മുമ്പെങ്ങും മദീന ഇങ്ങനെ കാത്തിരുന്നിട്ടില്ല. സുബഹി നമസ്കാരാനന്തരം മദീനാ പട്ടണത്തിന്റെ അതിർത്തിയിൽ വെയിലിന്റെ ചൂടേൽക്കുവോളം അവർ കാത്തിരിക്കും. വെയിൽ അധികമാവുമ്പോൾ അവർ വീടുകളിലേക്ക് മടങ്ങും. പിറ്റേ ദിവസവും അവർ അതേ നിൽപ്പ് തുടരും. ആ കാത്തിരിപ്പ് മറ്റാരെയുമായിരുന്നില്ല തങ്ങളുടെ അയൽക്കാരായ യഹൂദികൾ പ്രതീക്ഷിച്ച പ്രവാചകനെ, ആഭ്യന്തര യുദ്ധങ്ങളും പരസ്പര പോരാട്ടങ്ങളും കാരണം ശിഥിലമായ തങ്ങളുടെ സമുദായത്തെ ഐക്യപ്പെടുത്തിയ പുണ്യ റസൂലിനെ..സ്വല്ലല്ലാഹു അലൈഹി വസല്ലം!
അന്ധകാരത്തിന്റെയും അധഃപതനത്തിന്റെയും പാരമ്യത്തിൽ നിന്നിരുന്ന അറേബ്യയിൽ ഖുറൈശി പ്രമുഖനായ അബ്ദുൽ മുത്തലിബിന്റെ പത്ത് മക്കളിൽ അഞ്ചാമനായ അബ്ദുല്ലയുടെയും ബനൂ സുഹ്റാ ഗോത്ര നേതാവായ വഹബിന്റെ മകൾ അമിനയുടെയും മകനായി ഒരു റബീഉൽ അവ്വൽ മാസത്തിലാണ് പ്രവാചകൻ(സ) ജനിക്കുന്നത്. ഗർഭകാലത്ത് തന്നെ പിതാവിനെയും ആറു വയസ്സായപ്പോൾ മാതാവിനെയും എട്ടു വയസ്സായപ്പോൾ പിതാമഹാനെയും നഷ്ടപ്പെട്ട പ്രവാചകൻ (സ) കടുപ്പവും കയ്പേറിയതുമായ അനാഥത്വത്തിൽ പിതൃവ്യനായ അബൂ ത്വാലിബിനൊപ്പമാണ് വളർന്നത്. സത്യസന്ധനും സൽസ്വഭാവിയും വിശ്വസ്തനുമായ അദ്ദേഹത്തെ മക്കക്കാർ 'അൽഅമീൻ' എന്നു വിളിച്ചു.
തന്റെ 25ആമത്തെ വയസ്സിൽ ഖദീജ(റ) യെ വിവാഹം കഴിച്ച അദ്ദേഹത്തിന് 40ആമത്തെ വയസ്സിലാണ് താൻ ഇടക്കിടെ ധ്യാനനിരതനായി ഇരിക്കാറുള്ള ഹിറാ ഗുഹയിൽ വെച്ച് ദൈവിക സന്ദേശം ലഭിക്കുന്നത്. രഹസ്യവും പരസ്യവുമായ പിന്നീടുള്ള മക്കാ പ്രബോധന കാലഘട്ടത്തിൽ കൊടിയ പീഡനത്തിന് വിധേയനായ അവിടുന്ന് അല്ലാഹുവിന്റെ കല്പനപ്രകാരം മദീനയിലേക്ക് ഹിജ്‌റ പോവുകയായിരുന്നു. അദ്ദേഹത്തിന് മുൻപ് വന്ന മുഴുവൻ മുസ്ലിങ്ങളെയും നന്നായി സ്വീകരിച്ച അന്സാരികൾ റസൂലിന്റെ (സ) വരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
അന്നും അവർ വെയിൽ കനക്കുവോളം കാത്തിരുന്നു. പിന്നീട് നിരാശരായി വീടുകളിലേക്ക് മടങ്ങി. അതിനു ശേഷമാണ് റസൂൽ (സ) അബൂബക്കർ (റ) മൊത്ത് മദീനയിലേക്ക് കടന്നു വരുന്നത്. അതാദ്യമായി കണ്ടത് ഒരു യഹൂദിയായിരുന്നു. അയാളത് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ഇത് കേട്ടതോടെ വീടുകളിൽ നിന്നിറങ്ങി വന്ന അന്സാരികൾ ഈന്തപ്പന തണലിൽ നിൽക്കുന്ന തിരുദൂതരെയും അബൂബക്കറിനെയും കണ്ടു. അത് വരെ അദ്ദേഹത്തെ കാണാത്തവർ ആകാംഷയോടെ ഇരുവരെയും നോക്കി. അത് മനസ്സിലാക്കയിലെ അബൂബക്കർ (റ) ഒരു പുതപ്പെടുത്ത് റസൂലിന്റെ(സ) തലക്കുമീതെ തണലൊരുക്കി. അങ്ങനെ അവർ റസൂലിനെ തിരിച്ചറിഞ്ഞു. ആദരപൂർവം അവർ അപേക്ഷിച്ചു;
