കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ബാംഗ്ലൂരിൽ പുതിയൊരു വാടക വീട്ടിലേക്ക് താമസം മാറിയത്. ആർമി ഓഫീസേഴ്‌സിന് വേണ്ടി AWHO പണിത അപാർട്മെന്റ് ആണ്. വീട്ടുടമ റിട്ടയേർഡ് മേജറാണ്. മേജർ ഭാവന ചിരഞ്ജയ്. കുലീനയായ ഒരു സ്ത്രീയാണവർ. പരിചയപ്പെട്ട അന്ന് മുതൽ തന്നെ തന്റെ സാമൂഹ്യ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരമധ്യേ സൂചിപ്പിച്ചിരുന്നു. അന്നവർ കുട്ടികൾക്കായുള്ള ഒരു ഷെൽട്ടർ പണിയുന്നതിന്റെ തിരക്കിലായിരുന്നു. അതിനു ശേഷം ബന്ധപ്പെടുമ്പോൾ മുഴുവൻ ആ ഷെൽട്ടർ സന്ദർശിക്കാൻ അവരെന്നെ സ്നേഹപൂർവ്വം ക്ഷണിക്കുമായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അതിനുള്ള സമയം ഒത്തു വന്നത്.
പൊതുവെ നഗരങ്ങൾക്ക് ഒരു ഹൃദയഭാഗം ഉണ്ടാകും. വളരെ ചിലവേറിയ ഒരു ഭാഗം. ബാംഗ്ലൂർ നഗരത്തിന് അങ്ങനെ ഒരു ഹൃദയഭാഗം ഉണ്ടോ എന്ന് ചോദിച്ചാൽ മാപ്പിൽ ചിലപ്പോ കാണുമായിരിക്കും. എന്നിരുന്നാലും ബാംഗ്ലൂരിന്റെ ഏകദേശം എല്ലാ കോണുകളിലും ചിലവേറിയ വാസയോഗ്യമായ ലേ ഔട്ടുകൾ ഉണ്ട്. അത്തരമൊരു സ്ഥലത്താണ് ഈ ഷെൽട്ടറും. ആകെ 10 കുട്ടികളെ ഉൾക്കൊള്ളാൻ പറ്റുന്ന രീതിയിലുള്ള ചെറിയ ഒരു സെറ്റ് അപ്പാണത്. ഞാൻ സന്ദർശിക്കുമ്പോൾ അവിടെ അഞ്ചു കുട്ടികളാണ് ഉണ്ടായിരുന്നത്. അവരുടെ മുഖങ്ങൾ പലപ്പോഴും ബാംഗ്ലൂരിന്റെ ഗതാഗത തിരക്കിൽ നമ്മുടെ വാഹനത്തിന്റെ അടുത്തേക്ക് വന്നു കൈ നീട്ടുന്ന കുഞ്ഞുങ്ങളെ ഓർമിപ്പിച്ചു. നമ്മിൽ പലരും അവരെ അവഗണിക്കുന്നവരും ചിലപ്പോഴൊക്കെ ചില്ലറ നാണയത്തുട്ടുകൾ അവർക്ക് നേരെ നീട്ടുന്നവരുമാണല്ലോ. ചെറിയ ശതമാനം ആണെങ്കിലും അവരെ അനുഭാവപൂർവം പരിഗണിക്കുന്നവരുമുണ്ട്. തെരുവിൽ അലഞ്ഞു തിരിയുന്ന, അനാഥരായ കുട്ടികളാവും ഇവരും എന്നാണ് ഞാനും ചിന്തിച്ചത്.
ഏകദേശം മൂന്നു മണിക്കൂർ അവിടെ ചിലവഴിച്ചു. അപ്പോഴാണ് അവിടെയുള്ള ഓരോ കുട്ടികൾക്കും ഓരോ കഥ പറയാനുണ്ട് എന്ന് ഞാനറിഞ്ഞത്. അവരെ ഇവിടെ എത്തിച്ച കഥ. അവരെ കണ്ടെത്തിയ കഥ. ആ കഥകൾ ഞാൻ ചിന്തിച്ചതിലുമപ്പുറം ആയിരുന്നു. അതിൽ ബാലവേലകൾക്കിടയിൽ രക്ഷപ്പെടുത്തിയവർ മുതൽ ക്രൂരമായ ലൈംഗിക പീഢനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നവർ വരെയുണ്ട്. നാമൊക്കെ മാന്യമായ വ്യവസായം എന്ന് വിശ്വസിക്കുന്ന, ദൈനംദിന ജീവിതത്തിൽ വാങ്ങുന്ന പല സാധനങ്ങളിലും ഒരുപാട് പിഞ്ചു കുഞ്ഞുങ്ങളുടെ കണ്ണീരുണ്ട് എന്ന യാഥാർഥ്യം ഞെട്ടലോടെ തന്നെയാണ് ഞാനും മേജറിൽ നിന്ന് കേട്ടത്.
