ഇസ്ലാമിക വിമർശകർ കഴിഞ്ഞ കുറെ കാലമായി ആശയദാരിദ്ര്യം മൂലം പൊറുതി മുട്ടി കഴിയുകയാണ്. കള്ളകഥകൾ പടച്ചും ഇസ്ലാമിക പ്രമാണങ്ങൾ സന്ദർഭത്തിൽ നിന്നടർത്തി മാറ്റി പ്രചരിപ്പിച്ചും ഇസ്ലാമിനെ 'തീവ്രവാദവൽക്കരിക്കാൻ' ശ്രമിച്ചിട്ടും സത്യമതത്തെ അതിജയിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. ആ നിരാശയിൽ നിന്നാകണം ലോകത്തെ വ്യത്യസ്ഥങ്ങളായ ഇസ്ലാമിക ചിന്താധാരകളിൽ പെട്ട മുഴുവൻ പണ്ഡിതരും ഒരുപോലെ വിമർശിച്ചു ഒറ്റപ്പെടുത്തിയ 'ഐഎസിന്റെ' വക്താക്കളായി ചമഞ്ഞു അറബി വാക്കുകൾ ഉച്ചാരണ ശുദ്ധിയോടെ അവതരിപ്പിക്കാൻ കഴിയുന്നവരെ വെച്ചു ഓഡിയോ ക്ലിപ്പുകൾ പടച്ചുണ്ടാക്കി സമൂഹത്തിൽ പ്രചരിപ്പിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. അത്തരമൊരു ക്ലിപ്പിലെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയുക എന്നതാണ് ഈ എഴുത്തിന്റെ ലക്ഷ്യം. നേരോടെ ചിന്തിക്കുന്ന ആർക്കും ആ ക്ലിപ്പിന്റെ സത്യസന്ധത ബോധ്യപ്പെടുമെങ്കിലും സമൂഹത്തിൽ ആഴത്തിൽ വേരുറച്ചു പോയ ചില 'പൊതുബോധങ്ങൾ' നിമിത്തം അങ്കലാപ്പിൽ ആയവർക്ക് വേണ്ടി പ്രസ്തുത വിഷയത്തിലെ നെല്ലും പതിരും വേർതിരിക്കാൻ ഒരു ശ്രമം.
വിശുദ്ധ ഖുർആനിലെ രണ്ടാം അധ്യായമായ സൂറത്തുൽ ബഖറയുടെ 193ആം വചനം ഉദ്ധരിച്ചു കൊണ്ട് മുസ്ലിങ്ങൾ ലോകം മുഴുവൻ ഇസ്‌ലാമികവൽക്കരിക്കുന്നത് വരെ യുദ്ധം ചെയ്യേണ്ടവർ ആണെന്നും അമുസ്ലിങ്ങളെ നിഷ്കാസനം ചെയ്യേണ്ടവരാണ് എന്നും സമർത്ഥിക്കാൻ ശ്രമിക്കുകയാണ് പ്രസ്തുത ക്ലിപ്പിൽ ചെയ്യുന്നത്. ആ വചനം ഇങ്ങനെയാണ്;
"മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല." (വിശുദ്ധ ഖുർആൻ 2:193)