"തിരുദൂതരെ വരിക, അങ്ങ് സർവ്വിധത്തിലും സുരക്ഷിതനാണ്. അങ്ങയുടെ സർവ കല്പനകളും പാലിക്കപ്പെടുന്നതാണ്"
അവർ മുന്നോട്ട് നീങ്ങി. സ്ത്രീകൾ മട്ടുപ്പാവിൽ നിന്ന് ആ സംഘത്തെ നോക്കി കണ്ടു. മദീന മുഴുവൻ അദ്ദേഹത്തെ സ്വീകരിക്കാനൊരുങ്ങി. അന്സാരികൾ ഇത്രയധികം സന്തോഷിച്ച ദിനം ഉണ്ടായിട്ടില്ല. അത്രത്തോളം പ്രഭാപൂരിതമായ മറ്റൊരു ദിവസം മദീനയിൽ ഉണ്ടായിട്ടുമില്ല. റസൂലിനെ വരവേറ്റു കൊണ്ട് അന്സാരികുട്ടികൾ ഇങ്ങനെ പാടി;
"വാഹക സംഘങ്ങൾ യാത്രയാക്കപ്പെട്ട മലഞ്ചെരുവിൽ നിന്ന് - ഇന്നിതാ പതിനാലാം രാവിൽ പൂർണചന്ദ്രൻ ഉദിച്ചുയർന്നിരിക്കുന്നു. അല്ലാഹുവിന്റെ നാമം വാഴ്ത്തുന്ന ഒരാളെങ്കിലും ലോകത്തുണ്ടായിരിക്കുന്ന കാലത്തോളം ഇതിനു നന്ദി രേഖപ്പെടുത്തൽ ഞങ്ങളുടെ ബാധ്യതയാണ്. ഞങ്ങളിലേക്ക് അയക്കപ്പെട്ട വിശുദ്ധ വ്യക്തിത്വമേ, അനുസരിക്കൽ നിർബന്ധമായ കല്പനകളുമായാണ് അങ്ങ് വന്നിട്ടുള്ളത്"
ശേഷം 63ആമത്തെ വയസ്സു വരെ വിശ്രമമില്ലാത്ത പ്രബോധനം. അന്ധകാരത്തിലിരുന്ന അറേബ്യയെ സാംസ്കാരിക ഉന്നതിയിൽ എത്തിച്ചതിനു ശേഷമാണ് അദ്ദേഹം വിട പറഞ്ഞത്. ഒരു സാമ്രാജ്യം മുഴുവൻ കാൽക്കീഴിൽ ആയിട്ടും വിനയവും കാരുണ്യവും കൈമോശം വന്നില്ല റസൂലിന്. തന്നെ കൊടിയ പീഡനത്തിരയാക്കിയ ഖുറൈശികളോട് മക്കാ വിജയത്തിന് ശേഷം അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്;
"ഖുറൈശികളെ, ഞാൻ നിങ്ങളോട് എപ്രകാരം വർത്തിക്കണമെന്നാണ് നിങ്ങളുടെ അഭിപ്രായം." അവർ പറഞ്ഞു "ഞങ്ങൾ നല്ലതു മാത്രം പ്രതീക്ഷിക്കുന്നു. താങ്കൾ മാന്യനായ സഹോദരനാണ്. മാന്യ സഹോദരന്റെ മകനും." റസൂൽ അരുളി "യുസുഫ്(അ) സഹോദരങ്ങളോട് പറഞ്ഞതുപോലെ ഞാൻ നിങ്ങളോടും പറയുന്നു - നിങ്ങളുടെ മേൽ യാതൊരു പ്രതികാര നടപടിയുമില്ല. പൊയ്ക്കൊള്ളുക. നിങ്ങൾ സ്വതന്ത്രരാണ്'
അതെ, സമുന്നതനും സൽസ്വഭാവിയും ജീവിത സംശുദ്ധിയും സൂക്ഷ്മത ബോധവും ഉന്നത വികാരങ്ങളും സഹനവും വിട്ടു വീഴ്ചയും വിനയവും ധീരതയും ലജ്ജയും അലിവും കാരുണ്യവും സ്നേഹവും നിറഞ്ഞ ജീവിതത്തിലെ സകല മേഖലകളിലും വഴികാട്ടിയായ മാനവരിൽ മഹോന്നതനാണ് എന്റെ പ്രവാചകൻ....സ്വല്ലല്ലാഹു അലൈഹി വസല്ലം!
"ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല." (വിശുദ്ധ ഖുർആൻ 21:107)
No comments:
Post a Comment