Wednesday, May 27, 2020

മാർക്‌സിന്റെ കറുപ്പും മതംമാറുന്ന സൈദ്ധാന്തിക വിശദീകരണങ്ങളും


കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾ വിശ്വാസത്തിൽ നിന്ന് മാർക്സിസത്തിലേക്കുള്ള പ്രയാണം ലോക്ക്ഡൗൺ കാലത്തും വിളിച്ചു പറയുമ്പോഴും മതത്തെകുറിച്ച് വല്ലാതെ വാചാലരാണ് പാർട്ടി കമ്മ്യൂണിസ്റ്റുകൾ. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്ന മാർക്സിയൻ വചനത്തെ എത്ര സമർത്ഥിച്ചാലും മതിവരാതെ പാർട്ടി ക്ലാസ്സുകൾ എടുക്കുന്ന തിരക്കിലാണവർ. അത്തരമൊരു പരിശ്രമവുമായി ഒടുവിൽ വന്നത് സഖാവ് പി രാജീവാണ്.

മാര്‍ക്‌സിന്റെ പ്രശസ്തമായ ആ വരികളുടെ പരിഭാഷയില്‍ പല പ്രശ്‌നങ്ങളും കടന്നുവന്നിട്ടുണ്ട് എന്നാണ് അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത്. 'Opium of the people' എന്നത് 'ജനതയുടെ കറുപ്പാണ്' എന്ന് പറഞ്ഞു വെക്കുന്ന അദ്ദേഹം കമ്യൂണിസ്റ്റുകള്‍ ഇതുവരെ മലയാളത്തില്‍ കൊടുത്ത പരിഭാഷ മുഴുവന്‍ തെറ്റാണ് എന്ന് പറയാനും മുതിരുന്നു. അതായത് 'മനുഷ്യനെ മയക്കും കറുപ്പ്,' 'മനുഷ്യനെ മയക്കുന്ന മരുന്ന്' എന്നീ പ്രയോഗങ്ങള്‍ അതിന്റെ ശരിയായ പരിഭാഷ അല്ല എന്നാണദ്ദേഹം പറഞ്ഞു വെക്കുന്നത്. പരിഭാഷയുടെ പ്രശ്‌നം എന്ന നിലയ്ക്ക് അതിനെ അവതരിപ്പിക്കുമ്പോഴും അദ്ദേഹം ചെയ്ത ഏറ്റവും വലിയ വിഡ്ഢിത്തം പരിഭാഷയെ മുഴുവന്‍ ഇംഗ്ലീഷ് പരിഭാഷയെ മൂലകൃതിയായി കണ്ടുകൊണ്ട് വിമര്‍ശിക്കാന്‍ നോക്കി എന്നതാണ്.

കാറല്‍ മാര്‍ക്‌സിന്റെ 'Critique of Hegel's Philosophy of Right' അല്ലെങ്കില്‍ മലയാളത്തില്‍ 'ഹെഗലിന്റെ നിയമ ദര്‍ശനത്തെപ്പറ്റിയുള്ള നിരൂപണത്തിന് ഒരു സംഭാവന' എന്നൊക്കെ പറയാവുന്ന ലേഖനത്തിന്റെ മൂലകൃതി യഥാര്‍ഥത്തില്‍ ജര്‍മന്‍ ഭാഷയിലാണ്. 1843ല്‍ 'Zur Kritik der Hegelschen Rechtsphilosophie' എന്ന തലക്കെട്ടിലാണ് മാര്‍ക്‌സ് ഇത് എഴുതുന്നത്. മറ്റു പല പുസ്തകങ്ങളെയും പോലെത്തന്നെ ഇതും പ്രസിദ്ധീകരിക്കപ്പെട്ടത് മാര്‍ക്‌സിന്റെ മരണശേഷമാണ്. അതിലെ പ്രസിദ്ധമായ 'Die Religion... ist das Opium des Volkes' എന്ന വരികളുടെ പരിഭാഷയെയാണ് പോരായ്മകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് പി. രാജീവ് വിമര്‍ശിക്കാന്‍ ശ്രമിക്കുന്നത്.

മൂലകൃതി ജര്‍മന്‍ ഭാഷയില്‍ ആണെന്നറിഞ്ഞിട്ടോ അല്ലാതെയോ അദ്ദേഹം ഇംഗ്ലീഷ് പരിഭാഷയെ കേന്ദ്രീകരിച്ചുകൊണ്ട് പരിഭാഷയുടെ തെറ്റുകുറ്റങ്ങള്‍ നിരത്തുന്നുണ്ട്. മാര്‍ക്‌സിസത്തിന്റെ മതവിമര്‍ശനങ്ങള്‍ മുഴുവന്‍ ആ വാക്കുകളുടെ ചുറ്റും കറങ്ങിത്തിരിഞ്ഞു എന്നാണ് അദ്ദേഹം പരിഭവം പറയുന്നത്. ഇതും യഥാര്‍ഥത്തില്‍ ശരിയല്ല. മാര്‍ക്‌സിസത്തിന്റെ മൗലികമായ ആദര്‍ശത്തില്‍ നിന്നുകൊണ്ട് തന്നെ അതിനെ വിമര്‍ശനവിധേയമാക്കിയ ധാരാളം പഠനങ്ങള്‍ കേരളത്തില്‍ മതവിശ്വാസികളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. എത്രയോ സംവാദങ്ങളും ഉണ്ടായിട്ടുണ്ട്. ആ വസ്തുത നിലനില്‍ക്കെ ചരിത്രത്തോട് നീതി പുലര്‍ത്താത്ത അത്തരം വാക്കുകള്‍കൊണ്ട് മാര്‍ക്‌സിസത്തിനെതിരായ വിമര്‍ശനങ്ങളെ മറച്ചുപിടിക്കാന്‍ സാധിക്കില്ല എന്ന് അദ്ദേഹം മനസ്സിലാക്കണം.

ഇനി എന്തുകൊണ്ട് 'കറുപ്പ്' പ്രയോഗം കൂടുതല്‍ ഉപയോഗിക്കപ്പെടുന്നു എന്ന് ചോദിച്ചാല്‍ മാര്‍ക്‌സിസം മതങ്ങളെ എങ്ങനെ കാണുന്നു എന്നതിന് വ്യക്തമായ ഉത്തരം നല്‍കുന്ന വചനമാണ് അത് എന്നതാണ് നേര്‍ക്കുനേരെയുള്ള ഉത്തരം. മനുഷ്യമോചന പ്രത്യയശാസ്ത്രം എന്ന നിലയില്‍ മനുഷ്യജീവിതത്തില്‍ ഇടപെടുന്ന മതങ്ങളെക്കുറിച്ച് മാര്‍ക്‌സിസത്തിന് നിലപാട് ഉണ്ടാവുക സ്വാഭാവികമാണ്. ആ നിലപാടുകളുടെ ഒരു സംക്ഷിപ്തരൂപം ഈ വാക്കുകളില്‍ നിന്ന് കിട്ടും എന്നത് കൂടിയാവാം അത് കൂടുതല്‍ പ്രയോഗിക്കപ്പെടാന്‍ കാരണം. പി രാജീവിന്റെ അഭിപ്രായത്തില്‍ ആ വിമര്‍ശനത്തില്‍ 'കറുപ്പിന്' ഗുണാത്മകവും നിഷധാത്മകവുമായ സവിശേഷതകള്‍ ഉണ്ട്, പക്ഷേ, വിമര്‍ശകര്‍ അത് മറന്നു എന്നു പറയുന്നുണ്ട്. ആ വിമര്‍ശനത്തെക്കുറിച്ച് പറയും മുമ്പ് പ്രസ്തുത വാക്കുകളെ നമുക്കൊന്ന് പരിശോധിക്കാം:

'മര്‍ദിതരുടെ നെടുവീര്‍പ്പാണ് മതം. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്. ചൈതന്യരഹിത അവസ്ഥയിലെ ചൈതന്യമാണത്. അത് ജനങ്ങളെ മയക്കുന്ന കറുപ്പ് ആണ്'' (മാര്‍ക്സ്, ഹെഗലിന്റെ നിയമ ദര്‍ശനത്തെപ്പറ്റിയുള്ള നിരൂപണത്തിന് ഒരു സംഭാവന).

രാജീവ് പറഞ്ഞ പോലെ ഇതും പരിഭാഷയാണ്. ഈ പരിഭാഷ പ്രശസ്ത മാര്‍ക്‌സിസ്റ്റ് ദാര്‍ശനികനായ ദേബിപ്രസാദ് ചതോബാദ്ധ്യായയുടെ, ചിന്ത പബ്ലിക്കേഷന്‍സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ച 'ഇന്ത്യന്‍ നിരീശ്വരവാദം' എന്ന പുസ്തകത്തില്‍ നിന്നെടുത്തിട്ടുള്ളതാണ്. പ്രശ്‌നം കറുപ്പുമായി ബന്ധപ്പെട്ടതിനാല്‍ പരിഭാഷ ഇവിടെ ഒരു പ്രശ്‌നമല്ലല്ലോ. മാര്‍ക്‌സിനു മുമ്പും മതത്തെ കറുപ്പിനോട് ഉപമിച്ചവര്‍ ഉണ്ടായിട്ടുണ്ട് എന്നുകൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്; ജര്‍മന്‍ ഭാഷയില്‍ തന്നെ. ജര്‍മന്‍ ഫിലോസഫറായ നൊവാലിസും ജര്‍മന്‍ കവിയായിരുന്ന ഹെയ്ന്റിച് ഹെയ്നും ഇതേ അഭിപ്രായം പറഞ്ഞവരാണ്.

