തൊഴിലാളി വർഗത്തിന്റെ വിമോചനത്തിനുള്ള ഉപാധികളുടെ സിദ്ധാന്തമാണ് കമ്മ്യൂണിസം. അതായത് കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും തൊഴിലാളി വർഗത്തെ പ്രതിനിധീകരിക്കുകയും അവരുടെ മോചനത്തിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നു എന്നർത്ഥം. തൊഴിലാളി വർഗം എന്നാൽ സ്വന്തം അധ്വാനം വിൽക്കുന്നതിലൂടെ മാത്രം സമ്പാദിക്കുന്ന, ഉപജീവനം നടത്തുന്ന സമൂഹത്തിലെ വർഗമാണ്. അവർക്ക് ഏതെങ്കിലും മൂലധനത്തിലൂടെയുള്ള ലാഭമോ സമ്പാദ്യമോ ഉണ്ടാവുന്നതല്ല.
ഒരു പ്രത്യേക ആചാരങ്ങളോ അനുഷ്ഠാനങ്ങളോ കൊണ്ട് നടക്കുന്ന അതേ സമൂഹത്തിലെ തന്നെ ഒരു വിഭാഗമാണ് മത വിശ്വാസികൾ. മുഖ്യധാരാ മതങ്ങളിൽ വിശ്വസിക്കുന്നവരെല്ലാം ദൈവത്തിലോ ദൈവങ്ങളിലോ വിശ്വാസമുള്ളവരാണ്. സമൂഹത്തിൽ പല മതങ്ങളിൽ വിശ്വസിക്കുന്ന വിവിധ വിഭാഗങ്ങളെ കാണാൻ കഴിയും. ചുരുക്കത്തിൽ, കമ്മ്യൂണിസ്റ്റുകാർ തൊഴിലാളി വർഗ്ഗത്തിനു വേണ്ടി നില കൊള്ളുകയും ശബ്ദമുയർത്തുകയും ചെയ്യുന്നുവെങ്കിൽ മത വിശ്വാസികൾ അവരുടെ വിശ്വാസ സംരക്ഷണത്തിന് വേണ്ടിയും ആദർശ പ്രബോധനത്തിനു വേണ്ടിയും പണിയെടുക്കുന്നു. ഈ രണ്ടു കൂട്ടരും സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി നില കൊള്ളുമ്പോൾ കമ്മ്യൂണിസ്റ്റുകാരന്റേത് മാത്രം മനുഷ്യത്വവും വിശ്വസികളുടേത് വർഗീയതയും ആവുന്നത് എന്ത് കൊണ്ടാണ് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. കമ്മ്യൂണിസ്റ്റുകാരന് തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാമെങ്കിൽ വിശ്വാസികൾക്ക് അവരുടെ ആദർശ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുകയും അവർക്ക് നേരിടേണ്ടി വരുന്ന അന്യായങ്ങൾക്ക് എതിരിൽ സമാധാനപരമായി ശബ്ദമുയർത്തുകയും ചെയ്തു കൂടെ?
തൊഴിലാളി വർഗ്ഗത്തിനിടയിൽ പല മതത്തിലും വിശ്വസിക്കുന്നവർ ഉണ്ട് പക്ഷെ മത വിശ്വാസികൾ ഒരു പ്രത്യേക മതത്തിൽ വിശ്വസിക്കുന്നവരെ മാത്രം ഉൾക്കൊള്ളുന്നു എന്നതാണ് ചോദ്യമെങ്കിൽ മതങ്ങൾ തൊഴിലാളികളെയും മുതലാളിമാരെയും ഉൾക്കൊള്ളുന്നു എന്ന് തിരിച്ചു പറയാനാകും. യഥാർത്ഥത്തിൽ കമ്മ്യൂണിസം മതങ്ങളെ ഉൾക്കൊള്ളുന്നത് തന്നെ അത് മനുഷ്യരെ ബാധിച്ച ഒരു ലഹരിയായിട്ടാണ്. അത് കൊണ്ട് മത വിശ്വാസികളെ പൂർണമായും ഉൾക്കൊള്ളുന്നു എന്ന് പറയാനാവില്ല.
കമ്മ്യൂണിസ്റ്റുകൾ അവർക്കു നേരെ വരുന്ന അതിക്രമങ്ങൾക്കെതിരിൽ ശബ്ദമുയർത്താനും അത് സമൂഹത്തിൽ സജീവമായി ചർച്ച ചെയ്യാനുമുള്ള അവകാശമുണ്ട് എന്ന് വിശ്വസിക്കുന്നുവെങ്കിൽ അതെ അവകാശം മതവിശ്വാസികൾക്കും വക വെച്ച് കൊടുക്കുന്നതിൽ എന്താണ് പ്രശ്നമുള്ളത്? കേരളത്തിൽ നടക്കുന്ന ദൗർഭാഗ്യകരമായ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരിൽ സമാധാനപരമായ പ്രതിഷേധം കമ്മ്യൂണിസ്റ്റുകൾക്ക് സംഘടിപ്പിക്കാമെങ്കിൽ ഒരാദർശം സ്വീകരിച്ചതിന്റെ പേരിൽ മാത്രം കൊല്ലപ്പെട്ട ഒരു ചെറുപ്പക്കാരന് വേണ്ടി അതെ ആദർശത്തിൽ വിശ്വസിക്കുന്നവർക്ക് പ്രതിഷേധിക്കാം, അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി കിട്ടാൻ വേണ്ടി ശബ്ദമുയർത്താം. ഒന്ന് അവകാശവും സ്വാതന്ത്ര്യവും മറ്റേത് വർഗീയതയുമാവില്ല. ആവുന്നു എന്ന തോന്നൽ സ്വന്തം ആദർശത്തിൽ ആത്മവിശ്വാസമില്ലാത്തത് കൊണ്ടോ അപ്പുറത്തു നിൽക്കുന്നവന്റെ അവകാശങ്ങൾ ധ്വംസിക്കപ്പെടണം എന്ന ചിന്ത കൊണ്ടോ ഒക്കെ ഉണ്ടാവുന്നതാണ്!
പ്രവാചകന്‍ പറയുന്നു : വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവരും വര്‍ഗീയതക്ക് വേണ്ടി സമരം ചെയ്യുന്നവരും , വര്‍ഗീയതക്ക് വേണ്ടി മരിക്കുന്നവരും എന്നില്‍ പെട്ടവനല്ല. അപ്പോള്‍ ഒരു അനുചരന്‍ ചോദിച്ചു ദൈവ ദൂതരേ എന്താണ് വര്‍ഗീയത ?. മുഹമ്മദ് നബി (സ്വ) മറുപടി പറഞ്ഞു : സ്വന്തം ആളുകളെ അന്യായത്തില്‍ പിന്തുണക്കലാണ് വര്‍ഗീയത. (അബൂ ദാവൂദ് )
No comments:
Post a Comment