Monday, April 27, 2020

അടുപ്പം

ചെന്നു കയറാൻ വീടുകളുണ്ട്. കയ്യിൽ മിഠായിപ്പൊതികളുമുണ്ട്. പക്ഷേ അനുവാദമില്ലല്ലോ..

അയാൾ ചിന്തിക്കുകയായിരുന്നു..

ആളുകളിൽ നിന്ന് മാറിനടന്നിരുന്ന യൗവനത്തിൽ നിന്ന് മധ്യവയസ്‌കതയിലേക്കുള്ള ദൂരമുണ്ട് ആ മിഠായിപ്പൊതികളെ സ്വന്തമാക്കിയതിന് പിന്നിൽ. നഷ്ടപ്പെട്ടത് കേവലം വർഷങ്ങൾ മാത്രമല്ല. ആറ്റിക്കുറുക്കിയാൽ ഏതാനും വർഷങ്ങൾ മാത്രം ഒരുമിച്ചു ജീവിച്ച പ്രിയതമയെ കൂടിയാണ്. പണത്തിനു പിറകെ മാത്രം പോയ ദിനങ്ങൾ. സമ്പാദ്യമാണ് എല്ലാം എന്നു കരുതിയിരുന്ന വർഷങ്ങൾ. ഒന്നും വീണ്ടെടുക്കുക സാധ്യമല്ല..

ശരീരത്തിന് തെല്ല് ക്ഷീണമുണ്ട്. അത് പക്ഷേ വാർധക്യത്തിലേക്ക് ഓടിക്കയറുകയാണ്. ആകെയുള്ള ആശ്വാസം ഇതേ മിഠായിപ്പൊതികളുമായി ഉറ്റവരെയും അവരുടെ കുട്ടികളേയും കാണാൻ പോകുമ്പോൾ മാത്രമാണ്. മിഠായികൾക്ക് വേണ്ടി കുട്ടികൾ ഓടി വരുന്നത് കാണാൻ ഒരു സുഖമാണ്. പക്ഷേ കാലം അതും തനിക്ക് നഷ്ടപ്പെടുത്തി. അവശ്യസാധാനങ്ങൾക്ക് വേണ്ടിയല്ലാതെ വീട്ടിൽ നിന്നിറങ്ങരുത് എന്നാണ് ഓർഡർ. അതുപക്ഷേ ഇത്ര നീണ്ടുനിൽക്കും എന്നു കരുതിയില്ല.

താൻ തനിച്ചാവുകയാണോ. ആ വലിയ വീടിനു ചുറ്റും കണ്ണോടിച്ചപ്പോൾ അയാൾക്ക് തെല്ല് ഭയം തോന്നി. ഏകാന്തത അയാളെ ശരിക്കും പിടികൂടിയിരിക്കുന്നു. ഒരുപാടുനേരം ആ നോട്ടം തുടരാൻ അയാൾക്ക് കഴിഞ്ഞില്ല. ഉമ്മറത്തേക്ക് ഇറങ്ങി. വല്ലാത്തൊരു പരവേശം.

ഒരു ഞെട്ടലോടെ കയ്യിലിരുന്ന മൊബൈൽ ശബ്ദിച്ചു..

'ഹ..ഹലോ..'

'ഹലോ..ഉപ്പാപ്പ. ഉപ്പാപ്പ എന്നാ വരുന്നത്? കൊറോണ ഒക്കെ പോയിട്ട് വരണം കേട്ടോ. ഞങ്ങൾക്ക് ഉപ്പാപ്പയെ കാണാൻ കൊതിയായി.'

ആ കുഞ്ഞു ശബ്ദം അയാളുടെ പരവേശത്തെ കെടുത്തി. കലങ്ങിയ കണ്ണുകൾക്ക് താഴെ ഒരു പുഞ്ചിരി വിടർന്നു. ആ പുഞ്ചിരി മിഠായിപ്പൊതികൾക്ക് വേണ്ടി കാത്തിരിക്കുന്ന ആ കുഞ്ഞുങ്ങളെ ഓർത്തിട്ടാവുമോ? അതോ മിഠായിയല്ല തന്നെ തന്നെയാണ് അവർക്ക് വേണ്ടത് എന്ന സന്തോഷം കൊണ്ടാവുമോ? അതുമല്ല, അവരോട് അടുക്കാൻ മിഠായിപ്പൊതികൾക്ക് വേണ്ടി കാത്തിരിക്കേണ്ടിയിരുന്നില്ല എന്ന തിരിച്ചറിവ് കൊണ്ടോ?

അടുപ്പങ്ങൾക്ക് മാനദണ്ഡങ്ങൾ തീർക്കുന്നവരാണ് ചുറ്റിലും. അകന്നു നിൽക്കുന്ന മനസ്സുകളോട് ദൈവം പറയുന്നത് നന്മകൾ അടുപ്പത്തിൽ നിന്ന് ആരംഭിക്കാനാണ്. ബീവറുകൾ കൂടുണ്ടാക്കുന്നത് കണ്ടിട്ടില്ലേ? വെള്ളത്തിൽ വസിക്കാൻ വേനൽക്കാലത്തേക്കും അതിനെ സംഭരിക്കാൻ കഴിയുംവിധം? അതേപോലെ ബന്ധങ്ങളെയും നമ്മൾ സൂക്ഷിച്ചു വെക്കണം. എല്ലാ കാലത്തേക്കും. ഏതുകാലത്തേക്കും നമുക്ക് കുളിർമയേകാൻ. മിഠായിപ്പൊതികൾ അവിടെ ഒരലങ്കാരം മാത്രമാണ്..!

Sunday, April 26, 2020

അകലം

'ഒരു മീറ്റർ അപ്പുറത്ത് നിൽക്കണം..'

മലയാളത്തിലാണ് പറഞ്ഞത്. തന്റെ മുഖത്ത് നിന്ന് മലയാളിയെ അയാൾ വായിച്ചെടുത്തോ? ചിന്തകളെ തെറ്റിച്ച ആ വാക്കുകളുടെ ഉടമസ്ഥനെ തെല്ലു കൗതുകത്തോടെ നോക്കി മനസ്സിൽ പറഞ്ഞു.

ഭാഷയറിയാത്ത ഈ നാട്ടിൽ വന്നിട്ട് കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂ. അവിചാരിതമായ ലോക്ക്ഡൗണിൽ ആയിരങ്ങളെപ്പോലെ താനും കുടുങ്ങി. ആദ്യമാദ്യം ആശങ്കയായിരുന്നു. യാഥാർഥ്യമാണ് എന്നു തിരിച്ചറിയാൻ ആഴ്ചകൾ വേണ്ടി വന്നു. സ്വന്തക്കാരെ, ഭാര്യയെ, ഒരു വയസ്സ് പോലും പ്രായമാകാത്ത കുഞ്ഞിനെ, നാടിനെ, നാട്ടുകാരെ, കൂട്ടുകാരെ.. അങ്ങനെ കാണേണ്ടവരുടെ ലിസ്റ്റ് നാൾക്കുനാൾ നീളുകയാണ്. ഇനിയുമേറെ കാത്തിരിക്കേണ്ടി വരും. മനസ്സിൽ ഒരു കനൽ വീണ പോലെ.

റോഡ് വിജനമാണ്. അത്യാവശ്യം ചില കടകൾ മാത്രമേ തുറന്നിട്ടുള്ളൂ. ഈ കടയിലേക്ക് അങ്ങനെ വരാറില്ല. അല്ലെങ്കിലും അരിയും പച്ചക്കറിയും വാങ്ങിയിട്ട് തനിക്ക് എന്തു കാര്യം. അതു പാകം ചെയ്യാനുള്ള സൗകര്യമോ സാധനങ്ങളോ തനിക്കില്ലല്ലോ.

ഒരു മീറ്ററിൽ കൂടുതൽ അകലം പാലിക്കുന്നുണ്ട് മിക്കവരും. ഒരുപക്ഷേ വൈറസിനെക്കാൾ വേഗത്തിലാണെന്നു തോന്നും ഭയം പടരുന്നത്! പലരും കടക്കാരനോട് കയർക്കുന്നുണ്ട്. സാധനങ്ങൾക്ക് തീപിടിച്ച വിലയാണ്. കയ്യിലുള്ള മൊബൈലിൽ ഒന്നുകൂടി ബാലൻസ് ചെക്ക് ചെയ്തു നോക്കി. ഈ മാസത്തേക്ക് തികയില്ല. എങ്കിലും അത്യാവശ്യം ചിലത് വാങ്ങാം.

തന്റെ ഊഴമായി. ഹിന്ദി മാത്രമേ അറിയാവൂ. അതും പൊടിക്ക്.

ദോ കിലോ ആട്ട, ദോ കിലോ റൈസ്, 300 ഗ്രാം ദാൽ..

ബേറെ? കടക്കാരൻ മുഖത്ത് നോക്കി.

ഇനിയെന്താണ്...! അറിയില്ല. കണ്ണുകൾ ചുറ്റും തിരഞ്ഞു. പുറകിൽ ആളുകൾ പിറുപിറുക്കുന്നുണ്ട്. കടക്കാരന്റെ കണ്ണുകൾ ഇപ്പോഴും മുഖത്താണ്. കുറച്ചു ഉപ്പും മുളകും ഓയിലും അത്യാവശ്യം പച്ചക്കറികളും വാങ്ങാം. അതുമതിയാകും.

നഗരമായത് കൊണ്ട് മൊബൈൽ വഴി തന്നെ പണം കൊടുക്കാം. അങ്ങനെ ഒരാശ്വാസമുണ്ട്. പണം നൽകി തിരിഞ്ഞു നടന്നു.

ആളുകൾ കൂട്ടത്തോടെ തന്നെയുണ്ട് കടക്ക് മുന്നിൽ. കൊറോണ പകർന്നു നൽകിയ പുതിയ സംസ്കാരത്തെ സ്വീകരിച്ചവരും അല്ലാത്തവരും ഒക്കെയുണ്ട്. കൂട്ടത്തിൽ താടിയുള്ള ഒരു മനുഷ്യനെ പേടിയോടെ അറപ്പോടെ നോക്കുന്ന ചിലരെ കണ്ടു. തന്നെ ആവിധം നോക്കുന്നതിൽ ആ മനുഷ്യന് അസ്വസ്‌ഥനായിരുന്നോ..? മുഖത്തു നിന്ന് വായിച്ചെടുക്കാൻ മാസ്‌ക് അനുവദിച്ചില്ല. അല്ലെങ്കിലും കൊറോണ പകർന്നു നൽകിയത് പുതിയ സംസ്കാരം മാത്രമല്ലല്ലോ. വിദ്വേഷങ്ങൾ കൂടിയാണ്. കൊറോണക്ക് ജാതിയും മതവും വരെ കല്പിക്കപ്പെട്ടു കഴിഞ്ഞു. മൃതദേഹം പോലും ബഹുമാനിക്കപ്പെടാത്ത അവസ്ഥയാണ്.

മനസ്സ് തെല്ലൊന്നു പിടഞ്ഞോ..? കാര്യമില്ല. അത്തരക്കാരിലേക്ക് നോക്കാൻ നേരമില്ല. തന്റെ മനസ്സ് മുഴുവൻ ആ കുഞ്ഞാണ്. ആ കരച്ചിൽ. ആ ചിന്ത നടത്തത്തിന്റെ വേഗത കൂട്ടി. തന്റെ കെട്ടിടത്തിലേക്കുള്ള വഴി തിരിഞ്ഞു. കെട്ടിടത്തിന്റെ മറുവശത്ത് മുഴുവൻ ഒറ്റമുറികളും ചെറിയ മുറികളുമുള്ള വീടുകളാണ്. മൂന്നാം നിലയിലുള്ള തന്റെ ജനൽ വഴി മിക്ക വീടുകളും കാണാം.

ഇന്നാണ് അതിലൊന്നിലാണ് ആ കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. ഏകദേശം നാലോ അഞ്ചോ വയസ്സ് പ്രായം വരും. ആശ്വസിപ്പിക്കാൻ കഴിയാത്തവിധം കുഞ്ഞിനെ തലോടാൻ ശ്രമിക്കുന്ന അമ്മയുമുണ്ട്. ഏതൊരു മനുഷ്യനും തിരിയുന്ന വിശപ്പിന്റെ കരച്ചിലും നിസ്സഹായതയും..! കണ്ടുനിൽക്കാൻ കഴിയില്ലല്ലോ. അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചുണ്ണാൻ തന്റെ ആദർശം അനുവദിക്കുന്നുമില്ല.