നമുക്ക് മാര്‍ക്‌സിലേക്ക് വരാം. ഈ വാക്കുകളില്‍ മതത്തെ മാര്‍ക്‌സ് വളരെ പോസിറ്റിവ് ആയി കാണുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന് വേണ്ടി ശബ്ദിച്ച അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മതത്തിന്റെ അത്തരമൊരു പോസിറ്റിവ് വശം കാണാതെ പോവുക എന്നത് സത്യസന്ധമായ വിമര്‍ശനം ആയിരിക്കുകയില്ലല്ലോ. മാര്‍ക്‌സ് കണ്ട മതത്തിന്റെ നന്മകള്‍ അത് അടിച്ചമര്‍ത്തപ്പെട്ടവന് ആശ്വാസം നല്‍കുന്നു എന്നതാണ്. ഈ ലോകത്ത് പ്രയാസങ്ങളുണ്ടെങ്കിലും വരാനുള്ള ലോകത്ത് നീതി ലഭിക്കുമെന്ന പ്രതീക്ഷ അത് മനുഷ്യന് സമ്മാനിക്കുന്നു. എങ്കിലും അത് കറുപ്പ് കൂടിയാണ്. മനുഷ്യനെ മയക്കുന്ന കറുപ്പ്. ആ പ്രയോഗം വഴി മതമെന്ന ആശയത്തിന്റെ 'നിരര്‍ഥകത' ജനങ്ങളെ ബോധ്യപ്പെടുത്താനാണ് മാര്‍ക്സ് ശ്രമിക്കുന്നത്. ലഹരി കൃത്രിമമായ ഒരു ലോകം നമുക്ക് മുന്നില്‍ സൃഷ്ടിക്കുമല്ലോ. അത്തരം കൃത്രിമമായ ആശ്വാസമാണ് മതം നല്‍കുന്നത് എന്നും മനുഷ്യന്റെ യഥാര്‍ഥ പ്രശ്നങ്ങള്‍ മതം മനുഷ്യനില്‍ നിന്ന് മറച്ചുപിടിക്കുന്നുവെന്നുമാണ് മാര്‍ക്സ് പറഞ്ഞതിന്റെ സാരം. കേവല യുക്തിവാദികളില്‍ നിന്ന് മാര്‍ക്സിയന്‍ ഭൗതികവാദികളെ വേര്‍തിരിക്കുന്നത് മാര്‍ക്സിസത്തിന്റെ ഈ വീക്ഷണമാണ്. അവര്‍ മതത്തെ തീവ്രമായി എതിര്‍ക്കുകയോ ശത്രു പക്ഷത്തു നിര്‍ത്തുകയോ ചെയ്യുന്നില്ല. മറിച്ച് അതൊരു ലഹരിയാണ് എന്ന് മനുഷ്യനെ ഉല്‍ബോധിപ്പിക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്.

ഇത് നിഷേധാത്മകമാണ് എന്ന വാദം പി. രാജീവിന് ഉണ്ടായേക്കാം. അതിന്റെ ഗുണാത്മക പ്രയോഗം കറുപ്പ് ആ കാലഘട്ടത്തില്‍ വേദനാസംഹാരിയായി ഉപയോഗിച്ചിരുന്നു എന്നുള്ളതാണ്. അതായത് മതം മനുഷ്യന്റെ വേദനകള്‍ മാറ്റുന്ന വേദനാസംഹാരിയായി വര്‍ത്തിക്കുന്നുവെന്നുള്ള അര്‍ഥം ആ വാക്കുകള്‍ക്ക് കല്‍പിക്കാം എന്ന്. പക്ഷേ, വേദനാസംഹാരികള്‍ ഒരിക്കലും രോഗം ഭേദമാക്കുകയില്ല എന്ന് നമുക്കറിയാമല്ലോ. മറിച്ച് അത് താല്‍ക്കാലിക ആശ്വാസം നല്‍കുക മാത്രമാണ് ചെയ്യുന്നത്. മതം വേദനസംഹാരിയാണ് എന്ന് പറയുക വഴി മനുഷ്യന്റെ പ്രയാസങ്ങളെ ദൂരീകരിക്കാന്‍ മതത്തില്‍ പരിഹാരങ്ങളില്ല, മറിച്ച് അത് താല്‍ക്കാലിക ആശ്വാസം മാത്രം നല്‍കുന്നു എന്ന് മാര്‍ക്സ് പറയാന്‍ ശ്രമിച്ചു എന്നല്ലേ അതിനര്‍ഥം?

ഇനി, ഈ ആശങ്കളുടെയും വ്യാഖ്യാനങ്ങളുടെയും ഒന്നും ആവശ്യമില്ല; ഇതിനെ തുടര്‍ന്ന് മാര്‍ക്‌സ് പറഞ്ഞ വരികള്‍ കൂടി നാം വായിക്കുകയാണെങ്കില്‍. അതിങ്ങനെയാണ്:

'ജനങ്ങളുടെ മിഥ്യാസുഖമായ മതത്തെ ഇല്ലാതാക്കുന്നത് അവരുടെ യഥാര്‍ഥ സുഖത്തിന് ആവശ്യമാണ്. ഈ അവസ്ഥയെക്കുറിച്ചുള്ള വ്യാമോഹങ്ങള്‍ ത്യജിക്കാനുള്ള ആഹ്വാനം, ഈ വ്യാമോഹങ്ങള്‍ ആവശ്യമാക്കുന്ന സ്ഥിതി ത്യജിക്കാനുള്ള ആഹ്വാനമാണ്. അതിനാല്‍ മത്തെക്കുറിച്ചുള്ള വിമര്‍ശനം ദുഃഖസാഗരത്തെക്കുറിച്ചുള്ള വിമര്‍ശനത്തിന്റെ ഭ്രൂണരൂപമാണ്. ഈ ദുഃഖസാഗരത്തിന്റെ പരിവേഷമത്രെ മതം.
വിമര്‍ശനം ചങ്ങലയില്‍ നിന്ന് സാങ്കല്‍പിക പുഷ്പങ്ങളെ പറിച്ചെടുക്കുന്നത്, മനുഷ്യന്‍ മിഥ്യാബോധമോ ആശ്വാസമോ കൂടാതെ ചങ്ങല അണിയുമെന്ന് കരുതിയിട്ടല്ല. മറിച്ച്, അവന്‍ ചങ്ങല പൊട്ടിച്ചെറിഞ്ഞു ജീവനുള്ള പൂവിറുക്കുമെന്നു കരുതിയാണ്. മതത്തിന്റെ വിമര്‍ശനം, മനുഷ്യനെ മിഥ്യയില്‍ നിന്നും മുക്തനും പ്രജ്ഞയിലേക്ക് വന്നവനുമായ ഒരാളെപ്പോലെ, ചിന്തിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും അവന്റെ യാഥാര്‍ഥ്യം രൂപപ്പെടുത്താനും ശക്തനാക്കുന്നു. അതുകൊണ്ട് അവന്‍ തനിക്ക് ചുറ്റും, തന്റെ സത്യസൂര്യനു ചുറ്റും പ്രദക്ഷിണം വെക്കും. മനുഷ്യന്‍ തനിക്ക് ചുറ്റും പ്രദക്ഷിണം വെക്കാത്തിടത്തോളം കാലം മാത്രം മനുഷ്യന് ചുറ്റും കറങ്ങുന്ന മിഥ്യാസൂര്യനാണ് മതം'' (അതേ പുസ്തകം, പ്രസ്തുത വചനത്തിന് ശേഷമുള്ള ഭാഗം).

കൃത്യമാണ് കാര്യങ്ങള്‍. കറുപ്പിനെ ഏത് പരിഭാഷ കൊണ്ട് അളന്നാലും മാര്‍ക്‌സ് ശേഷം പറഞ്ഞ കാര്യങ്ങളില്‍ നിന്ന് മതമെന്നത് മനുഷ്യന് മിഥ്യാസുഖം നല്‍കുന്ന ഒന്നാണ് എന്നും അതിനെ ഇല്ലാതെയാക്കുക എന്നത് അവന്റെ യഥാര്‍ഥ സുഖത്തിന്, മാര്‍ക്‌സിസം മുന്നോട്ട് വെക്കുന്ന മോചനത്തിന് അത്യന്താപേക്ഷിതമാണ് എന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ബാക്കിയുള്ള അധരവ്യായാമങ്ങള്‍ എല്ലാം വൃഥാവിലാകുന്നതും അതുകൊണ്ടാണ്. കമ്യൂണിസത്തിലേക്കുള്ള പ്രയാണത്തില്‍ സമൂഹത്തിലെ ഭൂരിപക്ഷമായ വിശ്വാസികളുടെ കണ്ണുകളില്‍ ഇത്തരം നുറുങ്ങുവിദ്യകള്‍ കൊണ്ട് അന്ധകാരം സൃഷ്ടിക്കാം എന്നത് വ്യാമോഹമാകുന്നതും അതുകൊണ്ടാണ്. ലെനിനെ കൂടി വായിച്ചാല്‍ അത് നമുക്ക് ഒന്നുകൂടി ബോധ്യമാവും:

''മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' മതത്തെ സംബന്ധിച്ചിടത്തോളം ഉള്ള മാര്‍ക്സിന്റെ പരിപൂര്‍ണ നിഗമനം ഈ സൂക്തത്തില്‍ അടങ്ങിയിരിക്കുന്നു. ആധുനിക കാലഘട്ടത്തിലെ മതങ്ങളെയും പള്ളികളെയും എല്ലാതരത്തിലുമുള്ള മതസംഘടനകളെയും തൊഴിലാളി വര്‍ഗത്തെ ചൂഷണം ചെയ്യാനും അവരെ കൃത്രിമ ലഹരിയിലാഴ്ത്താനുമുള്ള ഉപകരണങ്ങള്‍ ആയിട്ടാണ് മാര്‍ക്സിസം കരുതുന്നത്''(മതത്തോടുള്ള തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ സമീപനം: ലെനിന്‍).

