Sunday, May 7, 2017

പ്രബോധനത്തിന്റെ പ്രാധാന്യം

'യാ സബാഹാ'... അറബികൾക്ക് ഏറെ പരിചിതമായിരുന്നു ആ വിളി. ശത്രുവിന്റെ പൊടുന്നനെയുള്ള ആക്രമണം ആദ്യം കാണുന്ന വ്യക്തി മറ്റുള്ളവരെ വിളിച്ചറിയിക്കാൻ ഉപയോഗിച്ച വാക്ക്. മദ്യവും മദിരാശിയും വ്യാപകമായ കടുത്ത വിഗ്രഹരാധനായിലും വിഗ്രഹാനുരാഗത്തിലും ആണ്ടിറങ്ങിയ ഒരു സമൂഹത്തിനോട് അല്ലാഹുവിന്റെ കല്പനപ്രകാരം സഫാ മലയുടെ മുകളിൽ കയറി മുഹമ്മദ് നബി (സ) അതെ വാക്ക് ഉറക്കെ വിളിച്ചു പറഞ്ഞു, 'യാ സബാഹാ'.. ആ വിളി കേട്ട പാടെ ഖുറൈശി ഗോത്രങ്ങൾ മുഴുവൻ അവിടെ ഒരുമിച്ചു കൂടി. അവരെ സംബോധന ചെയ്തു കൊണ്ട് റസൂൽ (സ) ചോദിച്ചു;

"അബ്ദുൽ മുത്തലിബിന്റെയും ഫിഹ്റിന്റെയും കഅബിന്റെയും മക്കളേ, ഈ മലയുടെ മറുഭാഗത്തു നിങ്ങളെ ആക്രമിക്കാൻ ഉദ്ദേശിച്ച് ഇരു സൈന്യം നില്പുണ്ടെന്നു പറഞ്ഞാൽ നിങ്ങൾ എന്നെ അംഗീകരിക്കുമോ?"

നാളിതുവരെ സത്യസന്ധനും വിശ്വസ്തനുമായ ഒരു വ്യക്തിയുടെ ആ ചോദ്യത്തിനോട് അതെ എന്നല്ലാതെ ഉത്തരം പറയാൻ അവർക്കാവുമായിരുന്നില്ല. റസൂൽ (സ) തുടർന്നു;

"എന്നാൽ മനസിലാക്കുക, നിങ്ങളുടെ തൊട്ടുമുമ്പിൽ എത്തിക്കഴിഞ്ഞ കഠിനമായ ഒരു ശിക്ഷയെക്കുറിച്ച് നിങ്ങൾക്ക് മുന്നറിയിപ്പു നല്കുന്നവനാണ് ഞാൻ"

ശേഷം സുന്ദരവും വ്യക്തവുമായ ശൈലിയിലൂടെ റസൂൽ (സ) അവരെ ചില യാഥാർഥ്യങ്ങളിലേക്ക് വഴി നടത്തി. യഥാർത്ഥ ശത്രു ഇപ്പുറത്തു മറഞ്ഞിരിക്കുന്നവരല്ല അത് നിങ്ങളുടെ മനസ്സിൽ കൂടിയിരിക്കുന്ന വിഗ്രഹ-ബഹുദൈവരാധനയും മനോവിചാരങ്ങളോടുള്ള പൂജയുമാണെന്ന് അവരോടുണർത്തി.

ലോകത്തു നിയുക്തരായ സകല പ്രവാചകരും ഈ ഒരു മുന്നറിയിപ്പു നൽകാൻ വേണ്ടി നിയുക്തരായവരാണ്. അവസാന പ്രവാചകന് ശേഷം ആ ദൗത്യം ഏറ്റെടുക്കേണ്ട ബാധ്യത ആ പ്രവാചകനെ അനുധാവനം ചെയ്യുന്ന മുസ്ലിം സമൂഹത്തിന്റേതാണ്. ഏതൊരു വിധ സാഹചര്യവും അതിൽ അവർക്ക് തടസ്സമാകാരുത്. യുക്തിപൂർവ്വവും ഗുണകാംശയോടും കൂടി അവരത് നിർവഹിക്കണം. ഇസ്ലാം സ്വീകരിച്ച അമ്മാറുബ്നു യാസിറിനെയും മാതാവിനെയും ചുട്ടു പഴുത്ത മണലിലിട്ട് പലതരത്തിൽ പീഡിപ്പിച്ചപ്പോൾ അത് വഴി കടന്നു പോയ റസൂൽ (സ) പറഞ്ഞത് "യാസിർ കുടുംബമേ ക്ഷമിക്കുക. നിങ്ങളുടെ വാഗ്ദത്ത സ്ഥലം സ്വർഗമാണ്" എന്നാണ്.

ഏക ദൈവരാധന മനസ്സിലുറപ്പിച്ചു കൊണ്ട് സൽപ്രവൃത്തികളും സൽസ്വഭാവങ്ങളും ജീവിതത്തിൽ പകർത്താൻ പ്രേരിപ്പിച്ചു കൊണ്ട് അയൽക്കാരോടും മനുഷ്യ സമൂഹത്തോടും പക്ഷിമൃഗാദികളോടും പരിസ്ഥിതിയോടും ഒക്കെയുള്ള മനുഷ്യന്റെ ബാധ്യതകൾ ഉണർത്തിച്ചു കൊണ്ട് അവരെ സമൂഹത്തിന് മുതൽക്കൂട്ടാക്കി മാറ്റുകയാണ് ഇസ്ലാം ചെയ്യുന്നത്. അത്തരമൊരു മാറ്റത്തിന് യഥാർത്ഥ ദൈവ സങ്കല്പത്തെ തിരിച്ചറിയൽ അത്യന്താപേക്ഷിതമാണ്. അവിടെയാണ് ആ മുന്നറിയിപ്പിന്റെ പ്രാധാന്യവും. അതിന്നു മുന്നിൽ ബാക്കിയെല്ലാം രണ്ടാമതാകുന്നതും അത് കൊണ്ടാണ്.

"ഒരു സമൂഹത്തിനു മുന്നറിയിപ്പു നൽകാനാണ് (അജയ്യനും കാരുണ്യവാനുമായ അല്ലാഹു ഇതിനെ അവതരിപ്പിച്ചത്.) അവരുടെ പൂർവ പിതാക്കന്മാർക്ക് മുന്നറിയിപ്പ് നല്കപ്പെട്ടിട്ടില്ല. അവർ തികഞ്ഞ ആശ്രദ്ധയിലുമാണ്." [വിശുദ്ധ ഖുർആൻ 36:6]

No comments:

Post a Comment