ആ വീടെത്തി. വാതിലിൽ മുട്ടി. നേരത്തെ കണ്ട സ്ത്രീ എത്തി നോക്കി. ഭാഷ ഏതാണ് എന്നറിയില്ല. അല്ലെങ്കിലും അറിഞ്ഞിട്ട് കാര്യമില്ലല്ലോ. കയ്യിലുള്ള സഞ്ചി വാതിൽക്കൽ വെച്ചു തിരിഞ്ഞു നടന്നു. മനസ്സിലേക്ക് പിതാവിന്റെ വാക്കുകൾ ഓടിക്കയറി.

'നമ്മുടെ കഷ്ടപ്പാടുകളിലും ചുറ്റുമുള്ളവരിലേക്ക് നോക്കുമ്പോഴാണ് നമ്മൾ മനുഷ്യരാവുന്നത്. നമ്മെ മനുഷ്യരാക്കാൻ പാകത്തിന് പലതും ദൈവം അവിടെ കരുതി വെച്ചിട്ടുണ്ടാവും.'

എത്ര ശരിയാണ്..! അല്ലെങ്കിലും അകലം പാലിക്കാൻ പറഞ്ഞത് ശരീരങ്ങളോടാണല്ലോ. മനസ്സുകളെ കൂടുതൽ ചേർത്തു പിടിക്കേണ്ട സമയമാണ്..!

Wednesday, October 2, 2019

മതം, ജീവിതം, വര്‍ഗീയത..!


'മോദിയെ താങ്കള്‍ക്ക് വിമര്‍ശിക്കാം. അതിനു മുന്‍പ് താങ്കള്‍ക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് സ്വയം വിലയിരുത്തണം. ആവശ്യത്തില്‍ അധികം മതവിശ്വാസം വെച്ചു പുലര്‍ത്തുകയും അതിനേക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന താങ്കളും ഹിന്ദുത്വവാദിയായ മോദിയും ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വര്‍ഗീയവാദികളാണ് എന്നതില്‍ ഒരു സംശയവുമില്ല.'

മോദിയുടെ ഭരണപരാജയങ്ങളെ തുറന്നു കാണിക്കുന്ന എന്‍റെ സോഷ്യന്‍ മീഡിയാ പോസ്റ്റിന് താഴെ ഒരു സുഹൃത്ത് എഴുതിയ കമന്‍റാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. അദ്ദേഹവും ഞാനും തമ്മില്‍ സോഷ്യല്‍ മീഡിയയിലും അല്ലാതെയുമായി ഏതാനും വര്‍ഷങ്ങളുടെ പരിചയമുണ്ട്. അതില്‍ നിന്ന് എന്നെ കടുത്ത വര്‍ഗീയവാദിയായി അദ്ദേഹം കാണും എന്നെനിക്ക് അഭിപ്രായമില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ പ്രതിഷേധം ഞാനെടുക്കുന്ന നിലപാടുകളോടാവും എന്നാണ് കരുതുന്നത്.

ഇനി സുഹൃത്ത് ഉന്നയിച്ച വിമര്‍ശനത്തിലേക്ക് വരാം: 'ആവശ്യത്തിലധികം മതവിശ്വാസം' പുലര്‍ത്തുന്ന ഞാനും ഹിന്ദുത്വവാദിയായ മോദിയും ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ വര്‍ഗീയവാദികളാണ് എന്നാണ് അദ്ദേഹത്തിന്‍റെ പ്രധാന വിമര്‍ശനം. ഒരർത്ഥത്തിൽ ഈ ആരോപണം എന്നെ മാത്രം ബാധിക്കുന്നതല്ല, സ്വന്തം വിശ്വാസം ശരിയാണ് എന്ന് വിശ്വസിക്കുകയും രാജ്യം നൽകുന്ന അവകാശങ്ങൾക്കുള്ളിൽ നിന്ന് പ്രസ്തുത വിശ്വാസത്തെപ്പറ്റി പറയുകയും അതിനെ പ്രതിരോധിക്കുകയും ചെയ്യുന്ന എല്ലാവരെയും ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇതിന് ഒരു മറുകുറിപ്പെഴുതല്‍ അനിവാര്യമാണെന്ന് മനസ്സിലാക്കുന്നു.

ഈ വിമര്‍ശനത്തെ സമീപിക്കുമ്പോള്‍ ഒന്നാമതായി ജനാധിപത്യ ഇന്ത്യ എന്താണ് എന്ന് നാം പരിശോധിക്കേണ്ടതായുണ്ട്. ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വെക്കുന്ന മതേതരത്വം എന്താണ് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അതിന് വിഘാതമായി എന്നില്‍ നിന്ന് ചില പ്രതികരണങ്ങള്‍ വന്നു എന്ന് തോന്നിയത് കൊണ്ടാണല്ലോ അദ്ദേഹം ഞാന്‍ വര്‍ഗീയവാദിയാണ് എന്ന് പറയുന്നത്.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചാല്‍ തന്നെ അതിന്‍റെ പൊതുസ്വഭാവവും അത് മുന്നോട്ട് വെക്കുന്ന ആശയവും നമുക്ക് എളുപ്പം ഗ്രഹിക്കാനാവും. ആമുഖത്തില്‍ തന്നെ ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക് ആയി അത് പ്രഖ്യാപിക്കുന്നു. മാത്രവുമല്ല ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്‍ക്കും സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും ചിന്തക്കും ആശയാവിഷ്കാരത്തിനും വിശ്വാസത്തിനും ഭക്തിക്കും ആരാധനക്കുമുള്ള സ്വാതന്ത്ര്യവും അത് കല്‍പിച്ചു നല്‍കുകയും ചെയ്യുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം ഭാഗത്തിലാണ് ഈ മൗലികവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്. സമത്വത്തിനും സ്വാതന്ത്ര്യത്തിനും ചൂഷണങ്ങള്‍ക്കെതിരെയും മതസ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും ഭരണഘടനയില്‍ ഇടപെടുന്നതിനും ഒക്കെയുള്ള അവകാശങ്ങളാണ് മൗലികവകാശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിന്‍റെ 25 മുതല്‍ 28 വരെയുള്ള ആര്‍ട്ടിക്കിളുകളിലാണ് മതസ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. അവ താഴെ പറയുന്നവയാണ്:

25. ആശയ സ്വാതന്ത്ര്യം, മതം പ്രചരിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുമുള്ള സ്വാതന്ത്ര്യം.
26. മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും, നിയന്ത്രിക്കുന്നതിനുള്ള സ്വാതന്ത്ര്യം.
27. ഏതെങ്കിലുമൊരു മതത്തെ സാമ്പത്തികമായോ മറ്റോ സഹായിക്കാന്‍ സ്‌റ്റേറ്റിന് അനുമതിയില്ല.
28. ചില പ്രത്യേക വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മതപരമായ നിര്‍ദേശങ്ങളും, മതപരമായ ആരാധനകളും നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം.

ഇതില്‍ നിന്ന് ഒരു കാര്യം നമുക്ക് വ്യക്തമാണ്. തനിക്ക് ശരിയെന്ന് തോന്നുന്ന മതത്തില്‍ വിശ്വസിക്കാന്‍ മാത്രമല്ല അത് പ്രചരിപ്പിക്കാന്‍ കൂടി ഇന്ത്യന്‍ നിയമം നമുക്ക് അനുമതി നല്‍കുന്നുണ്ട്. ഇനി ഒന്നുകൂടി നോക്കുക. ആര്‍ട്ടിക്കിള്‍ 25ന്‍റെ വിശദീകരണത്തില്‍ സിഖ് മത വിശ്വാസികള്‍ 'കൃപാണ്‍' ധരിക്കുന്നത് സിഖ് മതവിശ്വാസത്തിന്‍റെ ഏറ്റുപറച്ചില്‍ ആയി കരുതപ്പെടുന്നു എന്നു പറയുന്നുണ്ട്. 1699ല്‍ സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിംഗാണ് സിഖുകാര്‍ ഏതു സമയവും ധരിക്കേണ്ട അഞ്ചു 'ക'കള്‍ കൊണ്ട് വന്നത്. കേശ്, കംഗ, കരാ, കചെറ, കൃപാണ്‍ എന്നിവയാണവ. ഇതില്‍ 'കേശ്' എന്നാല്‍ ഒരിക്കലും മുറിക്കാത്ത മുടിയും 'കംഗ' എന്നാല്‍ ആ മുടി ചീകി ഒതുക്കാനുള്ള ബ്രഷും 'കരാ' എന്നാല്‍ ലോഹം കൊണ്ടുള്ള വളയും 'കചെറ' എന്നാല്‍ പരുത്തി കൊണ്ടുള്ള അടിവസ്ത്രവും 'കൃപാണ്‍' എന്നാല്‍ ചെറിയ, അറ്റം വളഞ്ഞു കൂര്‍ത്ത ഒരുതരം വാളും ആണ്. ഇന്ത്യയിലെവിടെയും കൃപാണ്‍ ധരിച്ചു സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം മൗലികവകാശമായി തന്നെ സിഖുകാര്‍ക്ക് ഉണ്ട് എന്നര്‍ഥം. കൃപാണിനെ കുറിച്ച് ഇന്‍റര്‍നെറ്റിലും യൂട്യൂബിലും പരതിയാല്‍ കൂടുതലും ലഭിക്കുക കൃപാണ്‍ ധരിച്ചത് കൊണ്ട് ഇന്ത്യക്കു പുറത്തു സിഖുകാര്‍ നേരിടുന്ന വിഷമതകളാണ്. പക്ഷേ, ഇന്ത്യാരാജ്യത്ത് എയര്‍പോര്‍ട്ടില്‍ വരെ കൃപാണ്‍ ധരിച്ചു പോകാനും വിമാനത്തില്‍ സഞ്ചരിക്കാനും അവര്‍ക്ക് അവകാശമുണ്ട്. ഇന്ത്യയിലെ ചില ബാങ്കുകള്‍ക്ക് പുറത്തു പോലും 'No weapons allowed except kripan for sikhs' എന്നെഴുതി വെച്ചത് കാണാന്‍ കഴിയുന്നതും അതുകൊണ്ടാണ്.

ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തരുന്ന മതസ്വാതന്ത്ര്യത്തില്‍ നിന്നു തന്നെ ഇന്ത്യന്‍ സെക്യൂലറിസം പാശ്ചാത്യന്‍ സെക്യൂലറിസവുമായി എങ്ങനെ വ്യത്യാസപ്പെട്ടു കിടക്കുന്നു എന്നു വ്യക്തമാകും.  പാശ്ചാത്യന്‍ സെക്യുലര്‍ സങ്കല്‍പങ്ങള്‍ മതത്തില്‍ കൈകടത്തുകയും 'മാനുഷിക മൂല്യമില്ല' എന്ന് അവര്‍ക്ക് തോന്നുന്ന ആചാരങ്ങളെയും നിയമങ്ങളെയും എതിര്‍ക്കുകയും മതവിശ്വാസത്തെ നേര്‍പ്പിച്ചു കൊണ്ട് എല്ലാം ഒന്നാണ് എന്നു പറയാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഹിജാബ് സ്ത്രീവിരുദ്ധവും വിവേചനപരവുമാണെന്ന് പറഞ്ഞുകൊണ്ടാണ് ഫ്രാന്‍സിലും നെതര്‍ലാന്‍റിലും ജര്‍മനിയിലുമെല്ലാം ഹിജാബ് നിരോധന ബില്ലുകള്‍ കൊണ്ടുവന്നത്. മറ്റു മതങ്ങളെ ആക്ഷേപിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് വിശുദ്ധ ക്വുര്‍ആനെ നിരോധിക്കാന്‍ അവര്‍ ശബ്ദമുയര്‍ത്തിയത്. ഇതില്‍ നിന്ന് ഇന്ത്യന്‍ മതേതരത്വം വേറിട്ടു നില്‍ക്കുന്നത് എല്ലാ മതവിശ്വാസങ്ങള്‍ക്കും തുല്യ പ്രാധാന്യവും ബഹുമാനവും നല്‍കുന്നു എന്നതുകൊണ്ടാണ്. പക്ഷേ, ഇന്ത്യന്‍ മതേതരത്വത്തെ പാശ്ചാത്യ സെക്യുലര്‍ ബോധവുമായി കൂട്ടിക്കെട്ടാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്താറുണ്ട്.

