ്യാറാണ് എന്നു അദ്ദേഹം സാമൂതിരിയെ അറിയിച്ചു. നാവിക യുദ്ധത്തിൽ അഗ്രഗണ്യനായിരുന്ന അദ്ദേഹത്തെ സാമൂതിരി നാവികസേനാ തലവനാക്കി. അങ്ങനെയാണ് ആദ്യ 'കുഞ്ഞാലി മരക്കാർ' ജനിക്കുന്നത്.

നാവിക യുദ്ധതന്ത്രങ്ങൾ മാത്രമല്ല, ഗറില്ലാ യുദ്ധമുറകളും കുഞ്ഞാലി മരക്കാർ ഒന്നാമൻ സ്വന്തം അനുയായികളെ പഠിപ്പിച്ചു. അദ്ദേഹവും അന്ന് കോഴിക്കോട്ടെ പ്രമുഖ വ്യാപാരി സമൂഹമായിരുന്ന മുസ്ലിം സമുദായവും സ്വന്തം സ്വത്തും സമ്പത്തും പറങ്കികൾക്കെതിരായുള്ള യുദ്ധത്തിന് വേണ്ടി സമർപ്പിച്ചു. സ്വന്തമായി അവർ നിർമിച്ചെടുത്ത കപ്പലുകളും അതുപയോഗിച്ചു യുദ്ധം ചെയ്യാൻ പരിശീലനം ലഭിച്ച മരയ്ക്കാന്മാരെയും നാട് സംരക്ഷിക്കാനായി മുസ്ലിംകൾ സാമൂതിരിക്ക് വിട്ടു കൊടുത്തു. നാടിനെ കൊള്ളയടിക്കാനും നശിപ്പിക്കാനും വന്ന പോർച്ചുഗീസുകാരെ ധീരമായി തന്നെ അവർ നേരിട്ടു.

വാസ്‌കോഡിഗാമക്ക് ശേഷം 1500 ൽ വന്ന പട്രോ അൽവാറസ് കബ്രാൾ മുസ്ലിംകളുടെ പത്തു കപ്പലുകളും അതിലെ ചരക്കുകളും അറുനൂറോളം നാവികരെയും കത്തിച്ചു കൊണ്ടാണ് അവരെ എതിരിട്ടത്. 1502 ൽ വീണ്ടും വന്ന ഗാമ കോഴിക്കോട് നിന്നും മക്കയിലേക്ക് ഹജ്ജിന് പോകുന്ന കപ്പൽ പിടിച്ചെടുക്കുകയും മാടായി കടലിൽ വെച്ച് 50 സ്ത്രീകൾ അടങ്ങുന്ന 400 തീർത്ഥാടകരെ കപ്പലിനുള്ളിലടച്ചു തീ വെച്ചു കൊല്ലുകയും ചെയ്തു. എന്നിട്ടും അവർ ധീരമായി ചെറുത്തു നിന്നു. ഒന്നാം കുഞ്ഞാലി മരക്കാരായ മുഹമ്മദ് മരക്കാരും രണ്ടാമനായ കുട്ടി അലി മരക്കാരും മൂന്നാമനായ പട്ടു കുഞ്ഞാലി മരക്കാരും നാലാമനായ മുഹമ്മദാലി മരക്കാരും പോർച്ചുഗീസുകാർക്ക് ഒരുപാട് നാശനഷ്ടങ്ങൾ വരുത്തി.

ഒന്നും രണ്ടും വർഷമല്ല, നാലോളം കുഞ്ഞാലി മരക്കാർ തലമുറയുടെ ഒരു നൂറ്റാണ്ടോളം നിലനിന്ന ആ പോരാട്ടം 1600 ൽ അന്നത്തെ സാമൂതിരിയുടെ ഒത്താശയോടെ കുഞ്ഞാലിമരക്കാർ നാലാമനെ ചതിച്ചു പിടിച്ചു കൊന്നു കളയുന്നത് വരെ തുടർന്നു. അധിനിവേശത്തിനെതിരായ, സാമ്രാജ്യത്വത്തിന് എതിരായ ഉദാത്തമായ പോരാട്ട മാതൃകയാണ് യദാർത്ഥത്തിൽ കുഞ്ഞാലി മരക്കാൻമാർ. സ്വാതന്ത്ര്യ സമര നാൾവഴികളിലെ അവഗണിക്കാനാവാത്ത ചരിത്രം. ചരിത്രം വളച്ചൊടിക്കുന്ന, രാജ്യസ്നേഹത്തിന്റെ അളവുകോലുകൾ ചില സമുദായങ്ങൾക്ക് നേരെ വിഭിന്നമായി തിരിച്ചു പിടിക്കുമ്പോൾ ഒരാവർത്തി എങ്കിലും നാം ഓർക്കേണ്ടതും ഓർമിപ്പിക്കേണ്ടതുമായ ചരിത്രം!

Saturday, September 16, 2017

ചുട്ട പപ്പടവും താളിപ്പും

ചെറുപ്പത്തിൽ കഴിച്ച ചില ഭക്ഷണങ്ങളെക്കുറിച്ച് ഈയടുത്താണ് ഓർത്തത്. ഉമ്മയുണ്ടാക്കി തന്ന, ആ കാലത്ത് നാട്ടിൽ പ്രസിദ്ധമായിരുന്നു ചില്ലറ കറികളാണ് അതിൽ പലതും. വെളിച്ചെണ്ണ ക്ഷാമം ചിലപ്പോഴൊക്കെ രൂക്ഷമാവുമ്പോഴാണ് പപ്പടം കാച്ചാതെ തീക്കനലിൽ വെച്ചു ചുട്ടെടുക്കുന്നത്. ചുട്ട പപ്പടം പൊരിച്ച പപ്പടം പോലെ അത്ര രുചികരം ആയിരിക്കില്ല. കറി വെക്കാൻ ഒന്നുമില്ലെങ്കില് ആശ്രയിക്കുന്ന അനേകം വിദ്യകളുമുണ്ടായിരുന്നു ഉമ്മയുടെ കയ്യിൽ. ചോറ് വെച്ചു മിച്ചം വരുന്ന കഞ്ഞി വെള്ളം എടുത്ത് വെളിച്ചെണ്ണയും പച്ചമുളകും കടുകും ഇട്ട് തൂമിക്കും. അപ്പൊ തലേന്നത്തെ ചോറാണെങ്കിലോ? കഞ്ഞി വെള്ളം ഉണ്ടാകില്ലല്ലോ. അപ്പൊ കഞ്ഞി വെള്ളത്തിനു പകരം പച്ച വെള്ളം ഒഴിക്കും. എനിക്ക് കഞ്ഞി വെള്ളം തൂമിച്ചതിനെക്കാൾ ഇഷ്ടം പച്ച വെള്ളം തൂമിച്ചതിനോട് ആയിരുന്നു. നാടൻ ഭാഷയിൽ കഞ്ഞി വെള്ളം താളിച്ചത്, പച്ച വെള്ളം താളിച്ചത് എന്നീ പേരുകളിലാണ് പ്രസ്തുത ഡിഷുകൾ അറിയപ്പെടുന്നത്.

ഇതിന്റെ കുറച്ചു കൂടി വലിയ ഡിഷ്‌ ആണ് പച്ച വെള്ളം തൂമിച്ചതിലേക്ക് പപ്പടം പൊടിച്ചിടുക എന്നത്. വേറെയും നാട്ടുപ്രസിദ്ധമായ താളിപ്പുകൾ ഉണ്ട്. അതിലൊന്നാണ് 'കഞ്ഞിതുക' എന്ന് നാട്ടിൽ അറിയപ്പെടുന്ന കഞ്ഞി തൂവയുടെ ഇല എടുത്ത് താളിക്കുന്നത്. പച്ചക്ക് വായിൽ വെച്ചാൽ ചൊറിഞ്ഞു പണി കിട്ടുമെങ്കിലും താളിച്ചാൽ കഴിക്കാൻ നല്ല രുചിയാണ് ഈ സാധനത്തിന്. മറ്റൊന്നാണ് മത്തന്റെ ഇല എടുത്ത് താളിക്കുന്നത്. മുരിങ്ങയിലയും താളിക്കാം. ഇതിലെല്ലാം ചേരുവുകൾ പച്ചവെള്ളവും പച്ചമുളകും വെളിച്ചെണ്ണയും തന്നെ. ഇതൊന്നുമില്ലാത്ത അവസരത്തിൽ ഉമ്മ ചെയ്യുന്ന പൊടിക്കൈ ആണ് ചോറിലേക്ക് പച്ച വെളിച്ചെണ്ണയും ഉപ്പും ചേർക്കുന്നത്. എന്നിട്ട് കുഴച്ചു തരും. ചുട്ട പപ്പടവും അല്ലെങ്കിൽ പൊരിച്ച പപ്പടവും ഇതും നല്ല കോമ്പിനേഷൻ ആണ്.

ദാരിദ്ര്യം മൂലമാണോ അതോ ഇതിന്റെ മുകളിലുള്ള ഭക്ഷണങ്ങൾ ആഡംബര ഇനത്തിൽ പെടുന്നത് കൊണ്ടാണോ എന്നറിയില്ല ഇത്തരം ഡിഷുകൾ സമൃദ്ധമായിരുന്നു എന്റെ കുട്ടിക്കാലത്ത്. പലരുടെയും കുട്ടിക്കാലവും അങ്ങനെയാകാം. അത്തരം ടേസ്റ്റുകളിൽ നിന്ന് പുതിയ പുതിയ രുചികൾ തേടി പോകുന്ന യൗവനം നമുക്കുണ്ടാകാം. എങ്കിലും ആ രുചികളെ മറവിയുടെ ആഴങ്ങളിലേക്ക് തള്ളിവിടാതെ മനസ്സിന്റെ ചെപ്പിൽ ഇത്തിരി കൗതുകത്തോടെ സൂക്ഷിച്ചു നിർത്തിയാൽ നന്മകൾ പലതുമുണ്ട് എന്നതാണെന്റെ അനുഭവം.

Friday, August 18, 2017

നിർബന്ധ മതപരിവർത്തനവും ഇസ്ലാമും

ഹാദിയ കേസുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നു വന്നപ്പോൾ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട വിഷയമാവും മതപരിവർത്തനം. സ്വന്തം വിശ്വാസം അനുസരിച്ചു ജീവിക്കാനുള്ള അവകാശത്തെ വക വെച്ചു കൊടുക്കുന്നവർ പോലും അത്തരം മതപരിവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നവരാണ്. ചിലരെങ്കിലും ആളുകളെ നിർബന്ധമായാണ് മതം മാറ്റുന്നത് എന്നു വിശ്വസിക്കുന്നവരുമാണ്. മതപ്രബോധനം ബാധ്യതയായി കാണുകയും നിസ്വാർത്ഥമായി അതിൽ ഏർപ്പെടുകയും ചെയ്യുന്ന മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം അവർക്ക് നേരെ അത്തരം ആക്ഷേപങ്ങൾ ഉയർന്നു വരുമ്പോൾ അതിൽ ഇസ്ലാമിന്റെ നിലപാട് പറയൽ നിർബന്ധമാണല്ലോ. അത്തരമൊരു എളിയ ശ്രമമാണ് ഈ പോസ്റ്റിലൂടെ നടത്താൻ ഉദ്ദേശിക്കുന്നത്.

ഇസ്ലാമിന്റെ പ്രമാണങ്ങൾ വിശുദ്ധ ഖുർആനും പ്രവാചകചര്യയുമാണ്. ഇസ്ലാമിൽ ഒരു നിയമം സാധുവാകണമെങ്കിൽ അത് വിശുദ്ധ ഖുർആനിലോ പ്രവാചകചര്യയായ സ്വഹീഹായ ഹദീസുകളിലോ വരണം. അതായത് അത് പ്രമാണബദ്ധമാകണം എന്നു ചുരുക്കം. ഇസ്ലാം എന്നാൽ സമാധാനം സമർപ്പണം എന്നൊക്കെയാണ് അർത്ഥം. പ്രപഞ്ച സൃഷ്ടാവിനുള്ള സമ്പൂർണ സമർപ്പണമാണ് ഇസ്ലാം. ആ സമർപ്പണം വഴി ഒരാൾ നേടിയെടുക്കുന്ന സമാധാനമാണ് ഇസ്ലാം എന്നു പറയാം. അങ്ങനെ സ്വന്തത്തെ സൃഷ്ടാവിൽ സമർപ്പിച്ചു ജീവിക്കുന്നവനാണ് മുസ്ലിം. ഒരാൾ മുസ്ലിം ആകണമെങ്കിൽ അയാൾ ദൈവിക വിധിവിലക്കുകൾ പാലിക്കണം. ദൈവിക മാർഗനിർദേശങ്ങൾ അനുസരിച്ചു അവന്റെ ജീവിതം പരിവർത്തിപ്പിക്കാൻ ശ്രമിക്കണം. അങ്ങനെയുള്ള പരിവർത്തനത്തിന് അവന്റെ മനസ്സിലാണ് ആദ്യം മാറ്റമുണ്ടാകേണ്ടത്. മനസ്സിന്റെ മാറ്റം കൂടാതെ യാതൊരു പരിവർത്തനവും സാധ്യമല്ല. വിശുദ്ധ ഖുർആനിന്റെ വീക്ഷണവും ഇതാണ്. അതു കൊണ്ടു തന്നെ നിർബന്ധിച്ചുള്ള മതപരിവർത്തനം ഇസ്ലാം അംഗീകരിക്കുന്നില്ല. അതിനു കൂട്ടു നിൽക്കാൻ മുസ്ലിങ്ങൾക്കും ആവില്ല. സ്വന്തം സമുദായത്തെ ഉൽബോധിപ്പിക്കാൻ കഠിനപ്രയത്‌നം ചെയ്ത പ്രവാചകൻ(സ) അവരിൽ മാറ്റമുണ്ടാകാത്തത് കണ്ട് വിഷമിച്ചിരിക്കുന്ന അവസ്ഥയെ ചോദ്യം ചെയ്തു കൊണ്ട് ഖുർആൻ പറഞ്ഞ വരികൾ ശ്രദ്ധിക്കുക;

"നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?" (വിശുദ്ധ ഖുർആൻ 10:99)

സത്യമത പ്രബോധനത്തിനായി ഭൂമിയിൽ നിയുക്തരായ മുഴുവൻ പ്രവാചകന്മാരുടെയും ബാധ്യത മതപ്രചാരണം മാത്രമാണ് എന്നും ഒരിക്കലും നിർബന്ധിച്ച് വിശ്വാസം അടിച്ചേല്പിക്കരുത് എന്നും ഖുർആൻ കൃത്യമായി പ്രസ്താവിക്കുന്നുണ്ട്,

"തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.)" (വിശുദ്ധ ഖുർആൻ 16:36)

"ഇനി അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ (നബിയേ,) നിന്നെ നാം അവരുടെ മേല്‍ കാവല്‍ക്കാരനായി അയച്ചിട്ടില്ല. നിന്‍റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളു." (വിശുദ്ധ ഖുർആൻ 42:48)
"പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ." (വിശുദ്ധ ഖുർആൻ 18:29)

"അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല." (വിശുദ്ധ ഖുർആൻ 88:21-22)

മേൽപറഞ്ഞ ഖുർആൻ വചനങ്ങളിൽ നിന്നെല്ലാം ഇസ്ലാം പ്രബോധനം ചെയ്യുക എന്നതായിരുന്നു അന്തിമ പ്രവാചകനായ മുഹമ്മദ് നബി (സ) അടക്കമുള്ള മുഴുവൻ പ്രവാചകന്മാരുടെയും ദൗത്യമെന്നും ഒരു കാരണവശാലും മതത്തിന്റെ കാര്യത്തിൽ നിർബന്ധിക്കാൻ പാടില്ല എന്നതും കൃത്യമായി മനസ്സിലാക്കാവുന്നതാണ്. അന്തിമ പ്രവാചകനു (സ) ശേഷം പ്രബോധന ദൗത്യം ഏറ്റെടുത്ത ഓരോ മുസ്ലിമിന്റെയും ബാധ്യതയും അതു തന്നെയാണ്. സത്യത്തെ അസത്യത്തിൽ നിന്ന് വേർതിരിച്ചു ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുക. അത് സ്വീകരിക്കണോ വേണ്ടയോ എന്നത് ജനങ്ങൾക്ക് വിടുക. അതിൽ പ്രലോഭനമോ ബലാൽക്കാരമോ ഇല്ല. അല്ലാഹു പറയുന്നു;

"മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു." (വിശുദ്ധ ഖുർആൻ 2:256)

Monday, June 19, 2017

എന്റെ പ്രവാചകൻ...സ്വല്ലല്ലാഹു അലൈഹി വസല്ലം

മുമ്പെങ്ങും മദീന ഇങ്ങനെ കാത്തിരുന്നിട്ടില്ല. സുബഹി നമസ്കാരാനന്തരം മദീനാ പട്ടണത്തിന്റെ അതിർത്തിയിൽ വെയിലിന്റെ ചൂടേൽക്കുവോളം അവർ കാത്തിരിക്കും. വെയിൽ അധികമാവുമ്പോൾ അവർ വീടുകളിലേക്ക് മടങ്ങും. പിറ്റേ ദിവസവും അവർ അതേ നിൽപ്പ് തുടരും. ആ കാത്തിരിപ്പ് മറ്റാരെയുമായിരുന്നില്ല തങ്ങളുടെ അയൽക്കാരായ യഹൂദികൾ പ്രതീക്ഷിച്ച പ്രവാചകനെ, ആഭ്യന്തര യുദ്ധങ്ങളും പരസ്പര പോരാട്ടങ്ങളും കാരണം ശിഥിലമായ തങ്ങളുടെ സമുദായത്തെ ഐക്യപ്പെടുത്തിയ പുണ്യ റസൂലിനെ..സ്വല്ലല്ലാഹു അലൈഹി വസല്ലം!

അന്ധകാരത്തിന്റെയും അധഃപതനത്തിന്റെയും പാരമ്യത്തിൽ നിന്നിരുന്ന അറേബ്യയിൽ ഖുറൈശി പ്രമുഖനായ അബ്ദുൽ മുത്തലിബിന്റെ പത്ത് മക്കളിൽ അഞ്ചാമനായ അബ്ദുല്ലയുടെയും ബനൂ സുഹ്റാ ഗോത്ര നേതാവായ വഹബിന്റെ മകൾ അമിനയുടെയും മകനായി ഒരു റബീഉൽ അവ്വൽ മാസത്തിലാണ് പ്രവാചകൻ(സ) ജനിക്കുന്നത്. ഗർഭകാലത്ത് തന്നെ പിതാവിനെയും ആറു വയസ്സായപ്പോൾ മാതാവിനെയും എട്ടു വയസ്സായപ്പോൾ പിതാമഹാനെയും നഷ്ടപ്പെട്ട പ്രവാചകൻ (സ) കടുപ്പവും കയ്പേറിയതുമായ അനാഥത്വത്തിൽ പിതൃവ്യനായ അബൂ ത്വാലിബിനൊപ്പമാണ് വളർന്നത്. സത്യസന്ധനും സൽസ്വഭാവിയും വിശ്വസ്തനുമായ അദ്ദേഹത്തെ മക്കക്കാർ 'അൽഅമീൻ' എന്നു വിളിച്ചു.

തന്റെ 25ആമത്തെ വയസ്സിൽ ഖദീജ(റ) യെ വിവാഹം കഴിച്ച അദ്ദേഹത്തിന് 40ആമത്തെ വയസ്സിലാണ് താൻ ഇടക്കിടെ ധ്യാനനിരതനായി ഇരിക്കാറുള്ള ഹിറാ ഗുഹയിൽ വെച്ച് ദൈവിക സന്ദേശം ലഭിക്കുന്നത്. രഹസ്യവും പരസ്യവുമായ പിന്നീടുള്ള മക്കാ പ്രബോധന കാലഘട്ടത്തിൽ കൊടിയ പീഡനത്തിന് വിധേയനായ അവിടുന്ന് അല്ലാഹുവിന്റെ കല്പനപ്രകാരം മദീനയിലേക്ക് ഹിജ്‌റ പോവുകയായിരുന്നു. അദ്ദേഹത്തിന് മുൻപ് വന്ന മുഴുവൻ മുസ്ലിങ്ങളെയും നന്നായി സ്വീകരിച്ച അന്സാരികൾ റസൂലിന്റെ (സ) വരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

അന്നും അവർ വെയിൽ കനക്കുവോളം കാത്തിരുന്നു. പിന്നീട് നിരാശരായി വീടുകളിലേക്ക് മടങ്ങി. അതിനു ശേഷമാണ് റസൂൽ (സ) അബൂബക്കർ (റ) മൊത്ത് മദീനയിലേക്ക് കടന്നു വരുന്നത്. അതാദ്യമായി കണ്ടത് ഒരു യഹൂദിയായിരുന്നു. അയാളത് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ഇത് കേട്ടതോടെ വീടുകളിൽ നിന്നിറങ്ങി വന്ന അന്സാരികൾ ഈന്തപ്പന തണലിൽ നിൽക്കുന്ന തിരുദൂതരെയും അബൂബക്കറിനെയും കണ്ടു. അത് വരെ അദ്ദേഹത്തെ കാണാത്തവർ ആകാംഷയോടെ ഇരുവരെയും നോക്കി. അത് മനസ്സിലാക്കയിലെ അബൂബക്കർ (റ) ഒരു പുതപ്പെടുത്ത് റസൂലിന്റെ(സ) തലക്കുമീതെ തണലൊരുക്കി. അങ്ങനെ അവർ റസൂലിനെ തിരിച്ചറിഞ്ഞു. ആദരപൂർവം അവർ അപേക്ഷിച്ചു;

"തിരുദൂതരെ വരിക, അങ്ങ് സർവ്വിധത്തിലും സുരക്ഷിതനാണ്. അങ്ങയുടെ സർവ കല്പനകളും പാലിക്കപ്പെടുന്നതാണ്"

അവർ മുന്നോട്ട് നീങ്ങി. സ്ത്രീകൾ മട്ടുപ്പാവിൽ നിന്ന് ആ സംഘത്തെ നോക്കി കണ്ടു. മദീന മുഴുവൻ അദ്ദേഹത്തെ സ്വീകരിക്കാനൊരുങ്ങി. അന്സാരികൾ ഇത്രയധികം സന്തോഷിച്ച ദിനം ഉണ്ടായിട്ടില്ല. അത്രത്തോളം പ്രഭാപൂരിതമായ മറ്റൊരു ദിവസം മദീനയിൽ ഉണ്ടായിട്ടുമില്ല. റസൂലിനെ വരവേറ്റു കൊണ്ട് അന്സാരികുട്ടികൾ ഇങ്ങനെ പാടി;

"വാഹക സംഘങ്ങൾ യാത്രയാക്കപ്പെട്ട മലഞ്ചെരുവിൽ നിന്ന് - ഇന്നിതാ പതിനാലാം രാവിൽ പൂർണചന്ദ്രൻ ഉദിച്ചുയർന്നിരിക്കുന്നു. അല്ലാഹുവിന്റെ നാമം വാഴ്ത്തുന്ന ഒരാളെങ്കിലും ലോകത്തുണ്ടായിരിക്കുന്ന കാലത്തോളം ഇതിനു നന്ദി രേഖപ്പെടുത്തൽ ഞങ്ങളുടെ ബാധ്യതയാണ്. ഞങ്ങളിലേക്ക് അയക്കപ്പെട്ട വിശുദ്ധ വ്യക്തിത്വമേ, അനുസരിക്കൽ നിർബന്ധമായ കല്പനകളുമായാണ് അങ്ങ് വന്നിട്ടുള്ളത്"

ശേഷം 63ആമത്തെ വയസ്സു വരെ വിശ്രമമില്ലാത്ത പ്രബോധനം. അന്ധകാരത്തിലിരുന്ന അറേബ്യയെ സാംസ്കാരിക ഉന്നതിയിൽ എത്തിച്ചതിനു ശേഷമാണ് അദ്ദേഹം വിട പറഞ്ഞത്. ഒരു സാമ്രാജ്യം മുഴുവൻ കാൽക്കീഴിൽ ആയിട്ടും വിനയവും കാരുണ്യവും കൈമോശം വന്നില്ല റസൂലിന്. തന്നെ കൊടിയ പീഡനത്തിരയാക്കിയ ഖുറൈശികളോട് മക്കാ വിജയത്തിന് ശേഷം അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്;

"ഖുറൈശികളെ, ഞാൻ നിങ്ങളോട് എപ്രകാരം വർത്തിക്കണമെന്നാണ് നിങ്ങളുടെ അഭിപ്രായം." അവർ പറഞ്ഞു "ഞങ്ങൾ നല്ലതു മാത്രം പ്രതീക്ഷിക്കുന്നു. താങ്കൾ മാന്യനായ സഹോദരനാണ്. മാന്യ സഹോദരന്റെ മകനും." റസൂൽ അരുളി "യുസുഫ്(അ) സഹോദരങ്ങളോട് പറഞ്ഞതുപോലെ ഞാൻ നിങ്ങളോടും പറയുന്നു - നിങ്ങളുടെ മേൽ യാതൊരു പ്രതികാര നടപടിയുമില്ല. പൊയ്ക്കൊള്ളുക. നിങ്ങൾ സ്വതന്ത്രരാണ്'

അതെ, സമുന്നതനും സൽസ്വഭാവിയും ജീവിത സംശുദ്ധിയും സൂക്ഷ്മത ബോധവും ഉന്നത വികാരങ്ങളും സഹനവും വിട്ടു വീഴ്ചയും വിനയവും ധീരതയും ലജ്ജയും അലിവും കാരുണ്യവും സ്നേഹവും നിറഞ്ഞ ജീവിതത്തിലെ സകല മേഖലകളിലും വഴികാട്ടിയായ മാനവരിൽ മഹോന്നതനാണ് എന്റെ പ്രവാചകൻ....സ്വല്ലല്ലാഹു അലൈഹി വസല്ലം!

"ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല." (വിശുദ്ധ ഖുർആൻ 21:107)

Wednesday, May 10, 2017

'ബി ആർ ചോപ്രയുടെ മുത്വലാഖും' ഇസ്ലാമിലെ ത്വലാഖും

80 കളിൽ ഹിന്ദി സിനിമാ ലോകത്ത് ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച സിനിമയാണ് ബി ആർ ചോപ്രയുടെ 'നിക്കാഹ്'. മുത്വലാഖ് ആണ് വിഷയം. പ്രാണനു തുല്യം സ്നേഹിച്ചിട്ടും ബിസിനസ് തിരക്കുള്ള ഭർത്താവിൽ നിന്നും വേണ്ടത്ര സമയമോ സ്നേഹമോ ലഭിക്കാത്ത ഭാര്യ. ഭർത്താവ് സ്നേഹമുള്ളവൻ ആണെങ്കിലും ജോലിത്തിരക്ക് അദ്ദേഹത്തെ ദാമ്പത്യ ജീവിതം ആസ്വദിക്കാൻ അനുവദിക്കുന്നില്ല. ജോലിയുടെ സമ്മർദ്ദം പലപ്പോഴും കുടുംബത്തിൽ അസ്വാരസ്യങ്ങളും വഴക്കുകളും സൃഷ്ടിക്കുന്നു. അത്തരമൊരു വഴക്കിന്റെ മൂർദ്ധന്യത്തിൽ ഭാര്യയുടെ സംസാരം ജനിപ്പിച്ച ക്രോധത്തിൽ നിന്നും അദ്ദേഹം 'ത്വലാഖ്' എന്ന് മൂന്ന് പ്രാവശ്യം മൊഴിയുന്നു. അതീവ നാടകീയമായി ഓരോ ത്വലാഖും 'അരുതേ' എന്ന ഭാര്യയുടെ ഭാവത്തെയും സംവിധായകൻ ബി ആർ ചോപ്ര അവതരിപ്പിച്ചിട്ടുണ്ട്. മൂന്നാമത്തെ ത്വലാഖ് മൊഴിഞ്ഞതിനു ശേഷം തകർന്നടിഞ്ഞ നായികയെ കാണിക്കുന്നു. പിറ്റേന്ന് ക്രോധം തണുത്തപ്പോൾ നായകന് അതീവ കുറ്റബോധം തോന്നുന്നു. ജീവിതത്തിൽ തീഷ്ണമായി പ്രണയിച്ച നായികയെ നഷ്ടപ്പെടാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. പക്ഷെ മുത്വലാഖ് ആണ്, ഇനി രക്ഷയില്ല.