ഇനി ആകെയുള്ളത് ഈ വാദങ്ങളുടെ സമ്മതമാണ്. അതായത് മതമെന്നത് ലഹരിയല്ലേ എന്ന തിരിച്ചുള്ള ചോദ്യം. അത് മറ്റൊരു വിഷയമാണ്. അതിന് മതം മാര്‍ക്‌സിസത്തിനെതിര് നില്‍ക്കുന്ന ആദര്‍ശമാണ് എന്ന ബോധ്യം ഉണ്ടാകേണ്ടതുണ്ട്. വിശ്വാസികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവരുടെ 'ഞാനൊരു കമ്യൂണിസ്റ്റാണ്' എന്ന വിശേഷണം അബദ്ധജഡിലമാണ് എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്. അവിടെ നിന്ന് നമുക്ക് മതത്തിന്റെ ലഹരിയെക്കുറിച്ച് സംവദിച്ചു തുടങ്ങാം.

Sunday, May 17, 2020

മനുഷ്യർ

കരിയിലകൾ കൂട്ടിയിട്ട് കത്തിച്ച അടുപ്പിന് മുകളിലെ അലുമിനിയം കുടുക്കയിലേക്ക് അവൾ കണ്ണിമ വെട്ടാതെ നോക്കി നിന്നു. അതിന്റെ മൂടി ഇളകാൻ അവൾ കാത്തിരുന്നു. കുറച്ചു ദിവസങ്ങളായി ആ ഭക്ഷണം തന്നെ ആഡംബരമാണ് അവൾക്ക്. അത് കഴിച്ചിട്ട് പിന്നേയും നടക്കണം. അതെന്തിനാണ് എന്ന് എട്ടു വയസ്സുകാരിയായ അവൾക്ക് വലിയ തിട്ടമില്ല.

കെട്ടിടപ്പണിക്കാർ താമസിക്കുന്ന ചെറു കുടിലിൽ അവൾ സന്തോഷവതിയായിരുന്നു. അവിടെ കുടുക്കയുടെ മൂടി ഉയരുന്നത് അവൾക്ക് നോക്കി നിൽക്കേണ്ടി വന്നിട്ടില്ല. ദിവസവും ചോറു കഴിച്ചിരുന്നു. വൈകുന്നേരങ്ങളിൽ അച്ഛനോടൊപ്പം എഫ് എം റേഡിയോയിൽ പാട്ടുകൾ കേട്ടിരുന്നു. കൊച്ചനുജന്റെ താരാട്ടിന്റെ വിഹിതം പറ്റി അമ്മയുടെ മാറിൽ ചാഞ്ഞുറങ്ങിയിരുന്നു.

പെട്ടെന്നാണ് എല്ലാം മാറിമാറിഞ്ഞത്. അച്ഛൻ പുറത്തിറങ്ങാതെയായി. കെട്ടിടത്തിന്റെ പണി നിന്നു. അവൾ എന്നും കാണുന്ന വാഹനങ്ങളും ഹെൽമറ്റ് ധരിച്ച ആളുകളും വരാതെയായി. അച്ഛന്റെ മുഖത്തെ ആധി നാൾക്കുനാൾ കൂടിവരുന്നതായി അവൾ കണ്ടു. അവൾക്കൊന്നും മനസ്സിലായില്ല. ഒരിക്കൽ മുഖം മറച്ചുകൊണ്ട് ഒരാൾ വന്ന് കുടിലിൽ നിന്നിറങ്ങാൻ പറഞ്ഞു. അയാളോട് അച്ഛൻ കൈകൂപ്പി എന്തൊക്കെയോ പറയുന്നുണ്ട്. അത് കൂടുതൽ കേൾക്കാൻ നിൽക്കാതെ അയാൾ മറഞ്ഞു. അച്ഛൻ അവിടെത്തന്നെ നിന്ന് അയാളെ നോക്കി നിൽക്കുകയാണ്. മുൻപെങ്ങും കാണാത്തവിധം ആ കണ്ണുകൾ നിറഞ്ഞതായി അവൾ ശ്രദ്ധിച്ചു. അതവൾക്ക് സഹിച്ചില്ല. ഓടിപ്പോയി അച്ഛനെ കെട്ടിപ്പിടിച്ചു. അയാൾ അവളെ മാറോടണച്ചു അമ്മയെ വിളിച്ചു സാധങ്ങൾ എടുത്തു വെക്കാൻ പറഞ്ഞു.

പിറ്റേന്ന് തുടങ്ങിയ നടത്തമാണ്. രാത്രിയായാൽ റോഡരികിൽ ബ്ലാങ്കറ്റ് വിരിച്ചു കിടക്കും. ഇടക്ക് കണ്ണു തുറന്നാൽ അച്ഛൻ ഉറങ്ങാതെ കാവലിരിക്കുന്നത് കാണാം. ആ നടത്തത്തിൽ ഭക്ഷണം പാകം ചെയ്യൽ പതുക്കെ കുറഞ്ഞു വരുന്നതായി അവൾക്ക് തോന്നി. നടക്കാൻ ദൂരം ഇനിയും ഉള്ളത് കൊണ്ടാണെന്ന് അവൾ കരുതി. നമ്മൾ എങ്ങോട്ടാണ് പോവുന്നതെന്ന് ഒരിക്കൽ അവൾ അമ്മയോട് ചോദിച്ചു. നമ്മുടെ ഗ്രാമത്തിലേക്ക് എന്നായിരുന്നു ഉത്തരം. എന്തിന് എന്ന ചോദ്യത്തിന് നെടുവീർപ്പോടെ 'അമ്മ പറഞ്ഞത്, അവിടെ നമുക്ക് മോക്ഷമുണ്ട് എന്നാണ്. നമുക്ക് എന്ത് സംഭവിച്ചാലും ആ മണ്ണിൽ നിന്നാകണം എന്നും 'അമ്മ പറഞ്ഞു. അവർക്കത് മനസ്സിലായില്ല. എങ്കിലും ആരൊക്കെയോ തങ്ങളെ അവിടെ കാത്തിരിക്കുന്നുണ്ട് എന്നവൾക്ക് തോന്നി.

കുടുക്കയുടെ മൂടി പൊങ്ങി വന്നു. ചോറിന്റെ ഗന്ധം അവളുടെ മൂക്കിലേക്ക് പാറി വന്നു. 'അമ്മ അവളെ നോക്കി പുഞ്ചിരിച്ചു. അവൾ പ്ലേറ്റും അച്ചാറും എടുത്ത് ചമ്രം പടിഞ്ഞിരുന്നു. വിളമ്പിയത് മുഴുവൻ ഒറ്റയടിക്ക് തിന്നു. പിന്നീട് അമ്മയോട് ചോദിച്ചില്ല. എഴുന്നേറ്റു പ്ലേറ്റ് കഴുകി സഞ്ചിയിലിട്ടു. 'അമ്മ അവളെ നോക്കി.

'പോകാം. ഇപ്പോൾ നല്ല ഉഷാറായില്ലേ?'

അവൾ ചിരിച്ചു കൊണ്ട് തലയാട്ടി. തന്റെ കാലിനുള്ള വേദന അമ്മയോട് പറയാതെ ഒരു സഞ്ചിയുമെടുത്ത് അച്ഛന്റെ കൂടെ നടന്നു. താൻ കാണാത്ത തന്റെ മണ്ണ് തേടി..!

പരാജയപ്പെട്ട ഭരണാധികാരികളുടെ പരാജയത്തിന്റെ അനേകം കാരണങ്ങളിൽ ഒന്ന് മനുഷ്യനെ മനസ്സിലാക്കാൻ അവർക്ക് സാധിച്ചില്ല എന്നതാണ്. സ്വന്തം മകന്റെ മരണവാർത്തയറിഞ്ഞു തെരുവിൽ നിന്ന് പൊട്ടിക്കരഞ്ഞ ഒരു മനുഷ്യനെ മനസ്സിലാക്കാൻ നമുക്ക് സാധിച്ചില്ല എങ്കിൽ, വിങ്ങിപ്പൊട്ടിയ ആ മനസ്സിനെ നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല എങ്കിൽ, മനുഷ്യത്വം മരവിച്ച കേവലം ജീവികളായി അറിയപ്പെടാൻ മാത്രമേ നമുക്കർഹതയുള്ളൂ. നേരിട്ട് കണ്ടില്ലെങ്കിലും നമുക്ക് ചുറ്റുമുള്ള മനുഷ്യർ മുഴുവൻ ഹൃദയത്തിലെങ്കിലും അയാളെ മാറോട് ചേർത്തു പിടിച്ചു കാണുമെന്നത്‌ തീർച്ചയാണ്. അല്ലാത്തവരെ നാമെങ്ങനെ മനുഷ്യർ എന്നു വിളിക്കും..!