പല വ്യവസായങ്ങൾക്കും കുട്ടികളെ ഉപയോഗിക്കുന്നത് ആവശ്യമായി വരുന്നുണ്ട് പോലും. അതിലൊന്നാണ് പരുത്തി നുള്ളൽ. പരുത്തി നുള്ളാൻ ഏറ്റവും നല്ലത് അധികം പരക്കാത്ത ചെറിയ കൈകളാണത്രെ! പല രാജ്യങ്ങളിലും ഇത്തരം വ്യവസായങ്ങളിൽ ബാലവേലകൾ കൂടിയത് കാരണം കടുത്ത നടപടികൾ എടുക്കേണ്ടി വന്നിട്ടുണ്ട്. മറ്റൊന്നാണ് വള നിർമാണം. വളകൾ അച്ചിൽ നിന്ന് രൂപപ്പെടുത്തിയത്തിനു ശേഷം അത് സ്വീകരിച്ചു മാറ്റി വെക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് കുട്ടികളെയാണത്രെ. ചെറിയ ഒരു ബോക്സിന്റെ അകത്താണ് ഈ കുട്ടികളെ ഇവർ ഇരുത്തുക. ഏകദേശം 12 മണിക്കൂറോളം പണിയെടുപ്പിക്കും. ഒന്ന് മൂത്രമൊഴിക്കാൻ പോലും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഇടവേളകളാണ്. ഇത്തരം ഫാക്ടറികളിൽ നിന്ന് കുട്ടികളെ മോചിപ്പിക്കാൻ ചില സന്നദ്ധ സംഘടനകൾ തന്നെ പ്രവർത്തിക്കുന്നുണ്ട് ഇന്ത്യയിൽ.
ചില കുഞ്ഞുങ്ങൾ ബാലവേല കാരണം അനാഥമാകുമ്പോൾ ചിലർ അച്ഛന്റെയോ അമ്മയുടേയോ ഉപദ്രവം സഹിക്ക വയ്യാതെ നാടുവിടുന്നവരാണ്. അവരെ തിരിച്ചു കൊണ്ട് പോകാനോ കണ്ടെത്താനോ മാതാപിതാക്കൾ ശ്രമിക്കാറുമില്ല. ഇതിനേക്കാളും എത്രയോ ഭയാനകരമാണ് ലൈംഗീക അതിക്രമങ്ങളിൽ പെട്ട് ഷെൽട്ടറുകളിൽ എത്തിച്ചേരുന്നവരുടെ അവസ്ഥ. നൈമിഷികാനന്ദത്തിന് വേണ്ടി കാമ ഭ്രാന്തരായ പുരുഷന്മാരാൽ പീഡിപ്പിക്കപ്പെടുന്ന കുട്ടികളെ കുറിച്ചൊന്നാലോചിച്ചു നോക്കൂ. അത്തരമൊരു കുട്ടിയെ ഞാനവിടെ കണ്ടു. ഏറിയാൽ ഒരു 12 വയസ്സ് പ്രായം വരും. ഏതോ ഒരു ഭയം ആ കുട്ടിയെ ഇപ്പോഴും അലട്ടുന്നത് ആ കണ്ണിൽ എനിക്ക് കാണാൻ കഴിഞ്ഞു. എല്ലാ കുട്ടികളും എന്നോടും സല്ലപിക്കുകയും കളിക്കുകയും ചെയ്യുമ്പോഴും ആ കുട്ടി മാത്രം ഒതുങ്ങി നിൽക്കുകയായിരുന്നു. എന്തെങ്കിലും ചോദിച്ചാൽ പൂർണമായും വിടരാത്ത ഒരു പുഞ്ചിരി സമ്മാനിച്ച് കൊണ്ട്.
ഒന്നാകാശത്തേക്ക് പോലും നോക്കാൻ നേരമില്ലാത്ത നമ്മുടെ തിരക്കുകളെ കുറിച്ച് ഞാനൊരിക്കൽ എഴുതിയിട്ടുണ്ട്. ജീവിതത്തിലെ യാഥാർഥ്യങ്ങളെ തിരിച്ചറിയാൻ സമയമില്ലാതെ പോകുന്ന എന്നെയും നിങ്ങളെയും പോലുള്ള മനുഷ്യർക്ക് ഇത്തരം വാർത്തകൾ നിമിഷ നേരത്തിലേക്കുള്ള ഒരു വേദന മാത്രമാണ്. ഞാനവർക്ക് കുറച്ചു പണം കൊടുത്താലോ എന്ന ചിന്തയാവും ആദ്യം മനസ്സിൽ വരിക. പക്ഷെ അവർക്ക് വേണ്ടത് നമ്മുടെ പണമല്ല. അവരും നമ്മളെ പോലുള്ള മനുഷ്യരാണ് എന്ന പരിഗണനയാണ്. സ്നേഹപൂർവ്വം അവരെയൊന്നു തലോടാൻ നമുക്ക് സാധിച്ചാൽ ചിലപ്പോൾ അതാവും നിങ്ങളുടെ പോക്കറ്റിലെ നോട്ടുകളെക്കാൾ അവർക്ക് ആശ്വാസം നൽകുക. അതിന് എനിക്കും നിങ്ങൾക്കും സാധിച്ചിരുന്നെങ്കിൽ...!
"നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും.''(മുഹമ്മദ് നബി)

No comments:
Post a Comment