കമ്യൂണിസ്റ്റ് കോണുകളില്‍ നിന്നാണ് അത്തരം പരിശ്രമങ്ങള്‍ കൂടുതലായും കടന്നു വരാറുള്ളത്. മതങ്ങളെക്കാള്‍ ഉപരി 'മനുഷ്യത്വത്തെ' ഉയര്‍ത്തിക്കൊണ്ട് വരണം, മതം പുറത്തേക്ക് പറയാന്‍ കൊള്ളാത്ത സംഗതിയാണ്, വിശ്വാസം ഉള്ളിലൊതുക്കേണ്ടതാണ് എന്നുമൊക്കെയുള്ള പൊതുബോധം സൃഷ്ടിക്കാന്‍ അവര്‍ മെനക്കെടാറുമുണ്ട്. മതത്തില്‍ നിന്ന് മനുഷ്യത്വത്തെ അടര്‍ത്തി മാറ്റാനുള്ള ചില ശ്രമങ്ങള്‍! ഇന്ത്യയെപ്പോലെ മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും അനുമതിയുള്ള നാട്ടില്‍ മതപ്രബോധനത്തിലും പ്രചാരണത്തിലും ഇടപെടുന്നവരെ മോശക്കാരയും വര്‍ഗീയവാദികളുമായി ചിത്രീകരിക്കാനും ഇത്തരം ശ്രമങ്ങള്‍ കാരണമാകാറുമുണ്ട്. അതിന്‍റെ ഒരു പ്രതിഫലനമാകും സുഹൃത്തിലും കണ്ടത്. യഥാര്‍ഥത്തില്‍ കമ്യൂണിസ്റ്റുകാര്‍ അവരുടെ ആശയം തന്നെ മറന്നുകൊണ്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് എന്നതാണ് സത്യം. ഇത് ചെറുതായി വിശദീകരിക്കേണ്ടതുണ്ട്.
തൊഴിലാളി വര്‍ഗത്തിന്‍റെ വിമോചനത്തിനുള്ള ഉപാധികളുടെ സിദ്ധാന്തമാണല്ലോ കമ്യൂണിസം. അതായത് കമ്യൂണിസവും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും തൊഴിലാളി വര്‍ഗത്തെ പ്രതിനിധീകരിക്കുകയും അവരുടെ മോചനത്തിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നു എന്നര്‍ഥം. തൊഴിലാളി വര്‍ഗം എന്നാല്‍ സ്വന്തം അധ്വാനം വില്‍ക്കുന്നതിലൂടെ മാത്രം സമ്പാദിക്കുന്ന, ഉപജീവനം നടത്തുന്ന സമൂഹത്തിലെ വര്‍ഗമാണ്. അവര്‍ക്ക് ഏതെങ്കിലും മൂലധനത്തിലൂടെയുള്ള ലാഭമോ സമ്പാദ്യമോ ഉണ്ടാകാവുന്നതല്ല.

അതേ സമൂഹത്തിലെ തന്നെ, പ്രത്യേക ആചാരങ്ങളോ അനുഷ്ഠാനങ്ങളോ കൊണ്ടുനടക്കുന്ന  ഒരു വിഭാഗമാണ് മതവിശ്വാസികള്‍. മതവിശ്വാസികള്‍ ഒരു ദൈവത്തിലോ ദൈവങ്ങളിലോ വിശ്വാസമുള്ളവരാണ്. കമ്യൂണിസ്റ്റുകാര്‍ തൊഴിലാളി വര്‍ഗത്തിനു വേണ്ടി നിലകൊള്ളുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുന്നുവെങ്കില്‍ മതവിശ്വാസികള്‍ അവരുടെ വിശ്വാസ സംരക്ഷണത്തിന് വേണ്ടിയും ആദര്‍ശ പ്രബോധനത്തിനു വേണ്ടിയും പണിയെടുക്കുന്നു. ഈ രണ്ടു കൂട്ടരും സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി നില കൊള്ളുമ്പോള്‍ കമ്യൂണിസ്റ്റുകാരന്‍റെ പ്രവര്‍ത്തനങ്ങള്‍ മാത്രം മാനവികവും മതവിശ്വാസികളുടെത് വര്‍ഗീയതയും ആകുന്നത് എങ്ങനെയാണ്? കമ്യൂണിസ്റ്റുകാരന് തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാമെങ്കില്‍ വിശ്വാസികള്‍ക്ക് അവരുടെ ആദര്‍ശ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും അവര്‍ക്ക് നേരിടേണ്ടി വരുന്ന അന്യായങ്ങള്‍ക്ക് എതിരില്‍ സമാധാനപരമായി ശബ്ദമുയര്‍ത്തുകയും ചെയ്തു കൂടേ?
തൊഴിലാളി വര്‍ഗത്തിനിടയില്‍ പല മതത്തിലും വിശ്വസിക്കുന്നവര്‍ ഉണ്ട്. പക്ഷേ, മതവിശ്വാസികള്‍ ഒരു പ്രത്യേക മതത്തില്‍ വിശ്വസിക്കുന്നവരെ മാത്രം ഉള്‍ക്കൊള്ളുന്നു എന്നതാണ് പ്രശ്നമെങ്കില്‍ മതങ്ങള്‍ തൊഴിലാളികളെയും മുതലാളിമാരെയും ഉള്‍ക്കൊള്ളുന്നു എന്ന് തിരിച്ചു പറയാനാകും. യഥാര്‍ഥത്തില്‍ കമ്യൂണിസം മതങ്ങളെ ഉള്‍ക്കൊള്ളുന്നത് തന്നെ അത് മനുഷ്യരെ ബാധിച്ച ഒരു ലഹരിയായിട്ടാണ്. അത് കൊണ്ട് തന്നെ മതവിശ്വാസികളെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു എന്ന് പറയാനാവില്ല. കമ്യൂണിസ്റ്റുകാര്‍ തങ്ങള്‍ക്കു നേരെ വരുന്ന അതിക്രമങ്ങള്‍ക്കെതിരില്‍ ശബ്ദമുയര്‍ത്താനും അത് സമൂഹത്തില്‍ സജീവമായി ചര്‍ച്ച ചെയ്യാനുമുള്ള അവകാശമുണ്ട് എന്ന് വിശ്വസിക്കുന്നുവെങ്കില്‍ അതേ അവകാശം മതവിശ്വാസികള്‍ക്കും വകവെച്ച് കൊടുക്കുന്നതില്‍ എന്താണ് തെറ്റ്? 
വര്‍ഗീയതക്ക് സ്പഷ്ടമായ ഒരു നിര്‍വചനം കാണാന്‍ നമുക്ക് സാധിക്കുകയില്ല. അത് മതത്തിനോട് മാത്രം ചേര്‍ത്തു പറയുന്നതും ശരിയല്ല. 'ആളുകളെ അന്യായത്തില്‍ പിന്തുണക്കലാണ് വര്‍ഗീയത' എന്ന് പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്. അതില്‍ വിശ്വസിക്കുന്ന ഒരാള്‍ അല്ലാത്തവരെക്കാള്‍ കൂടുതല്‍ വര്‍ഗീയതയെ പേടിക്കേണ്ടതുണ്ട്. അതൊരിക്കലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരാതിരിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതുമുണ്ട്.

സുഹൃത്തിന്‍റെ വിമര്‍ശനത്തില്‍ ഇനിയുള്ളത് ഹിന്ദുത്വവുമായി ബന്ധപ്പെട്ട പരാമര്‍ശമാണ്. ഹിന്ദുത്വവാദികളും ഞാനും ഒരേപോലെയാണ് എന്ന വിമര്‍ശനം. അതിനെക്കുറിച്ചു കൂടി ചിലത് പറയട്ടെ. ഇന്ത്യാ ചരിത്രത്തെ മൂന്നാക്കി വിഭജിച്ചുകൊണ്ട് സാമ്രാജ്യത്വ ചരിത്രകാരന്മാര്‍ നടത്തിയ ഇടപെടലുകളാല്‍സ്വാതന്ത്ര്യത്തിനു മുന്‍പ് തന്നെ വര്‍ഗീയപ്രസ്ഥാനങ്ങള്‍ ഇന്ത്യയില്‍ കടന്നുവന്നിട്ടുണ്ട് എന്ന് വിമേര്‍ശകന് അറിയാതിരിക്കാന്‍ വഴിയില്ല. അതില്‍ ഏറ്റവും പ്രധാനം രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന ആര്‍.എസ്.എസാണ്. പ്രാചീന ഇന്ത്യയെ വിഗ്രഹവല്‍ക്കരിക്കുകയും അത് പ്രോജ്വലമായിരുന്നു എന്നു പറയുകയും മധ്യകാല ഇന്ത്യാ ചരിത്രത്തെ വളച്ചൊടിച്ചു കൊണ്ട് ഇന്ത്യയെ തകര്‍ത്തത് മുസ്ലിം അധിനിവേശം ആണെന്ന് പറയുകയും അതിന്‍റെ പുരോഗതിയിലേക്കുള്ള തിരിച്ചു നടക്കലാണ് സാമ്രാജ്യത്വ അധിനിവേശത്തിലൂടെ നടത്തിയത് എന്നുമുള്ള സാമ്രാജ്യത്വ ചരിത്രകാരന്മാരുടെ അപനിര്‍മിതികള്‍ക്ക് ചുവടു പിടിച്ചുകൊണ്ട് ആ പൗരാണികമായ സുന്ദരമായ ഭാരത സംസ്കാരത്തിലേക്ക് തിരിച്ചു പോകണം എന്നും അത് സ്വീകരിക്കാത്തവര്‍ക്ക് ഈ നാട്ടില്‍ സ്ഥാനമില്ല എന്നും പറയുന്ന ഫാഷിസാദര്‍ശം നടപ്പിലാക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ പരസ്യമായി മുസ്ലിംകളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ശത്രുവായി പ്രഖ്യാപിച്ചവരാണ്. അവരുടെ തത്ത്വശാസ്ത്രമാണ് ഇന്ന് ഇന്ത്യയില്‍ അസഹിഷ്ണുത വളര്‍ത്തുന്നത്. അതിന്‍റെ വക്താക്കളെയും ഞാനടക്കമുള്ളവരെയും വേറിട്ടു തന്നെ കാണാന്‍ സുഹൃത്തിന് കഴിയും എന്നുതന്നെ കരുതുന്നു.