Wednesday, May 6, 2020

മഴ

കോരിച്ചൊരിയുന്ന മഴ. കയ്യിലെ പുസ്തകത്തിൽ നിന്ന് കണ്ണെടുത്തു അയാൾ താഴേക്ക് നോക്കി. പത്താം നിലയിലുള്ള ബാൽക്കണിയിൽ നിന്ന് ആ കാഴ്ച എത്ര സുന്ദരമാണ്. നയനമനോഹരം. പ്രവാസിക്ക് അങ്ങനെയൊരു മഴ വല്ലപ്പോഴും വീണു കിട്ടുന്ന ഭാഗ്യമാണ്. തുള്ളികളുടെ കനം കൂടുന്നത് പോലെ തോന്നി അയാൾക്ക്. താഴെയുള്ള ചെടികളെയും കൊച്ചു മരങ്ങളെയും എല്ലാം തലോടുന്നതിന് പകരം കുളിപ്പിക്കുകയാണ് മഴ. അതിന്നു താഴെയുള്ള ശലഭങ്ങളെയും കുരുവികളെയും സംരക്ഷിക്കാൻ ഇലകൾ നന്നായി പ്രയാസപ്പെടുന്നത് പോലെ. ഒരർത്ഥത്തിൽ അവയുടെ അവസ്ഥ തന്നെയല്ലേ തനിക്കും? കാലം കൊണ്ട് വന്ന ഈ മഹാമാരി തന്നെ വല്ലാതെ ഒറ്റപ്പെടുത്തിയിരിക്കുന്നു. പുസ്തകങ്ങൾക്കോ ഗാഡ്ജെറ്റുകൾക്കൊ സുഹൃത്തുക്കൾക്കോ ഒന്നും ഈ ഏകാന്തതയിൽ നിന്ന് തന്നെ രക്ഷിക്കാൻ ആവുന്നില്ലല്ലോ...! മനസ്സ് വല്ലാതെ അസ്വസ്ഥമായി.

വർഷങ്ങൾ എത്രയോ ആയി താൻ ഒറ്റക്കായിട്ട്. ഒരു കൂട്ടു വേണമെന്ന് തോന്നിയിട്ടില്ല. അതു വേണ്ട എന്നത് ഉറച്ച തീരുമാനം ആയിരുന്നു. ആ തീരുമാനത്തിന് പിന്നിൽ തന്നെ താനാക്കിയ ഒരു അനുഭവമുണ്ട്. വീഴ്ചകളിൽ കൂടുതൽ ശക്തിയോടെ മുന്നോട്ട് പോകാൻ തന്നെ സഹായിക്കുന്ന ഒരേയൊരു ആയുധമാണത്. ആ ചിന്ത അയാളുടെ കണ്ണുകളെ അടുത്തിരിക്കുന്ന പുസ്തകങ്ങളിലേക്ക് കൊണ്ടുപോയി. അയാൾ ആ പുസ്തകം കണ്ണു കൊണ്ട് പരതി. 'രമണൻ'. കാലങ്ങളായി തന്റെ മേശപ്പുറത്ത്‌ എന്നുമുണ്ടാകുന്ന പുസ്തകം! ഒരിക്കൽ മാത്രമേ അത് വായിച്ചിട്ടുള്ളൂ. മനസ്സിന്റെ താളം വീണ്ടെടുത്തു കൊണ്ടിരുന്ന നാളുകളിൽ.

അതിലെ വരികളിൽ പലതിനെയും തനിക്ക് ഭൂതകാലവുമായി ബന്ധിപ്പിക്കാൻ സാധിക്കുമല്ലോ. ഒറ്റപ്പെടലിൽ, വീഴ്ചകളിൽ എല്ലാം വെറുതെ അത് മറിച്ചു നോക്കാറുണ്ട്. ഏതെങ്കിലും വരികളിലൂടെ. ആ വരികൾ തന്റെ ഓർമകളെ പിന്നോട്ട് കൊണ്ടുപോവുകയല്ല മറിച്ചു മുന്നോട്ട് പോവാൻ ഊർജ്ജം നൽകുകയാണ് ചെയ്യാറ്. ആ ആത്മവിശ്വാസമാണ് ആ പുസ്തകത്തെ തിരയാൻ അയാളെ പ്രേരിപ്പിച്ചത്. അയാൾ ആ പുസ്തമെടുത്ത് വെറുതെ ഒന്ന് മറിച്ചു..

'നേരിന്റെ നേരിയ വെള്ളിവെളിച്ചത്തിൽ നീയിന്നൊരു ദേവനായിരിക്കാം; എന്നാലതൊന്നുമറിയുകയില്ലാരുമിന്നതുകൊണ്ടു നീ പിന്മടങ്ങൂ!...'

പെട്ടെന്നയാൾ അതടച്ചു കളഞ്ഞു. മനസ്സിന്റെ മുറുക്കം കൂടി വരുന്നു. ആ മഴയത്തും അയാൾ വിയർക്കുകയായിരുന്നു. തനിക്ക് തെറ്റ് പറ്റിയോ? താൻ ഒറ്റക്കായോ? ജീവിതത്തിൽ ഇങ്ങനെയൊരു ഒറ്റപ്പെടൽ തീരെ പ്രതീക്ഷിച്ചില്ല. തനിക്ക് ചുറ്റും ആളുകൾ ഉണ്ടായിരുന്നു. ദിവസം അവസാനിക്കുന്ന വരെ. സുഖമായി ഉറങ്ങാൻ സാധിച്ചിരുന്നു. എല്ലാ ദിനങ്ങളും സന്തോഷത്തിന്റേതോ ഉയർന്ന ചിന്തകളുടേതോ ഒക്കെ ആയിരുന്നു. പക്ഷേ കാലം തന്നെ ശരിക്കും ഒറ്റപ്പെടുത്തിക്കളഞ്ഞിരിക്കുന്നു.

 സാമീപ്യം കൊതിക്കുന്ന ഒരു മനസ്സ് തനിക്കും ഉണ്ടെന്ന് കാലം കാണിച്ചു തരികയാണോ? മനസ്സിൽ താഴിട്ടു പൂട്ടിയ വ്യഥകൾ, ഓർമകൾ, ആഗ്രഹങ്ങൾ എല്ലാം പൂട്ടു പൊട്ടിച്ചു പുറത്തേക്ക് വരികയാണോ? ചോദ്യത്തിന് പ്രസക്തിയില്ലാത്തവിധം അത് ശരിയാണെന്ന് അയാൾക്ക് ബോധ്യമായി. അയാൾ കണ്ണുകൾ മുറുക്കിയടച്ചു. അവ പൂർണമായും നിറഞ്ഞിരിന്നു. ശ്വാസം വർധിച്ചിരിക്കുന്നു. അതേ, കാലം തന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു. താൻ പൂർണനല്ല എന്നൊരു തോന്നൽ. ഒന്ന് പൊട്ടിക്കരയണം എന്നുണ്ട്. പക്ഷേ എങ്ങനെ? ആരുണ്ട് തനിക്ക്? ഒരു കൂട്ടിന് വേണ്ടി അയാൾ ശരിക്കും ആഗ്രഹിച്ചു. സ്നേഹത്തിന് വേണ്ടി ദാഹിച്ചു. തനിക്ക് വേണ്ടി ജീവിക്കാൻ വരുന്നവളുടെ മടിയിൽ കിടന്ന് സ്വസ്ഥമായി ഒന്ന് തല ചായ്ക്കണം എന്നു തോന്നി. കണ്ണുനീർ പുറത്തേക്ക് ഒലിച്ചിറങ്ങിയിരിക്കുന്നു.

കണ്ണുകൾ പതിയെ തുറന്നു അയാൾ പുറത്തേക്ക് നോക്കി. മഴയുടെ ശൗര്യം കുറഞ്ഞിരിക്കുന്നു. ഇലകൾ സന്തോഷവതികളായി കാണപ്പെട്ടു. കുരുവികളും ആശ്വാസത്തിലാണ്. ഒരുപക്ഷേ തന്നെപ്പോലെത്തന്നെ.

കയ്യിലിരുന്ന 'രമണൻ' ഒന്നുകൂടെ മറിച്ചു നോക്കി. അതിലെ വരികൾ ഇങ്ങനെയായിരുന്നു..

'കുറ്റപ്പെടുത്തുവാനില്ലതിൽ; നമൊക്കെയെത്രയായാലും മനുഷ്യരല്ലേ?..'

ബാക്കിയുള്ള വരികളിലേക്ക് അയാൾ പോയില്ല. ആ വരികൾ തന്നെ അയാളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിരിയിച്ചിരുന്നു. അപ്പോഴേക്കും മഴ തോർന്നിരുന്നു. പുറത്തു മാത്രമല്ല അയാളുടെ മനസ്സിലും..!

ഇണയില്ലാത്ത മനുഷ്യൻ അപൂർണനാണ്. സ്നേഹവും കാരുണ്യവും പൂർണമായും അനുഭവിക്കാൻ കഴിയാത്തവിധം അപൂർണൻ. സന്തോഷങ്ങളും സങ്കടങ്ങളും ആകുലതകളും പങ്കുവെക്കാൻ ഒരു പങ്കാളിയില്ലാത്ത ജീവിതം എത്ര നിരർഥകമാണ്. ആ ഇണയിലേക്ക് ചേർന്നു ജീവിക്കുമ്പോഴല്ലേ യഥാർത്ഥത്തിൽ മനുഷ്യന് ശാന്തി കിട്ടുന്നത്..?