114 അധ്യായങ്ങളിലായി ആറായിരത്തിലധികം വരുന്ന വിശുദ്ധ ഖുർആനിലെ വചനങ്ങൾ ദൈവികമാണ് എന്ന് വിശ്വസിക്കുന്നവരാണ് മുസ്ലിങ്ങൾ. ആ ഖുർആനിനെ ജീവിതത്തിൽ പകർത്തിയ പ്രവാചകൻ (സ) ആണ് അവർക്ക് മാതൃകയും. അതിലെ എല്ലാ വചനങ്ങളും പ്രവാചകന്റെ (സ) പ്രബോധിത സമൂഹമായ സ്വഹാബികൾ (പ്രവാചക കാലത്തെ അനുയായികൾ) എങ്ങനെ മനസ്സിലാക്കിയോ അങ്ങനെ മനസ്സിലാക്കുന്നവരും കൂടിയാണ് മുസ്ലിങ്ങൾ. അതുകൊണ്ട് തന്നെ പ്രവാചകനെയും പ്രവാചക വചനങ്ങൾ ജനങ്ങൾക്ക് പറഞ്ഞു കൊടുത്ത സ്വഹാബികളെയും ഉദ്ധരിച്ചു കൊണ്ട് പണ്ഡിതന്മാർ വിശുദ്ധ ഖുർആനിന്റെ വചനങ്ങളെ വിശദീകരിച്ചിട്ടുമുണ്ട്. പ്രവാചകനോ അനുയായികൾക്കോ പണ്ഡിതർക്കോ മുസ്ലിങ്ങൾക്കോ പരിചയമില്ലാത്ത വ്യത്യസ്ഥ വാഖ്യാനങ്ങൾ ഖുർആനിക വചനങ്ങൾക്ക് കൽപിക്കുകയും അവ പ്രചരിപ്പിക്കുക എന്നതും ഇസ്ലാമിക വിമർശകർ എക്കാലത്തും സ്വീകരിച്ചു പോന്ന രീതിശാസ്ത്രമാണ്. ഇവിടെയും സംഭവിച്ചത് മറിച്ചല്ല.
മുകളിലെ വചനത്തിൽ മാത്രമല്ല വിശുദ്ധ ഖുർആനിലെ എട്ടാം അധ്യായമായ സൂറത്തുൽ അൻഫാലിലെ 39ആം വചനവും ഇതേ ആശയം തന്നെയാണ് പറഞ്ഞട്ടുള്ളത്. ഒറിയെന്റലിസ്റ്റുകളെ കോപ്പി അടിക്കുന്ന തിരക്കിൽ 'ഐഎസ് വക്താവ്' അറിയാതെ വിട്ടു പോയതാവും പ്രസ്തുത വചനം. അതിങ്ങനെയാണ്;
"കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്." (വിശുദ്ധ ഖുർആൻ 8:39)
ഈ രണ്ടു വചനങ്ങളിലും പൊതുവായി വന്ന ആശയമാണ് ഫിത്ന ഇല്ലാതെയാവുന്നത് വരെ യുദ്ധം ചെയ്യുക എന്നത്. ഫിത്ന എന്ന പദത്തിന് പരീക്ഷണം, മർദനം, കുഴപ്പം എന്നൊക്കെയാണ് അർത്ഥം. മതത്തിന്റെ പേരിൽ നില നിന്നിരുന്ന മർദനത്തെ സൂചിപ്പിക്കാൻ ആണ് പ്രസ്തുത വചനം ഉപയോഗിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ ഇസ്ലാമിലേക്ക് വരികയും പ്രവാചകനെയും അനുയായികളെയും സച്ചരിതരായ നാലു ഖലീഫമാരെയും കാണുകയും അവർ നടത്തിയ യുദ്ധങ്ങൾക്ക് സാക്ഷിയാവുകയും ചെയ്ത, ഇസ്ലാമിലെ രണ്ടാം ഖലീഫയായ ഉമറിന്റെ(റ) പുത്രനുമായ അബ്ദുല്ലാഹിബ്നു ഉമറിന്റെ(റ) സാക്ഷ്യം പ്രസ്തുത വിഷയത്തിൽ ഇസ്ലാമിന്റെ വീക്ഷണം എന്താണ് എന്ന് സുതരാം വ്യക്തമാക്കുന്നതാണ്.