Sunday, November 25, 2018

കമ്മ്യൂണിസ്റ്റുകാരന്റെ 'കിതാബുകൾ'

ജാതിവിരുദ്ധ സമരങ്ങളും ആഗോളതലത്തിൽ തന്നെ കമ്മ്യൂണിസത്തിനുണ്ടായ വളർച്ചയുമാണ് കേരളത്തിലും ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിൽ അതിന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയത്. ആശയവിനിമയ രംഗം ഇന്നത്തെപ്പോലെ ശക്തമല്ലാതിരുന്ന സമയത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാന പ്രചാരണത്തിന്റെ മുഖ്യ ആയുധം നാടകങ്ങളായിരുന്നു. നാടകപ്രസ്‌ഥാനങ്ങൾക്ക് അതുകൊണ്ട് തന്നെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ അനിഷേധ്യമായ സ്ഥാനമുണ്ട്. കമ്മ്യൂണിസ്റ്റ് ആശയപ്രചാരണം ശകതമായി നിലനിന്നിരുന്ന സമയത്തും കേരള മുസ്ലിം മനസ്സുകളിലേക്ക് അതിനെ വേണ്ട വിധം എത്തിക്കാൻ കമ്മ്യൂണിസ്റ്റുകൾക്ക് സാധിച്ചിരുന്നില്ല. ഏതാണ്ട് അൻപതുകളുടെ തുടക്കത്തിലാണ് മുസ്ലിം സമുദായത്തെ നേരിട്ട് അഭിസംബോധന ചെയ്യാൻ അവർ ശ്രമിച്ചത്. വിപ്ലവം നയിച്ചും ഭൂമിയിലെ 'സ്വർഗം' മുന്നിൽ കണ്ടും അതു വഴി മതത്തിന്റെ മരണം സ്വപ്നം കണ്ടും  കമ്മ്യൂണിസ്റ്റുകൾ നടത്തിയ പോരാട്ടത്തിന് മുന്നിൽ നിന്നതിൽ പ്രധാനി ഏറനാട്ടിലെ 'ആദ്യ ഡോക്ടർ' എന്നറിയപ്പെട്ടിരുന്ന ഡോക്ടർ എം ഉസ്മാൻ ആയിരുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദം പ്രചരിപ്പിച്ചും സാമ്പത്തിക അസമത്വത്തിനെതിരെ വിപ്ലവം നയിക്കണം എന്നോർമപ്പെടുത്തിയും മുസ്ലിങ്ങളുടെ വിശ്വാസത്തെ നേർമപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. പക്ഷെ ഉത്തരമലബാറിലെ പോലെ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ അവർക്ക് സാധിച്ചില്ല. അതിനു കാരണം മലബാറിൽ ശക്തമായിരുന്നു മുസ്ലിം നവോഥാന പ്രവർത്തനവും അതിന്റെ നേതാക്കളുമായിരുന്നു. അതിൽ പ്രധാനിയാവട്ടെ അരീക്കോഡിലെ നാട്ടിൻപുറത്തുകാരനായ കെ സി അബൂബക്കർ മൗലവി എന്ന കുറിയ മനുഷ്യനായിരുന്നു.

ഡോക്ടർ ഉസ്മാന്റെ വിപ്ലവ ഭാഷണങ്ങൾക്ക് യുക്തിഭദ്രവും സരസവുമായ മറുപടികൾ നൽകിക്കൊണ്ട് ഔപചാരിക വിദ്യാഭ്യാസം ആവശ്യമായ നിലയിൽ പോലും നേടിയിട്ടില്ലാത്ത അബൂബക്കർ മൗലവി പ്രതിരോധിച്ചു. സാമ്പത്തിക നീതി പുലരാൻ ആവശ്യമായ നിയമങ്ങൾ ഇസ്ലാമിൽ തന്നെയുണ്ട് എന്നും കമ്മ്യൂണിസ്റ്റ് സ്ഥിതിസമത്വം അശാസ്ത്രീയമാണ് എന്നും അതിന്റെ അടിത്തറയായ വൈരുദ്ധ്യാത്മക ഭൗതികവാദം തികഞ്ഞ നിരീശ്വരവാദം ആണ് എന്നും ദൈവവും മതവും ശാസ്ത്രത്തിനും യുക്തിക്കും എതിരാണ് എന്നത് അടിസ്ഥാനരഹിതമായ പ്രചാരണം ആണ് എന്നും യഥാർത്ഥത്തിൽ യുക്തിയും ശാസ്ത്രവും ഖുർആനിന്റെ അപ്രമാദിത്വമാണ് തെളിയിക്കുന്നത് എന്നും ഉയർത്തിക്കാട്ടി അദ്ദേഹം കമ്മ്യൂണിസ്റ്റുകാരോട് ഇഞ്ചോടിഞ്ച് പോരാടി. മറു വശത്ത് ഡോക്ടർ ഉസ്മാൻ തന്റെ സ്വതസിദ്ധമായ ശൈലയിലൂടെയും ബുദ്ധികൂർമതയിലൂടെയും അതിനു മറുപടി പറയാനും ശ്രമിച്ചു.

യുക്തിചിന്തകൾ മതത്തെ മറികടന്നു വിജയവരിക്കും എന്ന് സ്വപ്നം കണ്ട കമ്മ്യൂണിസ്റ്റുകൾക്ക് പക്ഷെ കെ സി യെ പ്രതിരോധിക്കാനായില്ല. മാർക്സിന്റെ ചരിത്ര വീക്ഷണപ്രകാരം മതരഹിത സമൂഹം നിലവിൽ വരും എന്ന വിശ്വാസവുമായി പ്രയത്നിച്ച അവർക്ക് പക്ഷെ നിരാശയായിരുന്നു ഫലം. അങ്ങനെയാണ്1952 ൽ ഇ കെ അയമു എഴുതി ഡോക്ടർ ഉസ്മാൻ സംവിധാനം ചെയ്ത 'ജ്ജ് നല്ലൊരു മൻസനാവാൻ നോക്ക്' എന്ന നാടകത്തിലൂടെ കെ സി യെ വ്യക്തിഹത്യ നടത്തിക്കൊണ്ട് മറുപടി കൊടുക്കാൻ അവർ തുനിഞ്ഞത്. മതത്തിന്റെ ലഹരിയിൽ സമൂഹത്തെ തളച്ചിടാൻ ശ്രമിച്ച 'മൊല്ലാക്കക്ക്' അവർ കൊടുത്ത ശിക്ഷ. പക്ഷെ ഇതിന്റെയെല്ലാം പരിണിതി എന്തായിരുന്നെന്നോ? കമ്മ്യൂണിസത്തിന്റെ എല്ലാ പരിശ്രമങ്ങളും സ്വപനങ്ങളും തച്ചുടച്ചു കൊണ്ട് ഡോക്ടർ എം ഉസ്മാൻ സാഹിബ് യുക്തിചിന്തയുടെയും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെയും  അടിസ്ഥാനരാഹിത്യവും അർത്ഥശൂന്യതയും തിരിച്ചറിഞ്ഞു ഇസ്ലാം സ്വീകരിച്ചു. ദൈവത്തെ 'തകർക്കാൻ' പരിശ്രമിച്ച അദ്ദേഹം ദൈവത്തെ തിരിച്ചറിഞ്ഞു. ദൈവത്തെയും മരണാനന്തര ജീവിതത്തെയും നിഷേധിച്ചു മനുഷ്യരെ കേവലം ഭൗതിക വസ്തുവായി കണ്ട ആ ആദർശത്തിനെതിരെ അദ്ദേഹം പിന്നീടുള്ള ജീവിത കാലം മുഴുവൻ പടപൊരുതി. താനും സഹപ്രവർത്തകരും പരിഹസിച്ച കെ സി യുടെ പ്രിയ ശിഷ്യനായി. സമുദായത്തിന്റെ മൊത്തം ഉസ്മാൻ സാഹിബായി. കേരള നവോഥാന പ്രസ്ഥാനത്തിന്റെ അമരക്കാരനായി. മാർക്സിസത്തിനും യുക്തിവാദത്തിനുമെതിരായി അദ്ദേഹത്തിന്റെ തൂലിക വിശ്രമമില്ലാതെ ചലിച്ചു. അതിന്റെ പ്രതിഫലനങ്ങൾ കേരളമാകെ അലയടിച്ചു. അത്തരമൊരു പ്രതിഭാ ശാലിയെ ഇസ്ലാമിന് സമ്മാനിച്ചത് കെ സി എന്ന കുറിയ മനുഷ്യനോ നവോഥാന നായകന്മാരോ മാത്രമായിരുന്നില്ല. വിശുദ്ധ ഖുർആൻ എന്ന മഹത്തായ ഗ്രന്ഥമായിരുന്നു. മനുഷ്യ ഹൃദയത്തെ തൊട്ടറിഞ്ഞ ആ 'കിതാബായിരുന്നു'. ആ കിതാബിനെയും അത് പ്രതിനിധാനം ചെയ്യുന്ന ആദർശത്തെയും വികലമാക്കി ചിത്രീകരിച്ചു കൊണ്ട് അഭിനവ കമ്മ്യൂണിസ്റ്റുകൾ നടത്തുന്ന നാടകങ്ങൾ ഉയർന്നു വരുമ്പോൾ ഓർത്തു പോകുന്നത് കെ സി യുടെയും ഉസ്മാൻ സാഹിബിന്റെയും ഒക്കെ ചരിത്രമാണ്. ഓർമ ഉണ്ടാവേണ്ടത് യഥാർത്ഥത്തിൽ അതിനെ വികലമാക്കുന്നവർക്ക് കൂടിയാണ്. ഇസ്ലാമിന്നു നേരെ വന്ന ഓരോ വിമർശനങ്ങളും അതിനെ ജനമനസ്സുകളിലേക്ക് കൂടുതൽ കൂടുതൽ അടുപ്പിച്ചിട്ടേ ഉള്ളൂ എന്ന ചരിത്രം. അത്കൊണ്ട് നിങ്ങൾ തുടരുക, ആശയപരമായി തന്നെ അതിനെ നേരിടാൻ ആ നവോഥാന പോരാളികളുടെ പിന്മുറക്കാർ ഇന്നും കേരളമണ്ണിൽ നിങ്ങളെ സ്വാഗതം ചെയ്ത് കാത്തിരിപ്പുണ്ട്..!

"അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്‌. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മ്മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അതുമുഖേന താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. വല്ലവനെയും അവന്‍ പിഴവിലാക്കുന്ന പക്ഷം അവന് വഴി കാട്ടാന്‍ ആരും തന്നെയില്ല." (വിശുദ്ധ ഖുർആൻ 39:23)

Thursday, November 22, 2018

വിശ്വാസങ്ങൾ വിമർശിക്കപ്പെടുമ്പോൾ..!

കുട്ടിക്കാലത്തെ ചില കൗതുക കാഴ്ചകൾ നമ്മുടെ ഓർമകളിൽ തങ്ങി നിൽക്കും. ചിലത് നമ്മെ തെല്ലൊന്നു അത്ഭുതപ്പെടുത്തും. ആദ്യം കൗതുകത്തോടെയും പിന്നീട് അത്ഭുതത്തോടെയും അനുഭവിച്ചറിഞ്ഞ കാഴ്ചയാണ് അയ്യപ്പ ദർശനത്തിനായി ശരിമലയിലേക്ക് പോകാൻ നീണ്ട വൃതവുമായി തയ്യാറെടുക്കുന്ന എനിക്ക് ചുറ്റുമുള്ള ചില മനുഷ്യരുടെ മാറ്റങ്ങൾ. അന്ന് വരെ കണ്ട ആളുകളേ ആവില്ല മാലയിട്ട് കഴിഞ്ഞാൽ അവർ. ദിനേന ചാരായത്തിന്റെ മണത്തോടെ മാത്രം കണ്ടിരുന്നവർ ഉന്മേഷവാന്മാരായി നേരത്തെ വീട്ടിലെത്തും. അതിരാവിലെ കുളിച്ചു നാമം ജപിക്കും. അവരുടെ ജീവിത ശൈലി മൊത്തത്തിൽ മാറും. വീട്ടിലെ സ്ത്രീകളും കുട്ടികളും മറ്റുള്ളവരും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുക്കും. ഭക്തിയുടെ, വിശ്വാസത്തിന്റെ വല്ലാത്ത ഒരു അനുഭൂതി ആ കുടുംബം മുഴുവൻ അനുഭവിക്കുന്നത് കൗതുകത്തോടെയല്ലാതെ എങ്ങനെ കാണാൻ സാധിക്കും? വർഷാവർഷവും എനിക്ക് ചുറ്റുമുള്ള, ഞാൻ നേരിട്ടറിയുന്ന മനുഷ്യർ മാല കഴുത്തിൽ വീണ ഉടൻ മാറുന്നത് അത്ഭുതത്തോടെയല്ലാതെ പിന്നെയെങ്ങനെ നോക്കിക്കാണാനാകും?