Sunday, May 3, 2020

പാവങ്ങൾ

ഈജിപ്റ്റിലെ ഒരു നഗരം. നേരം വെളുത്തു തുടങ്ങി. നഗരത്തിന്റെ മൂലയിൽ ചവറുകൂനകൾ അനങ്ങിത്തുടങ്ങി. പെറുക്കാൻ ആളുകൾ വന്നതാണ്. നഗരം തിരക്കിനെ വരവേൽക്കുന്നതിന് മുൻപ് ചവറുകൾ അവിടെ നിന്ന് പോയിട്ടുണ്ടാവും. ഒരു രണ്ടു മൂന്നു പേരെങ്കിലും കാണും. ചവറുകൾ വിൽപന നടത്തി ജീവിക്കുന്നവർ. കൂട്ടത്തിൽ ഒരു വൃദ്ധയുണ്ട്. ഒരു വലിയ പ്ലാസ്റ്റിക് സഞ്ചിയിൽ അവരും വാരി നിറക്കുകയാണ് ചവറുകൾ. കൂട്ടത്തിലുള്ളവരോട് മത്സരിക്കാൻ അവർക്ക് ആവതില്ല. അല്ലെങ്കിലും അവിടെ അങ്ങനെ ഒരു മത്സരമുണ്ട് എന്നു തോന്നുന്നില്ല.  എല്ലാവരും അവനവന്റെ സ്ഥലത്തുള്ള സാധനങ്ങൾ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ.

മുഖത്ത് നല്ല രീതിയിൽ ചുളിവുകൾ വീണിട്ടുണ്ട്. പ്രായം 60 ന് മുകളിലാണ് എന്നു തീർച്ച. അയാൾ അവരുടെ അരികിലേക്ക് നടന്നു. ചുറ്റും ദുർഗന്ധമാണ്. അവർ എങ്ങിനെ അവിടെ നിൽക്കുന്നു എന്നതിൽ അയാൾക്ക് അത്ഭുതം തോന്നി.

'ഇവിടെ അടുത്തു നല്ല ഭക്ഷണ ശാലകൾ ഉണ്ടോ?' അയാൾ ചോദിച്ചു.

'ഉണ്ടല്ലോ മോനെ ആ വളവു കണ്ടോ ? അതിനപ്പുറം ഒന്നു രണ്ടെണ്ണം ഉണ്ട്. കാലത്തു തന്നെ തുറക്കും.' അവർ റോഡിലേക്ക് കൈചൂണ്ടി പറഞ്ഞു.

'നിങ്ങൾ കഴിച്ചതാണോ? ഇല്ലെങ്കിൽ നമുക്കൊരുമിച്ചു പോയാലോ? എനിക്ക് സ്ഥലം കണ്ടു പിടിക്കുകയും ചെയ്യാം.'

'വേണ്ട മോനെ, ഇപ്പോ കഴിച്ചാൽ പണി മുടങ്ങും.'

'എന്തിനാണ് നിങ്ങൾ ഈ പ്രായത്തിൽ ഇതേപോലുള്ള ജോലികൾ ചെയ്യുന്നത്?'

'ജീവിക്കാൻ..' പുഞ്ചിരിച്ചു കൊണ്ടാണ് അവരതിന് മറുപടി പറഞ്ഞത്.

ആ മറുപടിയിൽ അയാൾ തൃപ്തനായിരുന്നില്ല. അത് മനസ്സിലാക്കിയിട്ടായിരിക്കും വൃദ്ധ തന്റെ പണി നിർത്തി ഒന്നു നിവർന്നു നിന്നു.

'നോക്കൂ മോനെ. എന്റെ ഭർത്താവ് മരിച്ചിട്ട് കുറച്ചു വർഷങ്ങളായി. മക്കൾ രണ്ടുപേരും കല്യാണം കഴിച്ചു അവരവരുടെ ജീവിതവുമായി കഴിയുകയാണ്. എനിക്കുള്ള ഭക്ഷണം ഞാൻ തന്നെ കണ്ടുപിടിക്കണം. മാത്രവുമല്ല ഭർത്താവിനെ ചകിൽസിച്ച വകയിലുള്ള കടം ഇനിയും തീർന്നിട്ടുമില്ല. മോന്റെ നല്ല വാക്കുകൾക്ക് നന്ദിയുണ്ട്. പടച്ചവൻ മോനെ അനുഗ്രഹിക്കട്ടെ.'

'എത്ര കടമുണ്ട്?' അയാൾ വിടാൻ ഭാവമില്ല.

വൃദ്ധ അയാളെത്തന്നെ ഒന്ന് നോക്കി വീണ്ടും ജോലിയിലേക്ക് പ്രവേശിച്ചു.

അയാൾ കീശയിൽ നിന്ന് കുറച്ചു കാശെടുത്തു. ഏകദേശം 4000 ഈജിപ്ഷ്യൻ പൗണ്ട് എങ്കിലും കാണും. അതവർക്ക് നേരെ നീട്ടി.

വൃദ്ധ ഒരു നിമിഷം അതിലേക്ക് നോക്കി.

'വാങ്ങൂ'. അയാൾ നിർബന്ധിച്ചു.

അവരത് വാങ്ങി എണ്ണി നോക്കി.  'എന്റെ കടം വീട്ടിയാലും ഇതിൽ കുറച്ചു ബാക്കിയുണ്ടാവുമല്ലോ?'

'അത് വെച്ചോളൂ'.

'നന്ദി മോനെ. പടച്ചവൻ മോനെ അനുഗ്രഹിക്കട്ടെ.' അവർ പ്രാർത്ഥനാപൂർവം കൈകൾ മേലോട്ട് ഉയർത്തി. ആ കണ്ണുകൾ നിറഞ്ഞിരുന്നു. വിറയാർന്ന അവരുടെ കൈകളെ മുറുക്കിപ്പിടിച്ചു അയാൾ പറഞ്ഞു.

'വെറുതെയല്ല. പകരം ഇന്ന് പെറുക്കിയ ചവറുകൾ ഞാൻ എടുക്കുകയാണ്. ചവറുകൾ ഇല്ലാതെ സ്വതന്ത്രമായി ഇന്ന് വീട്ടിലേക്ക് പൊയ്ക്കോളൂ.'

അതും പറഞ്ഞു അയാൾ ആ വലിയ സഞ്ചിയെടുത്തു തോളിലിട്ട് നടന്നു നീങ്ങി. അവർ അയാൾ കൂട്ടിപ്പിടിച്ച കൈകളിലെ നോട്ടുകളിലേക്കും പിന്നീട് അയാൾ നടന്നകലുന്നതും നോക്കി നിന്നു. ആ കണ്ണുകൾ  പക്ഷേ മുന്നത്തേക്കാൾ നിറഞ്ഞിരുന്നു. അതുപക്ഷേ ആ നോട്ടുകൾ കാരണമായിരുന്നില്ല..!

'പാവങ്ങൾ..!' അങ്ങനെ ഒരു പേരുണ്ട് നമുക്കിടയിൽ അവർക്ക്. നമ്മിൽ പലരും ഭക്ഷണപൊതികളോ കിറ്റുകളോ പണമോ കൊടുത്തയക്കുന്ന ഒരു കൂട്ടം ജനങ്ങൾ. പ്രളയമോ ദുരന്തമോ മഹാമാരികളോ വരുമ്പോൾ മാത്രം. നമുക്കോർമ വരുന്ന ചിലർ. കൂട്ടായ്മകളിലും സോഷ്യൽ മീഡിയകളിലും അവർ മാത്രം നിറയുന്ന സന്ദർഭങ്ങൾ.

അതും നന്മ തന്നെയാണ്. പക്ഷേ നമുക്കെന്നെങ്കിലും അവരെ ഒന്ന് ചേർത്തു പിടിക്കാൻ തോന്നിയിട്ടുണ്ടോ? നാം അവർക്ക് കൊടുത്ത ഭക്ഷണം അവരുടെ കൂടെ കഴിക്കാൻ മുതിർന്നിട്ടുണ്ടോ? നാം കൊടുത്ത കിറ്റുകൾ അവരുടെ അടുപ്പിൽ വേവുമ്പോൾ അതെടുത്തു ഒന്ന് രുചിച്ചു നോക്കിയിട്ടുണ്ടോ? ചെയ്യണം. നാം ചെയ്ത സഹായങ്ങളെക്കാൾ പതിന്മടങ്ങ് അവർ സന്തോഷിക്കുന്നത് കാണാം. നമുക്കും അവർക്കുമിടയിൽ അറിയാതെ സൃഷ്ടിക്കപ്പെട്ട അകലം ഇല്ലാതെയാവുന്നത് കാണാം. നമുക്കൊരു ധാരണയുണ്ട്, വിശപ്പ് മാത്രമാണ് അവരുടെ പ്രശ്നമെന്ന്. അല്ല, അതിനുമപ്പുറം ചേർന്നു നിൽക്കാൻ ആഗ്രഹിക്കുന്ന, നമ്മെപ്പോലെ മനുഷ്യഹൃദയമുള്ളവർ തന്നെയാണ് അവർ. പാവങ്ങൾ...!

Thursday, April 30, 2020

പ്രതീക്ഷകൾ


ചിന്തകളിൽ നിന്നുണർന്ന് അയാൾ മുന്നോട്ട് നോക്കി. അങ്ങു ദൂരെ തെരുവുവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ ഒരു പാലം കാണാം.

'ഒന്ന് നിർത്ത്'

അയാൾ ഡ്രൈവറോടായി പറഞ്ഞു.

ഡ്രൈവർ വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി. അയാൾ വണ്ടിയിൽ നിന്നിറങ്ങി.

'ഞാൻ ഒന്ന് നടന്നു വരാം. നീ ഇവിടെ നിന്നാൽ മതി..'