കാലം പിന്നിടുമ്പോൾ തന്റെ കൗമാര കാലത്ത് തന്നെ അഗാധമായി പ്രണയിച്ച മറ്റൊരാളെ നായിക കണ്ടു മുട്ടുന്നു, വിവാഹം കഴിക്കുന്നു. രണ്ടാമതൊരാൾ കല്യാണം കഴിച്ചു മൊഴി ചൊല്ലിയാൽ വീണ്ടും തന്റെ ഭാര്യയെ സ്വന്തമാക്കാൻ സാധിക്കും എന്ന് മനസ്സിലാക്കിയ മുൻ ഭർത്താവ് അതിന് വേണ്ടി ശ്രമിക്കുന്നതും പരാജയപ്പെടുന്നതും അവസാനം 'സ്ത്രീമനസ്സ് പുരുഷന് പന്താടാനുള്ളതല്ല' എന്ന നായികയുടെ സന്ദേശവുമൊക്കെയാണ് മൊത്തത്തിൽ ആ സിനിമ.

ഇന്ത്യൻ മുസ്ലിം സ്ത്രീയുടെ അടിച്ചമർത്തലിന്റെ ഒരു നേർചിത്രം വരച്ചു കാണിച്ച സിനിമയാണ് നിക്കാഹ് എന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. അത് കൊണ്ട് തന്നെ സാമൂഹിക സന്ദേശം ഉൾക്കൊള്ളുന്ന ഒരു സിനിമയായി അത് മാറിയതും. മുത്വലാഖ് വിഷയം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന കാലത്ത് ഈ സിനിമയും അതിലെ ഉള്ളടക്കവും അതീവ പ്രാധാന്യമുള്ളതാണ്. യഥാർത്ഥത്തിൽ മുത്വലാഖ് അല്ല ത്വലാഖ് എന്ന ഇസ്ലാമിക ആചാരം തന്നെ വിമർശിക്കപ്പെട്ടു അതിലൂടെ. അത് കേവലം പൗരോഹിത്യത്തിന് നേരെ മാത്രമല്ല ഇസ്ലാം എന്ന ദർശനത്തിനു നേരെയും വിരൽ ചൂണ്ടുന്നു. ഇന്ത്യൻ മുസ്ലിങ്ങൾ ത്വലാഖിനെ എങ്ങനെ മനസ്സിലാക്കി എന്നതും പുറത്തുള്ള അന്യമതസ്ഥർ അതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നുള്ളതുമാണ് ഇതിൽ എന്നെ ഏറെ ചിന്തിപ്പിച്ച ഘടകം.

ലോകത്തെ ഒരു വിധപ്പെട്ട ദർശനങ്ങളിലെല്ലാം വിവാഹമോചനം പ്രതിപാദിച്ചിട്ടുണ്ട്. അത് ഈശ്വര ദർശനമായാലും നിരീശ്വരവാദമായാലും. എല്ലാ ഭരണഘടനകളിലും വിവാഹമോചന നിയമങ്ങൾ എഴുതപ്പെട്ടിട്ടുമുണ്ട്. ഇവയെല്ലാം പരിശോധിച്ചാലും ഇസ്ലാമിക വിവാഹമോചന നിയമം ശാസ്ത്രീയമായും മനഃശാത്രപരമായും മനുഷ്യത്വപരമായും ഉയർന്നു തന്നെ നിൽക്കുന്നതായി കാണാൻ സാധിക്കും.

മനുഷ്യനെ കേവലം ഭൗതിക വസ്തുവായി കണ്ട മാർക്സിസം പറയുന്നത് ശ്രദ്ധിക്കുക;

‘ഒരു സ്ത്രീയോടുള്ള വ്യക്തിപരമായ ലൈംഗിക ദാഹം ഒരു പുരുഷന് എത്രകാലം നിലനില്‍ക്കുമെന്ന് പറയാനാവില്ല ; സ്‌നേഹം വറ്റിപ്പോയെന്നോ മറ്റൊരു പാത്രത്തിലേക്ക് തിരിഞ്ഞുപോയെന്നോ ബോധ്യപ്പെട്ടാലുടന്‍ വിവാഹമോചനം നടത്തുകയാണ് വേണ്ടത്.’ (മാര്‍ക്‌സ്, എംഗല്‍സ്. തിരഞ്ഞെടുത്ത കൃതികള്‍ , മൂന്നാം വാള്യം; പുറം-319)

ഇതിനു ചുവടു പിടിച്ചാണ് സഖാവ് ഇ എം എസ് ഇങ്ങനെ എഴുതിയത്..

"അവർക്ക് ഇഷ്ടമുള്ള ഇണയെ തിരഞ്ഞെടുത്ത് ഇഷ്ടമുള്ള കാലത്തോളം ദാമ്പത്യ ജീവിതം നയിക്കുക. ദമ്പതിമാരിൽ ആർക്കെങ്കിലും ഇഷ്ടമില്ലാതെ വന്നാൽ വിവാഹമോചനം നടത്തുക, ഇഷ്ടമുണ്ടെങ്കിൽ പുതിയ കണ്ടെത്തി മറ്റൊരു ദാമ്പത്യത്തിൽ ഏർപ്പെടുക. ഈ സ്ഥിതി കൈവരുത്തുന്നതിനു വേണ്ടിയാണ് ആധുനിക ജനാധിപത്യവും അതിന്റെ ഉന്നതരൂപമായ സോഷ്യലിസവും പ്രവർത്തിക്കുന്നത്" - (ഇ എം എസ്: ചിന്ത വരിക 25 നവംബർ 1983)

ഇരുപതാം നൂറ്റാണ്ടിന്റെ പ്രത്യയശാസ്ത്രം സ്വന്തം ഇഷ്ടമനുസരിച്ചു വിവാഹം ചെയ്യാനും വിവാഹമോചനം ചെയ്യാനുമാണ് കൽപ്പിക്കുന്നത്. കമ്മ്യൂണിസം വിഭാവനം ചെയ്യുന്ന അത്തരമൊരു സാമൂഹ്യ സാഹചര്യം നിലവിൽ വന്നാൽ വിവാഹമോചനം നിത്യ സംഭവമായിരിക്കും എന്നതിൽ സംശയിക്കേണ്ട.

"മച്ചിയായ ഭാര്യയെ എട്ടുവര്‍ഷം കഴിഞ്ഞും  ചാപ്പിള്ള പ്രസവിക്കുന്നവളെ ദശവല്‍സരശേഷവും പെണ്‍കുഞ്ഞിനെ മാത്രം പ്രസവിക്കുന്നവളെ പതിനൊന്ന് വര്‍ഷം കഴിഞ്ഞും തര്‍ക്കുത്തരക്കാരിയെ തല്‍ക്ഷണവും ഉപേക്ഷിച്ച് വേറെ വിവാഹം ചെയ്യാം; ഈ സ്ത്രീകള്‍ക്ക് സന്തോഷത്തിനായി യാതൊന്നും കൊടുക്കേണ്ടതില്ല. (മനുസ്മൃതി  8-81)" എന്ന മനുസ്മൃതി കല്പനയും പഴയ നിയമത്തിൽ നിന്നും വ്യത്യസ്തമായി ചാരിത്ര്യ ലംഘനം മാത്രമാണ് വിവാഹമോചനത്തിനുള്ള ഏക ക പോംവഴി എന്ന ബൈബിൾ വചനവും ("പരപുരുഷ സംഗമം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു വേറൊരുവളെ വിവാഹം ചെയ്യുന്നവർ വ്യഭിചരിക്കുകയാണ്" - മത്തായി 19-9) മനുഷ്യപ്രകൃതിക്കനുസരിച്ചുള്ള നിയമമല്ല അനുശാസിക്കുന്നത്. ഇവിടെയാണ് പ്രകൃതിമതമായ ഇസ്ലാമിന്റെ ഈ വിഷയത്തിലുള്ള വീക്ഷണങ്ങൾ ശ്രദ്ധേയമാകുന്നത്.

ദാമ്പത്യ ജീവിതത്തെ പവിത്രമായി കാണുന്ന ഇസ്ലാം അത് മരണം വരെ നിലനിൽക്കാനാണ് താത്പര്യപ്പെടുന്നത്. പക്ഷെ അത് മനുഷ്യ പ്രകൃതിയെ വിസ്മരിക്കുന്നുമില്ല. ദാമ്പത്യ ജീവിതത്തിനിടയിൽ സ്ത്രീയും പുരുഷനും തമ്മിൽ സ്വാഭാവികമായ തർക്കങ്ങളും ശണ്ഠകളും ഉണ്ടായേക്കാം. പക്ഷെ അവ അതിരു വിടുമ്പോൾ അത് മനസ്സുകളെ തമ്മിൽ അകറ്റാനും വീട്ടിലെ കുഞ്ഞുങ്ങളുടെ വരെ മനോനിലയെ ബാധിക്കാനും കാരണമായേക്കാം. ഭർത്താവിനോട് കയർത്തു സംസാരിക്കുകയും നിരന്തരം വഴക്കു കൂടുകയും ചെയ്യുന്ന സ്ത്രീകളോട് പുരുഷൻ എങ്ങനെ പെരുമാറണം എന്ന് കൃത്യമായി ഖുർആൻ വിവരിക്കുന്നുണ്ട്;

"എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്‌. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു" (വിശുദ്ധ ഖുർആൻ 4:34)

ഇവിടെ മൂന്ന് കാര്യങ്ങളാണ് ഖുർആൻ പുരുഷനോട് ചെയ്യാൻ ആവശ്യപ്പെടുന്നത്;

1 - ഉപദേശിക്കുക - അച്ചടക്കമില്ലായ്മയും പ്രശ്നങ്ങളും കണ്ടാൽ അവരെ ആദ്യം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യണം എന്നാണ് ഇതിലൂടെ ഖുർആൻ വ്യക്തമാക്കുന്നത്. പരലോക മോക്ഷമെന്ന ലക്ഷ്യത്തിൽ ജീവിക്കുന്ന മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഈ ലോകത്തെ ചെയ്തികൾ പരലോകത്ത് ചോദ്യം ചെയ്യപ്പെടും എന്ന വിശ്വാസമുള്ളവരാണവർ. തങ്ങളുടെ ഇത്തരം പ്രവർത്തനങ്ങൾ അതിനെ എങ്ങനെ ബാധിക്കുമെന്നും അത്തരം ചെയ്തികൾ കുടുംബാന്തരീക്ഷത്തെയും കുട്ടികളെയും എങ്ങനെ ബാധിക്കുമെന്നും അവരെ ബോധ്യപ്പെടുത്തുക. പരസ്പരം സ്നേഹിച്ചു കഴിയണം എന്ന് വിശ്വസിക്കുന്ന ദമ്പതിമാർക്കിടയിൽ അത്തരം ഉപദേശങ്ങൾ പോസിറ്റിവ് ആയ പ്രതിഫലനങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.

2 - കിടപ്പറ ബഹിഷ്കരിക്കുക - സ്നേഹത്തോടെയുള്ള ഉപദേശവും ശാസനയും ഫലിക്കാതെ വരുമ്പോൾ അവളുമായി കിടപ്പറ പങ്കിടുന്നത് ഒഴിവാക്കാനാണ് ഖുർആനിന്റെ രണ്ടാമത്തെ നിർദേശം. ആദ്യ ഘട്ടം പരാജയപ്പെടുന്നത് മിക്കവാറും അഹങ്കാരം നിമിത്തമാകും. അത് ശമിപ്പിക്കാനുള്ള മനശാസ്ത്രപരമായ ഒരിടപെടലായി വേണം ഇതിനെ കാണാൻ. അകർഷണത്തിന്റെയും പ്രലോഭനത്തിന്റെയും വേദിയാണ് കിടപ്പറ. സ്വന്തം പുരുഷൻ തന്നിലേക്ക് മാത്രം ചായുന്ന സന്ദർഭം. അവിടെ ബഹിഷ്കരിക്കപ്പെടുക എന്നത് ഏതു സ്ത്രീയെ സംബന്ധിച്ചിടത്തോളവും താങ്ങാൻ പറ്റാത്തതാകും. അവളെ ചിന്തിപ്പിക്കുന്ന രാത്രികളാവും അത്. അത്തരമൊരു ബഹിഷ്കരണം അവളുടെ മനസ്സ് മാറ്റുക തന്നെ ചെയ്തേക്കാം.