"നാഫിഇൽ നിന്ന്: ഇബ്നു സുബൈറിന്റെ പീഡനങ്ങള് നിലനിന്നിരുന്ന കാലത്ത് രണ്ട് പേര് അബ്ദുല്ലാഹി ബ്നു ഉമറിന്റേെ അടുത്ത് ചെന്ന് ചോദിച്ചു: "ജനങ്ങള് ഇല്ലാതെയാവുന്നു. താങ്കള് ഉമറിന്റെ പുത്രനും പ്രവാചകാനുരചനുമായിരുന്നിട്ടും യുദ്ധരംഗത്തേക്ക് ഒരുങ്ങിപ്പുറപ്പെടുന്നതില് നിന്ന് താങ്കളെ തടയുന്നതെന്താണ്?'' അദ്ദേഹം പറഞ്ഞു: എന്റെ സഹോദരന്റെ രക്തം ചിന്തുന്നത് അല്ലാഹു വിലക്കിയിട്ടുണ്ടെന്നതാണ് എന്നെ തടയുന്നത്'. അവര് ചോദിച്ചു: ഫിത്ന ഇല്ലാതാകുന്നത് വരെ യുദ്ധം ചെയ്യണമെന്ന് അല്ലാഹു കല്പിച്ചിട്ടില്ലേ?' അദ്ദേഹം പറഞ്ഞു: 'ഫിത്ന ഇല്ലാതാകുന്നത് വരെയും, അല്ലാഹുവിന് വേണ്ടി മാത്രമാകുന്നത് വരെയും ഞങ്ങള് യുദ്ധം ചെയ്തിട്ടുണ്ട്. എന്നാല് നിങ്ങള്ക്കാവശ്യം ഫിത്ന ഉണ്ടാക്കുന്നതിനും ആരാധന അല്ലാഹു അല്ലാത്തവര്ക്ക് വേണ്ടിയാവുന്നതിനും വേണ്ടിയുള്ള യുദ്ധമാണ്.'' (ബുഖാരി)
നാഫിഇൽ നിന്നു തന്നെയുള്ള മറ്റൊരു റിപ്പോർട്ടിൽ ഈ വചനത്തെ പറ്റി ഇബ്നു ഉമർ (റ) ഇങ്ങനെ പറയുന്നു;
".....ഞങ്ങൾ അത് ചെയ്തിരുന്നു. അല്ലാഹുവിന്റെ ദൂതന്റെ കാലത്ത് ഇസ്ലാമിന് ഏതാനും അനുയായികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മതത്തിന്റെ പേരിൽ ആളുകൾ മർദിക്കപ്പെട്ടിരുന്നു. ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ മുസ്ലിങ്ങൾ വര്ധിച്ചപ്പിൽ പീഡനങ്ങളും മർദനങ്ങളും ഇല്ലാതെയായി" (ബുഖാരി)
ഇതിൽ നിന്നെല്ലാം മതത്തിന്റെ പേരിലുള്ള പീഡനങ്ങളും മർദനങ്ങളും ഇല്ലാതെയാവുകയും അല്ലാഹുവിനെ മാത്രം ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവുകയുണ് ചെയ്യുക എന്നതാണ് ഫിത്ന ഇല്ലാതെയാവുകയും ദീൻ മുഴുവൻ അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുക എന്നതിന്റെ വിവക്ഷ എന്ന് വ്യക്തമാണല്ലോ. പ്രവാചകനുചരന്മാരും പണ്ഡിതരും മുസ്ലിങ്ങളും അതിനെ അങ്ങനെ തന്നെയാണ് മനസ്സിലാക്കിയതും. അത്കൊണ്ടാണ് പ്രസ്തുത വചനം ഉദ്ധരിച്ചു കൊണ്ട് ലോകത്ത് ജനങ്ങളെ നർബന്ധിച്ചു മുസ്ലിങ്ങളാക്കാൻ ഒരുമ്പെട്ട ഒരൊറ്റ ചരിത്രം പോലും ഉദ്ധരിക്കാൻ ഇസ്‌ലാമിക വിമർശകർക്ക് കഴിയാതെ പോകുന്നത്.