'ശരി സാർ'. അവന്റെ മുഖത്ത് ഒരമ്പരപ്പ് ഉണ്ടായിരുന്നു. അയാളത് ശ്രദ്ധിച്ചില്ല. മുന്നോട്ട് നടന്നു. ഏതാനും അടികൾ വെച്ചു പിറകിലേക്ക് ഒന്ന് നോക്കി. തന്റെ ആഡംബര കാറിനെ. നിരാശബാധിച്ച ആ മുഖത്ത് വെറുതെ ഒരു പുഞ്ചിരി വിരിഞ്ഞു. വീണ്ടും തിരിഞ്ഞു നടന്നു.

വിജയത്തിന്റെ കൊടുമുടിയിലായിരുന്നു താൻ. എത്തിപ്പിടിക്കാൻ മോഹിച്ചതിനെക്കാൾ പതിന്മടങ്ങ് ഉയരത്തിൽ. പക്ഷേ വീണ്ടും വീണ്ടും മുകളിലേക്ക് തന്നെ പോകാനായിരുന്നു മോഹം. ഒന്നുമില്ലായ്മയിൽ നിന്ന് വന്നവനല്ല താൻ. ഉണ്ടായിരുന്നു. തനിക്കും കുടുംബത്തിനും ജീവിക്കാനുള്ളതിനും അപ്പുറം. പക്ഷേ ബിസിനസ് ഒരാവേശമായിരുന്നു. ഉണ്ടാക്കിയത് കിട്ടിയതിനെക്കാൾ എത്രയോ ഇരട്ടിയും.

പൊടുന്നനെയാണ് തനിക്ക് വീഴ്ച സംഭവിച്ചത്. ആ വീഴ്ച മറ്റു ബിസിനസുകളെയും ബാധിക്കും എന്ന് തീരെ കരുതിയില്ല. തന്റെ സ്വകാര്യ അഹങ്കാരമായിരുന്ന, താൻ കൂടിപ്പിറപ്പുകളെപ്പോലെ സ്നേഹിച്ചിരുന്ന ബിസിനസ് പങ്കാളികൾ എല്ലാം മാറാൻ തുടങ്ങി. പലർക്കും പണം തിരിച്ചു കൊടുക്കേണ്ടതായി വന്നു. ബാങ്കുകാരുടെ സമ്മർദ്ദം മറുവശത്ത്. പ്രോജെക്റ്റുകൾ ഓരോന്നായി മുടങ്ങി. ഒന്നാകെ മുങ്ങാൻ പോവുകയാണ്. അത് തനിക്ക് മാത്രമറിയാം. ഏറി വന്നാൽ ഒന്നോ രണ്ടോ ആഴ്ച. അതിലപ്പുറം പിടിച്ചു നിൽക്കാൻ തനിക്ക് കഴിയില്ല. വീഴും. എല്ലാം തകരും. തനിക്ക് വേണ്ടി കയ്യടിച്ചിരുന്നവർ ഓരോന്നായി കൊഴിഞ്ഞു പോകും. ശേഷിച്ച കാലം അനേകം ചോദ്യങ്ങൾക്ക് ഉത്തരം നൽകി ഒരു മൂലയിൽ ഒതുങ്ങേണ്ടി വരും. വയ്യ, അതിന് തനിക്ക് കഴിയില്ല..!

ഏകദേശം പാലത്തിന്റെ പകുതി പിന്നിട്ടു. തിരിഞ്ഞു നോക്കി. ഇപ്പൊ അയാൾക്ക് തന്റെ കാർ ശരിക്കും കാണാൻ സാധിക്കില്ല. പാലത്തിന്റെ കൈവരികൾ പിടിച്ചു കുറച്ചു നേരം നിന്നു. താഴെ ശാന്തമായി പുഴ ഒഴുകുന്നുണ്ട്. ഏതാനും കിലോമീറ്റർ അകലം അത് കടലിലേക്ക് ചേരും. അതുകൊണ്ട് തന്നെ നല്ല ആഴമാണ്. അയാൾ കാലുകൾ കൈവരികൾക്ക് മേൽ കയറ്റി വെച്ചു അതിന്റെ മുകളിലേക്ക് കയറി നിന്നു. സമയം അർധരാത്രി 2 മണിയെങ്കിലും പിന്നിട്ടു കാണും. അങ്ങനെ ആരും വരാനില്ല ആ റോഡ് വഴി. എങ്കിലും പെട്ടെന്ന് വേണം. അയാൾ കണ്ണുകളടച്ചു. ഇതാണ് തനിക്ക് നല്ലത്. പ്രതീക്ഷകൾ മുഴുവൻ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. തന്റെ തൊഴിലാളികൾ നാളെ എന്തു ചെയ്യുമെന്ന് അറിയില്ല. കടങ്ങൾ വീട്ടാനുള്ള എല്ലാം താൻ ചെയ്തു വെച്ചിട്ടുണ്ട്. തന്റെ കുടുംബത്തിന് അത്യാവശ്യം ജീവിക്കാനുള്ളത് ബാക്കിയായേക്കും. ഇനി വൈകിക്കേണ്ട. അയാൾ കണ്ണുകളടച്ചു. ഇനി അങ്ങോട്ട് ഈ ഇരുട്ടാണ്. അതിനെ പുൽകാൻ അയാൾ തയ്യാറായിക്കഴിഞ്ഞു.

ആ നിശബ്ദതയിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ അയാളുടെ കാതുകളിലേക്ക് ഇരച്ചു കയറി വന്നു. കണ്ണു പതുക്കെ തുറന്നു ചുറ്റും നോക്കി. പുഴക്കരികിലുള്ള നാടോടികളുടെ ഷെഡിൽ നിന്നാണ്. ഒരമ്മ കുഞ്ഞിനെയെടുത്ത് തോളിലിട്ട് പുറത്തു വന്നു. ഒരു ചെറിയ വെളിച്ചത്തിൽ അയാൾക്ക് അതു കാണാം. അവർ അതിനെ ഉറക്കുകയാണ്. ആ കാഴ്ച അയാളെ വല്ലാതെ അസ്വസ്ഥനാക്കി. 'അമ്മ, ഭാര്യ, മക്കൾ അങ്ങനെ അനേകം പേർ അയാളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു..

പെട്ടെന്നയാൾ കൈവരിയിൽ നിന്ന് താഴെയിറങ്ങി. ഇല്ല, തനിക്കങ്ങനെ പോകാൻ സാധിക്കില്ല. പ്രതീക്ഷകൾ അസ്തമിച്ചത് തന്റെ ഇപ്പോഴത്തെ കച്ചവടത്തിൽ മാത്രമാണ്. അതിനുമപ്പുറം താനൊരു മകനാണ്, ഭർത്താവാണ്, അച്ഛനാണ്. അവരുടെ പ്രതീക്ഷകൾക്ക് വളമേകേണ്ടതും അതിന് തണലാകേണ്ടതും താനല്ലേ? അതേ.. അങ്ങനെ എല്ലാ പ്രതീക്ഷകളും നശിച്ചവനല്ല താൻ. ഒരു പരിഭ്രാന്തിയോടെ അയാൾ തിരിഞ്ഞു നടന്നു. വേഗത്തിൽ...

പ്രതീക്ഷകളാണ് മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. പ്രതീക്ഷകൾ നശിക്കുന്നിടത്ത് മനുഷ്യന്റെ മരണം തുടങ്ങുകയായി. പ്രതീക്ഷകളെ വളർത്താൻ നമുക്ക് കഴിയണം. തനിക്ക് വേണ്ടി മാത്രമല്ല, ചുറ്റുമുള്ളവർക്ക് വേണ്ടിയും. നഷ്ടങ്ങളിൽ, വേദനകളിൽ ജീവിതത്തെ അറിയാൻ ശ്രമിക്കുക. മനുഷ്യനെ അറിയാൻ ശ്രമിക്കുക. അസ്ട്രേലിയക്കാരൻ അലി ബനാത്തിന്റെ കഥ കേട്ടിട്ടില്ലേ നിങ്ങൾ. മുപ്പതാം വയസ്സിൽ കാൻസർ രോഗം പിടിപെട്ട അലിയെ? വെറും മാസങ്ങൾ വിധിച്ച ഡോക്ടർമാർക്ക് മുന്നിൽ മൂന്നു വർഷത്തോളമാണ് അലി ബനാത്ത് ജീവിച്ചത്. ചെയ്തതോ മൂന്നു പതിറ്റാണ്ട് കൊണ്ട് സാധിക്കാത്തതും. ഓരോ വീഴ്ചകളിലും കയറാൻ വീണ്ടും പടവുകൾ ദൈവം നമുക്ക് കാണിച്ചു തരും. അത് മുന്നോട്ട് പോകാനുള്ള വഴിയാകാം. അല്ലെങ്കിൽ നമ്മുടെ നിയോഗമാകാം. തിരഞ്ഞു കൊണ്ടേ ഇരിക്കുക. പ്രതീക്ഷകൾ കൈവിടാതെ തന്നെ...!

Wednesday, April 29, 2020

പിണക്കം

മുഖത്തേക്ക് നോക്കിയിരിക്കേണ്ടവരാണ് അവർ. പക്ഷേ പരസ്പരം മുഖം തിരിഞ്ഞിരിക്കുന്നു. എനിക്ക് തരാൻ ഇത്തിരി സമയമില്ലല്ലോ എന്നായിരുന്നു അവളുടെ പരിഭവം. ഇന്നിതാ ദിനം മുഴുവൻ അവളുടെ അടുത്തായിട്ടും പരിഭവം മാറുന്നില്ലലോ എന്നയാൾ.