3 - അടിക്കുക - ആദ്യ രണ്ടു ഘട്ടങ്ങളും പരാജയപ്പെട്ടാലും കുടുംബം തകരരുത് എന്നനുശാസിക്കുന്ന ഖുർആൻ  പിന്നെ കൽപ്പിക്കുന്നത് ശിക്ഷ നടപടികളാണ്. ഒരുപാട് വിമർശന വിധേയമായതും തെറ്റിദ്ധരിപ്പിക്കപ്പെട്ടതുമായ ഖുർആൻ വചനമാണ് ഇത്. "നിങ്ങളിൽ ഭാര്യമാരോട് നന്നായി പെരുമാറുന്നവരാണ് ഏറ്റവും നല്ലവർ" (ബുഖാരി, തീർമുദി) എന്ന് പഠിപ്പിക്കുന്ന ഇസ്ലാം സ്ത്രീയോട് മോശമായി പെരുമാറാൻ കല്പിക്കുകയില്ല എന്നത് തീർച്ചയാണല്ലോ."ഭാര്യമാരെ അടിക്കുന്നവർ മാന്യന്മാരല്ല" (അബൂദാവൂദ്, ഇബ്നുമാജ) എന്നും "നാണമില്ലേ നിങ്ങൾക്ക്? അടിമയെ അടിക്കുന്നത് പോലെ സ്വന്തം ഭാര്യയെ അടിക്കാൻ ; പിന്നെ അവളോടൊത്ത് ശയിക്കാനും" (മുസ്ലിം, അഹ്മദ്) എന്നും പഠിപ്പിച്ച പ്രവാചകന് അവതരിച്ച ഖുർആൻ വെറുതെ സ്ത്രീയെ അടിക്കാൻ കല്പിക്കുകയില്ല എന്നുറപ്പാണ്. വലിയ തിന്മ ഇല്ലാതെയാക്കാനുള്ള ശിക്ഷണമായാണ് അടിക്കാനുള്ള കല്പനയെ കാണേണ്ടത് എന്നർത്ഥം. അതാവട്ടെ അവൾക്ക് അഭിമാനക്ഷതം ഉണ്ടാകുന്ന രീതിയിൽ മുഖത്തോ മറ്റോ ആകരുത് എന്നും പ്രവാചക നിർദേശമുണ്ട്. അത് അവളെ അപമാനിക്കാനോ നിന്ദിക്കാനോ അല്ല മറിച്ച് നന്നാക്കാനും സംസ്കരിക്കാനുമാണ്. അധ്യാപകൻ വിദ്യാർത്ഥിയെ ശിക്ഷിക്കുന്നത് പോലെ ഒരു പരിശീലകന്റെ വികാരത്തോടെയുള്ള ശിക്ഷണമാണത്. പരസ്പരം സ്നേഹിച്ചു കഴിഞ്ഞിരുന്ന രണ്ടു പേർക്കിടയിൽ അത് വലിയ രീതിയിലുള്ള മാറ്റങ്ങൾ സൃഷ്ടിച്ചേക്കാം. ഇണയിൽ നിന്നുള്ള അത്തരമൊരു നീക്കം വീണ്ടു വിചാരത്തിനും ഖേദ പ്രകടനത്തിനു ഇടയാക്കിയേക്കാം.

ഇതെല്ലാം പരാജയപ്പെട്ടാലും വിവാഹ മോചനം ചെയ്യണമെന്നല്ല ഇസ്ലാം നിർദേശിക്കുന്നത്. മറിച്ച് അവർക്കിടയിൽ അനുരഞ്ജനത്തിനു വേണ്ടിയുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ അവരുടെ കുടുംബാംഗളുടെ ഭാഗത്തു നിന്നും ഉണ്ടാകണം എന്നതാണ്. ഒരു പക്ഷെ തെറ്റ് ഭാര്യയുടെ ഭാഗത്ത് ആകാതിരിക്കാനും സാധ്യതയുണ്ടല്ലോ. അത്തരമൊരു പരിശ്രമം അവർക്കിടയിലുള്ള യഥാർത്ഥ പ്രശ്നങ്ങളെ കണ്ടെത്താനും അത് പരിഹരിക്കാനും സഹായകമായേക്കാം. വിശുദ്ധ ഖുർആൻ പറയുന്നു;

"ഇനി, അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ച് പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്‍റെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരു വിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു." (വിശുദ്ധ ഖുർആൻ 4:35)

മുകളിൽ പറഞ്ഞ മുഴുവൻ സാധ്യതകളും അടയുമ്പോൾ വിവാഹ മോചനം സാധ്യമാക്കാൻ ഇസ്ലാം അനുവദിക്കുന്നു എന്നുള്ളത് സത്യമാണ്. ലോകത്തുള്ള എല്ലാ നിയമസംഹിതങ്ങളും അതനുവദിക്കുന്നുണ്ട്. പലതും വിവേചന രഹിതമായി പുരുഷന് സ്ത്രീയെ അടിച്ചമർത്താനുള്ള ഉപാധിയായിട്ടാണ് വിവാഹമോചനത്തെ കാണുന്നത്. പക്ഷെ ഇസ്ലാം കുടുംബബന്ധം നിലനിർത്താൻ ആവശ്യമായ മുഴുവൻ പ്രയത്നങ്ങളും ചെയ്യാൻ അവനെ പ്രേരിപ്പിക്കുന്നു. പരസ്പരമുള്ള സ്നേഹം വറ്റിപ്പോവുകയും ഐക്യം ഇല്ലാതെയാവുകയും മനസ്സുകൾ തമ്മിൽ അകലുകയും ചെയ്താൽ അവർക്ക് വിവാഹമോചനം തന്നെയാണ് ഉത്തമമായി ഉള്ളത്. അതിനനുവദിക്കാതിരിക്കുക എന്നത് മനുഷത്വപരമല്ല. എങ്കിലും ത്വലാഖ് അനുവദിക്കുന്നിടത്തും ചില നിബന്ധനകൾ ഇസ്ലാം മുന്നോട്ട് വെച്ചിട്ടുണ്ട്.

അതിലൊന്നാണ് ആർത്തവ കാലത്തുള്ള ത്വലാഖ്. അത് ഇസ്ലാം വിരോധിച്ചിട്ടുണ്ട്. സ്ത്രീയുടെ മാനസിക-ശാരീരിക നിലകളിൽ മാറ്റം വരുത്തുന്ന ഒരു സമയമാണ് ആർത്തവകാലം എന്നത് കൊണ്ട് തന്നെ ആ സമയത്ത് അവർ പിണങ്ങാൻ ഉള്ള സാധ്യത കൂടുതലാണ്. ലൈംഗികബന്ധം നിഷിദ്ധമായ ഇത്തരം സന്ദർഭങ്ങളിൽ അവർ തമ്മിലുള്ള പിണക്കം മാറാനുള്ള സാഹചര്യവും വിരളമാണ്. അത് കൊണ്ടാണ് ആർത്തവ കാലത്ത് ത്വലാഖ് പാടില്ല എന്ന് പ്രവാചകൻ (സ) പഠിപ്പിച്ചത്.

ഇനി ശുദ്ധി കാലത്ത് ഭാര്യയെ ത്വലാഖ് ചൊല്ലുന്ന പുരുഷൻ അവളെ വീട്ടിൽ നിന്ന് പുറത്താക്കാനോ അവൾ പുറത്തു പോകാനോ പാടുള്ളതല്ല. മൂന്നു ആർത്തവകാലം വരെ അവളെ ഭർതൃ ഗൃഹത്തിൽ 'ഇദ്ദ' ഇരിക്കേണ്ടതാണ്. ആർത്തവം നിലച്ചവർക്ക് മൂന്നു മാസവും ഗർഭിണിക്ക് പ്രസവം വരെയുമാണ് കാലാവധി.

"വിവാഹമോചിതര്‍ മൂന്നു തവണ മാസമുറ ‎ഉണ്ടാവുംവരെ തങ്ങളെ സ്വയം നിയന്ത്രിച്ചു കഴിയണം. ‎അല്ലാഹു അവരുടെ ഗര്‍ഭാശയങ്ങളില്‍ ‎സൃഷ്ടിച്ചുവെച്ചതിനെ മറച്ചുവെക്കാന്‍ അവര്‍ക്ക് ‎അനുവാദമില്ല." (വിശുദ്ധ ഖുർആൻ 2:228)

"നബിയേ, നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദഃ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദഃ കാലം നിങ്ങള്‍ എണ്ണികണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളില്‍ നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്‌. അവര്‍ പുറത്തു പോകുകയും ചെയ്യരുത്‌. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ." (വിശുദ്ധ ഖുർആൻ 65:1)

ഇദ്ദ കാലഘട്ടത്തിൽ സ്ത്രീയും പുരുഷനും ഭാര്യാ ഭർത്താക്കന്മാർ ആയിട്ടല്ല ജീവിക്കേണ്ടത്. പരസ്പരം പിരിഞ്ഞു ഒരു വീട്ടിൽ കഴിയുകയും എന്നും കാണുകയും ചെയ്യുന്ന ഇവർ തമ്മിൽ വീണ്ടും അടുക്കാനും  ഇരുവരുടെയും മനസ്സ് മാറാനുള്ള സാധ്യതയും കൂടുതലാണ്. അങ്ങനെ ഒരവസ്ഥ സംജാതമായാൽ ഇദ്ദ കാലഘട്ടത്തിൽ അവളെ തിരിച്ചെടുക്കുന്നതിൽ പുരുഷന് യാതൊരു തടസ്സവുമില്ല. പക്ഷെ ത്വലാഖ് ചൊല്ലുകയും ഇദ്ദ കാലം വരെ ഭർതൃ ഗൃഹത്തിൽ താമസിക്കുകയും എന്നിട്ടും അവർ തമ്മിൽ അടുക്കാനുള്ള സാധ്യത ഇല്ലാതെയാവുകയും ചെയ്താൽ പിന്നെ വിവാഹ മോചനം തന്നെയാണ് അഭികാമ്യം. അത് മാന്യമായി ആകണം എന്നും അവൾക്ക് മാന്യമായ പാരിതോഷികം നൽകണം എന്നും ഇസ്ലാം അനുശാസിക്കുന്നു.

"അങ്ങനെ അവര്‍ (വിവാഹമുക്തകള്‍) അവരുടെ അവധിയില്‍ എത്തുമ്പോള്‍ നിങ്ങള്‍ ന്യായമായ നിലയില്‍ അവരെ പിടിച്ച് നിര്‍ത്തുകയോ, ന്യായമായ നിലയില്‍ അവരുമായി വേര്‍പിരിയുകയോ ചെയ്യുക." (വിശുദ്ധ ഖുർആൻ 65:2)

"വിവാഹമോചിതര്‍ക്ക് ന്യായമായ നിലയില്‍ ‎ജീവിതവിഭവം നല്‍കണം. ഭക്തന്മാരുടെ ‎ബാധ്യതയാണിത്. " (വിശുദ്ധ ഖുർആൻ 2:241)

ആദ്യ ത്വലാഖിന് ശേഷം തന്റെ പ്രവൃത്തിയിൽ പശ്ചാത്താപം തോന്നുകയും അവളെ തിരിച്ചെടുക്കാനുള്ള മോഹം പുരുഷനിൽ ഉണ്ടാവുകയും മോചിതയായ സ്ത്രീ പുനർവിവാഹം ചെയ്യപ്പെട്ടിട്ടുമില്ലെങ്കിൽ അവളെ തിരിച്ചെടുക്കാൻ ഇസ്ലാം പുരുഷനെ അനുവദിക്കുന്നുണ്ട്. അങ്ങനെ തിരിച്ചെടുത്തതിനു ശേഷം വീണ്ടും വിവാഹ മോചനം ചെയ്യുകയാണെങ്കിൽ പിന്നീട് ഒരു പ്രാവശ്യം കൂടി മാത്രമേ അവളെ തിരിച്ചെടുക്കാനുള്ള അവകാശം പുരുഷനുള്ളൂ. മൂന്നാം തവണയും ത്വലാഖ് ത്വലാഖ് ചെയ്താൽ പിന്നെ അവളെ തിരിച്ചെടുക്കാനുള്ള അവകാശം അയാൾക്കില്ല. ഇതാണ് ഇസ്ലാമിലെ മൂന്നു ത്വലാഖുകൾ. മൂന്നും മൂന്നു പ്രാവശ്യമായി നടക്കുന്ന വിവാഹമോചനം.

"(മടക്കിയെടുക്കാന്‍ അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്‌....ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന് ശേഷം അവളുമായി ബന്ധപ്പെടല്‍ അവന് അനുവദനീയമാവില്ല." (വിശുദ്ധ ഖുർആൻ 2:229-230)

യഥാർത്ഥത്തിൽ ഇസ്ലാമിലെ ത്വലാഖ് പുരുഷന് വേണ്ടിയുള്ളതാണെങ്കിലും അതിൽ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ട്. സ്നേഹത്തിന്റെ ഒരംശം എങ്കിലും അവരുടെ മനസ്സിൽ ഉണ്ടെങ്കിൽ മൂന്നു ത്വലാഖിന് മുൻപ് തന്നെ അവർ അതിന്റെ ഗൗരവം ഉൾക്കൊള്ളുകയും ഒരുമിച്ചു ജീവിക്കുകയും ചെയ്യും. അല്ലെങ്കിലും പിരിയണം എന്ന് നിർബന്ധമുള്ളവർക്ക് ഒരു ത്വലാഖ് തന്നെ ധാരാളമാണ്. ഇസ്ലാം ഒഴിച്ചുള്ള ദർശനങ്ങളും നിയമസംഹിതങ്ങളും വിവാഹമോചനത്തിനെ എളുപ്പമാക്കുമ്പോൾ ഇസ്ലാം അതിന് കർശന നിയന്ത്രണങ്ങളും നിബന്ധനകളും വെച്ച് അത് സാധ്യമാക്കുകയാണ് ചെയ്യുന്നത്.

എല്ലാം അറിയുന്ന അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവനും.