മുസ്ലിം ആവുക എന്നാൽ സ്വന്തം ഇച്ഛകളെ പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവിൽ സമർപ്പിച്ചു ജീവിക്കുക എന്നതായിരിക്കേ നിർബന്ധമായി ഒരാളെ മുസ്ലിമാക്കുക എന്നത് ഒരിക്കലും സാധിക്കാത്ത കാര്യമാണ് എന്ന് യുക്തിപൂർവം ചിന്തിക്കുന്ന ആർക്കും ബോധ്യപ്പെടുന്ന കാര്യമാണല്ലോ. വിശുദ്ധ ഖുർആൻ പറയുന്നു;
"മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു." (വിശുദ്ധ ഖുർആൻ 2:256)
"നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ മനുഷ്യരെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. (എന്നാല്‍) അവര്‍ ഭിന്നിച്ചുകൊണേ്ടയിരിക്കുന്നതാണ്. " (വിശുദ്ധ ഖുർആൻ 11:118)
ഈ ലോകം പരീക്ഷണമാണ് എന്നും അവിടെ നന്മ തിന്മകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട് എന്നും കല്പിക്കുന്ന ഇസ്ലാമിൽ അത്തരം തിരഞ്ഞെടുപ്പുകളിൽ ബലാൽക്കാരമോ സമ്മർദ്ധമോ ഉണ്ടാവുകയില്ല എന്നതും കൃത്യമാണല്ലോ. പ്രവാചകനു പോലും അതിനധികാരമില്ല എന്നും പ്രവാചകൻ വിചാരിച്ചാൽ പോലും അതു നടക്കുകയില്ല എന്നും ഖുർആൻ വ്യക്തമാക്കുന്നുണ്ട്;
"ഇനി അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ (നബിയേ,) നിന്നെ നാം അവരുടെ മേല്‍ കാവല്‍ക്കാരനായി അയച്ചിട്ടില്ല. നിന്‍റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളു." (വിശുദ്ധ ഖുർആൻ 42:48)
"പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ." (വിശുദ്ധ ഖുർആൻ 18:29)
"അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല." (വിശുദ്ധ ഖുർആൻ 88:21-22)
"അവര്‍ പറഞ്ഞ് കൊണ്ടിരിക്കുന്നതിനെ പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. നീ അവരുടെ മേല്‍ സ്വേച്ഛാധികാരം ചെലുത്തേണ്ടവനല്ല. അതിനാല്‍ എന്‍റെ താക്കീത് ഭയപ്പെടുന്നവരെ ഖുര്‍ആന്‍ മുഖേന നീ ഉല്‍ബോധിപ്പിക്കുക." (വിശുദ്ധ ഖുർആൻ 50:45)
"തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു." (വിശുദ്ധ ഖുർആൻ 28:56)
മുകളിൽ സൂചിപ്പിച്ച മുഴുവൻ ഖുർആൻ വചനങ്ങളും ഹദീസുകളും പ്രസ്തുത ക്ലിപ്പിലെ ഉള്ളടക്കം ശുദ്ധ അസംബന്ധമാണ് എന്നാണ് നമുക്ക് പറഞ്ഞു തരുന്നത്. ഒറിയെന്റലിസ്റ്റുകൾ ചർദ്ധിച്ചത് അപ്പാടെ വിഴുങ്ങുകയും പരിഹാസ്യമായ രൂപത്തിൽ അതിനെ അവതരിപ്പിക്കുയും ചെയ്യുന്ന അഭിനവ ഇസ്ലാമിക വിമർശകരിൽ നിന്ന് മാന്യമായ വിമർശനങ്ങൾ പ്രതീക്ഷിക്കുന്നത് മൗഢ്യമാണ് എന്നറിയാം. എങ്കിലും സത്യസന്ധമായി വിഷയങ്ങളെ പഠിക്കാൻ അവർ തുനിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ്..!
"സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു. എന്നും നീ പറയുക." (വിശുദ്ധ ഖുർആൻ 17:81)
"സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു. എന്നും നീ പറയുക." (വിശുദ്ധ ഖുർആൻ 17:81)
No comments:
Post a Comment