കല്യാണം കഴിഞ്ഞിട്ട് ഏറെയൊന്നും ആയിട്ടില്ല. ജോലി സ്ഥലത്തേക്ക് കൊണ്ടു പോകും എന്നതായിരുന്നു അവളെ കൂടുതൽ ആകർഷിച്ച ഘടകം.

'അല്ലെങ്കിലും നാട്ടിൽ നിന്നാൽ ജീവിതത്തിന് ഒരു സുഖമുണ്ടാവില്ല. വല്ലാതെ ഒന്നടുത്ത് കിട്ടുക പോലുമില്ല'.

കൂട്ടുകാരികളുടെ അനുഭവങ്ങൾ. അന്ന് വീട്ടുകാരോട് പറഞ്ഞതാണ്. അങ്ങനെ ഒരു ബന്ധം വരുമോ എന്നു നോക്കാം. എന്നിട്ട് മതി എന്ന്. അന്യനാട്ടിലുള്ള തനിക്ക് തന്റെ ലോകവും ജോലിയും മനസ്സിലാവാൻ സാധിക്കുന്ന വിവരവും വിദ്യാഭ്യാസവുമുള്ള ഇണ. അവനും അവളെ ഇഷ്ടപ്പെട്ടതിന് ഒരുകാരണം അതുതന്നെയായിരുന്നു.

അഞ്ചു വർഷങ്ങൾ. അയാളുടെ തിരക്കുള്ള ജോലിയോട് അവൾ പൊരുത്തപ്പെട്ടിരുന്നു. എങ്കിലും തനിക്ക് തരാൻ സമയമില്ല എന്ന പരിഭവം അവൾക്കെന്നും ഉണ്ടായിരുന്നു. അപ്രതീക്ഷിതമായ ലോക്ക്ഡൗൺ പ്രഖ്യാപനം അവളെ അതുകൊണ്ടു തന്നെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. പക്ഷേ ദിവസങ്ങൾക്കുള്ളിൽ തന്നെ കലഹമായി. കാരണങ്ങൾ ചെറുതായിരുന്നു. പക്ഷേ കലഹങ്ങൾ തീർത്ത സങ്കടം മണിക്കൂറുകൾ കഴിഞ്ഞും മാറിയില്ല. കൂടുതൽ അടുത്തു കാണാൻ കൊതിച്ചവരാണ്. ഇന്നിതാ മുഖം തിരിഞ്ഞു നിൽക്കുന്നു..

എന്തൊക്കെ വിചാരങ്ങളാണ് മനസ്സ് മുഴുവൻ. പുറത്തിറങ്ങാൻ കഴിഞ്ഞെങ്കിൽ എന്ന് അയാൾക്ക് തോന്നുന്നു. പണ്ടത്തെപ്പോലെ വൈകി വരുന്ന മണിക്കൂറുകൾ മാത്രം മതിയായിരുന്നു എന്നവൾക്കും. സ്‌നേഹം അല്ലെങ്കിലും അകന്നു നിൽക്കുമ്പോഴല്ലേ എന്ന് ഇരുവർക്കും തോന്നിപ്പോവുന്നു. ഇങ്ങനെ എത്രനാൾ പിടിച്ചു നിൽക്കും? തനിക്ക് ഇതിനാവുമോ? ചോദ്യങ്ങളും ഒരുപക്ഷേ ഉത്തരങ്ങളും ഓരോന്നായി മനസ്സ് മുഴുവൻ സഞ്ചരിക്കുകയാണ്. പിണക്കം തീർത്ത വഴികളിലൂടെ...

മനുഷ്യൻ അങ്ങനെയാണ്. ലഭ്യമാകാത്ത അനുഭവങ്ങളോടാണ് അവന് പ്രിയം. എത്തിപ്പിടിച്ചാൽ കാത്തിരിപ്പ് നൽകിയ അനുഭൂതി ഒരിക്കലും കിട്ടുകയുമില്ല. സ്വപ്നം കാണരുത് എന്നല്ല. കാണണം. പരിഭവം പറയരുത് എന്നല്ല. പറയണം. പക്ഷേ അത് സ്നേഹത്തിലേക്കുള്ള കാൽവെയ്പുകൾ ആവണം. സ്നേഹം ഉണ്ടാക്കാൻ കഴിയില്ല. പക്ഷേ സ്നേഹത്തിലേക്കുള്ള വഴികളെ ഉണ്ടാക്കാൻ നമുക്ക് സാധിക്കും.

പിണക്കങ്ങൾ ആലയിൽ ചുട്ടെടുത്ത ഇരുമ്പ് പോലെയാണ്. ജ്വലിക്കുന്ന അവസ്ഥയിൽ എടുത്തു ഉപയോഗിക്കരുത്. തണുപ്പിക്കണം. തണുക്കാൻ സമയം കൊടുക്കണം. നന്നായി തണുത്തതിന് ശേഷം ബന്ധങ്ങളെ ദൃഢപ്പെടുത്തുന്ന കണ്ണികളാക്കി മാറ്റണം. ഒരിക്കലും പൊട്ടാത്ത സ്നേഹത്തിന്റെ ബലമുള്ള ഒരു ചങ്ങല തന്നെ തീർക്കാൻ..!

Monday, April 27, 2020

അടുപ്പം

ചെന്നു കയറാൻ വീടുകളുണ്ട്. കയ്യിൽ മിഠായിപ്പൊതികളുമുണ്ട്. പക്ഷേ അനുവാദമില്ലല്ലോ..

അയാൾ ചിന്തിക്കുകയായിരുന്നു..

ആളുകളിൽ നിന്ന് മാറിനടന്നിരുന്ന യൗവനത്തിൽ നിന്ന് മധ്യവയസ്‌കതയിലേക്കുള്ള ദൂരമുണ്ട് ആ മിഠായിപ്പൊതികളെ സ്വന്തമാക്കിയതിന് പിന്നിൽ. നഷ്ടപ്പെട്ടത് കേവലം വർഷങ്ങൾ മാത്രമല്ല. ആറ്റിക്കുറുക്കിയാൽ ഏതാനും വർഷങ്ങൾ മാത്രം ഒരുമിച്ചു ജീവിച്ച പ്രിയതമയെ കൂടിയാണ്. പണത്തിനു പിറകെ മാത്രം പോയ ദിനങ്ങൾ. സമ്പാദ്യമാണ് എല്ലാം എന്നു കരുതിയിരുന്ന വർഷങ്ങൾ. ഒന്നും വീണ്ടെടുക്കുക സാധ്യമല്ല..

ശരീരത്തിന് തെല്ല് ക്ഷീണമുണ്ട്. അത് പക്ഷേ വാർധക്യത്തിലേക്ക് ഓടിക്കയറുകയാണ്. ആകെയുള്ള ആശ്വാസം ഇതേ മിഠായിപ്പൊതികളുമായി ഉറ്റവരെയും അവരുടെ കുട്ടികളേയും കാണാൻ പോകുമ്പോൾ മാത്രമാണ്. മിഠായികൾക്ക് വേണ്ടി കുട്ടികൾ ഓടി വരുന്നത് കാണാൻ ഒരു സുഖമാണ്. പക്ഷേ കാലം അതും തനിക്ക് നഷ്ടപ്പെടുത്തി. അവശ്യസാധാനങ്ങൾക്ക് വേണ്ടിയല്ലാതെ വീട്ടിൽ നിന്നിറങ്ങരുത് എന്നാണ് ഓർഡർ. അതുപക്ഷേ ഇത്ര നീണ്ടുനിൽക്കും എന്നു കരുതിയില്ല.

താൻ തനിച്ചാവുകയാണോ. ആ വലിയ വീടിനു ചുറ്റും കണ്ണോടിച്ചപ്പോൾ അയാൾക്ക് തെല്ല് ഭയം തോന്നി. ഏകാന്തത അയാളെ ശരിക്കും പിടികൂടിയിരിക്കുന്നു. ഒരുപാടുനേരം ആ നോട്ടം തുടരാൻ അയാൾക്ക് കഴിഞ്ഞില്ല. ഉമ്മറത്തേക്ക് ഇറങ്ങി. വല്ലാത്തൊരു പരവേശം.

ഒരു ഞെട്ടലോടെ കയ്യിലിരുന്ന മൊബൈൽ ശബ്ദിച്ചു..

'ഹ..ഹലോ..'

'ഹലോ..ഉപ്പാപ്പ. ഉപ്പാപ്പ എന്നാ വരുന്നത്? കൊറോണ ഒക്കെ പോയിട്ട് വരണം കേട്ടോ. ഞങ്ങൾക്ക് ഉപ്പാപ്പയെ കാണാൻ കൊതിയായി.'

ആ കുഞ്ഞു ശബ്ദം അയാളുടെ പരവേശത്തെ കെടുത്തി. കലങ്ങിയ കണ്ണുകൾക്ക് താഴെ ഒരു പുഞ്ചിരി വിടർന്നു. ആ പുഞ്ചിരി മിഠായിപ്പൊതികൾക്ക് വേണ്ടി കാത്തിരിക്കുന്ന ആ കുഞ്ഞുങ്ങളെ ഓർത്തിട്ടാവുമോ? അതോ മിഠായിയല്ല തന്നെ തന്നെയാണ് അവർക്ക് വേണ്ടത് എന്ന സന്തോഷം കൊണ്ടാവുമോ? അതുമല്ല, അവരോട് അടുക്കാൻ മിഠായിപ്പൊതികൾക്ക് വേണ്ടി കാത്തിരിക്കേണ്ടിയിരുന്നില്ല എന്ന തിരിച്ചറിവ് കൊണ്ടോ?