Sunday, May 7, 2017

നെടുവീർപ്പിന്റെ വരാന്തകൾ

അലിക്ക് 19 വയസ്സേ ഉള്ളൂ പ്രായം. എങ്കിലും പ്രായത്തേക്കാൾ കവിഞ്ഞ പക്വത ആ മുഖത്ത് കാണാം. തല മുഴുവൻ മൊട്ടയടിച്ചിരിക്കുന്നു. തലയുടെ ഇടത്തെ അറ്റത്തു നിന്ന് അങ്ങ് വലത്തേ അറ്റം വരെ ശസ്ത്രക്രിയക്ക് ശേഷം തുന്നിപ്പിടിപ്പിച്ചിരിക്കുന്നു. അലി മെഡിക്കൽ എൻട്രൻസിന് വേണ്ടി റിപീറ്റ് ചെയ്യുകയാണ്. അലിയുടെ ഭാഷയിൽ 40 സ്പീഡിൽ ഇടത്തെ അറ്റം ചേർന്ന് വണ്ടി ഓടിച്ചിരുന്ന അവനെ പിറകിൽ ഒരു ബസ് വേഗത്തിൽ വന്നിടിക്കുകയായിരുന്നു. അലിക്ക് വേഗതയുണ്ടായിരുന്നെങ്കിലും ഇല്ലെങ്കിലും ചെറുപ്രായത്തിൽ തന്നെ വലിയ ഒരു ശസ്ത്രക്രിയക്ക് വിധേയനാവേണ്ടി വന്നു അവൻ. അതിന്റെ ക്ഷീണം അലിയുടെ മുഖത്തും ആ ശസ്ത്രക്രിയയുടെ ഗൗരവം അവന്റെ ഉപ്പയുടെ മുഖത്തും നിഴലിച്ചു കാണാം.

അലിയെ ഞാൻ കണ്ടത് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ്. ഒരു അലി മാത്രമല്ല, അതിനേക്കാൾ ഗൗരവുമുള്ള ശസ്ത്രക്രിയകളും രോഗങ്ങളുമായി ഒരുപാട് അലിമാർ വസിക്കുന്ന ഇടമാണത്. മുറിയുടെ പഴുപ്പ് പോകാനും മൂത്രം പോകാനും ട്യൂബുകൾ ഘടിപ്പിച്ച മനുഷ്യർ. ഇന്നലെ വരെ ജീവിതത്തിന്റെ അത്തരമൊരു യാഥാർഥ്യത്തെ മനസ്സിലാക്കാത്തവർ. നടന്നാൽ കുഴയാത്ത കാലുകൾ അനുഗ്രഹമായിരുന്നു എന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്തവർ. കണ്ണും മൂക്കും കാതും വിരലുകളും എന്തിന് പേശീ ചലനം പോലും അത്ഭുതത്തോടെ ശ്രദ്ധിക്കാൻ ഇന്നവർക്ക് സാധിക്കുന്നുണ്ട്. അവരെ കാണാൻ വരുന്നവരുടെ മുഖത്ത് ഒരു ദൈന്യതയുണ്ട്. അവരുടെ മനസ്സിൽ അവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയുണ്ട്.

ഏതൊരു മനുഷ്യനെയും അലിയിപ്പിക്കുന്ന കാഴ്ചകളാണ് അവിടം നിറയെ. ഏതു ദുഷ്ടന്റെയും മനസ്സൊന്നു പിടയും. ചിലരുടെ മനസ്സിൽ അതിന്റെ ആഘാതം ഏറെ നാളുകൾ നിന്നേക്കാം. ചിലർക്കാകട്ടെ ആ വരാന്ത വിടുന്നത് വരെയുണ്ടാകൂ അതിന്റെ ആയുസ്സ്. മെഡിക്കൽ കോളേജിന്റെ വരാന്ത നിറയെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നെടുവീർപ്പുകളാണ്. രോഗിയുടെ അവസ്ഥയെ കുറിച്ചുള്ള വേവലാതികൾ, ചികിത്സ ചിലവിനെ കുറിച്ചുള്ള ആശങ്കകൾ. രോഗിയോടുള്ള സഹതാപങ്ങൾ. സമ്മിശ്ര വികാരമെങ്കിലും മനുഷ്യ നന്മ കൂടുതൽ മുഖങ്ങളിലും ദർശിക്കാം. ആ ഒറ്റ അനുഭവം കൊണ്ട് ജീവിതം തന്നെ മാറി എന്ന് കരുതുന്നവരുണ്ടാകാം. ജീവിതത്തിന്റെ അത്തരം യാഥാർഥ്യത്തെ സാദാ സ്മരിച്ചു കൊണ്ട് മുന്നോട്ട് നീങ്ങണം എന്ന് വിചാരിക്കുന്നവരും ഉണ്ടാകാം. പക്ഷെ ചിലരെങ്കിലും അത്തരം കാഴ്ചകൾ പഴകുമ്പോൾ അതിനെ മറക്കുന്നവരാണ്. ആ വരാന്തകളിൽ പോലും വിനോദത്തിൽ ഏർപ്പെടുന്നവരും രോഗീ സന്ദർശനത്തിന് വരുന്ന സ്ത്രീകളുടെ നിമ്നോന്നതങ്ങൾ അസ്വദിക്കുന്നവരുമുണ്ട്!

മനുഷ്യൻ അങ്ങനെയാണ്. നന്മ കൊണ്ട് ഉന്നതനാവാനും തിന്മ കൊണ്ട് അധമനാകാനും അവന് കഴിയും. വാലു പോയ നട്ടെല്ല് നിവർന്ന വെറുമൊരു ജീവി മാത്രമാണ് മനുഷ്യൻ എന്ന പരിണാമ ദർശനം കേവലം വിഡ്ഢിത്തമാകുന്നത് അത് കൊണ്ടാണ്. പ്രപഞ്ചത്തിന്റെ പരസ്പര വിരുദ്ധമായ സ്വഭാവം കൊണ്ട്, വർഗ സംഘട്ടനത്തിന്റെ ഭാഗമായി രൂപപ്പെട്ട കേവല ജീവി വർഗമായി അവനെ കാണാൻ സാധിക്കാത്തതും അത് കൊണ്ടാണ്. ഇത്തരം ജീവിതാനുഭവങ്ങൾ അവന്റെ ചിന്തകളെ മാറ്റി മറിക്കുന്നതും അത് കൊണ്ടാണ്...!

"നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്‌- ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്‌) കഠിനമായ ശിക്ഷയും (സദ്‌വൃത്തര്‍ക്ക്‌) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്‌. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല." [വിശുദ്ധ ഖുർആൻ 57:20]

അവർക്കാവശ്യം നമ്മുടെ പണമല്ല..!

കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ബാംഗ്ലൂരിൽ പുതിയൊരു വാടക വീട്ടിലേക്ക് താമസം മാറിയത്. ആർമി ഓഫീസേഴ്‌സിന് വേണ്ടി AWHO പണിത അപാർട്മെന്റ് ആണ്. വീട്ടുടമ റിട്ടയേർഡ് മേജറാണ്. മേജർ ഭാവന ചിരഞ്ജയ്. കുലീനയായ ഒരു സ്ത്രീയാണവർ. പരിചയപ്പെട്ട അന്ന് മുതൽ തന്നെ തന്റെ സാമൂഹ്യ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരമധ്യേ സൂചിപ്പിച്ചിരുന്നു. അന്നവർ കുട്ടികൾക്കായുള്ള ഒരു ഷെൽട്ടർ പണിയുന്നതിന്റെ തിരക്കിലായിരുന്നു. അതിനു ശേഷം ബന്ധപ്പെടുമ്പോൾ മുഴുവൻ ആ ഷെൽട്ടർ സന്ദർശിക്കാൻ അവരെന്നെ സ്നേഹപൂർവ്വം ക്ഷണിക്കുമായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അതിനുള്ള സമയം ഒത്തു വന്നത്.

പൊതുവെ നഗരങ്ങൾക്ക് ഒരു ഹൃദയഭാഗം ഉണ്ടാകും. വളരെ ചിലവേറിയ ഒരു ഭാഗം. ബാംഗ്ലൂർ നഗരത്തിന് അങ്ങനെ ഒരു ഹൃദയഭാഗം ഉണ്ടോ എന്ന് ചോദിച്ചാൽ മാപ്പിൽ ചിലപ്പോ കാണുമായിരിക്കും. എന്നിരുന്നാലും ബാംഗ്ലൂരിന്റെ ഏകദേശം എല്ലാ കോണുകളിലും ചിലവേറിയ വാസയോഗ്യമായ ലേ ഔട്ടുകൾ ഉണ്ട്. അത്തരമൊരു സ്ഥലത്താണ് ഈ ഷെൽട്ടറും. ആകെ 10 കുട്ടികളെ  ഉൾക്കൊള്ളാൻ പറ്റുന്ന രീതിയിലുള്ള ചെറിയ ഒരു സെറ്റ് അപ്പാണത്. ഞാൻ സന്ദർശിക്കുമ്പോൾ അവിടെ അഞ്ചു കുട്ടികളാണ് ഉണ്ടായിരുന്നത്. അവരുടെ മുഖങ്ങൾ പലപ്പോഴും ബാംഗ്ലൂരിന്റെ ഗതാഗത തിരക്കിൽ നമ്മുടെ വാഹനത്തിന്റെ അടുത്തേക്ക് വന്നു കൈ നീട്ടുന്ന കുഞ്ഞുങ്ങളെ ഓർമിപ്പിച്ചു. നമ്മിൽ പലരും അവരെ അവഗണിക്കുന്നവരും ചിലപ്പോഴൊക്കെ ചില്ലറ നാണയത്തുട്ടുകൾ അവർക്ക് നേരെ നീട്ടുന്നവരുമാണല്ലോ. ചെറിയ ശതമാനം ആണെങ്കിലും അവരെ അനുഭാവപൂർവം പരിഗണിക്കുന്നവരുമുണ്ട്. തെരുവിൽ അലഞ്ഞു തിരിയുന്ന, അനാഥരായ കുട്ടികളാവും ഇവരും എന്നാണ് ഞാനും ചിന്തിച്ചത്.

ഏകദേശം മൂന്നു മണിക്കൂർ അവിടെ ചിലവഴിച്ചു. അപ്പോഴാണ് അവിടെയുള്ള ഓരോ കുട്ടികൾക്കും ഓരോ കഥ പറയാനുണ്ട് എന്ന് ഞാനറിഞ്ഞത്. അവരെ ഇവിടെ എത്തിച്ച കഥ. അവരെ കണ്ടെത്തിയ കഥ. ആ കഥകൾ ഞാൻ ചിന്തിച്ചതിലുമപ്പുറം ആയിരുന്നു. അതിൽ ബാലവേലകൾക്കിടയിൽ രക്ഷപ്പെടുത്തിയവർ മുതൽ ക്രൂരമായ ലൈംഗിക പീഢനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നവർ വരെയുണ്ട്. നാമൊക്കെ മാന്യമായ വ്യവസായം എന്ന് വിശ്വസിക്കുന്ന, ദൈനംദിന ജീവിതത്തിൽ വാങ്ങുന്ന പല സാധനങ്ങളിലും ഒരുപാട് പിഞ്ചു കുഞ്ഞുങ്ങളുടെ കണ്ണീരുണ്ട് എന്ന യാഥാർഥ്യം ഞെട്ടലോടെ തന്നെയാണ് ഞാനും മേജറിൽ നിന്ന് കേട്ടത്.

പല വ്യവസായങ്ങൾക്കും കുട്ടികളെ ഉപയോഗിക്കുന്നത് ആവശ്യമായി വരുന്നുണ്ട് പോലും. അതിലൊന്നാണ് പരുത്തി നുള്ളൽ. പരുത്തി നുള്ളാൻ ഏറ്റവും നല്ലത് അധികം പരക്കാത്ത ചെറിയ കൈകളാണത്രെ! പല രാജ്യങ്ങളിലും ഇത്തരം വ്യവസായങ്ങളിൽ ബാലവേലകൾ കൂടിയത് കാരണം കടുത്ത നടപടികൾ എടുക്കേണ്ടി വന്നിട്ടുണ്ട്. മറ്റൊന്നാണ് വള നിർമാണം. വളകൾ അച്ചിൽ നിന്ന് രൂപപ്പെടുത്തിയത്തിനു ശേഷം അത് സ്വീകരിച്ചു മാറ്റി വെക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്‌ കുട്ടികളെയാണത്രെ. ചെറിയ ഒരു ബോക്സിന്റെ അകത്താണ് ഈ കുട്ടികളെ ഇവർ ഇരുത്തുക. ഏകദേശം 12 മണിക്കൂറോളം പണിയെടുപ്പിക്കും. ഒന്ന് മൂത്രമൊഴിക്കാൻ പോലും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഇടവേളകളാണ്. ഇത്തരം ഫാക്ടറികളിൽ നിന്ന് കുട്ടികളെ മോചിപ്പിക്കാൻ ചില സന്നദ്ധ സംഘടനകൾ തന്നെ പ്രവർത്തിക്കുന്നുണ്ട് ഇന്ത്യയിൽ.

ചില കുഞ്ഞുങ്ങൾ ബാലവേല കാരണം അനാഥമാകുമ്പോൾ ചിലർ അച്ഛന്റെയോ അമ്മയുടേയോ ഉപദ്രവം സഹിക്ക വയ്യാതെ നാടുവിടുന്നവരാണ്. അവരെ തിരിച്ചു കൊണ്ട് പോകാനോ കണ്ടെത്താനോ മാതാപിതാക്കൾ ശ്രമിക്കാറുമില്ല. ഇതിനേക്കാളും എത്രയോ ഭയാനകരമാണ് ലൈംഗീക അതിക്രമങ്ങളിൽ പെട്ട് ഷെൽട്ടറുകളിൽ എത്തിച്ചേരുന്നവരുടെ അവസ്ഥ. നൈമിഷികാനന്ദത്തിന് വേണ്ടി കാമ ഭ്രാന്തരായ പുരുഷന്മാരാൽ പീഡിപ്പിക്കപ്പെടുന്ന കുട്ടികളെ കുറിച്ചൊന്നാലോചിച്ചു നോക്കൂ. അത്തരമൊരു കുട്ടിയെ ഞാനവിടെ കണ്ടു. ഏറിയാൽ ഒരു 12 വയസ്സ് പ്രായം വരും. ഏതോ ഒരു ഭയം ആ കുട്ടിയെ ഇപ്പോഴും അലട്ടുന്നത് ആ കണ്ണിൽ എനിക്ക് കാണാൻ കഴിഞ്ഞു. എല്ലാ കുട്ടികളും എന്നോടും സല്ലപിക്കുകയും കളിക്കുകയും ചെയ്യുമ്പോഴും ആ കുട്ടി മാത്രം ഒതുങ്ങി നിൽക്കുകയായിരുന്നു. എന്തെങ്കിലും ചോദിച്ചാൽ പൂർണമായും വിടരാത്ത ഒരു പുഞ്ചിരി സമ്മാനിച്ച് കൊണ്ട്.