മതവും വിശ്വാസവും എന്തെന്ന് അറിയാത്ത പ്രായത്തിലെ കൗതുകത്തിന്റെ രഹസ്യം മുതിർന്നു അതിനെ അടുത്തറിയാൻ ശ്രമിക്കുമ്പോൾ നമുക്ക് മുന്നിൽ തുറക്കുമല്ലോ. അയ്യപ്പ ഭക്തരുടെ ആദർശവുമായി വിയോജിക്കുമ്പോഴും അവരുടെ വിശ്വാസം ജീവിതത്തിൽ എന്തുകൊണ്ട് മാറ്റം വരുത്തുന്നു എന്ന് മനസ്സിലാക്കാൻ അത്തരം പഠനങ്ങൾ ഈയുള്ളവനെയും സഹായിച്ചിട്ടുണ്ട്‌. വിശ്വാസവും ആദർശവും എല്ലാം മനുഷ്യജീവിതത്തിൽ എത്രത്തോളം ആഴത്തിൽ പതിഞ്ഞു കിടക്കുന്ന വേരുകളാണ് എന്നതിൽ ഒരുപക്ഷേ മനുഷ്യനെ അടുത്തറിയാൻ ശ്രമിച്ച ഭൗതികവാദികൾക്ക് പോലും സംശയമുണ്ടാവാൻ ഇടയില്ലല്ലോ. തനിക്ക് ചുറ്റുമുള്ള തിന്മകളുടെ സംരക്ഷകരായി മതമേലാളന്മാർ ഉണ്ടായിരുന്നപ്പോഴും അതിനെ ശക്തിയുക്തം എതിർത്ത കാറൽ മാർക്സ് പോലും മതത്തെ മനുഷ്യ ജീവിതത്തിലെ ആശ്വാസമായാണ് കണ്ടത്. മനുഷ്യമനസ്സിന്റെ അഗാധതയിൽ നിന്ന് യാതൊരുവിധ കളങ്കവുമില്ലാതെ പുറപ്പെട്ടു വരുന്ന ശുദ്ധമായ സ്നേഹമാണ് യഥാർത്ഥത്തിൽ വിശ്വാസം. കളങ്കമില്ലാത്ത ആ പ്രാർത്ഥന ചുറ്റുമുള്ളതിനെ എല്ലാം തിരസ്കരിച്ചു കൊണ്ട് തന്റെ സങ്കല്പത്തിലെ ദൈവത്തിലേക്ക് പൂർണമായും ഭരമേൽപ്പിക്കാൻ മനുഷ്യനെ സജ്ജനാക്കുന്നു. അവിടെ അവന്റെ ശീലങ്ങളോ ദൗർബല്യങ്ങളോ ഒന്നും അവനെ അതിൽ നിന്ന് തടയുന്നില്ല. വിശ്വാസത്തിന്റെ ഈ വശം മനസ്സിലാക്കാതെയുള്ള ഏതൊരു വിമർശനവും വിശ്വാസിയുടെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നതും അലോസരപ്പെടുത്തുന്നതും അതുകൊണ്ടാണ്. വിശ്വാസിയുടെ വിശ്വാസം ബഹുമാനിക്കപ്പെടാത്തത് കൊണ്ടാണ് മിക്ക മതവിമർശനങ്ങളും കേവല തർക്കങ്ങളായി മാത്രം പരിണമിക്കപ്പെടുന്നത്.

ശബരിമല ഭക്തരുടെ വിശ്വാസങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോഴും, അതിന് പിന്തുണയർപ്പിക്കപ്പെടുമ്പോഴും വിശ്വാസി സമൂഹം വിലയിരുത്തേണ്ടതും തന്റെ വിശ്വാസം ബഹുമാനിക്കപ്പെടുന്നുണ്ടോ എന്നു തന്നെയാണ്. വിശ്വാസം പലപ്പോഴും നമ്മുടെ മാത്രം ബോധ്യങ്ങളാവും. ആ ബോധ്യങ്ങൾ സത്യസന്ധമായി വിമർശിക്കപ്പെടുമ്പോൾ അതിനെതിരെ കാതുകൾ അടച്ചു കളയുക എന്നത് സത്യമന്വേഷിക്കുന്ന ഒരാളുടെയും രീതി ആവരുതല്ലോ. അതുകൊണ്ട് തന്നെ ഗുണകാംഷയോട് കൂടിയ, മാന്യമായ സംവാദങ്ങളെ ഏതൊരു വിശ്വാസിയും സ്വാഗതം ചെയ്യേണ്ടതുണ്ട്. നമ്മുടെ വിശ്വാസങ്ങൾക്ക് പിന്തുണ ലഭിക്കുമ്പോഴും ഈ മാന്യതയും ഗുണകാംഷയും തന്നെയാണ് പരിശോധിക്കപ്പെടേണ്ടത്‌. അത് രണ്ടു രീതിയിൽ ഉണ്ടാവാം. ഒന്ന് ഭിന്നാഭിപ്രായം ഉണ്ടാകുമ്പോഴും നമ്മുടെ വിശ്വാസ സംരക്ഷണത്തിന് കൂടെ നിൽക്കുന്നവർ. രണ്ട് നമ്മുടെ അതേ വിശ്വാസം വെച്ചു പുലർത്തുന്നവർ. ഈ രണ്ടു കൂട്ടരിലും ആത്മാർത്ഥതയുള്ളവരെയും പൊയ്മുഖങ്ങളെയും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. കൂടെ നിൽക്കുന്നത് വ്യക്തിപരമോ രാഷ്ട്രീയമോ ആയ നേട്ടത്തിന് വേണ്ടിയാണ് എങ്കിൽ നമ്മൾ അവരുടെ ബലിയാടുകൾ ആയി മാറുകയാവും ചെയ്യുക. അതുണ്ടാവരുതല്ലോ. ശബരിമല യുവതീ പ്രവേശനവും ആ ഒരു വൃത്തത്തിനുള്ളിൽ നിന്ന് കൊണ്ട് കാണാൻ അയ്യപ്പ ഭക്തർ ശ്രമിച്ചാൽ അവർ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ഈയുള്ളവന് തോന്നുന്നത്. വിശ്വാസത്തെ നമ്മുടെ ബോധ്യമായി കണ്ട് അതിനെതിരെ വരുന്ന മാന്യമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുക. നമ്മുടെ ബോധ്യങ്ങളെ ഉരച്ചു നോക്കുക. മോശമായ വിമർശന ശൈലി സ്വീകരിക്കുന്നവരോടും കാപട്യത്തിന്റെ മുഖം മൂടിയണിഞ്ഞു സൗഹൃദത്തിന് വരുന്നവരോടും അകലം പാലിക്കുക. നിങ്ങളുടെ മാർഗം മുൻപിൽ തെളിഞ്ഞു വരും. നിങ്ങളുടെ മനസ്സിന്റെ ആഴങ്ങളിൽ നിന്നുള്ള പ്രാർത്ഥനപോലെ ശുദ്ധമായി തന്നെ..!

Friday, May 4, 2018

ആശങ്കപ്പെടുത്തുന്ന ലോകം..!

ലൈംഗിക വൈകൃതങ്ങൾക്കും സന്തോഷത്തിനും തടസ്സം നിൽക്കുമെന്ന ഭയത്താൽ സ്വന്തം മാതാപിതാക്കളെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ വീട്ടമ്മയെക്കുറിച്ചുള്ള വാർത്ത ഞെട്ടലോടെയാണ് നാം കേട്ടത്. നടന്നത് അമേരിക്കയിലോ യൂറോപ്പിലോ ഒന്നുമല്ല നമ്മുടെ കേരളത്തിൽ. അത്തരമൊരു മനോനിലയിലേക്ക് അവരെ എത്തിച്ചത് എന്താണ് എന്ന് അന്വേഷണ സംഘം ഇനിയും പുറത്തു വിട്ടിട്ടില്ല. എങ്കിലും മനുഷ്യന്റെ സ്വാഭാവികമായ ലൈംഗിക തൃഷ്ണയിൽ നിന്ന് അവനെ വൈകൃതങ്ങളിലേക്ക് നയിക്കണമെങ്കിൽ എന്തെങ്കിലും പശ്ചാത്തലം അതിനുണ്ടാവാം. ലോകത്തെ ഒട്ടുമിക്ക ആളുകളിലും 'പോർണോഗ്രാഫി' എന്ന 'കലാരൂപമാണ്' അതിൽ പ്രധാന പങ്കു വഹിക്കുന്നത്.

അമേരിക്കൻ ബിസിനസ് ന്യൂസ് ചാനലായ CNBC യുടെ റിപ്പോർട്ട് പ്രകാരം ഏതാണ്ട് 13 ബില്യൺ ഡോളറാണ് (ഏകദേശം 87000 കോടി രൂപ) ഓരോ വർഷവും പോർണോഗ്രാഫിയിലൂടെ കിട്ടി കൊണ്ടിരിക്കുന്നത്. ഓരോ 39 മിനിറ്റിലും ഒരു വീഡിയോ നിർമിക്കപ്പെടുന്നുണ്ട്. ആമസോണും ട്വിറ്ററും ചേർന്നുള്ള സന്ദർശകരുടെ എണ്ണത്തേക്കാൾ പതിന്മടങ്ങാണ് പോർണോഗ്രാഫി സൈറ്റുകളുടെ സന്ദർശന നിരക്ക്. ഇന്റർനെറ്റിന്റെ 12% ഉള്ളടക്കവും പോർണോഗ്രാഫിയാണ്. അതിന്റെ മൊത്തം ആസ്തി ഏതാണ്ട് 97 ബില്യൺ ഡോളർ വരും. അതായത് 4.8 ബില്യൺ ആളുകൾക്ക് ഒരു ദിവസത്തെ ആഹാരം നൽകാൻ കഴിയുന്ന സംഖ്യ. ചുരുക്കത്തിൽ ലോകത്തെ നിയന്ത്രിക്കാൻ പോന്ന കച്ചവടമാണത്. ലോകത്തുള്ള മഹാഭൂരിപക്ഷം മനുഷ്യരെയും ഉപഭോക്താക്കളാക്കി മാറ്റിയ ബിസിനസ്.

അമേരിക്കൻ സോഷ്യോളജിസ്റ്റും പ്രമുഖ ആന്റി പോർണോഗ്രാഫി ആക്റ്റിവിസ്റ്റുമായ ഗെയിൽ ഡൈൻസിന്റെ പഠനത്തിൽ പോർണോഗ്രാഫി പുരുഷന്റെ ലൈംഗിക കാഴ്ചപ്പാടുകളെ സ്വാധീനിക്കുകയും അതിനെ വികൃതമാക്കുകയും ചെയ്യുന്നു. സ്ത്രീയോടുള്ള സമീപനത്തിലും ബന്ധങ്ങളിലും മാറ്റം വരുത്തുന്നു. അവരുടെ അഭിപ്രായത്തിൽ ഏതാണ്ട് 12 വയസ്സുള്ളപ്പോൾ തന്നെ കുട്ടികൾ പോർണോഗ്രാഫിയിൽ അകപ്പെടുകയും അവന്റെ ലൈംഗികമായ കാഴ്ചപ്പാട് അതിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമാവുകയും ചെയ്യുന്നു. പീഡനത്തിനിരയായ സ്ത്രീകളോടുള്ള സഹതാപത്തിൽ പോലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കാൻ അതു കാരണമാകുന്നു. ഈയടുത്തു ഇന്ത്യയിൽ നടന്ന എട്ടു വയസ്സുകാരിയുടെ പീഡനത്തിന്റെ പിറ്റേന്ന് പോലും ആളുകൾ കൂടുതൽ ഇന്റർനെറ്റിൽ തിരഞ്ഞത് ആ ബലാൽസംഗ വീഡിയോ ആയിരുന്നു എന്നത് ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്.