അടുപ്പങ്ങൾക്ക് മാനദണ്ഡങ്ങൾ തീർക്കുന്നവരാണ് ചുറ്റിലും. അകന്നു നിൽക്കുന്ന മനസ്സുകളോട് ദൈവം പറയുന്നത് നന്മകൾ അടുപ്പത്തിൽ നിന്ന് ആരംഭിക്കാനാണ്. ബീവറുകൾ കൂടുണ്ടാക്കുന്നത് കണ്ടിട്ടില്ലേ? വെള്ളത്തിൽ വസിക്കാൻ വേനൽക്കാലത്തേക്കും അതിനെ സംഭരിക്കാൻ കഴിയുംവിധം? അതേപോലെ ബന്ധങ്ങളെയും നമ്മൾ സൂക്ഷിച്ചു വെക്കണം. എല്ലാ കാലത്തേക്കും. ഏതുകാലത്തേക്കും നമുക്ക് കുളിർമയേകാൻ. മിഠായിപ്പൊതികൾ അവിടെ ഒരലങ്കാരം മാത്രമാണ്..!

Sunday, April 26, 2020

അകലം

'ഒരു മീറ്റർ അപ്പുറത്ത് നിൽക്കണം..'

മലയാളത്തിലാണ് പറഞ്ഞത്. തന്റെ മുഖത്ത് നിന്ന് മലയാളിയെ അയാൾ വായിച്ചെടുത്തോ? ചിന്തകളെ തെറ്റിച്ച ആ വാക്കുകളുടെ ഉടമസ്ഥനെ തെല്ലു കൗതുകത്തോടെ നോക്കി മനസ്സിൽ പറഞ്ഞു.

ഭാഷയറിയാത്ത ഈ നാട്ടിൽ വന്നിട്ട് കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂ. അവിചാരിതമായ ലോക്ക്ഡൗണിൽ ആയിരങ്ങളെപ്പോലെ താനും കുടുങ്ങി. ആദ്യമാദ്യം ആശങ്കയായിരുന്നു. യാഥാർഥ്യമാണ് എന്നു തിരിച്ചറിയാൻ ആഴ്ചകൾ വേണ്ടി വന്നു. സ്വന്തക്കാരെ, ഭാര്യയെ, ഒരു വയസ്സ് പോലും പ്രായമാകാത്ത കുഞ്ഞിനെ, നാടിനെ, നാട്ടുകാരെ, കൂട്ടുകാരെ.. അങ്ങനെ കാണേണ്ടവരുടെ ലിസ്റ്റ് നാൾക്കുനാൾ നീളുകയാണ്. ഇനിയുമേറെ കാത്തിരിക്കേണ്ടി വരും. മനസ്സിൽ ഒരു കനൽ വീണ പോലെ.

റോഡ് വിജനമാണ്. അത്യാവശ്യം ചില കടകൾ മാത്രമേ തുറന്നിട്ടുള്ളൂ. ഈ കടയിലേക്ക് അങ്ങനെ വരാറില്ല. അല്ലെങ്കിലും അരിയും പച്ചക്കറിയും വാങ്ങിയിട്ട് തനിക്ക് എന്തു കാര്യം. അതു പാകം ചെയ്യാനുള്ള സൗകര്യമോ സാധനങ്ങളോ തനിക്കില്ലല്ലോ.

ഒരു മീറ്ററിൽ കൂടുതൽ അകലം പാലിക്കുന്നുണ്ട് മിക്കവരും. ഒരുപക്ഷേ വൈറസിനെക്കാൾ വേഗത്തിലാണെന്നു തോന്നും ഭയം പടരുന്നത്! പലരും കടക്കാരനോട് കയർക്കുന്നുണ്ട്. സാധനങ്ങൾക്ക് തീപിടിച്ച വിലയാണ്. കയ്യിലുള്ള മൊബൈലിൽ ഒന്നുകൂടി ബാലൻസ് ചെക്ക് ചെയ്തു നോക്കി. ഈ മാസത്തേക്ക് തികയില്ല. എങ്കിലും അത്യാവശ്യം ചിലത് വാങ്ങാം.

തന്റെ ഊഴമായി. ഹിന്ദി മാത്രമേ അറിയാവൂ. അതും പൊടിക്ക്.

ദോ കിലോ ആട്ട, ദോ കിലോ റൈസ്, 300 ഗ്രാം ദാൽ..

ബേറെ? കടക്കാരൻ മുഖത്ത് നോക്കി.

ഇനിയെന്താണ്...! അറിയില്ല. കണ്ണുകൾ ചുറ്റും തിരഞ്ഞു. പുറകിൽ ആളുകൾ പിറുപിറുക്കുന്നുണ്ട്. കടക്കാരന്റെ കണ്ണുകൾ ഇപ്പോഴും മുഖത്താണ്. കുറച്ചു ഉപ്പും മുളകും ഓയിലും അത്യാവശ്യം പച്ചക്കറികളും വാങ്ങാം. അതുമതിയാകും.

നഗരമായത് കൊണ്ട് മൊബൈൽ വഴി തന്നെ പണം കൊടുക്കാം. അങ്ങനെ ഒരാശ്വാസമുണ്ട്. പണം നൽകി തിരിഞ്ഞു നടന്നു.

ആളുകൾ കൂട്ടത്തോടെ തന്നെയുണ്ട് കടക്ക് മുന്നിൽ. കൊറോണ പകർന്നു നൽകിയ പുതിയ സംസ്കാരത്തെ സ്വീകരിച്ചവരും അല്ലാത്തവരും ഒക്കെയുണ്ട്. കൂട്ടത്തിൽ താടിയുള്ള ഒരു മനുഷ്യനെ പേടിയോടെ അറപ്പോടെ നോക്കുന്ന ചിലരെ കണ്ടു. തന്നെ ആവിധം നോക്കുന്നതിൽ ആ മനുഷ്യന് അസ്വസ്‌ഥനായിരുന്നോ..? മുഖത്തു നിന്ന് വായിച്ചെടുക്കാൻ മാസ്‌ക് അനുവദിച്ചില്ല. അല്ലെങ്കിലും കൊറോണ പകർന്നു നൽകിയത് പുതിയ സംസ്കാരം മാത്രമല്ലല്ലോ. വിദ്വേഷങ്ങൾ കൂടിയാണ്. കൊറോണക്ക് ജാതിയും മതവും വരെ കല്പിക്കപ്പെട്ടു കഴിഞ്ഞു. മൃതദേഹം പോലും ബഹുമാനിക്കപ്പെടാത്ത അവസ്ഥയാണ്.

മനസ്സ് തെല്ലൊന്നു പിടഞ്ഞോ..? കാര്യമില്ല. അത്തരക്കാരിലേക്ക് നോക്കാൻ നേരമില്ല. തന്റെ മനസ്സ് മുഴുവൻ ആ കുഞ്ഞാണ്. ആ കരച്ചിൽ. ആ ചിന്ത നടത്തത്തിന്റെ വേഗത കൂട്ടി. തന്റെ കെട്ടിടത്തിലേക്കുള്ള വഴി തിരിഞ്ഞു. കെട്ടിടത്തിന്റെ മറുവശത്ത് മുഴുവൻ ഒറ്റമുറികളും ചെറിയ മുറികളുമുള്ള വീടുകളാണ്. മൂന്നാം നിലയിലുള്ള തന്റെ ജനൽ വഴി മിക്ക വീടുകളും കാണാം.

ഇന്നാണ് അതിലൊന്നിലാണ് ആ കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. ഏകദേശം നാലോ അഞ്ചോ വയസ്സ് പ്രായം വരും. ആശ്വസിപ്പിക്കാൻ കഴിയാത്തവിധം കുഞ്ഞിനെ തലോടാൻ ശ്രമിക്കുന്ന അമ്മയുമുണ്ട്. ഏതൊരു മനുഷ്യനും തിരിയുന്ന വിശപ്പിന്റെ കരച്ചിലും നിസ്സഹായതയും..! കണ്ടുനിൽക്കാൻ കഴിയില്ലല്ലോ. അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചുണ്ണാൻ തന്റെ ആദർശം അനുവദിക്കുന്നുമില്ല.

ആ വീടെത്തി. വാതിലിൽ മുട്ടി. നേരത്തെ കണ്ട സ്ത്രീ എത്തി നോക്കി. ഭാഷ ഏതാണ് എന്നറിയില്ല. അല്ലെങ്കിലും അറിഞ്ഞിട്ട് കാര്യമില്ലല്ലോ. കയ്യിലുള്ള സഞ്ചി വാതിൽക്കൽ വെച്ചു തിരിഞ്ഞു നടന്നു. മനസ്സിലേക്ക് പിതാവിന്റെ വാക്കുകൾ ഓടിക്കയറി.

'നമ്മുടെ കഷ്ടപ്പാടുകളിലും ചുറ്റുമുള്ളവരിലേക്ക് നോക്കുമ്പോഴാണ് നമ്മൾ മനുഷ്യരാവുന്നത്. നമ്മെ മനുഷ്യരാക്കാൻ പാകത്തിന് പലതും ദൈവം അവിടെ കരുതി വെച്ചിട്ടുണ്ടാവും.'

എത്ര ശരിയാണ്..! അല്ലെങ്കിലും അകലം പാലിക്കാൻ പറഞ്ഞത് ശരീരങ്ങളോടാണല്ലോ. മനസ്സുകളെ കൂടുതൽ ചേർത്തു പിടിക്കേണ്ട സമയമാണ്..!