ഒന്നാകാശത്തേക്ക് പോലും നോക്കാൻ നേരമില്ലാത്ത നമ്മുടെ തിരക്കുകളെ കുറിച്ച് ഞാനൊരിക്കൽ എഴുതിയിട്ടുണ്ട്. ജീവിതത്തിലെ യാഥാർഥ്യങ്ങളെ തിരിച്ചറിയാൻ സമയമില്ലാതെ പോകുന്ന എന്നെയും നിങ്ങളെയും പോലുള്ള മനുഷ്യർക്ക് ഇത്തരം വാർത്തകൾ നിമിഷ നേരത്തിലേക്കുള്ള ഒരു വേദന മാത്രമാണ്. ഞാനവർക്ക് കുറച്ചു പണം കൊടുത്താലോ എന്ന ചിന്തയാവും ആദ്യം മനസ്സിൽ വരിക. പക്ഷെ അവർക്ക് വേണ്ടത് നമ്മുടെ പണമല്ല. അവരും നമ്മളെ പോലുള്ള മനുഷ്യരാണ് എന്ന പരിഗണനയാണ്. സ്നേഹപൂർവ്വം അവരെയൊന്നു തലോടാൻ നമുക്ക് സാധിച്ചാൽ ചിലപ്പോൾ അതാവും നിങ്ങളുടെ പോക്കറ്റിലെ നോട്ടുകളെക്കാൾ അവർക്ക് ആശ്വാസം നൽകുക. അതിന് എനിക്കും നിങ്ങൾക്കും സാധിച്ചിരുന്നെങ്കിൽ...!

"നിങ്ങള്‍ ഭൂമിയിലുള്ളവരോട്‌ കരുണ കാണിക്കുക, ആകാശത്തുള്ളവന്‍ നിങ്ങളോട്‌ കരുണ കാണിക്കും.''(മുഹമ്മദ് നബി)

മതം ചർച്ച ചെയ്യപ്പെടേണ്ടതില്ലെയോ?

2010 ജനുവരി 2ആം തീയതി ആണെന്ന് തോന്നുന്നു ഞാൻ ആദ്യമായി വിമാനത്തിൽ യാത്ര ചെയ്തത്. മതവും ദൈവവും ദൈവസ്തിത്വവുമെല്ലാം എന്റെ ചിന്തകളെ ശക്തമായി സ്വാധീനിക്കാൻ തുടങ്ങിയ സമയമായിരുന്നു അത്. അത് കൊണ്ടുതന്നെ ആദ്യമായി അനുഭവിച്ച ആകാശകാഴ്ചകളുടെ കൗതുകത്തേക്കാൾ എന്നെ ചിന്തിപ്പിച്ചത് മനുഷ്യന്റെ നിസ്സാരതയെയും മനുഷ്യദൈവങ്ങളുടെ നിസ്സഹായതയേയുമായിരുന്നു. ദൈവം എന്നത് ആദികാരണമാണെങ്കിൽ, ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ചവനാണെങ്കിൽ മനുഷ്യന്റെ ദൈവസങ്കല്പങ്ങൾ എത്രത്തോളം വ്യർത്ഥമാണെന്ന സന്ദേഹമായിരുന്നു.

മുഖ്യധാരാ മതങ്ങളെല്ലാം ദൈവത്തെയോ ദൈവങ്ങളെയോ കുറിച്ച് പ്രസ്താവിക്കുന്നുണ്ട്. മതവിശ്വാസികളാവട്ടെ അവയിൽ വിശ്വസിക്കുന്നവരുമാണ്. മതങ്ങൾ ദൈവത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും ചില സങ്കൽപ്പങ്ങൾ മുന്നോട്ട് വെക്കുന്നു. മനുഷ്യന്റെ ആത്മീയദാഹം കാണാൻ മതങ്ങൾക്ക് കഴിയുന്നു എന്നത് കൊണ്ട് തന്നെ അത് കാണാൻ കഴിയാതെപോയ ഭൗതിക ആദർശങ്ങളെയൊന്നും പൂർണമായും പുൽകാൻ മനുഷ്യന് കഴിഞ്ഞില്ല. അത് 'തിന്നുക, കുടിക്കുക, ആനന്ദിക്കുക' എന്ന മുതലാളിത്ത സിദ്ധാന്തമായാലും മതത്തെ ലഹരിയായി കണ്ട മാർക്സിസമായാലും ശരി.

എന്തിനു ജനിച്ചു എങ്ങനെ ജനിച്ചു എന്നറിയാൻ നാളെയുണ്ടാവുമോ എന്നുറപ്പില്ലാത്ത ഈ ജീവിതത്തിന്റെ യാഥാർഥ്യത്തെ കുറിച്ചറിയാൻ ഭൗതികവാദികളും, നാം ഭരമേല്പിക്കുന്ന പ്രാർത്ഥിക്കുന്ന ശക്തി ഏതാണെന്നറിയാൻ വിശ്വാസികളും മതത്തെ ചർച്ചാ വിഷയമാക്കേണ്ടതുണ്ട് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. മതം എന്നത് മനസ്സിന്റെ ഉള്ളിൽ സ്വകാര്യമായി ഒളിപ്പിച്ചു വെക്കേണ്ട ഒന്നാണോ എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ജീവിതത്തിലെ ഓരോ തീരുമാനങ്ങളും ചിന്തിച്ചെടുക്കുന്ന നമുക്ക് മതം മാത്രം എന്ത് കൊണ്ട് പാരമ്പര്യമായി കിട്ടിയ അന്ധതയാവുന്നു എന്ന് ചിന്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഓർക്കുക അവിടെ പ്രതിക്കൂട്ടിലാവുന്നത് നമ്മുടെ ദൈവ സങ്കല്പവും തോൽക്കുന്നത് നമ്മുടെ പ്രാർത്ഥനകളുമാവും!

മുല്ലപ്പെരിയാർ അണക്കെട്ടും ബീവറുകളും

കേരളത്തിൽ ഗവണ്മെന്റ് മാറി വന്നപ്പോഴാണ് ഒരിടവേളയ്ക്ക് ശേഷം മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം ചർച്ച ചെയ്യപ്പെട്ടത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലവും ബലക്ഷയവും കേരത്തിന്റെ തെക്കു ഭാഗത്തു താമസിക്കുന്ന ആളുകളുടെ ആശങ്കയും ഒക്കെയാണ് കൂടുതലായും സജീവ ചർച്ചയിൽ കടന്നു വരാറ്. 1867 ൽ നിർമാണമാരംഭിച്ചു 1895 പൂർത്തിയായ, 120 വർഷത്തിലധികം പഴക്കമുള്ള ഒരു അണക്കെട്ടിന്റെ സംഭരണം 142 അടിയിൽ മീതെയാവുമ്പോൾ അതിനു താഴെ താമസിക്കുന്നവർക്ക് ആശങ്ക തോന്നുക സ്വാഭാവികമാണ് താനും. ഇത്രയധികം ജലത്തെ നൂറ്റാണ്ടുകൾക്കിപ്പുറവും കൃത്യമായ രീതിയിൽ തടഞ്ഞു നിർത്താൻ മനുഷ്യ നിർമിതമായ ഒരു അണക്കെട്ടിന് എങ്ങനെ സാധിക്കുന്നു എന്നത് അണക്കെട്ടുകളുടെ നിർമാണത്തെക്കുറിച്ചും അതിന്റെ സാങ്കേതിക വിദ്യയെ കുറിച്ചും അറിയാൻ ഉള്ള ഒരു കൗതുകം നമ്മിൽ ഉണർത്തിയേക്കാം.

ജലപ്രവാഹത്തിന്റെ ഗതിമാറ്റാനും ജലഗതാഗത്തിനും വൈദ്യുതിയുടെ കണ്ടുപിടിത്തത്തോടെ വൈദ്യുതോല്പാദനത്തിനും ഒക്കെയാണ് മനുഷ്യൻ പ്രധാനമായും അണക്കെട്ടുകൾ നിർമിച്ചു തുടങ്ങിയത്. ഇന്ത്യ, ഈജിപ്റ്റ്, ശ്രീലങ്ക, ഇറ്റലി മുതലായ രാജ്യങ്ങളിൽ പ്രാചീനകാലത്തുതന്നെ അണക്കെട്ടുകൾ നിർമ്മിക്കപ്പെട്ടിരുന്നു. ബി.സി. 2900-ത്തിനടുത്ത് ഈജിപ്തിൽ നൈൽ നദിയിൽ നിർമിച്ച അണക്കെട്ടും അക്കാലങ്ങളിൽ തന്നെ ടൈഗ്രിസ് നദിയിൽ നിർമിച്ച ഒരു മണ്ണണക്കെട്ടും ആണ് അറിയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പഴക്കമുള്ളവ. ഭാരസംവഹനം കാര്യക്ഷമമാക്കുന്നതിനു വേണ്ടി ആർച്ച് രീതിയിൽ (അർദ്ധ വൃത്താകൃതിയിൽ) അണക്കെട്ടുകൾ നിർമിച്ചാൽ മതിയെന്നും പ്രാചീനകാലത്ത് തന്നെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അത്തരം സാങ്കേതികവിദ്യകൾ ഒരുപാട് അന്വേഷണ പരീക്ഷണങ്ങൾക്ക് ഒടുവിലായിരിക്കും മനുഷ്യൻ സ്വായത്തമാക്കിയിട്ടുണ്ടാവുക എന്നതിൽ തർക്കമുണ്ടാവില്ലല്ലോ.

വൈദ്യുതോല്പാദനത്തിനും കാർഷികാവശ്യങ്ങൾക്കും മറ്റുമാണ് മനുഷ്യൻ അണക്കെട്ടുകൾ നിർമിക്കുന്നതെങ്കിൽ കാനഡയുടെ ദേശീയ മൃഗമായ ബീവറുകൾ വീട് പണിയുന്നതിന് വേണ്ടിയാണ് അണക്കെട്ടുകൾ നിർമിക്കുന്നത്. കാട്ടിലെ എഞ്ചിനീയർ എന്ന് വിശേഷണമുള്ള ബീവറുകൾ അണക്കെട്ടുകൾ നിർമിക്കാൻ ആഗ്രഗണ്യന്മാരാണ്. മരത്തടികളും ഇലകളും കല്ലും ചളിയുമൊക്കെ ഉപയോഗിച്ചാണ് ബീവറുകളുടെ ഡാം നിർമാണം. പുഴക്കരയിലെ മരങ്ങൾ കൃത്യമായി പുഴയിലേക്ക് പതിക്കത്തക്ക വിധം കരണ്ടു മുറിക്കാൻ ബീവറുകൾക്ക് കഴിവുണ്ട്. മരങ്ങൾ കരണ്ടു തിന്നുന്നതിനു മുൻപായി ഊർജ്ജസംഭരണത്തിന് വേണ്ടി ഇലകൾ ഭക്ഷിക്കും. മുൻ വശങ്ങളിലെ നീണ്ട പല്ലുകളാണ് മരങ്ങൾ കരണ്ടു മുറിക്കാൻ ബീവറുകളെ സഹായിക്കുന്നത്. അഥവാ മരങ്ങൾ ദിശ മാറി വീണാലും അവ വലിച്ചു കൊണ്ട് പോകുന്നതിനും ഈ പല്ലുകൾ സഹായിക്കുന്നു. ഇൻസൈസറുകൾ എന്നാണ് ബീവറുകളുടെ മുൻ പല്ലുകൾ അറിയപ്പെടുന്നത്. നാലു ഇൻസൈസറുകളാണ് ഒരു ബീവറിന് ഉണ്ടാവുക. മനുഷ്യരുടെ പല്ലുകളെ പോലെ പെട്ടെന്നു തേഞ്ഞു പോവുകയില്ല അവ. ചിലപ്പോഴൊക്കെ പൊട്ടിപ്പോവുമെങ്കിലും മരണം വരെ വളർന്നു കൊണ്ടിരിക്കുന്നതിനാൽ അതൊരു പ്രശ്നമാവില്ല. ഒരു വർഷം ഏതാണ്ട് 400 മരങ്ങൾ വരെ മുറിച്ചിടാൻ ബീവറുകൾക്ക് സാധിക്കും എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

പ്രധാനമായും ഒഴുക്കിനെ തടഞ്ഞു വെള്ളം കെട്ടിനിർത്തുക എന്നതാണ് ബീവറുകളുടെ ഉദ്ദേശം എന്നത് കൊണ്ട് തന്നെ അർദ്ധ വൃത്താകൃതിയിൽ 45 ഡിഗ്രി കോണിലാണ് അണക്കെട്ടുകൾ നിർമിക്കുക. മനുഷ്യൻ നിരവധി വർഷത്തെ അധ്വാനഫലമായി സ്വായത്തമാക്കിയ അറിവ് ജനിക്കുമ്പോൾ തന്നെ ബീവറുകൾക്ക് ലഭിക്കുന്നു എന്ന് ചുരുക്കം. ഭാരമുള്ള മരങ്ങൾ അടിയിലും ഭാരം കുറഞ്ഞവ മുകളിലുമായാണ് അട്ടിയിടുക. ഇടക്കുള്ള വിള്ളലുകൾ ചളിയും ഇലകളും ഉപയോഗിച്ചുണ്ടാക്കുന്ന ഒരു പ്രത്യേക മിശ്രിതം വെച്ച് അടക്കുന്നു. വെള്ളം കടക്കാത്തതും ഒലിച്ചു പോകാത്തതുമാണ് ഈ മിശ്രിതം.