പുരുഷന്മാരിൽ മാത്രമല്ല സ്ത്രീകളിലും പോർണോഗ്രാഫി വലിയ സ്വാധീനം സൃഷ്ടിക്കുമെന്നതിനുള്ള വലിയ തെളിവാണ് ഈയടുത്ത് പ്രസിദ്ധീകരിക്കപ്പെട്ട 'എറിക് ഗാർസ' എന്ന മുപ്പത്തഞ്ചുകാരിയുടെ 'ഗെറ്റിങ് ഓഫ്' എന്ന പുസ്തകം. തന്റെ പോർണോഗ്രാഫിയോടുള്ള ആസക്തിയും അതിന്റെ അനന്തരഫലങ്ങളും തുറന്നെഴുതുകയാണ് അവർ അതിലൂടെ ചെയ്തത്. 12 വയസ്സു മുതൽ നീണ്ട 20 വർഷക്കാലം അശ്ലീല സിനിമകളും ഫോട്ടോകളും കണ്ട് അത് ജീവിതത്തിൽ പകർത്താനും അതിന്റെ സന്തോഷത്തെ അന്വേഷിക്കുകയും അതിൽ തൃപ്തി വരാതെ കൂടുതൽ കൂടുതൽ മൃഗീയമായ ലൈംഗിക വേഴ്ചയിൽ ഏർപ്പെടുകയും ചെയ്ത തന്റെ ഭൂതകാലം തിരിച്ചറിവിന്റെ ലോകത്തു നിന്നു കൊണ്ട് അവർ ലോകത്തോട് വിളിച്ചു പറയുന്നു. ലജ്ജയും ലൈംഗികതയും സംയോജിപ്പിച്ചു കൊണ്ടുള്ള തന്റെ ഭൂതകാലത്തേക്ക് പോയി തന്റെ ലജ്ജ മാത്രം എടുത്തു തിരിച്ചു വരാൻ മോഹിക്കുന്ന മനസ്സുമായി അവർ ജീവിക്കുന്നു.

മനുഷ്യജീവിതം കേവലം തിന്നുകയും കുടിക്കുകയും ഭോഗിക്കുകയും ചെയ്യുന്നതിന് മാത്രമാണ് എന്ന മുതലാളിത്ത കച്ചവട താത്പര്യങ്ങളിൽ നിന്നാണ് എന്തും വിറ്റു കാശാക്കാൻ പോർണോഗ്രാഫി പോലുള്ള സംരഭങ്ങൾ കലാരൂപങ്ങളായും ലൈംഗിക സ്വാതന്ത്ര്യമായും എല്ലാം ചിത്രീകരിക്കപ്പെടുന്നത്. ആ പണത്തിന്റെ പിറകിൽ നഷ്ടപ്പെടുന്നതോ മാനുഷിക മൂല്യങ്ങളുമാണ്. വിരൽത്തുമ്പിലേക്ക് എത്തുന്ന അശ്ലീലത്തെ നാം തുറക്കുമ്പോൾ കളങ്കപ്പെടുന്നത് നമ്മുടെ മനസ്സു മാത്രമല്ല ആ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുക വഴി നമ്മുടെ മകനും മകളും മാതാപിതാക്കളും അടക്കമുള്ള ഒരു സമൂഹത്തിന്റെ മുഴുവൻ സംസ്കാരത്തെയുമാണ് എന്നു നാം മറന്നു പോകരുത്. പണ്ട് ഒരു മനഃശാസ്ത്രജ്ഞൻ തന്റെ പ്രഭാഷണത്തിൽ മുന്നിലിരിക്കുന്നവരോട് ചോദിച്ച ചോദ്യം നമ്മുടെ മനസ്സിലും ഉയർന്നു വരട്ടെ, ഉച്ചത്തിൽ തന്നെ. 'എന്റെ മക്കളെ നീ എന്നെപ്പോലെ ആക്കേണമേ ദൈവമേ' എന്നു മനസ്സറിഞ്ഞു പ്രാർത്ഥിക്കാൻ നമുക്ക് കഴിയുമോ? എങ്കിൽ നാം വിജയിച്ചിരിക്കുന്നു!

മതരഹിത ചിന്തകളും കമ്മ്യൂണിസവും

ജാതിയും മതവും രേഖപ്പെടുത്താതെ ഏതാണ്ട് ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന കുട്ടികള്‍ സ്‌കൂള്‍ പ്രവേശനം നേടി എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെ ആഘോഷപൂര്‍വമാണ് ഇടതുപക്ഷ അനുഭാവികള്‍ വിശിഷ്യാ കമ്യൂണിസ്റ്റ് അനുഭാവികള്‍ സ്വീകരിച്ചത്. കണക്കുകള്‍ പിന്നീട് തിരുത്തിയെങ്കിലും അത്തരമൊരു വാര്‍ത്ത അവരുടെ മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു. കമ്യൂണിസ്റ്റ് ഇടനാഴികളില്‍ നിന്നുയര്‍ന്നു വരുന്ന ആദ്യത്തെ 'മതനിരപേക്ഷ പ്രതികരണമല്ല' ഇതെന്ന് നമുക്കറിയാം. മതമില്ലാത്ത ജീവനും മതരഹിത സമൂഹവുമെല്ലാം കേരളത്തിന്റെ കമ്യൂണിസ്റ്റ് അനുയായികള്‍ക്ക് ഇഷ്ടവിഷയങ്ങളായി മാറിയിട്ട് കുറച്ചു കാലമായി. മതത്തിന്റെ ഉള്ളില്‍ തന്നെയുള്ള കാര്യങ്ങളെ വിമര്‍ശിക്കാനും അതിലെ വ്യക്തി സ്വാതന്ത്ര്യവും സ്ത്രീ സ്വാതന്ത്ര്യവും എല്ലാം ചര്‍ച്ചയാക്കാനും അവര്‍ മുതിരുന്നു. മതപ്രബോധനത്തെ വര്‍ഗീയമായി ചിത്രീകരിക്കാനും പ്രബോധകരുടെ വാക്കുകളെ മ്ലേച്ഛമായി അവതരിപ്പിക്കാനും ശ്രമിക്കുന്നു. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാറുണ്ടെങ്കിലും കമ്യൂണിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നുള്ള അത്തരം ശബ്ദങ്ങള്‍ സമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. പൊതുവെ 'മതനിരപേക്ഷത പുലര്‍ത്തുന്നവര്‍' എന്നറിയപ്പെടുന്ന അവരില്‍ 'സംഘിസം' ഉണ്ടോ എന്നു സംശയിക്കുന്ന വിശ്വാസികളും കുറവല്ല. ഈ ഒരു പശ്ചാത്തലത്തില്‍ കമ്യൂണിസം എങ്ങനെയാണ് മതത്തെ കാണുന്നത് എന്നും മതവും കമ്യൂണിസവും ആശയപരമായി ഏതു തലങ്ങളില്‍ നില്‍ക്കുന്നു എന്നും ആദര്‍ശപരമായി പരിശോധിക്കാനുള്ള ഒരെളിയ ശ്രമം നടത്തുകയാണ്.

വ്യാവസായികവിപ്ലവം നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് മാര്‍ക്‌സ് ജീവിച്ചിരുന്നത്. മുതലാളിമാര്‍ മുതല്‍മുടക്കി വ്യവസായസ്ഥാപനങ്ങള്‍ ഉണ്ടാക്കുകയും തൊഴിലാളികള്‍ കേവലം കൂലിവേലക്കാരാവുകയും ചെയ്യുന്ന കാലഘട്ടത്തില്‍. ചെറിയ കൂലി കൊടുത്ത് വലിയ ലാഭം കൊയ്യുന്ന, ചെറിയ മുതലാളിമാരെ മത്സരത്തിലൂടെ തോല്‍പിക്കുന്ന ബൂര്‍ഷ്വാ മുതലാളിമാര്‍ സമൂഹത്തില്‍ സൃഷ്ടിച്ച കടുത്ത സാമ്പത്തിക അസമത്വവും അനീതിയുമായിരിക്കണം തൊഴിലാളികളുടെ മോചനത്തിന് വേണ്ടി എന്തു ചെയ്യാന്‍ കഴിയും എന്ന ചിന്ത കമ്യൂണിസമെന്ന ആശയമായി അദ്ദേഹത്തിന്റെ മനസ്സില്‍ നിന്ന് രൂപപ്പെടാനുണ്ടായ കാരണം. മാര്‍ക്‌സിനു ചുറ്റുമുണ്ടായിരുന്ന മതമാവട്ടെ തൊഴിലാളികളുടെ അവസ്ഥ വെറും പരീക്ഷണമാണ് എന്നും നാളെയുടെ സ്വര്‍ഗത്തിന് വേണ്ടി എല്ലാം സഹിക്കാന്‍ തയ്യാറാവണം എന്നും ഉല്‍ബോധിപ്പിച്ചു. സ്വാഭാവികമായും മാര്‍ക്‌സിന്റെ അന്വേഷണങ്ങളില്‍ മതത്തിനും ദൈവത്തിനും സ്ഥാനമില്ലാതെയായി. ഹെഗലിന്റെയും ഫോയര്‍ബാക്കിന്റെയും എപ്പിക്യൂറസിന്റെയും ഡെമോക്രാറ്റിസിന്റെയുമെല്ലാം ഭൗതികവാദ ചിന്തകള്‍ അദ്ദേഹത്തെ സ്വാധീനിച്ചു. അതില്‍ നിന്നാണ് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനം മതത്തിനും ദൈവത്തിനും കടന്നുവരാന്‍ യാതൊരു പഴുതുമില്ലാത്ത 'ചരിത്രവും വൈരുധ്യാത്മകവുമായ ഭൗതികവാദമായി' മാറുന്നത്.

ഈ സിദ്ധാന്ത പ്രകാരം പ്രപഞ്ചത്തിന്റെ അടിസ്ഥാനമായി അനാദികാലം മുതല്‍ക്കേ നിലനില്‍ക്കുന്നത് 'ഭൗതികവസ്തു' മാത്രമാണ്. ചലനാത്മകവും വൈരുധ്യാത്മകവുമായ അതിന്റെ സ്വഭാവംമൂലം പ്രപഞ്ചത്തില്‍ പരിണാമം ഉണ്ടാവുകയും വിരുദ്ധ ശക്തികളുടെ സംഘട്ടനം മൂലം പുരോഗതിയുണ്ടാവുകയും ചെയ്യുന്നു. ഈ വൈരുധ്യാത്മക സ്വഭാവം മൂലമാണ് പ്രപഞ്ചത്തില്‍ സകല വസ്തുക്കളുമുണ്ടായത്. പ്രപഞ്ച വീക്ഷണത്തിന് ഉപയോഗിച്ച ഇതേ സിദ്ധാന്തം തന്നെയാണ് മാനവ ചരിത്രത്തെ നിര്‍വചിക്കാനും നിര്‍ണയിക്കാനും മാര്‍ക്‌സ് ഉപയോഗിച്ചത്. വൈരുധ്യങ്ങളുടെ സംഘട്ടനത്തിലൂടെയാണ് മാനവ ചരിത്രവും പുരോഗമിച്ചത് എന്നും വര്‍ഗസമരങ്ങള്‍ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്ക് നിദാനമായി എന്നും മാര്‍ക്‌സ് പറഞ്ഞു വെച്ചു. തങ്ങളെ ചൂഷണം ചെയ്യുന്ന മുതലാളി വര്‍ഗത്തിനെതിരെ ചൂഷിതരായ തൊഴിലാളി വര്‍ഗം സമരം ചെയ്യും. ആ പരസ്പര സംഘട്ടനത്തിലൂടെ മുതലാളി വര്‍ഗം ദുര്‍ബലമാവുകയും തൊഴിലാളി വര്‍ഗത്തിന് അനുകൂലമായ സാമൂഹ്യ സാഹചര്യം വരികയും ചെയ്യും. കര്‍ക്കശമായ സോഷ്യലിസ്റ്റ് ഭരണത്തിലൂടെ സ്വകാര്യസ്വത്ത് പൂര്‍ണമായും നശിക്കുകയും മനുഷ്യന്റെ സ്വാര്‍ഥത നശിക്കുകയും കുറ്റകൃത്യങ്ങളും അക്രമവും മാത്സര്യബുദ്ധിയും പൂര്‍ണമായും ഇല്ലാതെയാവുകയും ചെയ്യും. അങ്ങനെ കമ്യൂണിസം എന്ന സമത്വസുന്ദര ലോകം ഈ ഭൂമിയില്‍ സ്ഥാപിക്കപ്പെടും. ഇതാണ് ഏറ്റവും ചുരുങ്ങിയ രൂപത്തില്‍ കമ്യൂണിസം മുന്നോട്ട് വെക്കുന്ന ആശയം.

ഈ ആശയത്തില്‍ നിന്നു കൊണ്ടാണ് മതവുമായും വിശ്വാസികളുമായും കമ്യൂണിസം സംവദിക്കുന്നത് എന്നാണ് നാം ഒന്നാമതായി മനസ്സിലാക്കേണ്ടത്. തികഞ്ഞ ഭൗതികവാദമായ കമ്യൂണിസത്തിന് ഒരിക്കലും ദൈവത്തെയോ മതത്തെയോ അംഗീകരിക്കാന്‍ ആവില്ല. പക്ഷേ, വര്‍ഗസമരത്തില്‍, കമ്യൂണിസമെന്ന സ്വപ്‌ന പ്രയാണത്തില്‍ അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തെ വിശ്വാസികളെന്നോ അവിശ്വാസികളെന്നോ വേര്‍തിരിക്കാനും അതിനാവില്ല. ജനങ്ങളുടെ മനസ്സിലാണെങ്കില്‍ ദൈവവും മതവുമെല്ലാം ആഴത്തില്‍ പതിഞ്ഞു പോയിട്ടുമുണ്ട്. അതിനു നേരെ കണ്ണടക്കാനുമാവില്ല. ഈ ഒരു സങ്കീര്‍ണതയില്‍ നിന്നാണ് മതത്തെ നിര്‍വചിക്കാനും അതിനെ എങ്ങനെ സമീപിക്കണം എന്ന് പറയാനും കമ്യൂണിസ്റ്റ് ആചാര്യന്മാര്‍ തുനിഞ്ഞത്. മതത്തെ സംബന്ധിച്ചിടത്തോളം മാര്‍ക്‌സിസത്തിന്റെ അഭിപ്രായം മാര്‍ക്‌സിന്റെ തന്നെ പ്രസിദ്ധമായ പരാമര്‍ശത്തെ ഉദ്ധരിക്കാതെ തുടങ്ങാനാവില്ല. അതിങ്ങനെയാണ്:

'മര്‍ദിതരുടെ നേടുവീര്‍പ്പാണ് മതം. ഹൃദ്യശൂന്യമായ ലോകത്തിന്റെ ഹൃദ്യമാണത്. ചൈതന്യരഹിതl അവസ്ഥയിലെ ചൈതന്യമാണത്. അത് ജനങ്ങളെ മയക്കുന്ന കറുപ്പ് ആണ്.'' (മാര്‍ക്‌സ്  ഹെഗലിന്റെ നിയമ ദര്‍ശനത്തെപ്പറ്റിയുള്ള നിരൂപണത്തിന് ഒരു സംഭാവന).

ഇതില്‍ മര്‍ദിതന്റെ നെടുവീര്‍പ്പായും ലോകത്തിന്റെ ഹൃദയമായും ചൈതന്യമായുമെല്ലാം മതത്തെ പറയുമ്പോഴും അതിനെ മനുഷ്യനെ മയക്കുന്ന കറുപ്പ് അല്ലെങ്കില്‍ അവനെ ബാധിച്ച ലഹരിയായി അവതരിപ്പിക്കുന്നതിലൂടെ മതമെന്ന ആശയത്തിന്റെ 'നിരര്‍ഥകത' ലോകത്തെ ബോധ്യപ്പെടുത്താനാണ് മാര്‍ക്‌സ് ശ്രമിക്കുന്നത്. ലഹരി കൃത്രിമമായ ഒരു ലോകം നമുക്ക് മുന്നില്‍ സൃഷ്ടിക്കുമല്ലോ. അത്തരം കൃത്രിമമായ ആശ്വാസമാണ് മതം നല്‍കുന്നത് എന്നും മനുഷ്യന്റെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ മതം മനുഷ്യനില്‍ നിന്ന് മറച്ചു പിടിക്കുന്നുവെന്നുമാണ് മാര്‍ക്‌സ് പറഞ്ഞതിന്റെ സാരം. കേവല യുക്തിവാദികളില്‍ നിന്ന് മാര്‍ക്‌സിയന്‍ ഭൗതികവാദികളെ വേര്‍തിരിക്കുന്നത് മാര്‍ക്‌സിസത്തിന്റെ ഈ വീക്ഷണമാണ്. അവര്‍ മതത്തെ തീവ്രമായി എതിര്‍ക്കുകയോ ശത്രു പക്ഷത്തു നിര്‍ത്തുകയോ ചെയ്യുന്നില്ല. മറിച്ച് അതൊരു ലഹരിയാണ് എന്ന് മനുഷ്യനെ ഉല്‍ബോധിപ്പിക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്.

പ്രസ്തുത വചനത്തിലെ 'കറുപ്പ്' എന്ന പ്രയോഗവും പോസിറ്റിവ് ആയാണ് മാര്‍ക്‌സ് പ്രയോഗിച്ചത് എന്നു ചില കമ്യൂണിസ്റ്റ് നേതാക്കള്‍ പ്രസംഗിച്ചു നടക്കാറുണ്ട്. 'കറുപ്പ്' ആ കാലഘട്ടത്തില്‍ വേദനാസംഹാരിയായി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും മതം മനുഷ്യന്റെ വേദനകള്‍ മാറ്റുന്ന വേദനാ സംഹാരിയായി വര്‍ത്തിക്കുന്നുവെന്നുമാണ് അവര്‍ ഉന്നയിക്കുന്ന ന്യായം. ഇത് നമുക്ക് രണ്ടു രീതിയില്‍ ഖണ്ഡിക്കാനാകും. ഒന്ന് യാതൊരു വ്യാഖ്യാനവും മാര്‍ക്‌സിന്റെ വചനത്തിന് നല്‍കാതെ മാര്‍ക്‌സ് ഉദ്ദേശിച്ചത് എന്താണ് എന്ന് മാര്‍ക്‌സില്‍ നിന്നു തന്നെ മനസ്സിലാക്കുക. അതിനു ഈ വചനങ്ങള്‍ക്ക് ശേഷം മാര്‍ക്‌സ് പറഞ്ഞത് എന്താണ് എന്ന് നമുക്ക് പരിശോധിക്കാം:

'ജനങ്ങളുടെ മിഥ്യാ സുഖമായ മതത്തെ ഇല്ലാതാക്കുന്നത് അവരുടെ യഥാര്‍ഥ സുഖത്തിന് ആവശ്യമാണ്. ഈ അവസ്ഥയെക്കുറിച്ചുള്ള വ്യാമോഹങ്ങള്‍ ത്യജിക്കാനുള്ള ആഹ്വാനം, ഈ വ്യാമോഹങ്ങള്‍ ആവശ്യമാക്കുന്ന സ്ഥിതി ത്യജിക്കാനുള്ള ആഹ്വാനമാണ്. അതിനാല്‍ മത്തെക്കുറിച്ചുള്ള വിമര്‍ശനം ദുഃഖസാഗരത്തെക്കുറിച്ചുള്ള വിമര്‍ശനത്തിന്റെ ഭ്രൂണരൂപമാണ്. ഈ ദുഃഖസാഗരത്തിന്റെ പരിവേഷമത്രെ മതം.
വിമര്‍ശനം ചങ്ങലയില്‍ നിന്ന് സാങ്കല്‍പിക പുഷ്പങ്ങളെ പറിച്ചെടുക്കുന്നത്, മനുഷ്യന്‍ മിഥ്യാബോധമോ ആശ്വാസമോ കൂടാതെ ചങ്ങല അണിയുമെന്ന് കരുതിയിട്ടല്ല. മറിച്ച്, അവന്‍ ചങ്ങല പൊട്ടിച്ചെറിഞ്ഞു ജീവനുള്ള പൂവിറുക്കുമെന്നു കരുതിയാണ്. മതത്തിന്റെ വിമര്‍ശനം, മനുഷ്യനെ മിഥ്യയില്‍ നിന്നും മുക്തനും പ്രജ്ഞയിലേക്ക് വന്നവനുമായ ഒരാളെപ്പോലെ, ചിന്തിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും അവന്റെ യാഥാര്‍ഥ്യം രൂപപ്പെടുത്താനും ശക്തനാക്കുന്നു. അത്‌കൊണ്ട് അവന്‍ തനിക്ക് ചുറ്റും, തന്റെ സത്യസൂര്യനു ചുറ്റും, പ്രദക്ഷിണം വെക്കും. മനുഷ്യന്‍ തനിക്ക് ചുറ്റും പ്രദക്ഷിണം വെക്കാത്തിടത്തോളം കാലം മാത്രം മനുഷ്യന് ചുറ്റും കറങ്ങുന്ന മിഥ്യാസൂര്യനാണ് മതം.'' (അതേ പുസ്തകം. പ്രസ്തുത വചനത്തിന് ശേഷമുള്ള ഭാഗം).

സംശയങ്ങള്‍ക്ക് ഇടയില്ലാത്തവിധം സ്പഷ്ടമാണ് മാര്‍ക്‌സ് പറഞ്ഞതിന്റെ ആശയം. മതം കറുപ്പായി ലഹരിയായി മനുഷ്യന് മിഥ്യാ സുഖം നല്‍കുന്നു. അവന്റെ യഥാര്‍ഥ പ്രശ്നങ്ങള്‍ അത് മറച്ചു പിടിക്കുന്നു. അത് കൊണ്ട് തന്നെ അതിനെ ഇല്ലാതെയാക്കുക എന്നത് കമ്യൂണിസത്തെ സംബന്ധിച്ചിടത്തോളം നന്മയാണ്. മനുഷ്യന് അവന്റെ യഥാര്‍ഥ സുഖം നേടിക്കൊടുക്കാനുള്ള പരിശ്രമം.

രണ്ടാമതായി, മാര്‍ക്‌സിയന്‍ വചനത്തിന് ഇവര്‍ നല്‍കിയ അര്‍ഥം നാം മുഖവിലക്കെടുത്തു എന്നു കരുതുക. എങ്കിലും അതിനെ ഖണ്ഡിക്കാന്‍ എളുപ്പമാണ്. വേദനാസംഹാരികള്‍ ഒരിക്കലും രോഗം മാറ്റുകയില്ല എന്ന് നമുക്കറിയാമല്ലോ. മറിച്ച് അത് താല്‍ക്കാലിക ആശ്വാസം നല്‍കുക മാത്രമാണ് ചെയ്യുന്നത്. മതം വേദനസംഹാരിയാണ് എന്ന് പറയുക വഴി മനുഷ്യന്റെ പ്രയാസങ്ങളെ ദൂരീകരിക്കാന്‍ മതത്തില്‍ പരിഹാരങ്ങളില്ല, മറിച്ച് അത് താല്‍ക്കാലിക ആശ്വാസം മാത്രം നല്‍കുന്നു എന്ന് മാര്‍ക്‌സ് പറയാന്‍ ശ്രമിച്ചു എന്നല്ലേ അതിനര്‍ഥം? അങ്ങനെ നോക്കുമ്പോഴും ലഹരി എന്നതിനും വേദനസംഹാരി എന്നതിനും പ്രത്യേകിച്ച് അര്‍ഥവ്യത്യാസങ്ങള്‍ ചമക്കേണ്ട ആവശ്യമില്ലല്ലോ. കമ്യൂണിസ്റ്റ് ആചാര്യന്മാരും ചിന്തകരുമെല്ലാം ഇതേ വീക്ഷണത്തില്‍ തന്നെയാണ് മതത്തെ നോക്കിക്കണ്ടതും. ഈ വചനത്തിന് അതില്‍ കവിഞ്ഞ് ഒരര്‍ഥം ആരും കാണുകയും ഉണ്ടായില്ല. ലെനിന്‍ പറയുന്നത് കാണുക:

''മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് ' മതത്തെ സംബന്ധിച്ചിടത്തോളം ഉള്ള മാര്‍ക്‌സിന്റെ പരിപൂര്‍ണ നിഗമനം ഈ സൂക്തത്തില്‍ അടങ്ങിയിരിക്കുന്നു. ആധുനിക കാലഘട്ടത്തിലെ മതങ്ങളെയും പള്ളികളെയും എല്ലാതരത്തിലുമുള്ള മതസംഘടനകളെയും തൊഴിലാളി വര്‍ഗത്തെ ചൂഷണം ചെയ്യാനും അവരെ കൃത്രിമ ലഹരിയിലാഴ്ത്താനുമുള്ള ഉപകരണങ്ങള്‍ ആയിട്ടാണ് മാര്‍ക്‌സിസം കരുതുന്നത്''(മതത്തോടുള്ള തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ സമീപനം: ലെനിന്‍).