ഡാം ഉണ്ടാക്കിയതിന് ശേഷം പൊയ്കയുടെ അടിത്തട്ടിൽ തീരത്തോട് ചേർന്ന സ്ഥലത്താണ് ബീവറുകൾ വീടുണ്ടാക്കുക. പുറമെ നിന്ന് നോക്കിയാൽ മരങ്ങൾ അട്ടിയിട്ടതായി മാത്രമേ കാണാൻ സാധിക്കൂ. പക്ഷെ ഉൾവശം കൃത്യമായി രൂപ കല്പന ചെയ്തതായിരിക്കും. കിടപ്പുമുറിയും വിശ്രമമുറിയും ഭക്ഷണ കലവറയും എല്ലാം അടങ്ങിയ ഒന്നാന്തരം വീട്. വീട്ടിലേക്കുള്ള കവാടം അതീവ സുരക്ഷിതവും വെള്ളത്തിനടിയിലുമായിരിക്കും. ഈ തുരങ്കം ചെന്നെത്തുക വെള്ളം കിടക്കാത്ത  മുകളിലുള്ള അറയിലേക്കായിരിക്കും. വായു സഞ്ചാരത്തിനായി ഒരു കിളിവാതിലുമുണ്ടാവും അതിൽ. ശൈത്യകാലത്തു ജലം ഉറഞ്ഞു കട്ടയാവുമ്പോഴും നാല് മീറ്ററോളം ആഴത്തിൽ വെള്ളം തടഞ്ഞു നിർത്തിയതിനാൽ അടിയിലെ ഉറയാത്ത വെള്ളത്തിന്റെ പാളിയിലൂടെ സഞ്ചരിക്കാനും വീടിനുള്ളിലേക്ക് കടക്കാനും അവക്ക് സാധിക്കും. ശൈത്യകാലം കഴിയുമ്പോൾ മഞ്ഞുരുകി ജലനിരപ്പുയർന്നാലും വീടിനെ രക്ഷിക്കാൻ മാർഗ്ഗമുണ്ട്. ഡാമിന്റെ ഒരറ്റത്തുണ്ടാക്കിയ വിള്ളലിലൂടെ അധികമുള്ള വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയും!

ബീവറുകളുടെ ശരീരഘടനയാണ് മറ്റൊരത്ഭുതം. പല്ലുകളുടെ കാര്യം മുൻപ് സൂചിപ്പിച്ചല്ലോ. മുന്നിരയിലെ പല്ലുകൾ ജീവിതകാലം മുഴുവൻ വളരുമ്പോഴും പിൻനിരയിലുള്ളവ ഒരു നിശ്ചിത അളവു വരെയേ വളരുകയുള്ളൂ. ജനിച്ചു അല്പസമയം കൊണ്ട് തന്നെ നീന്താൻ കഴിവുള്ള ബീവറുകൾക്ക് അതിനു സഹായകമായി ചർമം കൊണ്ടുള്ള കാലുകൾ ഉണ്ട്. ഇവ വെള്ളത്തെ ശക്തിയായി പുറകോട്ട് തള്ളാൻ സഹായിക്കുന്നു. അവയുടെ പ്രത്യേക രീതിയിലുള്ള പരന്ന വാൽ ദിശ മാറ്റാനും ഉപയോഗിക്കുന്നു. വെള്ളത്തിനടിയിൽ കൂടി നീന്തുമ്പോൾ കണ്ണുകളുടെ സംരക്ഷണത്തിനായി സുതാര്യമായ കൺപോളകളും ചെവിയും മൂക്കും വെള്ളം കയാറാനാവാത്ത വിധം അടക്കാൻ അടപ്പുകളും അവക്കുണ്ട്!

സ്വന്തമായി ഡാം നിർമിക്കാനും അതും ഒഴുകുന്ന വെള്ളത്തിന്റെ ഒഴുക്കിനെ കൃത്യമായി തടയുന്ന രീതിയിൽ നിർമിക്കാനും സമൃദ്ധമായി രൂപകൽപന ചെയ്ത വീട് നിർമിക്കാനും ഒക്കെയുള്ള കഴിവ് ബീവറുകൾക്ക് യാദൃശ്ചികമായി ലഭിച്ചതല്ല എന്ന് ചിന്തിക്കാൻ കഴിവുള്ള ആർക്കും പെട്ടെന്ന് മനസ്സിലാവുന്ന കാര്യമാണ്. സ്വന്തം ശരീരത്തെ തന്റെ അവശ്യങ്ങൾക്കനുസരിച്ചു നിർമിക്കുക എന്നതും അവയ്ക്ക് അസാധ്യമാണല്ലോ. അത് കൊണ്ടാണ് ബീവറുകൾ അടക്കമുള്ള ഇത്തരം ജീവികളിലേക്ക് നോക്കുമ്പോൾ പരിണാമവാദികൾക്ക് ഉത്തരം മുട്ടുന്നത്. പ്രകൃതിയിലേക്കും പ്രപഞ്ചത്തിലേക്കും കണ്ണോടിക്കുമ്പോൾ ഒരു സംവിധായകന്റെ സാന്നിധ്യവും ആവശ്യവും നമുക്ക് കണ്ടെത്താൻ സാധിക്കും, പക്ഷേ ആത്മാർത്ഥമായി ഒന്ന് ആകാശത്തേക്ക് നോക്കാൻ പോലും കഴിയാത്ത നമുക്ക്, പ്രകൃതി വിഭവങ്ങൾ ആസ്വദിച്ചു മാത്രം ശീലിച്ച നമുക്ക് അതിനു സാധിക്കാതെ പോകുന്നു എന്ന് മാത്രം!

ഫിദൽ കാസ്ട്രോ വിട വാങ്ങുമ്പോൾ

ഫിദൽ കാസ്ട്രോ! ഒറ്റ വാക്കിൽ സംഭവബഹുലമാണ് ആ ജീവിതം. 90 വയസ്സ് വരെ വിപ്ലവകാരിയായി ജീവിച്ച വ്യക്തിത്വം. തികഞ്ഞ കമ്മ്യൂണിസ്റ്റ്. മാർക്സിന്റെ സമത്വസുന്ദര സാമൂഹ്യ വ്യവസ്ഥ എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ തന്റെ ജീവിതം ഉഴിഞ്ഞു വെച്ച നേതാവ്. 1926 ൽ ക്യൂബയിലെ ബിറാനിൽ ജനിച്ച അദ്ദേഹം ഏകദേശം 26 ആമത്തെ വയസ്സിലാണ് മാർക്സിസത്തിലേക്ക് അകർഷിക്കപ്പെടുന്നത്. അതിനെ കുറിച്ചു അദ്ദേഹം പറയുന്നു.

"സമൂഹം എന്താണെന്ന് എന്നെ പഠിപ്പിച്ചത് മാർക്സിസം ആണ്. കാട്ടിൽ ദിക്കുകളറിയാതെ ഉഴലുന്ന ഒരു അന്ധനെപ്പോലെയായിരുന്നു ഞാൻ. വർഗ്ഗസമരത്തിന്റെ ചരിത്രം നിങ്ങൾക്കറിയില്ലെങ്കിൽ, സമൂഹത്തിൽ പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള ചേരിതിരിവിനെക്കുറിച്ച് നിങ്ങൾ അജ്ഞനാണെങ്കിൽ ശരിക്കും നിങ്ങൾ കാട്ടിലകപ്പെട്ട അന്ധനാണ്"

നാളിതുവരെ നിലനിന്ന മനുഷ്യചരിത്രം വർഗ്ഗസമരങ്ങളുടെ ചരിത്രമാണ് എന്ന ആചാര്യന്റെ വാക്കുകൾ പ്രയോഗവൽക്കരിക്കാൻ ക്യൂബൻ കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചു കൊണ്ട് അദ്ദേഹം വിപ്ലവം നയിച്ചു. ബൂർഷ്വാസികളെ തുരത്താനും സ്വകാര്യസ്വത്തെന്ന 'വലിയ തിന്മയെ' സമൂഹത്തിൽ നിന്നും തുടച്ചു നീക്കാനും നിരന്തരമായ പ്രക്ഷോഭത്തിലൂടെയും ഗറില്ലാ പോരാട്ടങ്ങളിലൂടേയും അദ്ദേഹം ശ്രമിച്ചു. അനുജൻ റൗൾ കാസ്ട്രോയും സമകാലിക കമ്മ്യൂണിസ്റ്റ് വിപ്ലവനായകനായ ചെഗുവേരയും അദ്ദേഹത്തെ പിന്തുണച്ചു. അവസാനം 1959 ൽ ബാറ്റിസ്റ്റ ഗവൺമെന്റിനെ താഴെയിറക്കി ക്യൂബ സോഷ്യലിസമെന്ന കമ്മ്യൂണിസ്റ്റ് സ്വപ്നത്തിലേക്ക് നടന്നു നീങ്ങി.

അധികാരം എന്നെ ഭ്രമിപ്പിക്കുന്നില്ല, ഞാനൊരിക്കലും അതേറ്റെടുക്കുവാനും പോകുന്നില്ല എന്ന് ആദ്യ കാലത്തു പറഞ്ഞിരുന്നെങ്കിലും വിപ്ലവനാന്തരം കാസ്ട്രോ അധികാരമേറ്റെടുത്തു. മൂലധനാധിഷ്ഠിതവ്യവസ്ഥയ്ക്കും കമ്യൂണിസത്തിനും ഇടയിലുള്ള ഒരു നീണ്ട കാലഘട്ടമായ സോഷ്യലിസത്തെ നയിക്കാൻ അദ്ദേഹം മുന്നണിപ്പോരാളിയായി. ലോകത്തെ മറ്റുള്ള കമ്മ്യൂണിസ്റ്റ് ഭരണാധികാരികളെ പോലെത്തന്നെ കാർക്കശ്യക്കാരനായ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹവും. കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലൂടെ  സോഷ്യലിസത്തിലേക്ക് സോവിയറ്റ് യൂണിയനെ നയിച്ച ലെനിനായിരുന്നു കാസ്ട്രോയുടെയും മാതൃക. പക്ഷെ അതേ സോവിയറ്റ് യൂണിയൻ സോഷ്യലിസം തകർത്ത് മുതലാളിത്തത്തിലേക്ക് നീങ്ങിയത് ചരിത്രം. ചരിത്രം അവർത്തിച്ചില്ലെങ്കിലും കമ്മ്യൂണിസ്റ്റ് ചിന്തകൾ പുതിയ കാലഘട്ടത്തിനനുസരിച്ചു ഉടച്ചു വാർക്കൽ അനിവാര്യമാണെന്ന് കാസ്ട്രോയ്ക്കു മനസ്സിലായി. മുതലാളിത്തവ്യവസ്ഥത്തയിലേക്കുള്ള മാറ്റം കൂടാതെ നിലനിന്നുപോകാൻ കഴിയില്ലെന്ന് അദ്ദേഹവും തിരിച്ചറിഞ്ഞു. സ്വതന്ത്ര വിപണി, ചെറുകിട സ്വകാര്യ സംരംഭങ്ങൾ തുടങ്ങിയ ഉദാരവൽക്കരണങ്ങൾ ക്യൂബയിൽ അനുവദിക്കപ്പെട്ടു തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ ക്യൂബ ഇന്ന് കമ്മ്യൂണിസത്തിലേക്കുള്ള സോഷ്യലിസ്റ്റ് പാതയിലല്ല എന്ന് നിസ്സംശയം പറയാം.

മാർക്സിയൻ സ്വപ്നം ലോകത്തു നടപ്പിലാക്കാൻ ശ്രമിച്ചവരെല്ലാം പരാജയം രുചിച്ചിട്ടേ ഉള്ളൂ കാസ്ട്രോയും 90 വയസ്സുവരെ, നീണ്ട 49 വർഷം ഭരിച്ചിട്ടും അതിൽ വിജയിച്ചില്ല! മാർക്സിസത്തിന്റെ വൈരുദ്ധ്യാത്മക ചരിത്രവാദം അബദ്ധമാണെന്നു സോവിയറ്റ് യൂണിയനിൽ തന്നെ തെളിഞ്ഞതാണ്. സൃഷ്ടാവിനെ നിഷേധിക്കാൻ ദൈവത്തെക്കാൾ ബുദ്ധിയുള്ള വസ്തുവായി പദാർത്ഥത്തെ സങ്കല്പിച്ചുണ്ടാക്കിയ അതിന്റെ പ്രപഞ്ച വീക്ഷണം തെറ്റാണെന്ന് ശാസ്ത്രവും തെളിയിച്ചതാണ്. ഒരായുസ്സുമുഴുവൻ ആ സിദ്ധാന്തത്തെ പ്രയോഗവൽക്കരിക്കാൻ ശ്രമിച്ച കാസ്ട്രോയിൽ നിന്നും ലെനിനിൽ നിന്നും മാവോയിൽ നിന്നുമെല്ലാം നാം പഠിക്കേണ്ടതും ആ പാഠമാണ്. മനുഷ്യന്റെ സ്വാതന്ത്ര്യ ദാഹം കാണാൻ കഴിഞ്ഞുവെന്നതാണ് മാർക്സിസത്തിന്റെ സൗന്ദര്യം, പക്ഷെ മനുഷ്യനിൽ ആ ദാഹം അങ്കുരിപ്പിക്കുന്ന ആത്മാവിനെ കാണാൻ കഴിഞ്ഞില്ല എന്നതാണ് അതിന്നു പറ്റിയ തെറ്റ്! മനുഷ്യന്റെ യഥാർത്ഥ അസ്തിത്വത്തെ കാണാനും മാർക്സിസത്തിനു കഴിഞ്ഞില്ല. മനുഷ്യനിൽ മനുഷ്യനെ കാണാൻ കഴിയാത്ത ആദർശത്തിന് എങ്ങനെ മാനവമോചനം സാധ്യമാകും?

പ്രബോധനത്തിന്റെ പ്രാധാന്യം

'യാ സബാഹാ'... അറബികൾക്ക് ഏറെ പരിചിതമായിരുന്നു ആ വിളി. ശത്രുവിന്റെ പൊടുന്നനെയുള്ള ആക്രമണം ആദ്യം കാണുന്ന വ്യക്തി മറ്റുള്ളവരെ വിളിച്ചറിയിക്കാൻ ഉപയോഗിച്ച വാക്ക്. മദ്യവും മദിരാശിയും വ്യാപകമായ കടുത്ത വിഗ്രഹരാധനായിലും വിഗ്രഹാനുരാഗത്തിലും ആണ്ടിറങ്ങിയ ഒരു സമൂഹത്തിനോട് അല്ലാഹുവിന്റെ കല്പനപ്രകാരം സഫാ മലയുടെ മുകളിൽ കയറി മുഹമ്മദ് നബി (സ) അതെ വാക്ക് ഉറക്കെ വിളിച്ചു പറഞ്ഞു, 'യാ സബാഹാ'.. ആ വിളി കേട്ട പാടെ ഖുറൈശി ഗോത്രങ്ങൾ മുഴുവൻ അവിടെ ഒരുമിച്ചു കൂടി. അവരെ സംബോധന ചെയ്തു കൊണ്ട് റസൂൽ (സ) ചോദിച്ചു;

"അബ്ദുൽ മുത്തലിബിന്റെയും ഫിഹ്റിന്റെയും കഅബിന്റെയും മക്കളേ, ഈ മലയുടെ മറുഭാഗത്തു നിങ്ങളെ ആക്രമിക്കാൻ ഉദ്ദേശിച്ച് ഇരു സൈന്യം നില്പുണ്ടെന്നു പറഞ്ഞാൽ നിങ്ങൾ എന്നെ അംഗീകരിക്കുമോ?"

നാളിതുവരെ സത്യസന്ധനും വിശ്വസ്തനുമായ ഒരു വ്യക്തിയുടെ ആ ചോദ്യത്തിനോട് അതെ എന്നല്ലാതെ ഉത്തരം പറയാൻ അവർക്കാവുമായിരുന്നില്ല. റസൂൽ (സ) തുടർന്നു;

"എന്നാൽ മനസിലാക്കുക, നിങ്ങളുടെ തൊട്ടുമുമ്പിൽ എത്തിക്കഴിഞ്ഞ കഠിനമായ ഒരു ശിക്ഷയെക്കുറിച്ച് നിങ്ങൾക്ക് മുന്നറിയിപ്പു നല്കുന്നവനാണ് ഞാൻ"

ശേഷം സുന്ദരവും വ്യക്തവുമായ ശൈലിയിലൂടെ റസൂൽ (സ) അവരെ ചില യാഥാർഥ്യങ്ങളിലേക്ക് വഴി നടത്തി. യഥാർത്ഥ ശത്രു ഇപ്പുറത്തു മറഞ്ഞിരിക്കുന്നവരല്ല അത് നിങ്ങളുടെ മനസ്സിൽ കൂടിയിരിക്കുന്ന വിഗ്രഹ-ബഹുദൈവരാധനയും മനോവിചാരങ്ങളോടുള്ള പൂജയുമാണെന്ന് അവരോടുണർത്തി.

ലോകത്തു നിയുക്തരായ സകല പ്രവാചകരും ഈ ഒരു മുന്നറിയിപ്പു നൽകാൻ വേണ്ടി നിയുക്തരായവരാണ്. അവസാന പ്രവാചകന് ശേഷം ആ ദൗത്യം ഏറ്റെടുക്കേണ്ട ബാധ്യത ആ പ്രവാചകനെ അനുധാവനം ചെയ്യുന്ന മുസ്ലിം സമൂഹത്തിന്റേതാണ്. ഏതൊരു വിധ സാഹചര്യവും അതിൽ അവർക്ക് തടസ്സമാകാരുത്. യുക്തിപൂർവ്വവും ഗുണകാംശയോടും കൂടി അവരത് നിർവഹിക്കണം. ഇസ്ലാം സ്വീകരിച്ച അമ്മാറുബ്നു യാസിറിനെയും മാതാവിനെയും ചുട്ടു പഴുത്ത മണലിലിട്ട് പലതരത്തിൽ പീഡിപ്പിച്ചപ്പോൾ അത് വഴി കടന്നു പോയ റസൂൽ (സ) പറഞ്ഞത് "യാസിർ കുടുംബമേ ക്ഷമിക്കുക. നിങ്ങളുടെ വാഗ്ദത്ത സ്ഥലം സ്വർഗമാണ്" എന്നാണ്.

ഏക ദൈവരാധന മനസ്സിലുറപ്പിച്ചു കൊണ്ട് സൽപ്രവൃത്തികളും സൽസ്വഭാവങ്ങളും ജീവിതത്തിൽ പകർത്താൻ പ്രേരിപ്പിച്ചു കൊണ്ട് അയൽക്കാരോടും മനുഷ്യ സമൂഹത്തോടും പക്ഷിമൃഗാദികളോടും പരിസ്ഥിതിയോടും ഒക്കെയുള്ള മനുഷ്യന്റെ ബാധ്യതകൾ ഉണർത്തിച്ചു കൊണ്ട് അവരെ സമൂഹത്തിന് മുതൽക്കൂട്ടാക്കി മാറ്റുകയാണ് ഇസ്ലാം ചെയ്യുന്നത്. അത്തരമൊരു മാറ്റത്തിന് യഥാർത്ഥ ദൈവ സങ്കല്പത്തെ തിരിച്ചറിയൽ അത്യന്താപേക്ഷിതമാണ്. അവിടെയാണ് ആ മുന്നറിയിപ്പിന്റെ പ്രാധാന്യവും. അതിന്നു മുന്നിൽ ബാക്കിയെല്ലാം രണ്ടാമതാകുന്നതും അത് കൊണ്ടാണ്.

"ഒരു സമൂഹത്തിനു മുന്നറിയിപ്പു നൽകാനാണ് (അജയ്യനും കാരുണ്യവാനുമായ അല്ലാഹു ഇതിനെ അവതരിപ്പിച്ചത്.) അവരുടെ പൂർവ പിതാക്കന്മാർക്ക് മുന്നറിയിപ്പ് നല്കപ്പെട്ടിട്ടില്ല. അവർ തികഞ്ഞ ആശ്രദ്ധയിലുമാണ്." [വിശുദ്ധ ഖുർആൻ 36:6]

വർഗ്ഗവും വർഗീയതയും


തൊഴിലാളി വർഗത്തിന്റെ വിമോചനത്തിനുള്ള ഉപാധികളുടെ സിദ്ധാന്തമാണ് കമ്മ്യൂണിസം. അതായത് കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും തൊഴിലാളി വർഗത്തെ പ്രതിനിധീകരിക്കുകയും അവരുടെ മോചനത്തിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നു എന്നർത്ഥം. തൊഴിലാളി വർഗം എന്നാൽ സ്വന്തം അധ്വാനം വിൽക്കുന്നതിലൂടെ മാത്രം സമ്പാദിക്കുന്ന, ഉപജീവനം നടത്തുന്ന സമൂഹത്തിലെ വർഗമാണ്. അവർക്ക് ഏതെങ്കിലും മൂലധനത്തിലൂടെയുള്ള ലാഭമോ സമ്പാദ്യമോ ഉണ്ടാവുന്നതല്ല.

ഒരു പ്രത്യേക ആചാരങ്ങളോ അനുഷ്ഠാനങ്ങളോ കൊണ്ട് നടക്കുന്ന അതേ സമൂഹത്തിലെ തന്നെ ഒരു വിഭാഗമാണ് മത വിശ്വാസികൾ. മുഖ്യധാരാ മതങ്ങളിൽ വിശ്വസിക്കുന്നവരെല്ലാം ദൈവത്തിലോ ദൈവങ്ങളിലോ വിശ്വാസമുള്ളവരാണ്. സമൂഹത്തിൽ പല മതങ്ങളിൽ വിശ്വസിക്കുന്ന വിവിധ വിഭാഗങ്ങളെ കാണാൻ കഴിയും. ചുരുക്കത്തിൽ, കമ്മ്യൂണിസ്റ്റുകാർ തൊഴിലാളി വർഗ്ഗത്തിനു വേണ്ടി നില കൊള്ളുകയും ശബ്ദമുയർത്തുകയും ചെയ്യുന്നുവെങ്കിൽ മത വിശ്വാസികൾ അവരുടെ വിശ്വാസ സംരക്ഷണത്തിന് വേണ്ടിയും ആദർശ പ്രബോധനത്തിനു വേണ്ടിയും പണിയെടുക്കുന്നു. ഈ രണ്ടു കൂട്ടരും സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി നില കൊള്ളുമ്പോൾ കമ്മ്യൂണിസ്റ്റുകാരന്റേത് മാത്രം മനുഷ്യത്വവും വിശ്വസികളുടേത് വർഗീയതയും ആവുന്നത് എന്ത് കൊണ്ടാണ് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. കമ്മ്യൂണിസ്റ്റുകാരന് തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാമെങ്കിൽ വിശ്വാസികൾക്ക് അവരുടെ ആദർശ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുകയും അവർക്ക് നേരിടേണ്ടി വരുന്ന അന്യായങ്ങൾക്ക് എതിരിൽ സമാധാനപരമായി ശബ്ദമുയർത്തുകയും ചെയ്തു കൂടെ?

തൊഴിലാളി വർഗ്ഗത്തിനിടയിൽ പല മതത്തിലും വിശ്വസിക്കുന്നവർ ഉണ്ട് പക്ഷെ മത വിശ്വാസികൾ ഒരു പ്രത്യേക മതത്തിൽ വിശ്വസിക്കുന്നവരെ മാത്രം ഉൾക്കൊള്ളുന്നു എന്നതാണ് ചോദ്യമെങ്കിൽ മതങ്ങൾ തൊഴിലാളികളെയും മുതലാളിമാരെയും ഉൾക്കൊള്ളുന്നു എന്ന് തിരിച്ചു പറയാനാകും. യഥാർത്ഥത്തിൽ കമ്മ്യൂണിസം മതങ്ങളെ ഉൾക്കൊള്ളുന്നത് തന്നെ അത് മനുഷ്യരെ ബാധിച്ച ഒരു ലഹരിയായിട്ടാണ്. അത് കൊണ്ട് മത വിശ്വാസികളെ പൂർണമായും ഉൾക്കൊള്ളുന്നു എന്ന് പറയാനാവില്ല.

കമ്മ്യൂണിസ്റ്റുകൾ അവർക്കു നേരെ വരുന്ന അതിക്രമങ്ങൾക്കെതിരിൽ ശബ്ദമുയർത്താനും അത് സമൂഹത്തിൽ സജീവമായി ചർച്ച ചെയ്യാനുമുള്ള അവകാശമുണ്ട് എന്ന് വിശ്വസിക്കുന്നുവെങ്കിൽ അതെ അവകാശം മതവിശ്വാസികൾക്കും വക വെച്ച് കൊടുക്കുന്നതിൽ എന്താണ് പ്രശ്നമുള്ളത്? കേരളത്തിൽ നടക്കുന്ന ദൗർഭാഗ്യകരമായ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരിൽ സമാധാനപരമായ പ്രതിഷേധം കമ്മ്യൂണിസ്റ്റുകൾക്ക് സംഘടിപ്പിക്കാമെങ്കിൽ ഒരാദർശം സ്വീകരിച്ചതിന്റെ പേരിൽ മാത്രം കൊല്ലപ്പെട്ട ഒരു ചെറുപ്പക്കാരന് വേണ്ടി അതെ ആദർശത്തിൽ വിശ്വസിക്കുന്നവർക്ക് പ്രതിഷേധിക്കാം, അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി കിട്ടാൻ വേണ്ടി ശബ്ദമുയർത്താം. ഒന്ന് അവകാശവും സ്വാതന്ത്ര്യവും മറ്റേത് വർഗീയതയുമാവില്ല. ആവുന്നു എന്ന തോന്നൽ സ്വന്തം ആദർശത്തിൽ ആത്മവിശ്വാസമില്ലാത്തത് കൊണ്ടോ അപ്പുറത്തു നിൽക്കുന്നവന്റെ അവകാശങ്ങൾ ധ്വംസിക്കപ്പെടണം എന്ന ചിന്ത കൊണ്ടോ ഒക്കെ ഉണ്ടാവുന്നതാണ്!

പ്രവാചകന്‍ പറയുന്നു : വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവരും വര്‍ഗീയതക്ക് വേണ്ടി സമരം ചെയ്യുന്നവരും , വര്‍ഗീയതക്ക് വേണ്ടി മരിക്കുന്നവരും എന്നില്‍ പെട്ടവനല്ല. അപ്പോള്‍ ഒരു അനുചരന്‍ ചോദിച്ചു ദൈവ ദൂതരേ എന്താണ് വര്‍ഗീയത ?. മുഹമ്മദ്‌ നബി (സ്വ) മറുപടി പറഞ്ഞു : സ്വന്തം ആളുകളെ അന്യായത്തില്‍ പിന്തുണക്കലാണ് വര്‍ഗീയത. (അബൂ ദാവൂദ്‌ )