മാര്‍ക്‌സിസത്തെ പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിച്ച ലെനിന്‍ ഈ തത്ത്വം മുറുകെ പിടിച്ചുകൊണ്ടു തന്നെയാണ് തൊഴിലാളി വര്‍ഗത്തെ നിര്‍വചിക്കാന്‍ ശ്രമിച്ചതും. അദ്ദേഹം എഴുതുന്നു:

''നാഗരിക ജീവിതത്തില്‍ പ്രബുദ്ധനായ തൊഴിലാളി മതവിധിയെ അവജ്ഞയോടെ വലിച്ചെറിയുന്നു. സ്വര്‍ഗത്തെ പുരോഹിതന്മാര്‍ക്കും ബൂര്‍ഷാ മതഭ്രാന്തന്മാര്‍ക്കുമായി വിട്ടുകൊടുത്ത് ഈ ഭൂമിയില്‍ മികച്ച ജീവിതം കെട്ടിപ്പടുക്കാന്‍ മതത്തിന്റെ മൂടല്‍മഞ്ഞിനെതിരെയുള്ള പോരാട്ടത്തില്‍ ശാസ്ത്രത്തിന്റെ സഹായം തേടുകയും വര്‍ത്തമാനകാലത്ത് മികച്ച ജീവിതത്തിനു വേണ്ടി പൊരുതാന്‍ തൊഴിലാളികളെ ഒരുമിച്ച് ചേര്‍ത്ത് മരണാനന്തര ജീവിതത്തിലുള്ള വിശ്വാസത്തില്‍ നിന്ന് അവരെ വിടര്‍ത്തിയെടുക്കുകയും ചെയ്യുന്ന സോഷ്യലിസത്തിന്റെ ഭാഗമാണ് ഇന്നത്തെ തൊഴിലാളി വര്‍ഗം'' (ലെനിന്‍ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രവും സംസ്‌കാരവും).

മതമെന്ന ലഹരിയെ മനുഷ്യമനസ്സുകളില്‍ നിന്ന് തൂത്തെറിയാന്‍ മാര്‍ക്‌സിസത്തിനു നിശ്ശേഷം സാധിക്കുമെന്ന വിശ്വാസം കൊണ്ടാണ് ലെനിന്‍ ഒക്ടോബര്‍ വിപ്ലവത്തിന് ശേഷം ജനങ്ങളോട് ഇങ്ങനെ വിളിച്ചു പറഞ്ഞത്:

''നാം ദൈവവുമായി മല്ലിടും. അത്യുന്നത സ്വര്‍ഗത്തില്‍ വെച്ച് അവനെ നാം കീഴടക്കും. അവന്‍ അഭയം തേടുന്നിടത്തെല്ലാം ചെന്ന് നാം അവനെ ശാശ്വതമായി നിഗ്രഹിക്കും.''

കമ്യൂണിസമെന്ന സ്വപ്‌നസാക്ഷാത്കാരത്തിനു വേണ്ടിയുള്ള പരിശ്രമത്തില്‍ വിലങ്ങുതടിയാവുന്ന മതവിശ്വാസം സ്വാഭാവികമായും വിപ്ലവപ്രസ്ഥാനങ്ങളുടെ ചരടുവലിക്കുന്നവരില്‍ ഉണ്ടായിക്കൂടല്ലോ. തൊഴിലാളി വര്‍ഗത്തില്‍ ആകട്ടെ മുന്‍പേ പറഞ്ഞ പോലെ വിശ്വാസികളുടെ എണ്ണം ചിലപ്പോള്‍ കൂടുതലും ആയേക്കാം. അത്തരം സാഹചര്യങ്ങളില്‍ പോലും മൗലികമായ ആദര്‍ശത്തെ കയ്യൊഴിഞ്ഞുകൊണ്ട് തീരുമാനങ്ങള്‍ എടുക്കാന്‍ കമ്യൂണിസ്റ്റുകള്‍ ശ്രമിച്ചിട്ടില്ല എന്ന് കമ്യൂണിസം പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിച്ച നാടുകളുടെ ചരിത്രം പരിശോധിച്ചാല്‍ എളുപ്പം മനസ്സിലാക്കാന്‍ സാധിക്കുന്നതേയുള്ളൂ. കേരളത്തിലെ അവസ്ഥയും വ്യത്യസ്തമല്ല. മതവിശ്വാസികളുടെ പാര്‍ട്ടി അംഗത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരത്തില്‍ ഇ.എം.എസ് പറയുന്നത് നോക്കൂ:

''സോവിയറ്റ് യൂണിയനും ഇന്ത്യയും അടക്കം എല്ലാ രാജ്യങ്ങളിലുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ അംഗത്വത്തിനുള്ള പ്രാഥമികമായ വ്യവസ്ഥ പാര്‍ട്ടിയുടെ പരിപാടികളും ചട്ടങ്ങളും അനുസരിച്ചു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയാണ്. അതുണ്ടെങ്കില്‍ ഏതൊരാള്‍ക്കും പാര്‍ട്ടി അംഗത്വത്തിന് അപേക്ഷിക്കാം; അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ബന്ധപ്പെട്ട പാര്‍ട്ടി ഘടകത്തിന് ബോധ്യപ്പെട്ടാല്‍ അംഗത്വം കിട്ടുകയും ചെയ്യും. അതിനു മതവിശ്വാസം ഉപേക്ഷിക്കുക എന്ന ഒരു മുന്‍ ഉപാധി ഇല്ല.
പക്ഷേ, തുടക്കത്തില്‍ മതവിശ്വാസി ആണെങ്കിലും വൈരുധ്യാത്മക ഭൗതിക വാദത്തില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ടിയില്‍ അംഗത്വം കിട്ടുന്നതോടെ ഭൗതികവാദത്തിന്റെ ദാര്‍ശനിക സമീപനം ഉള്‍കൊള്ളാന്‍പാര്‍ട്ടി മെമ്പറായ ഓരോ ആളും പരിശ്രമിക്കണം. അതിന്റെ ഫലം സദാ പാര്‍ടി അവലോകനം ചെയ്തു കൊണ്ടിരിക്കും. എന്ന് വെച്ചാല്‍ മതവിശ്വാസത്തില്‍ നിന്ന് മാര്‍ക്‌സിസത്തിലേക്കുള്ള പുരോഗതി പ്രക്രിയ പൂര്‍ത്തിയാക്കുന്നതില്‍ പാര്‍ട്ടി അംഗത്വം നേടുന്ന വ്യക്തിയും അദ്ദേഹത്തെ നയിക്കുന്ന പാര്‍ട്ടിയും സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.''(ഇ.എം.എസ്: മതവിശ്വാസവും കമ്യൂണിസ്റ്റുകാരും).

''മാര്‍ക്‌സിസ്റ്റുകാരന്‍ ഭൗതികവാദിയായിരിക്കണം. അതായത് മതത്തിന്റെ ശത്രു.'' (ഇ.എം.എസ് സാംസ്‌കാരിക വിപ്ലവം, മതം, മാര്‍ക്‌സിസം) എന്നു പറഞ്ഞതും ഇതേ ഇ.എം.എസ് തന്നെയാണ്. ചുരുക്കത്തില്‍ മൗലികമായി തന്നെ കമ്യൂണിസം മതത്തെ അംഗീകരിക്കുന്നില്ല എന്നും അതിനു കാരണം അതിന്റെ ഭൗതികവാദപരമായ വീക്ഷണമാണ് എന്നും നാം മനസ്സിലാക്കിയല്ലോ. കമ്യൂണിസത്തിന്റെ പ്രയോഗവല്‍ക്കരണത്തിന് മതരഹിതമായ ഒരു സാമൂഹ്യ സാഹചര്യം കെട്ടിപ്പടുക്കേണ്ടത് കമ്യൂണിസത്തിന്റെ ആവശ്യമായത് കൊണ്ടാണ് അത്തരം ആദര്‍ശങ്ങള്‍ അവര്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. മതത്തെ പ്രതിക്കൂട്ടിലാക്കുന്ന സംവാദങ്ങള്‍ സജീവമായി നിര്‍ത്തുന്നതിന്റെ പിന്നിലും ഇതേ അടവുനയം തന്നെയാണ് കമ്യൂണിസ്റ്റുകള്‍ പയറ്റുന്നത്. കമ്യൂണിസത്തിന്റെ മതവിമര്‍ശനങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിച്ചുകൊണ്ട് വിശ്വാസികളെ 'ചിന്തിപ്പിക്കാം' എന്നും സ്വന്തം വിശ്വാസത്തെ കുറിച്ചുള്ള സംശയങ്ങള്‍ അവരില്‍ ജനിപ്പിക്കുമെന്നും അവര്‍ വ്യാമോഹിക്കുന്നു. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ മതവിമര്‍ശനങ്ങളുടെ സമാഹാരം പ്രസിദ്ധീകരിച്ചപ്പോള്‍ അതിന്റെ മുഖവുരയില്‍ കെ.ഇ.എന്‍ ഇങ്ങനെ എഴുതിയത്:

''മതത്തെക്കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് സമീപനങ്ങള്‍ വ്യക്തമാക്കുന്ന ഈ സമാഹാരം സാമാന്യബോധത്തിന്റെ ശീതളഛായയില്‍ സ്വസ്ഥരായിരിക്കുന്നവരെ അസ്വസ്ഥരാക്കും. വിടര്‍ന്ന് നില്‍ക്കുന്ന പൂക്കളെ നോക്കി പുളകിതരാകുന്നവരെ അത് വേരിന്റെ പരുക്കന്‍ അവസ്ഥകളിലേക്ക് വലിച്ചെറിയും. അന്തിമമായ ഉത്തരങ്ങളില്‍ തലചായ്ച്ചുറങ്ങുന്നവരെ ചോദ്യങ്ങളുടെ അശാന്തമായ സമുദ്രങ്ങളിലേക്ക് അത് പിടിച്ചു തള്ളും. എല്ലാം കണ്ടെത്തിക്കഴിഞ്ഞു എന്ന അലസ സംതൃപ്തിക്കുമേല്‍ അന്വേഷണത്തിന്റെ തീജ്വാലകളായ് ആളിക്കത്തും. സ്വന്തം സാധ്യതകളെ ബാധ്യതകളായി മാറ്റുന്ന 'തത്ത്വചിന്താപരമായ വീഴ്ചകള്‍ക്കെതിരെ' ഈ പുസ്തകം പിന്മടക്കമില്ലാത്ത ഒരു വെല്ലുവിളിയായി, ഇനിയും മരവിച്ചിട്ടില്ലാത്ത മനസ്സുകളില്‍ ചിന്തയുടെ കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കും'' (മതത്തെപ്പറ്റി, മുഖവുര: കെ.ഇ.എന്‍).

പക്ഷേ, യഥാര്‍ഥ വിശ്വാസികളെ അസ്വസ്ഥരാക്കാനോ സംശയത്തിലാക്കാനോ കമ്യൂണിസ്റ്റുകള്‍ക്ക് കഴിഞ്ഞില്ല. അതിന്റെ നിരാശയില്‍ നിന്നാകണം ആധുനിക കമ്യൂണിസ്റ്റുകള്‍ മതത്തെ കടന്നാക്രമിച്ചു കൊണ്ട് പ്രതികരിക്കുന്നത്. 'കമ്യൂണിസം എന്ന സ്വര്‍ഗ'ത്തിന് വേണ്ടി പണിയെടുക്കാന്‍ വിശ്വാസികള്‍ തയ്യാറായേക്കും എന്ന വിശ്വാസത്തിന് ഭംഗം വരുന്നത് കൊണ്ടായിരിക്കും ഒരുപക്ഷേ, മത പ്രബോധനവും ബോധവല്‍ക്കരണവും എല്ലാം അവര്‍ക്ക് അനിഷ്ടകരമായ സംഗതികളായി ഭവിക്കുന്നത്. അല്ലാത്ത വ്യാഖ്യാനങ്ങളെല്ലാം അസ്ഥാനത്താണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.